കേരള സംസ്ഥാന വനിതാകമ്മിഷന്റെ രജതജൂബിലി ആഘോഷിക്കേണ്ട സന്ദർഭത്തിൽ, കമ്മിഷൻ വിവാദത്തിലും അപകീർത്തിയിലുമായത് നിർഭാഗ്യകരമാണ്. 1987-ൽ രണ്ടാം നായനാർ സർക്കാരിന്റെ കാലത്ത് മന്ത്രി കെ.ആർ. ഗൗരിയമ്മയുടെ നേതൃത്വത്തിൽ ദീർഘനാളത്തെ പരിശ്രമത്തിലൂടെയാണ് ദേശീയ വനിതാകമ്മിഷന്റെ മാതൃകയിൽ കേരളത്തിലും വനിതാകമ്മിഷൻ  നിയമം കൊണ്ടുവന്നത്.  അഞ്ചുവർഷം സുഗതകുമാരിയും രണ്ടുതവണയായി ആറുവർഷം ജസ്റ്റിസ് ഡി. ശ്രീദേവിയുമടക്കമുള്ളവരുടെ നേതൃത്വത്തിൽ നല്ലനിലയിൽ പ്രവർത്തിച്ച പാരമ്പര്യമാണ് കേരള സംസ്ഥാന വനിതാകമ്മിഷന്റേത്. അങ്ങനെ സത്‌കീർത്തിയുള്ള കമ്മിഷന്റെ അധ്യക്ഷസ്ഥാനത്തുനിന്ന് എം.സി. ജോസഫൈന് ഇറങ്ങിപ്പോകേണ്ടിവന്നത് ആ നിയമത്തിന്റെ അന്തസ്സത്ത പൂർണമായി അവർക്ക് ഉൾക്കൊള്ളാൻ കഴിയാതെപോയതുകൊണ്ടാണ്.     

സ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെടുന്ന ഏതുപ്രശ്നത്തിലും പരാതി ലഭിച്ചാലും ഇല്ലെങ്കിലും ഇടപെട്ട് നീതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ഉത്തരവാദിത്വമുള്ള സ്ഥാപനമാണ് വനിതാകമ്മിഷൻ. അകത്തും പുറത്തും അനുഭവിക്കുന്ന വിവേചനങ്ങളും പീഡനങ്ങളും അവഹേളനങ്ങളും സംബന്ധിച്ച് പരാതിനൽകാൻപോലും അശക്തരാണ് വലിയൊരുവിഭാഗം സ്ത്രീകൾ. പരാതികളുമായെത്തുന്നത് ചെറിയൊരു ശതമാനം പേർ മാത്രമാണ്. പരാതി നൽകുന്നത്‌ പിന്നീട് കൂടുതൽ പീഡനത്തിനും അവഹേളനങ്ങൾക്കും കാരണമായേക്കുമെന്ന ഭീതിയിലാണ് കൂടുതൽപ്പേരും. നിർഭയമായി വനിതാകമ്മിഷനുമുന്നിൽ പരാതി പറയാമെന്ന് ഉറപ്പുനൽകിയാലും പേടിയോടെയും മടിയോടെയുമാണ് പരാതി  പറയുന്നത്. സഹാനുഭൂതിയോടെ അത് കേൾക്കാനും പരിഹാരം ഉറപ്പാണെന്ന് ബോധ്യപ്പെടുത്താനുമുള്ള ആർദ്രതയും നീതിബോധവുമാണ് വനിതാകമ്മിഷനിൽനിന്ന്  പ്രതീക്ഷിക്കുന്നത്.
കേസന്വേഷിക്കുന്ന പോലീസോ വിചാരണചെയ്യുന്ന കോടതിയോ അല്ല വനിതാകമ്മിഷൻ. സാന്ത്വനസ്പർശത്തോടെ പരാതി കേൾക്കുകയും മനസ്സിലാക്കാൻ ശ്രമിക്കുകയുമാണാവശ്യം. ക്ഷമാശീലം അനിവാര്യമായ ചുമതലയാണത്. നിർഭാഗ്യവശാൽ ജോസഫൈന്റെ ഭാഗത്തുനിന്ന് നേരെമറിച്ചുള്ള സമീപനമാണ് ആവർത്തിച്ചുണ്ടായതെന്ന വിമർശമാണുയർന്നത്. പരാതി പറയാൻപോലും അശക്തയായ ഒരാളോട് സൗമനസ്യമില്ലാതെ പെരുമാറുകയും ‘അനുഭവിച്ചോ’ എന്നും പറയുകയുമാണ്‌ ചെയർപേഴ്‌സൺ ചെയ്തത്. ഇതേവിധത്തിൽ മറ്റൊരിക്കൽ ഒരു പരാതിക്കാരിയോട് പറഞ്ഞത്, ‘അടികിട്ടാഞ്ഞിട്ടാണ് ഇങ്ങനെ പരാതി പറയുന്നത്‌’ എന്നാണ്.

കമ്മിഷൻ ചെയർപേഴ്‌സൺ എന്ന നിലയിലും രാഷ്ട്രീയപ്രവർത്തക എന്നനിലയിലും വീട്ടമ്മ എന്ന നിലയിലും തിരക്കുകളും പ്രയാസങ്ങളും ഉണ്ടാകാം. പക്ഷേ, പൊതുപ്രവർത്തന രംഗത്തുള്ളവർക്ക്, പ്രത്യേകിച്ച് ഉത്തരവാദപ്പെട്ട സ്ഥാനത്ത് പ്രവർത്തിക്കുന്നവർക്ക് അത്യാവശ്യമായ ഒരു ഗുണം ക്ഷമയാണ്. സ്വന്തം മനോസമ്മർദങ്ങൾ പൊതു ഇടത്തിൽ ബാധിച്ചുകൂടാ. സ്ത്രീകൾക്ക് തുല്യാവകാശം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മഹിളാപ്രസ്ഥാനത്തിന്റെ ദീർഘകാലത്തെ നേതാവ്, ട്രേഡ് യൂണിയൻ നേതാവ്, സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഒരാൾകൂടിയാണ് താനെന്നതും  വിസ്മരിച്ചുപോയുള്ള പ്രതികരണമാണ് അവരിൽനിന്നുണ്ടായത്. ഏതായാലും പരക്കെ ആക്ഷേപമുയർന്ന സാഹചര്യത്തിൽ ഖേദം പ്രകടിപ്പിക്കുകയും സ്ഥാനം രാജിവെക്കുകയുംചെയ്തത് നല്ല കാര്യമാണ്.

എം.സി. ജോസഫൈന്റെ രാജിയിലേക്ക് നയിച്ച സംഭവങ്ങൾ വനിതാകമ്മിഷനുമായിമാത്രം ബന്ധപ്പെട്ട പ്രശ്നമല്ല. അധികാരസ്ഥാനങ്ങളിലും പൊതുരംഗത്തും പ്രവർത്തിക്കുന്ന എല്ലാവർക്കുമുള്ള ചില പാഠങ്ങൾ അതിലുണ്ട്. വില്ലേജ്, പഞ്ചായത്ത് ഓഫീസുകൾമുതൽ സെക്രട്ടേറിയറ്റ് വരെയുള്ള അധികാരസ്ഥാനങ്ങളിൽ പരാതികളുമായെത്തുന്നവർ, ആവശ്യങ്ങളുമായെത്തുന്നവർ, തങ്ങൾക്കുതാഴെയുള്ളവരല്ല, തുല്യരാണ് എന്ന് അധികാരികൾ മനസ്സിലാക്കണം. ജനങ്ങളാണ് യഥാർഥ അധികാരികളെന്നും അവരെ മാനിക്കുകയും നീതി ലഭ്യമാക്കുകയും  ചെയ്യേണ്ടത് ഔദാര്യമല്ല, കർത്തവ്യമാണ് എന്ന ബോധമുണ്ടാവുകയും വേണം. വനിതാകമ്മിഷന്റെ പുനഃസംഘടനയുണ്ടാകുമ്പോൾ രാഷ്ട്രീയബന്ധത്തിനാവരുത് മുൻഗണന എന്നുകൂടി അടുത്തകാലത്തെ അനുഭവങ്ങൾ ഓർമിപ്പിക്കുന്നുണ്ട്.