ദാൽ തടാകത്തിൽ വിടരട്ടെ ജനാധിപത്യത്തിന്റെ പൂക്കൾ


ഒരു ചർച്ചകൊണ്ട് പ്രശ്നങ്ങൾ തീരുന്നത്ര ലളിതമല്ല ജമ്മുകശ്മീരിന്റെ രാഷ്ട്രീയഭൂമികയെന്ന് എല്ലാവർക്കുമറിയാം. ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കണം. ആത്യന്തികമായി ജനങ്ങളുടെ ജീവിതമാണ് ജനാധിപത്യത്തിന്റെ കാതൽ

editorial

ജമ്മുകശ്മീർ കേവലം ഒരു ഭൂപ്രദേശമല്ല. രാജ്യത്തിനകത്തും പുറത്തും നിർണായകമായ രാഷ്ട്രീയംപേറുന്ന ചരിത്രമാണത്. അസ്വസ്ഥത തൊടുത്തുവിടുന്ന അയൽപക്കങ്ങളുള്ളതിനാൽ, സുരക്ഷയുടെയും പരമാധികാരത്തിന്റെയും നയതന്ത്രത്തിന്റെയും പരീക്ഷണശാല. അതിനപ്പുറം ഇന്ത്യയെന്ന വികാരത്തിന്റെയും അനുഭവങ്ങളുടെയും എക്കാലത്തെയും ഉരകല്ല്. അതിനാൽ, ജമ്മുകശ്മീരിലുണ്ടാകുന്ന ചെറുചലനങ്ങൾക്കുപോലും രാജ്യരാജ്യാന്തര സമൂഹം കാതോർക്കും. ജമ്മുകശ്മീരിലെ ഭാവിരാഷ്ട്രീയനടപടികൾ ചർച്ചചെയ്യാൻ വ്യാഴാഴ്ച കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലേക്കും ലോകം ഉറ്റുനോക്കിയത് അതുകൊണ്ടാണ്. രാജ്യം ആകാംക്ഷയോടെയാണ് മൂന്നരമണിക്കൂർനീണ്ട ചർച്ചയിൽ മനസ്സുനട്ടത്. യോഗം സൗഹാർദപരമെന്നും പ്രതീക്ഷയ്ക്ക് വകനൽകുന്നതെന്നും ഭരണപ്രതിപക്ഷങ്ങൾ യോഗത്തിനുശേഷം പറഞ്ഞപ്പോൾ രാജ്യം ആശ്വസിച്ചതും അതുകൊണ്ടുതന്നെ.
ഒരു ചർച്ച നടന്നുകഴിഞ്ഞാൽ അതിന്റെ ഫലമെന്ത് എന്ന വിലയിരുത്തലിനാണ് പ്രസക്തി എന്ന കാര്യത്തിൽ സംശയമില്ല. അതിലേക്കു കടക്കുംമുമ്പ്, 2019 ഓഗസ്റ്റ് 5-ന് ജമ്മുകശ്മീരിൽ മോദിസർക്കാർ സ്വീകരിച്ച നിർണായകമായ നടപടികളെച്ചൊല്ലി രണ്ടുവർഷമായി പോരടിച്ചുനിന്ന ഭരണപ്രതിപക്ഷങ്ങൾ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ആദ്യമായി തുറന്നുസംസാരിച്ചു എന്നതാണ് ഈ കൂടിക്കാഴ്ചയുടെ പ്രഥമനേട്ടം. ജമ്മുകശ്മീരിന് പ്രത്യേകപദവി വ്യവസ്ഥചെയ്യുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയതും സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കിയതും കടുത്ത രാഷ്ട്രീയവിഷയങ്ങളായി തുടരുന്നതിനിടയിലാണ് ഈ മുഖാമുഖം നടന്നത്. ഭരണപരവും രാഷ്ട്രീയവുമായ നടപടികൾക്കുശേഷം 221 മുതൽ 446 ദിവസംവരെ വീട്ടുതടങ്കലിലായിരുന്ന നേതാക്കളാണ് സർക്കാരുമായി ചർച്ചയ്ക്കെത്തിയത് എന്നതും ശ്രദ്ധേയം. ഇവരടക്കമുള്ള 14 രാഷ്ട്രീയപ്രാതിനിധ്യങ്ങൾ ജമ്മുകശ്മീരിൽ ജനാധിപത്യനിർമാണത്തിനായി ഒരുമിച്ചു എന്നതുതന്നെ ചരിത്രമാണ്. ‘ദില്ലി കി ദൂരി’യും ‘ദിൽ കി ദൂരി’യും (ഡൽഹിയിലേക്കുള്ള ദൂരവും മനസ്സിലെ ദൂരവും) ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ഈ യോഗത്തിന്റെ ഉള്ളടക്കമായി കണക്കാക്കാം. ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവെപ്പെന്ന് യോഗത്തിനു ശേഷം പ്രതിപക്ഷനേതാക്കളായ ഗുലാം നബി ആസാദും ഒമർ അബ്ദുള്ളയും വിശേഷിപ്പിച്ചതും അതോടു ചേർത്തുവെക്കാം. ക്രിയാത്മകസമീപനം എന്നനിലയിൽ ചർച്ചയെ വീക്ഷിച്ച സർക്കാരും പ്രതിപക്ഷവും അഭിനന്ദനാർഹരാണ്.എന്നാൽ, ചർച്ചയുടെ സാങ്കേതികതയിൽ കാര്യങ്ങൾ തീരരുത്. തുടർനടപടികളിലെ ആത്മാർഥതയാണ് ഭാവി നിർണയിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ്, അതിനു മുന്നോടിയായുള്ള മണ്ഡല പുനർനിർണയം, പൂർണ സംസ്ഥാനപദവി തിരിച്ചുനൽകൽ എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. സംസ്ഥാനപദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണപ്രദേശമാക്കിയതിൽ ജമ്മുകശ്മീർ ജനതയ്ക്കുള്ള പ്രതിഷേധം പ്രതിപക്ഷനേതാക്കൾ യോഗത്തിൽ ശക്തമായി ഉന്നയിച്ചു. ജനങ്ങളുടെ നഷ്ടമായ വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള ആദ്യനടപടി സംസ്ഥാനപദവി പുനഃസ്ഥാപിക്കലാണെന്ന് മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള ചൂണ്ടിക്കാട്ടി. അനുരഞ്ജനസ്വരത്തിലാണ് സർക്കാർ ഈ ആവശ്യങ്ങളോട് പ്രതികരിച്ചത് എന്നത് ശ്രദ്ധേയമാണ്. മണ്ഡല പുനർനിർണയം പൂർത്തിയായാലുടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താമെന്നും എത്രയും വേഗം അധികാരം കൈമാറുന്നതിനാണ് മുൻഗണനയെന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും യോഗത്തിൽ പറഞ്ഞു. പൂർണ സംസ്ഥാനപദവി യുക്തമായ സമയത്ത് നൽകുമെന്ന പാർലമെന്റിലെ പ്രഖ്യാപനവും ആവർത്തിച്ചു. എന്നാൽ 370-ാം അനുച്ഛേദം പിൻവലിച്ച നടപടി റദ്ദാക്കണമെന്ന ആവശ്യത്തെക്കുറിച്ച് വിപുലമായ ചർച്ചനടന്നില്ലെന്നാണ് സൂചന. സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ വിശദമായ ചർച്ചയുണ്ടായില്ലെന്ന് പ്രതിപക്ഷനേതാക്കളും പറഞ്ഞു.

ഒരു ചർച്ചകൊണ്ട് പ്രശ്നങ്ങൾ തീരുന്നത്ര ലളിതമല്ല ജമ്മുകശ്മീരിന്റെ രാഷ്ട്രീയഭൂമികയെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, അതുകൊണ്ട് ശ്രമങ്ങൾ ഒഴിഞ്ഞുനിൽക്കരുത്. ആത്യന്തികമായി ജനങ്ങളുടെ ജീവിതമാണ് ജനാധിപത്യത്തിന്റെ കാതൽ. കശ്മീരിലും കന്യാകുമാരിയിലും അതിന് വ്യത്യസ്ത നിർവചനങ്ങളില്ല. അതിനാൽ, അന്തസ്സോടെ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന ജനാധിപത്യസംവിധാനങ്ങൾക്ക്‌ മാത്രമേ നിലനിൽപ്പുള്ളൂവെന്ന് രാഷ്ട്രീയനേതൃത്വങ്ങൾ തിരിച്ചറിയണം. അതിനായി കശ്മീരിൽ ഭിന്നിപ്പിന്റെ മഞ്ഞുരുകട്ടെ. ദാൽ തടാകത്തിൽ ജനാധിപത്യത്തിന്റെ പൂക്കൾ വിടരട്ടെ.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented