കോവിഡ് മഹാമാരിയുടെ മൂന്നാംതരംഗത്തിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധവാക്സിൻ നൽകുന്നത് വേഗത്തിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തീവ്രശ്രമം നടത്തുകയാണ്. ന്യൂനതകൾ ഒട്ടേറെയുണ്ടെങ്കിലും ആദ്യഘട്ടത്തിലെ മന്ദത മാറിയിട്ടുണ്ടെന്നതാണ് വസ്തുത. രാജ്യത്താകെ മുപ്പതുകോടി ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. കേരളത്തിൽ ദേശീയ ശരാശരിയെക്കാളും അല്പം മുമ്പിലാണ് വാക്സിനേഷൻ തോത്. 130 ലക്ഷം ഡോസ് വാക്സിനാണ് കേരളത്തിൽ ഇതിനകം നൽകിയത്. അപ്പോഴും രണ്ടുഡോസും കിട്ടിയത് 30 ലക്ഷത്തിൽത്താഴെ പേർക്ക് മാത്രമാണ്. ദിവസേന രണ്ടരലക്ഷം ഡോസ് നൽകുകയാണ് ലക്ഷ്യം എന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ട് പ്രായോഗികമായി ഒരുപാട് പ്രശ്നങ്ങളുണ്ടെന്നത് ശരിയാണെങ്കിലും വേഗം കൂട്ടാൻ നടപടി അത്യാവശ്യമാണ്, ദേശീയതലത്തിലും സംസ്ഥാനതലത്തിലും. നൂറുപേർക്ക് ഓരോ ഡോസ് എന്ന കണക്കെടുത്താൽ ബ്രിട്ടനിൽ 111, അമേരിക്കയിൽ 95, ചൈനയിൽ 70, ജർമനിയിൽ 75 ഡോസ് നൽകിക്കഴിഞ്ഞപ്പോൾ ഇന്ത്യയിൽ അത് 20-ൽതാഴെയാണ്.

കേരളത്തിൽ ദേശീയ ശരാശരിയെക്കാളും കൂടുതൽ ഡോസ് വാക്സിൻ നൽകാൻ സാധിച്ചത് മറ്റുസംസ്ഥാനങ്ങൾക്ക് നൽകിയതിനെക്കാൾ കൂടുതൽ ഡോസ് കേന്ദ്രം അനുവദിച്ചതുകൊണ്ടല്ല.  ലഭ്യമായ വാക്സിൻ കൃത്യമായി, സൂക്ഷ്മമായി ഉപയോഗിച്ചതിനാലാണ്. വാക്സിൻ നൽകാൻ തുടങ്ങിയ ആദ്യഘട്ടത്തിൽത്തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് ശ്രദ്ധിക്കുകയും കേരളത്തിലെ മാതൃക പിന്തുടരാൻ മറ്റുസംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ ജാർഖണ്ഡ്‌ 37 ശതമാനവും ഛത്തീസ്ഗഢ്‌ 30 ശതമാനവും തമിഴ്‌നാട് 15 ശതമാനവും വാക്സിൻ പാഴാക്കിക്കളഞ്ഞതായാണ് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്ക്.  തെലങ്കാനയിലും ആന്ധ്രയിലും പത്തു ശതമാനത്തിലധികം വാക്സിൻ ഇപ്പോഴും നഷ്ടപ്പെട്ടുപോകുന്നതായി പറയുന്നു. ദേശീയതലത്തിൽ ആറരശതമാനത്തോളമാണ് പാഴാകുന്നത്. എന്തുകൊണ്ട് കേരളം മുന്നിൽ എന്നതിന്റെ ഉത്തരമാണ് ഇതിൽനിന്ന് ലഭിക്കുന്നത്. എത്ര സൂക്ഷ്മമായി കൈകാര്യംചെയ്താലും  പത്തിലൊന്നെങ്കിലും പാഴായിപ്പോകാമെന്നതിനാൽ അധികം നൽകുന്ന ഡോസുംകൂടി ഉപയോഗിക്കാൻ സാധിച്ചതാണ് കേരളത്തെ ദേശീയതലത്തിൽ ശ്രദ്ധേയമാക്കിയത്.

ഇക്കാര്യത്തിൽ കേരളത്തിലെ മാലാഖമാരുടെ, നഴ്‌സുമാരുടെ മിടുക്കിനെ അഭിനന്ദിച്ചാൽ മതിയാവില്ല. ഒന്നരവർഷത്തോളമായി യുദ്ധരംഗത്തുള്ളവരാണവർ. കൊറോണ വൈറസുമായുള്ള യുദ്ധത്തിൽ മറ്റ് ആരോഗ്യപ്രവർത്തകരോടൊപ്പം മുന്നണിപ്പടയാളികൾ. കോവിഡിന്റെ തീവ്രത നേരിൽക്കണ്ട് അനുഭവിച്ചവർ, രോഗീപരിചരണത്തിനിടയിൽ രോഗപ്പകർച്ചയുണ്ടായവരുമേറെ. കോവിഡ് മഹാമാരിയുടെ ഭീകരത ഏറ്റവും കൂടുതൽ  മനസ്സിലാക്കിയവർ, അതിനെ തടഞ്ഞുനിർത്താൻ ഏറ്റവും സൂക്ഷ്മതയോടെ, കാര്യക്ഷമതയോടെ, സമർപ്പിതമനസ്കരായി നടത്തുന്ന ജനസേവനമാണ്, രാഷ്ട്രസേവനമാണ് വാക്സിൻ ഉപയോഗത്തിലും കേരളമാതൃക സൃഷ്ടിച്ചത്.
മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് വാക്സിനേഷൻ കാര്യക്ഷമതയിൽ  മുന്നിലാണെങ്കിലും ചില ന്യൂനതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഹൈക്കോടതിതന്നെ കഴിഞ്ഞദിവസം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയ ഒരു പ്രശ്നം കോവിഡ് പോർട്ടലുമായി ബന്ധപ്പെട്ടതാണ്. സ്ലോട്ട് കിട്ടും, പക്ഷേ ഉദ്ദേശിക്കുന്ന കേന്ദ്രത്തിൽ വാക്സിൻ ലഭ്യമായിരിക്കില്ല. പോർട്ടലിൽ രജിസ്റ്റർചെയ്തിട്ടും നിശ്ചിതകേന്ദ്രത്തിലെത്തി നിരാശരായി മടങ്ങേണ്ടിവരുന്ന പ്രശ്നങ്ങളുണ്ട്.  സ്പോട്ട് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടും ആക്ഷേപങ്ങൾ നിലനിൽക്കുന്നു. ജില്ലാതലത്തിൽ നിയന്ത്രണ-നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തി ന്യൂനതകളെല്ലാം പരിഹരിക്കാൻ നടപടിയുണ്ടാകണം.