മൂന്ന് ദിവസംമുമ്പ് പുലർച്ചെ രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അഞ്ചുയുവാക്കൾ തത്‌ക്ഷണം മരിച്ചത് കേരളത്തെയാകെ ഞെട്ടിച്ചു. ആ അപകടത്തിനിടയാക്കിയ സംഭവങ്ങളുടെ ചുരുളുകളഴിയുമ്പോൾ കേരളം എത്തിപ്പെട്ട ഭീകരാവസ്ഥ വെളിപ്പെടുന്നു. ക്രമസമാധാനപാലനത്തിൽ ഒന്നാമതെന്ന ദേശീയാംഗീകാരം ലഭിക്കുന്ന, എല്ലാ അർഥത്തിലും സുതാര്യതയ്ക്ക് പേരുകേട്ട സംസ്ഥാനത്ത് കാണെക്കാണെ അധോലോകം പുളച്ചുവളരുകയാണ്. പാതകളിൽ ഏതുരാത്രിയിലും എപ്പോഴും ക്വട്ടേഷൻ സംഘങ്ങളുടെ ‘യുദ്ധ’ങ്ങളുണ്ടാകാം. കൊന്നും കവർന്നും പണക്കാരാകാൻ വാടകയ്ക്കെടുക്കാവുന്ന ഗുണ്ടാസംഘങ്ങൾ കാണാമറയത്ത് വിലസുകയാണ്. എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള മാർഗമെന്ന നിലയിൽ യുവാക്കൾ അധോലോകപ്രവർത്തനത്തിന്‌ മടിയില്ലാതെ തയ്യാറാവുന്നു. ഇതിനു തടയിടാനാവണം.

രാമനാട്ടുകരയിൽ വാഹനാപകടത്തിൽ മരിച്ചവർ, സ്വർണക്കള്ളക്കടത്ത് നടത്തിയ സംഘം തങ്ങളുടെ  സംരക്ഷണത്തിനായി വാടകയ്ക്കെടുത്തവരാണോ അത് വഴിയിൽവെച്ച് പിടിച്ചുപറിക്കാൻ നിയോഗിക്കപ്പെട്ട ക്വട്ടേഷൻകാരാണോ എന്നത് വ്യക്തമായിട്ടില്ല. ഗൾഫിൽനിന്ന് കള്ളക്കടത്തായി സ്വർണം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചയാൾ എയർ ഇന്റലിജൻസിന്റെ പിടിയിലായതിനാലാണ് വിമാനത്താവളത്തിനു പുറത്ത് ക്വട്ടേഷൻ സംഘങ്ങളുടെ ഏറ്റുമുട്ടലും പോർവിളിയുമുണ്ടായത്.  തിരശ്ശീലയ്ക്ക് പുറകിലുള്ള യഥാർഥ കള്ളക്കടത്തുകാർ നിയോഗിച്ച കാരിയർ മറ്റൊരു കള്ളക്കടത്തു സംഘത്തിന് വിവരം ഒറ്റുകൊടുത്ത് പരസ്പര വൈരികളായ രണ്ട് കൂട്ടരിൽനിന്നും ഭാരിച്ച പ്രതിഫലം നേടാൻ നടത്തിയ അതിബുദ്ധിയായിരിക്കാം സ്വർണവും കാത്ത് മൂന്ന് ക്വട്ടേഷൻ സംഘങ്ങൾ പുറത്ത് പതുങ്ങി നിൽക്കുന്നതിനിടയാക്കിയത്. കൊടകര കുഴൽപ്പണ സംഭവത്തിലും ഇത്തരം ‘അതിബുദ്ധിയും’ വിവര​ക്കൈമാറ്റവും കാരണമാണ് രഹസ്യങ്ങളുടെ ചുരുളഴിഞ്ഞത്.

ഇതെല്ലാം വിരൽചൂണ്ടുന്നത്  കേരളത്തിലേക്ക് ഹവാല പണത്തിന്റെയും കുഴൽപ്പണത്തിന്റെയും കള്ളക്കടത്ത് സ്വർണത്തിന്റെയും കുത്തൊഴുക്കുണ്ടെന്നാണ്. നയതന്ത്ര ബാഗേജിലൂടെ സ്വർണക്കള്ളക്കടത്ത് നടത്തുന്നത് കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണവും പരിശോധനയും തീവ്രമാക്കിയെങ്കിലും അന്താരാഷ്ട്ര വിമാന സർവീസുകൾ വളരെ കുറവായിട്ടുപോലും വൻതോതിൽ സ്വർണവും ഹവാല പണവും ഇപ്പോഴും ഇവിടേക്കെത്തുന്നു. വിധ്വംസകപ്രവർത്തനത്തിനുള്ള പണമാണിതെന്ന സൂചനകൾ ഉണ്ടായിട്ടും അത്ര ഗൗരവത്തിൽ ഇതിനെ കൈകാര്യംചെയ്യാൻ നാം തയ്യാറായിട്ടില്ല.  

പരസ്പര വൈരികളായ രാഷ്ട്രീയപ്പാർട്ടികൾക്കുവേണ്ടി വെട്ടും കൊലയും നടത്തിയ ക്രിമിനലുകളിൽ കുറേപ്പേർ സംഘർഷത്തിന്റെ കാലം കഴിഞ്ഞാൽ ക്വട്ടേഷൻ സംഘത്തിലെത്തിപ്പെടുന്നെന്നാണ് പോലീസ് നൽകുന്ന വിവരം.  സമൂഹവിരുദ്ധ സ്വഭാവമുള്ള അത്തരക്കാർ പണമുണ്ടാക്കാൻ ക്വട്ടേഷൻ സംഘങ്ങളുടെ ഭാഗമാവുന്നു. ജയിലുകളാണ് പലപ്പോഴും ഇതിന്റെ ഗർഭഗൃഹങ്ങളെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടത്. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പാണ് രണ്ട് വർഷം മുമ്പ് ജയിൽമേധാവിയായി ഋഷിരാജ് സിങ്ങിനെ നിയോഗിച്ച് ജയിലുകളിൽ കർശന പരിശോധന  നടത്തിയതും കൂട്ടസ്ഥലംമാറ്റമടക്കമുള്ള നടപടികൾ സ്വീകരിച്ചതും. ക്വട്ടേഷൻ സംഘങ്ങൾ സംസ്ഥാനത്തിന്റെ സമാധാനത്തിനും സാമ്പത്തിക മേഖലയ്ക്കും കനത്ത ഭീഷണിയായി വളരുകയാണെന്ന് തിരിച്ചറിഞ്ഞ്, അന്ന് തുടങ്ങിയ നടപടികൾ പിന്നീട് അയഞ്ഞെന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നത്. കള്ളക്കടത്ത്-ഹവാല-കുഴൽപ്പണ മാഫിയയെയും ക്വട്ടേഷൻ സംഘങ്ങളെയും അമർച്ച ചെയ്യാൻ അതിശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ വൈകാതെ തയ്യാറാകണം.