സാമൂഹികമായ അനിഷ്ടസംഭവങ്ങളുണ്ടാകുമ്പോൾ ധാർമികരോഷം പതഞ്ഞുപൊങ്ങുകയും വേഗത്തിൽ കെട്ടടങ്ങുകയും ചെയ്യുന്നതാണ് പൊതുരീതി. സ്ത്രീധനത്തിന്റെപേരിലുള്ള കൊടുംക്രൂരതകളോടുള്ള സാമൂഹിക പ്രതികരണവും വ്യത്യസ്തമല്ല. സ്ത്രീധനമായി കിട്ടാവുന്നത്ര പണവും സ്വത്തുക്കളും ‘പിടിച്ചുപറിച്ച’ശേഷം ഇനിയൊന്നും കിട്ടാനില്ലെന്നുവന്നപ്പോൾ വിഷപ്പാമ്പിനെ വാടകയ്ക്കെടുത്ത് ഭാര്യയെ കടിപ്പിച്ചുകൊന്ന ഭർത്താവ് ഒരു പേടിസ്വപ്നംപോലെ വാർത്തയിൽ നിറഞ്ഞുനിന്നത് കുറച്ചുമുമ്പാണ്. സ്ത്രീധനപീഡനത്തിനെതിരേ അന്ന് ഔദ്യോഗികമായും അനൗദ്യോഗികമായും അന്ത്യശാസനങ്ങളുണ്ടായി. പക്ഷേ, ഈ നീചസമ്പ്രദായം അല്പംപോലും ക്ഷീണമില്ലാതെ തുടരുകയാണെന്നു മാത്രമല്ല അതിന്റെ ഭാഗമായി മർദനവും കൊലയും ആത്മഹത്യയിലേക്ക് തള്ളിയിടലും അഭംഗുരം കേരളത്തിൽ സംഭവിക്കുന്നു.

കൊല്ലം ശാസ്താംകോട്ടയിൽ ബി.എ.എം.എസ്. അവസാനവർഷ വിദ്യാർഥിയായ വിസ്മയ കഴിഞ്ഞദിവസം ഭർത്തൃവീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടതിനുപിന്നിൽ  ഭർത്താവ് സ്ത്രീധനത്തിന്റെപേരിൽ ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചതിനാലാണെന്ന് വ്യക്തമായി. കൊലപാതകമാണെന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട്.  ‘വിദ്യാസമ്പന്ന’നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ ഭർത്താവ് സ്ത്രീധനമായിക്കിട്ടിയ കാറിന് മികവുപോരെന്നു പറഞ്ഞ് നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്നാണ് പുറത്തുവന്ന വിവരം. കേരളമാകെ അതിന്റെ ഞെട്ടലിൽ കഴിയുമ്പോഴാണ് തിരുവനന്തപുരം വെഞ്ഞാറമ്മൂടിൽനിന്ന് സ്ത്രീധനത്തിന്റെപേരിലുള്ള മറ്റൊരു മരണം റിപ്പോർട്ടുചെയ്യപ്പെട്ടത്. ഏതാനും ദിവസംമുമ്പ് തിരുവനന്തപുരത്ത് പ്രശസ്തമായ കുടുംബത്തിലെ അംഗമായ ഒരു ചലച്ചിത്രപ്രവർത്തകന്റെ ഭാര്യ സ്ത്രീധനപീഡനത്തെത്തുടർന്ന് ജീവനൊടുക്കി. ആത്മഹത്യയല്ല,  കൊലപാതകം തന്നെയാണ് ഇത്തരം സംഭവങ്ങൾ.

സ്ത്രീധനം തടയുന്നതിന് കർശനമായ വകുപ്പുകളുള്ള നിയമം പാസാക്കിയിട്ട് 60 വർഷം കഴിഞ്ഞു. നിയമം നടപ്പാക്കുന്നതിന് ചട്ടങ്ങളുണ്ടാക്കുകയും പ്രാബല്യത്തിലാക്കുകയും ചെയ്തിട്ടും അതിന്റെ വിഷദംഷ്ട്രകൾ പറിച്ചുമാറ്റാൻ സാധിച്ചിട്ടില്ല. സ്ത്രീധനം വാങ്ങുന്നതും നൽകുന്നതും കുറ്റകരവും ശിക്ഷാർഹവുമാണെന്ന ഉഗ്രശാസനങ്ങൾ ഇടയ്ക്കിടെ ആവർത്തിക്കുന്നുണ്ട്. പക്ഷേ, ചില മേഖലകളിൽ നിയമസ്രഷ്ടാക്കളെന്നോ  നടപ്പാക്കുന്നവരെന്നോ വ്യത്യാസമില്ലാതെ വലിയൊരുവിഭാഗംപേർ പലവിധേന സ്ത്രീധനസമ്പ്രദായത്തിനകത്താണെന്നതാണ് അപ്രിയസത്യം. സംസ്ഥാനത്ത് ഈ നീചസമ്പ്രദായം പക്ഷേ, സാർവത്രികമല്ല.  

സ്ത്രീധനം നൽകാനില്ലാത്തതിന്റെപേരിൽ വിവാഹം മുടങ്ങൽ, ഗഡുക്കളായി നൽകാമെന്നേൽക്കുന്ന സ്ത്രീധനത്തുക കിട്ടാത്തതിന്റെപേരിൽ പീഡിപ്പിക്കലോ ഭാര്യയെ ഉപേക്ഷിക്കലോ ഒക്കെ ആവർത്തിച്ചുകൊണ്ടിരിക്കുന്നതായി വാർത്തകൾ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു. സ്ഥലത്തിനും വസ്തുവകകൾക്കും വിലപേശുന്നതുപോലെ വിവാഹം കഴിക്കണമെങ്കിൽ ഇത്ര പണവും ഇത്ര പൊന്നും ഇന്ന വാഹനവും വേണമെന്ന് ശഠിക്കുക, അതല്ലെങ്കിൽ ഇത്രയൊക്കെയാണ് നടപ്പെന്ന് ലജ്ജാലേശമെന്യേ തുറന്നുപറയുക-വ്യാപാരക്കരാറുകളിലെന്നപോലെ ഇതെല്ലാമാണ് പലേടത്തും പലരുടെയും കാര്യത്തിൽ നടക്കുന്നത്. നിയമംകൊണ്ടുമാത്രം ഈ വിനയെ ഇല്ലാതാക്കാനാകുമെന്നു കരുതാനാവില്ല. എല്ലാ സമുദായത്തിലും സ്വത്തവകാശത്തിൽ സ്ത്രീപുരുഷതുല്യതയുള്ള നാടാണ് കേരളം. അത് പൂർണതോതിൽ നിയമപരവുമാണ്. കുടുംബസ്വത്തിലെ വിഹിതം മുൻകൂറായി നൽകുന്നതാണ് സ്ത്രീധനം എന്ന വ്യാഖ്യാനം നീചമായ സ്ത്രീധനസമ്പദായത്തെ ന്യായീകരിക്കുന്നതിനാണ്.

സ്ത്രീധനപീഡനം തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി  വ്യക്തമാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായ ആർ. നിശാന്തിനിക്ക് അന്വേഷണച്ചുമതല നൽകിയിട്ടുമുണ്ട്. സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിൽ ഫോൺ മുഖേന നേരിട്ട് പരാതിനൽകാൻ സംവിധാനമേർപ്പെടുത്തിയതും നല്ലതാണ്. എന്നാൽ, സ്ത്രീധനപീഡനം ശാശ്വതമായി തടയണമെങ്കിൽ സ്ത്രീധനസമ്പ്രദായം പൂർണമായും ഇല്ലാതാകണം. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ഇല്ലെന്ന് യുവാക്കൾ നിലപാടെടുക്കണം. മകളെ കച്ചവടച്ചരക്കാക്കില്ലെന്ന് രക്ഷിതാക്കളും പണം ചോദിച്ചെത്തുന്നവനെ ആട്ടിപ്പുറത്താക്കുമെന്ന് പെൺകുട്ടികളും തീരുമാനിക്കണം. നരകമയമായ ജീവിതത്തിൽനിന്ന് പുറത്തുവരാനുള്ള ധൈര്യം പെൺകുട്ടിക്ക്‌ സമൂഹവും മാതാപിതാക്കളും നൽകാത്ത വികലമായ അവസ്ഥ മാറണം. വിവാഹം രണ്ടുപേർ തമ്മിൽ ജീവിതം തുല്യമായി പങ്കിടുന്നതാണ്. സാമൂഹികമുന്നേറ്റത്തിൽ വിവാഹസമ്പ്രദായത്തിലെ മാറ്റങ്ങൾക്കും വലിയ സ്ഥാനമുണ്ട്. പരമ്പരാഗതമായി തുടരുന്ന തെറ്റുകൾ തിരുത്തിക്കുന്നതിന് നേതൃത്വം നൽകാൻ യുവജനസംഘടനകൾക്കും പൊതുസമൂഹത്തിനും സാധിക്കുമോ എന്നതാണ് കാലം ഉയർത്തുന്ന ചോദ്യം.