മഹാമാരിയിൽ മനുഷ്യന്റെ ശരീരത്തോളംതന്നെ അവന്റെ മനസ്സും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ വിശകലനം ചെയ്യുന്ന ഒരു പരമ്പര, ‘മനുഷ്യരോടു കോവിഡ് ചെയ്യുന്നത്’ എന്നപേരിൽ മാതൃഭൂമി പ്രസിദ്ധീകരിക്കുകയുണ്ടായി. കുട്ടികൾമുതൽ പ്രായമായവർവരെ നേരിടുന്ന സമ്മർദങ്ങളെക്കുറിച്ച്‌ അതിൽ പ്രതിപാദിച്ചിരുന്നു. ഏകാന്തതയുടെ പരിചയും അകൽച്ചയുടെ മതിലുകളുംകൊണ്ട് സ്വയം സുരക്ഷിതരാകേണ്ടിവരുംവിധം കോവിഡ് നമ്മെ വളഞ്ഞിട്ടാക്രമിക്കുന്നു. അരക്ഷിതബോധം പതിയെ പടരുന്നു. എല്ലാം അവ്യക്തം, അനിശ്ചിതം. ഇതിനെ നാം അതിജീവിക്കേണ്ടതുണ്ട്.

ലോകജനതയുടെ മുക്കാൽപങ്കും മനസ്സിൽ ഏറിയും കുറഞ്ഞും ഈ ആശങ്കകൾ താങ്ങുന്നു. ചിലർ താങ്ങാനാവാതെ വീണുപോവുന്നു. മനോവിഷമങ്ങളെന്നപേരിൽ മാറ്റിവെക്കാവുന്നവയല്ല ഇവയൊന്നും. ഉത്കണ്ഠാരോഗം, വിഷാദരോഗം  തുടങ്ങിയ മാനസികപ്രശ്നങ്ങളായിത്തന്നെ വേണം ഇവയെ എണ്ണാൻ. ഉറക്കമില്ലാതെയും ഉണർവ്‌ നഷ്ടപ്പെട്ടും ശ്വാസംമുട്ടിയും രോഗഭീതിയിൽ എരിഞ്ഞുതീർന്നും അവനവനെ താങ്ങാനാവാതെ ജീവിക്കുന്ന ഈ മനുഷ്യർ വൈറസിന്റെ ഒളിയുദ്ധത്തിൽ വീണുപോയവർത്തന്നെ. പിറകിൽ ഉപേക്ഷിക്കപ്പെടരുത് അവരുടെ മനസ്സിന്റെ സ്വാസ്ഥ്യം. അവഗണനയല്ല, കൈത്താങ്ങാണ് അവർക്കു വേണ്ടത്.

ഒരിക്കൽ ഉണ്ടായിരുന്നതെല്ലാം ഇനിയൊരിക്കലും ഉണ്ടാവില്ലെന്ന തിരിച്ചറിവിന്റേതാണ് ഈ കാലം. ഒന്നും പഴയതുപോലെയാവണമെന്നില്ല. ‘ന്യൂ നോർമലു’മായി പൊരുത്തപ്പെടാൻ പാടുപെടുന്നവരുണ്ട്. ഉറ്റവർ, ജീവിതോപാധികൾ, ബന്ധങ്ങൾ, നഷ്ടത്തിന്റെ അവസാനിക്കാത്ത കണക്കുകൾ ഒരുപാടുണ്ട്‌. ഒന്ന് മനസ്സുതുറന്ന് ചിരിച്ചകാലം ഓർത്തെടുക്കാനാവാത്തവർ. അവരുടെ ഉള്ളിൽ രോഗം ഒരു കടന്നൽക്കൂടാണ്. എപ്പോൾ വേണമെങ്കിലും അത് ഇളകാം. അനിശ്ചിതത്വം അങ്ങേയറ്റം. അതിനുവേണം ഒരു അവസാനം.

നമ്മുടെ കുട്ടികൾ മൊബൈൽ സ്‌ക്രീനിൽ ഒറ്റപ്പെട്ടുപോയിരിക്കുന്നു. അവർക്ക് പാഠപുസ്തകങ്ങളുണ്ട്, പക്ഷേ, ജീവിതപാഠങ്ങളില്ല. ഇനിമുതൽ മുറ്റത്തെ ഇളവെയിലെങ്കിലും അവർക്ക് കൂട്ടായി വേണം. നിയന്ത്രിതമെങ്കിലും കളിയിടങ്ങളും കളിക്കൂട്ടുകാരും അവർക്കുണ്ടാവണം. അതിനുള്ള നീക്കങ്ങളാണ് ഇനിവേണ്ടത്. കോവിഡിന്റെ കണക്കിൽ നമുക്ക് ഒരു തലമുറയെ ബലികൊടുക്കാനാവില്ല.

യുവതയും നിരാശയുടെ നിശ്ശബ്ദതയിലാണ്. ലോകത്തെ സുന്ദരമാക്കിയിരുന്ന അവരുടെ ജീവിതാസക്തിയിലാണ് വൈറസ് കത്രികപ്പൂട്ടിട്ടത്. മനസ്സിന്റെ വിലാപങ്ങൾ മരണാസക്തിയായി മാറാതിരിക്കാൻ അവർക്ക് തെളിച്ചമുള്ള വിളക്കുകൾ ആവശ്യമുണ്ട്. നാളത്തെ ലോകം അവരുടേതാവുമെന്ന ഉറപ്പുകളും വേണം. രോഗാതുരതയ്ക്കിടയിലും അത്തരം പ്രതീക്ഷകളുണ്ടാക്കാനായാൽ അത് അവരെ സുഖപ്പെടുത്താതിരിക്കില്ല.
വീടുകളാണ് വിങ്ങിത്തീരുന്ന മറ്റൊരിടം. അറിയാതെയും പറയാതെയും ആധിപേറുന്ന അടുക്കളകൾ. എപ്പോഴും ഒന്നിച്ചുണ്ടായിട്ടും പരസ്പരം അന്യരായിത്തീർന്നവർ കുടിപാർക്കുന്ന അകത്തളങ്ങൾ. മഹാമാരിയെ അവർ മനസ്സിലടച്ചിട്ടുവളർത്തുന്നു. ഭരണകൂടത്തിന്റെ അടച്ചിടൽ അനുഭവിക്കുന്ന പുരുഷനും പുരുഷനുമുന്നിൽ എന്നും അടച്ചിടൽ അനുഭവിച്ച സ്ത്രീയും ഇവിടെ തുല്യരാവുന്നു. ഈ വീടുകൾക്കുള്ളിൽ മനുഷ്യർ ഇടിഞ്ഞുവീഴുന്നത് അറിയാതെപോകരുത്. അവരിലാണ് ഏറ്റവും ശ്രദ്ധ വേണ്ടത്. മനഃശാസ്ത്രജ്ഞരും മനോരോഗവിദഗ്ധരും കൗൺസലർമാരും വൈദ്യശാസ്ത്രവിദഗ്ധരും അടങ്ങുന്ന വൈദഗ്ധ്യസമ്പന്നരായവരുടെ നീണ്ട നിരയുണ്ട് നമുക്കുമുന്നിൽ. ഉള്ളുലയുന്നവർക്ക് അവരിലേക്ക് വഴികാട്ടാൻ നമുക്കാവണം. ഒറ്റയ്ക്കായിരിക്കുമ്പോഴും ഒന്നിച്ചായിത്തന്നെ നാം ഏകാന്തതയെന്ന മഹാമാരിയെ നേരിടണം.  

 മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും  പാലിക്കപ്പെടേണ്ടതുതന്നെ. കൈകഴുകുന്നതിനും കൈയകലത്തിൽ നിൽക്കുന്നതിനും മുഖംമൂടിവെക്കുന്നതിനും ജീവന്റെ വിലയുണ്ട് ഈ കാലത്ത്. രോഗം തനിച്ചാക്കുമ്പോൾ സ്നേഹംപോലും ഓടിയൊളിച്ചേക്കാം. പക്ഷേ, ശരീരത്തിനുവേണ്ടി മറക്കാനുള്ളതല്ല മനസ്സ്. രണ്ടും ഒന്നുതന്നെ. അസ്ഥിരപ്പെടുത്തിയ വികാരങ്ങളും അസ്ഥി തുളയ്ക്കുന്ന സങ്കടങ്ങളും ശരീരത്തിന്റെ ആരോഗ്യത്തെയും തകർത്തുകളയും. തൂവലുകൾപോലെ ചീകിയൊതുക്കണം മനസ്സിനെ. അതിനുള്ള വഴികളാണ് നമുക്കാവശ്യം. അങ്ങനെ ചെയ്തില്ലെങ്കിൽ ഒരുകാലത്ത്‌ ലോകം രോഗവിമുക്തമാകുമ്പോൾ നമ്മൾ മനസ്സിനോട് മറുപടി പറയേണ്ടിവരും.