ഇറാന്റെ ‘പരിഷ്കരണ’കാലത്തിന് അന്ത്യംകുറിച്ച് അതിയാഥാസ്ഥിതികൻ ഇബ്രാഹിം റെയ്‌സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. രാജ്യചരിത്രത്തിലേക്കുംവെച്ച് ഏറ്റവും കുറവ് വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ച തിരഞ്ഞെടുപ്പിലാണ് 62 ശതമാനം വോട്ടുനേടിയുള്ള റെയ്‌സിയുടെ ജയം. പാശ്ചാത്യരാജ്യങ്ങളുമായി ബന്ധമുണ്ടാക്കാൻ സന്നദ്ധനായ മിതവാദിയായ പ്രസിഡന്റ് ഹസൻ റൂഹാനി ഓഗസ്റ്റിൽ കാലാവധി പൂർത്തിയാക്കി പടിയിറങ്ങുമ്പോഴാവും റെയ്‌സിയുടെ സ്ഥാനാരോഹണം. രാജ്യത്തിന്റെ പരമോന്നതനേതാവ് അയത്തൊള്ള ഖമീനിയുടെ മാനസപുത്രനായി കരുതപ്പെടുന്ന റെയ്‌സിയുടെ വരവ് ഇറാനും അയൽരാജ്യങ്ങളുമായുള്ള ബന്ധത്തെയും ആണവക്കരാറിന്റെ പുനഃസ്ഥാപനത്തെയും എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. ഖമീനിയെപ്പോലെ പാശ്ചാത്യശക്തികളുടെ ചിരവിമർശകനായ റെയ്‌സി, ആണവക്കരാർ വീണ്ടെടുക്കാനുള്ള ചർച്ചകൾ തുടരുമെന്നു വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസായ റെയ്‌സി, മനുഷ്യാവകാശധ്വംസനങ്ങളുടെ പേരിൽ അമേരിക്കയുടെ ഉപരോധം നേരിടുന്നയാളാണ്. അദ്ദേഹത്തിന്റെ വരവിനു വഴിയൊരുക്കാൻ സ്ഥാനാർഥിനിർണയംതന്നെ അട്ടിമറിച്ചെന്ന ആരോപണമുയർന്നിരുന്നു. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനങ്ങളുമുണ്ടായിരുന്നു. 5.9 കോടി വോട്ടർമാരിൽ പകുതിയും വോട്ടുചെയ്യാതെ വീട്ടിലിരുന്നു. വോട്ടുചെയ്യാനെത്തിയ 2.89 കോടിപ്പേരാകട്ടെ, മനഃപൂർവമോ അല്ലാതെയോ 37 ലക്ഷം വോട്ട് അസാധുവാക്കി. ഇറാന്റെ ദരിദ്രമായ സാമ്പത്തികസ്ഥിതിയിലും തൊഴിലില്ലായ്മയിലുമുള്ള ജനരോഷത്തിന്റെകൂടി പ്രതിഫലനമാകാം തിരഞ്ഞെടുപ്പ് ബഹിഷ്കരണവും വോട്ട് അസാധുവാക്കലും. പ്രസിഡന്റ് റൂഹാനിയുടെ 2017-ൽ ആരംഭിച്ച രണ്ടാംഭരണകാലത്ത് ജനങ്ങളുടെ ഈ രോഷം തെരുവുപ്രക്ഷോഭങ്ങളായി പരിണമിച്ചിരുന്നു. അമേരിക്കയും മറ്റ് അഞ്ചു വൻശക്തികളുമായി ഇറാനുണ്ടാക്കിയ ആണവക്കരാറിൽനിന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി പിന്മാറിയതും ഉപരോധങ്ങളേർപ്പെടുത്തിയതും കാര്യങ്ങൾ വഷളാക്കി. കോവിഡിന്റെ കെടുതികളും ഇറാനെ കഠിനമായി ബാധിച്ചു.  

ആഭ്യന്തരമായ ഇത്തരം പ്രതിസന്ധികൾക്കൊപ്പമാണ് യു.എ.ഇ.യും ബഹ്‌റൈനും പോലുള്ള അയൽരാജ്യങ്ങളും ഇറാന്റെ ബദ്ധവൈരിയായ ഇസ്രയേലുമായുള്ള ബാന്ധവം. ഇസ്രയേലിനൊപ്പം ഇറാനുമായും നല്ലബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്ന യു.എ.ഇ. റെയ്‌സിയെ ആദ്യം അഭിനന്ദിച്ച രാജ്യങ്ങളുടെ കൂട്ടത്തിലുണ്ട്. എന്നാൽ, ആദ്യ മന്ത്രിസഭായോഗത്തിൽത്തന്നെ അദ്ദേഹത്തെ വിമർശിക്കുകയാണ് ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ചെയ്തത്. ഇറാനുമായുള്ള ആണവക്കരാറിലേക്ക് തിരിച്ചെത്തുംമുമ്പ് ‘ഉണരാൻ’ അദ്ദേഹം പാശ്ചാത്യശക്തികളോട് അഭ്യർഥിക്കുകയും ചെയ്തു. മറ്റൊരു ബദ്ധശത്രുവായ സൗദി അറേബ്യയുമായി ഇറാഖിന്റെ മധ്യസ്ഥതയിൽ നേരിട്ടു ചർച്ചനടത്തുകയാണ് ഇറാൻ. 2019-ൽ ഗൾഫ് മേഖലയിലുണ്ടായതുപോലൊരു സംഘർഷത്തിലേക്കു തിരിച്ചുപോകാൻ ഇറാനോ മറ്റുരാജ്യങ്ങളോ ആഗ്രഹിക്കുന്നുണ്ടാവില്ല. യുദ്ധപ്രതീതിയുണ്ടാക്കിയ ആ സംഘർഷസമയത്ത് ട്രംപ് അവിടെയൊരുക്കിയ സന്നാഹങ്ങൾ ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പിൻവലിക്കുമെന്നാണ് കരുതുന്നത്. പകരം, ഇറാന്റെ മിസൈൽ പദ്ധതി നിയന്ത്രിക്കണമെന്നും യെമെനുൾപ്പെടെ വിവിധയിടങ്ങളിൽ അവർ നടത്തുന്ന ഇടപെടലുകൾ അവസാനിപ്പിക്കണമെന്നുമാണ് ബൈഡന്റെ ആവശ്യം. ഇത്തരം കാര്യങ്ങളിലെല്ലാം പുതിയ പ്രസിഡന്റ് എന്തു തീരുമാനമെടുക്കുമെന്നതിനെ ആശ്രയിച്ചിരിക്കും പുറംരാജ്യങ്ങളുമായുള്ള ഇറാന്റെ ബന്ധങ്ങളിലെ പുരോഗതി.

പുതിയ നേതൃത്വത്തിനുകീഴിൽ ഇറാൻ ചൈനയുമായും റഷ്യയുമായും കൂടുതൽ അടുക്കാനുള്ള സാധ്യതയേറെയാണ്. കഴിഞ്ഞമാസമാണ് ചൈനയുമായി 25 കൊല്ലത്തെ നിക്ഷേപ സഹകരണക്കരാറിൽ അവർ ഒപ്പിട്ടത്. പശ്ചിമേഷ്യയിൽ ഇടപെടാനുള്ള ചൈനയുടെ വലിയ ചുവടുവെപ്പായി വിലയിരുത്തപ്പെടുന്ന ഈ കരാർ ഇന്ത്യയുമായുള്ള ഇറാന്റെ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കുന്നു. അഫ്ഗാനിസ്താനിൽനിന്നുള്ള അമേരിക്കയുടെ പിന്മാറ്റം റഷ്യ-ചൈന-ഇറാൻ കൂട്ടുകെട്ടിനെ അവിടത്തെ സ്വാധീനശക്തിയാക്കുമെന്ന വിലയിരുത്തലുകളും വരുന്നു. ‘പുതിയ കാലഘട്ടത്തിന്റെ ഉദയ’മെന്ന് ഇറാനിലെ യാഥാസ്ഥിതിക മാധ്യമങ്ങൾ വാഴ്ത്തിയ റെയ്‌സിയുടെ വരവ് ഇത്തരം അന്താരാഷ്ട്രസങ്കീർണതകളിലേക്കു കൂടിയാണ്. കൂടുതൽ യാഥാസ്ഥിതികവും മൗലികവാദപരവുമായ നിലപാടിലേക്കു തിരിയുകയാണെന്നു വ്യക്തമാക്കുകയാണ് റെയ്സിയുടെ തിരഞ്ഞെടുപ്പിലൂടെ ഇറാൻ.