ജീവിതത്തിന്റെ ട്രാക്കിൽ അവസാനത്തെ കാൽപ്പാടും ചാർത്തി മിൽഖാസിങ് മടങ്ങിയിരിക്കുന്നു. ട്രാക്കിലെ അവിശ്വസനീയ വേഗത്തിന്റെ പേരിൽ ‘പറക്കും സിഖ്’ എന്നറിയപ്പെട്ട മിൽഖയുടെ പ്രസക്തി ഇന്ത്യ ഇതുവരെകണ്ട മികച്ച പുരുഷ അത്‌ലറ്റ് എന്നതുമാത്രമല്ല; അതികഠിനമായ ജീവിതാനുഭവങ്ങളോട് പടവെട്ടി സ്വജീവിതം മറ്റുള്ളവർക്ക് പ്രചോദനമാക്കിയ പോരാളി എന്ന നിലയ്ക്കുകൂടിയാണ്. 91 വയസ്സായ ഇതിഹാസതാരം ഒരു മാസംമുമ്പ് കോവിഡിന്റെ പിടിയിൽപ്പെട്ടെങ്കിലും തന്റെ സ്വതഃസിദ്ധമായ ചെറുത്തുനിൽപ്പ് ഇവിടെയും തുടരുമെന്ന് വിശ്വസിപ്പിച്ചു. സുഖം പ്രാപിച്ചുവരുകയാണെന്ന് വാർത്തകൾ പുറത്തുവന്നു. അതിനിടെ, കഴിഞ്ഞ ഞായറാഴ്ച മിൽഖയുടെ ഭാര്യ നിർമൽ കൗർ കോവിഡ് ബാധിച്ച് മരിച്ചു. വെള്ളിയാഴ്ച രാത്രി മിൽഖയും വിടപറഞ്ഞു.

സങ്കല്പിക്കാനാകാത്ത ദുരന്തങ്ങളിലൂടെയാണ് മിൽഖ ബാല്യകാലം കടന്നുവന്നത്. ദാരിദ്ര്യം, ഉറ്റവരുടെ അകാലവിയോഗം, അനാഥത്വം, അവഗണന, പലായനം തുടങ്ങി പല പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുവന്നപ്പോഴും അദ്ദേഹം ജീവിതത്തിലുള്ള പ്രതീക്ഷ കൈവിട്ടില്ല. എല്ലാ പ്രതിസന്ധികളോടും പോരാടി, കാലം വെച്ചുനീട്ടിയ ഒരവസരത്തെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കി, എക്കാലവും ഓർമിക്കപ്പെടുന്ന അത്‌ലറ്റായി. 1956 മെൽബൺ ഒളിമ്പിക്സിൽ പങ്കെടുത്ത മിൽഖ പ്രാഥമികഘട്ടത്തിൽ പുറത്തായി. 1958-ൽ ടോക്യോയിൽനടന്ന ഏഷ്യൻ ഗെയിംസിൽ 200, 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിക്കൊണ്ടാണ് ‘പറക്കുംസിഖ്’ എന്ന വിശേഷണത്തിലേക്കുള്ള കുതിപ്പ് തുടങ്ങിയത്. 1958-ലെ കാർഡിഫ് കോമൺവെൽത്ത് ഗെയിംസിൽ 400 മീറ്ററിൽ (അന്ന് 440 യാർഡ്) സ്വർണം നേടിയതോടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർന്നു.

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ അത്‌ലറ്റിന്റെ ആദ്യ സ്വർണമാണത്. ആ വിജയത്തിന് രാഷ്ട്രീയമാനങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടാണ് അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു മിൽഖയെ വിളിച്ച് സ്വർണനേട്ടത്തിന് എന്തുസമ്മാനം വേണമെന്ന് ചോദിച്ചത്. ആഹ്ലാദസൂചകമായി രാജ്യത്ത് ഒരു ദിവസത്തെ പൊതു അവധി നൽകണം എന്നാണ് മിൽഖ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. പാകിസ്താന്റെ ഹീറോ ആയിരുന്ന അബ്ദുൾ ഖാലിഖിനെ അവിടെനടന്ന ഒരു ഇൻവിറ്റേഷൻ മീറ്റിൽ തോൽപ്പിച്ചപ്പോൾ, മത്സരം കാണുകയായിരുന്ന പാകിസ്താൻ പ്രസിഡന്റ് ജനറൽ അയൂബ് ഖാനാണ് മിൽഖയെ ആദ്യമായി ‘പറക്കും സിഖ്’ എന്ന് വിശേഷിപ്പിച്ചത്.  

1956 ഒളിമ്പിക്സിലെ തോൽവിയാണ് പിന്നീടുള്ള വിജയങ്ങൾക്ക് പ്രചോദനമായതെന്ന് മിൽഖ പറഞ്ഞിട്ടുണ്ട്. പാഠങ്ങൾ ഉൾക്കൊണ്ട് സ്വയം പുതുക്കി. കൂടുതൽ കരുത്തനായി 1960 റോം ഒളിമ്പിക്സിനെത്തി. 400 മീറ്ററിൽ ഏഷ്യൻ ജേതാവായ മിൽഖ റോമിൽ മെഡൽനേടുമെന്ന പ്രതീക്ഷയിലായിരുന്നു. 200 മീറ്റർ പിന്നിടുംവരെ അദ്ദേഹം മുന്നിലായിരുന്നു. അവസാനംവരെ വേഗം നിലനിർത്താനാകുമോ എന്ന ആശങ്കയാൽ അല്പം വേഗംകുറച്ചു എന്നും തിരിഞ്ഞുനോക്കി എന്നും വ്യാഖ്യാനമുണ്ട്. ഫോട്ടോഫിനിഷിനൊടുവിൽ മിൽഖ നാലാംസ്ഥാനത്തായി. അന്ന് വെള്ളിയും വെങ്കലവും നേടിയവരെ മിൽഖ നേരത്തേ തോൽപ്പിച്ചിരുന്നു എന്നത് ആ നഷ്ടത്തിന്റെ വേദന കൂട്ടി.
1958-ൽ അദ്ദേഹത്തെ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. കായിക ബഹുമതിയായ അർജുന അവാർഡ് നൽകിയത് 2001-ലും. വൈകിയെത്തിയ അംഗീകാരം മിൽഖ നിഷേധിച്ചു. മിൽഖയുടേത് കായികകുടുംബമായിരുന്നു. ഇന്ത്യൻ വനിതാ വോളിബോൾ ക്യാപ്റ്റനായിരുന്ന നിർമൽ കൗറിനെ പ്രണയിച്ച് വിവാഹം കഴിച്ചു. മകൻ ജീവ് മിൽഖാസിങ് ഗോൾഫ് താരമാണ്.

2003-ൽ മാതൃഭൂമിയുടെ അതിഥിയായി അദ്ദേഹം ഭാര്യക്കൊപ്പം കേരളത്തിൽ എത്തിയിരുന്നു. പേരാവൂരിൽവെച്ച് മാതൃഭൂമി കായികപുരസ്കാരം അദ്ദേഹം അഞ്ജു ബോബി ജോർജിന്‌ സമ്മാനിച്ചു. തന്നെ കാണാനെത്തിയ ജനക്കൂട്ടത്തെ കണ്ട്‌ അന്നദ്ദേഹം അദ്‌ഭുതപ്പെട്ടു. അമരനായ അത്‌ലറ്റിന് മാതൃഭൂമിയുടെ അന്ത്യാഭിവാദ്യം