കൊടകര സംഭവത്തിൽ വിശദീകരണം വേണം


കൊടകര സംഭവത്തിൽ പണം എവിടെനിന്ന് വന്നു, ഗുണഭോക്താവ് ആര് എന്നൊക്കെ അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. കേരള പോലീസും ഇക്കാര്യത്തിൽ കുറേക്കൂടി മുന്നോട്ടു പോകാനുണ്ട്. ഏതാനും ക്വട്ടേഷൻ സംഘാംഗങ്ങളിലേക്ക് മാത്രമായി ഈ കേസിനെ ചുരുക്കിക്കെട്ടാതെ യഥാർഥ പ്രതികളിലേക്ക് അന്വേഷണം എത്തണം

editorial


കേരള രാഷ്ട്രീയത്തിൽ ഏതാനും ആഴ്ചകളായി ചർച്ച ചെയ്യപ്പെടുന്ന തൃശ്ശൂർ കൊടകരയിലെ വ്യാജ കാറപകടവും കുഴൽപ്പണ ഇടപാടും സംബന്ധിച്ച് സത്യാവസ്ഥ താമസംവിനാ പുറത്തുവരേണ്ടതുണ്ട്. തിരഞ്ഞെടുപ്പു ചെലവിനായി സംസ്ഥാനത്തിനു പുറത്തുനിന്ന് അവിഹിതമായി എത്തിയ കള്ളപ്പണം വ്യാജമായ അപകടമുണ്ടാക്കി തട്ടിയെടുക്കുകയാണുണ്ടായതെന്ന് പോലീസ് പറയുന്നു. ഗൗരവമേറിയ വിഷയമാണത്. ആദ്യഘട്ടത്തിൽ ഒരു ദേശീയപാർട്ടിക്കായുള്ള പണം കടത്താണെന്ന് പോലീസ് കണ്ടെത്തിയ ഈ വിഷയത്തിൽ കൂടുതൽക്കൂടുതൽ വിവരങ്ങളാണ് ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രസ്തുത സംഭവത്തിൽ കേന്ദ്രഭരണകക്ഷിയായ ബി.ജെ.പി.യിലെ ചില നേതാക്കൾക്ക് പങ്കുണ്ടെന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. കേരളത്തിൽ മൂന്നാമതൊരു ബദലായി വളർന്നുവരാൻ ഒരുങ്ങുന്ന പാർട്ടിയുടെ പ്രതിച്ഛായയെ ഇത് ബാധിക്കും. ഊണും ഉറക്കവും ഒഴിഞ്ഞ് കഠിനാധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് അണികളുടെ മനോവീര്യത്തെയും ഈ ആരോപണം തകർക്കും. കേരള പോലീസും ക്രൈംബ്രാഞ്ചും ഇതുവരെ നടത്തിയ അന്വേഷണങ്ങളിൽ പത്തൊമ്പതു പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നാൽ, ഈ ഇടപാടിന്റെ സ്രോതസ്സും ഗുണകാംക്ഷികളും ആരൊക്കെയെന്നും എന്തിനായിരുന്നു ഈ ഇടപാടെന്നുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി അനുവദിച്ച പണത്തെക്കാൾ കൂടുതൽ എല്ലാ രാഷ്ട്രീയകക്ഷികളും ചെലവഴിക്കാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകുന്ന കണക്കുമായി ഒരിക്കലും യഥാർഥ ചെലവുകൾ പൊരുത്തപ്പെടാറില്ല എന്നതും വസ്തുതയാണ്. രാഷ്ട്രീയകക്ഷികൾ പലരിൽ നിന്നുമായി ഫണ്ട് ശേഖരിക്കുന്നതിലും പുതുമയില്ല. എന്നാൽ, ഇത്രയും വലിയൊരു തുക കൈമാറുന്നതും അത് ചിലർ തട്ടിയെടുക്കുന്നതും വാർത്തയായതോടെ തിരഞ്ഞെടുപ്പ് വേളകളിൽ ഇവിടെ ഒഴുകുന്ന കള്ളപ്പണത്തിന്റെയും കുഴൽപ്പണത്തിന്റെയും വ്യാപ്തിയിലേക്കാണ് കൊടകര സംഭവം വിരൽചൂണ്ടിയത്. തിരഞ്ഞെടുപ്പിന്റെ നിയമം കർശനവും കൃത്യവുമാണ്. തിരഞ്ഞെടുപ്പുകാലത്ത് ധാരാളം കള്ളപ്പണം വെളുപ്പിക്കാൻ തത്‌പരകക്ഷികൾ തയ്യാറാവുന്നതുകൊണ്ടു കൂടിയാണ് ചെലവഴിക്കുന്ന പണത്തെക്കുറിച്ച്‌ കൃത്യമായ ചട്ടം കമ്മിഷൻ പുറപ്പെടുവിച്ചതും. ഇത് ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയപ്പാർട്ടികൾ ലംഘിക്കുന്നത് ഖേദകരമാണ്. രാഷ്ട്രീയ നൈതികതയാണ് മറ്റൊരു വിഷയം. ഭരണഘടനാനുസൃതമായി അധികാരം കൈയാളേണ്ടവർ സുതാര്യതയില്ലാതെ പെരുമാറുന്നത് ജനാധിപത്യത്തിനു അവമതിപ്പുണ്ടാക്കും. ജനങ്ങളും ജനാധിപത്യസംവിധാനങ്ങളും തങ്ങളെ എപ്പോഴും നോക്കിക്കാണുന്നുണ്ടെന്ന ബോധം ചുരുങ്ങിയപക്ഷം അവരിൽ ഉത്തരവാദിത്വബോധം ഉണ്ടാക്കേണ്ടതാണ്.

കള്ളക്കടത്തും കുഴൽപ്പണക്കടത്തും ഏറെ നാളുകളായി കേരളത്തിന്റെ സമ്പദ്ഘടനയെ അട്ടിമറിക്കുന്ന മഹാമാരികളാണ്. അധികാരത്തിലിരിക്കുന്നവരുടെ ഒത്താശയോടെയാണതിൽ പലതും നടക്കുന്നതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. കണക്കിൽപ്പെടാത്ത പണം അനധികൃതമായി സംസ്ഥാനത്തേക്കു കടത്തുന്നത് നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുത്തുന്നത് രാഷ്ട്രീയ ധാർമികതയ്ക്കു യോജിച്ചതല്ല. ഏതു സാഹചര്യംവെച്ച്‌ വിശദീകരിച്ചാലും അതിനു നീതീകരണമില്ല. രാഷ്ട്രീയപ്രവർത്തകരും കള്ളക്കടത്തുകാരും തമ്മിൽ പിന്നെ എന്തുവ്യത്യാസം എന്ന് ജനം ചോദിച്ചാൽ അതിനു മറുപടിപറയാൻ ബുദ്ധിമുട്ടാവും. അന്വേഷണത്തിലുള്ള സ്വർണക്കടത്ത് കേസുമുതൽ കൊടകര സംഭവംവരെ തുറന്നുകാണിക്കുന്നത് നമ്മുടെ രാഷ്ട്രീയസംവിധാനത്തെ ഗ്രസിച്ചിരിക്കുന്ന ജീർണതയും അപചയവുമാണ്. രാഷ്ട്രീയവും അധികാരവും ഉത്തരവാദിത്വമാണ്. അത് അപ്രമാദിത്വത്തിനുള്ള ഉപകരണങ്ങളല്ല.

കൊടകര സംഭവത്തിൽ പണം എവിടെനിന്ന് വന്നു, ഗുണഭോക്താവ് ആര് എന്നൊക്കെ അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. കേരള പോലീസും ഇക്കാര്യത്തിൽ കുറേക്കൂടി മുന്നോട്ടു പോകാനുണ്ട്. ഏതാനും ക്വട്ടേഷൻ സംഘാംഗങ്ങളിലേക്ക് മാത്രമായി ഈ കേസിനെ ചുരുക്കിക്കെട്ടാതെ യഥാർഥ പ്രതികളിലേക്ക് അന്വേഷണം എത്തണം. അതോടൊപ്പംതന്നെ പ്രധാനമാണ് ഈ വിഷയത്തിൽ ബി.ജെ.പി. നേതൃത്വത്തിന്റെ വിശദീകരണവും. കേരളത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും അഭിപ്രായങ്ങളും നിലപാടുകളും സ്വീകരിക്കുന്ന പാർട്ടി ഇക്കാര്യത്തിൽ സംശയം ദൂരീകരിക്കാൻ തയ്യാറാവേണ്ടതുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented