editorial
ജനസംഖ്യയിൽ നാലിലൊന്നോളം വരുന്ന നമ്മുടെ കുട്ടികൾ വിദ്യാലയങ്ങളിൽ പോകാനാവാതെ വീടുകളിൽ വീർപ്പുമുട്ടി കഴിയുകയാണ്. ചില പരീക്ഷകൾ കഴിഞ്ഞു, ചിലത് ബാക്കിനിൽക്കുന്നു. ഭാവിയെക്കുറിച്ചുള്ള വേവലാതിയിലാണ് അവർ. ഒന്നാംക്ളാസ് മുതൽ ബിരുദാനന്തര ബിരുദംവരെയുള്ള ഇവർ ഒരുവർഷമായി കലാലയങ്ങൾ കണ്ടിട്ടില്ല. ക്ലാസ് മുറികളിൽ കയറിയിട്ടില്ല. പഠനംതന്നെ വൈതരണിയാവുന്ന സാഹചര്യത്തിൽ കടുത്ത ആത്മസംഘർഷത്തിലാണ് അവർ. കേവലം ഓൺലൈൻ അധ്യയനങ്ങൾ നടത്തുക എന്നതിനപ്പുറം വിദ്യാർഥികൾ അനുഭവിക്കുന്ന വൈഷമ്യങ്ങൾ മാറ്റാൻ പ്രായോഗികവും അനുഭാവ
പൂർണവുമായ ഒരു നിലപാട് അധികാരികൾ സ്വീകരിക്കണം.
സി.ബി.എസ്.ഇ. ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷ നടത്തുന്ന കാര്യത്തിൽ തീരുമാനം മാറ്റിവെച്ചിരിക്കുകയാണ്. സംസ്ഥാന സിലബസിലുള്ള പ്ലസ് ടു പരീക്ഷയുടെ ഭാഗമായ പ്രായോഗികപരീക്ഷ ജൂൺ 21 മുതൽ 27 വരെ നടക്കുമെന്നാണിപ്പോഴത്തെ അറിയിപ്പ്. ഓൺലൈൻ ക്ലാസുകൾ നടന്നെങ്കിലും ഹയർ സെക്കൻഡറിയിലെ ഒന്നാംവർഷ പരീക്ഷയും നടത്താനായില്ല. പ്ലസ് വൺ പരീക്ഷയും കോളേജുകളിലെ ആദ്യ സെമസ്റ്ററുകളിലെ പരീക്ഷകളും ഉണ്ടാകുമോ, ഉണ്ടായില്ലെങ്കിൽ ഭാവിയെന്താവും എന്ന ചിന്ത ആ വിഭാഗം വിദ്യാർഥികളെ അലട്ടുന്നു. സ്കൂളിൽ ക്ളാസ്കയറ്റം കിട്ടിയ കുട്ടികളാണെങ്കിൽ പുതിയ ക്ളാസ് സംബന്ധിച്ച വേവലാതിയിലാണ്. ഇതിനൊക്കെ പുറമേയാണ് സൗഹൃദവും കൂട്ടായ്മകളും ഇല്ലാതാവുമ്പോൾ കുട്ടികളിലുണ്ടാകുന്ന സംഘർഷങ്ങൾ.
ഓൺലൈൻ ക്ളാസ് തുടരുന്നതിനൊപ്പം വിദ്യാർഥികളുമായി അധ്യാപകരുടെ നിരന്തരബന്ധം തുടരുകയും കൗൺസലിങ് ആവശ്യമാണെന്ന് തോന്നുന്നവർക്ക് അത് ലഭ്യമാക്കുകയും വേണം. ഓൺലൈൻ ക്ലാസുകളിലൂടെ നടക്കുന്നത് ഭാഗികമായ അധ്യയനം മാത്രമാണ്. കഴിഞ്ഞവർഷത്തെ അതേനില തുടർന്നാൽ വിദ്യാർഥികൾ വലിയ മനഃപ്രയാസത്തിലാകും. ഓരോ ക്ലാസിലെയും മുഴുവൻ വിദ്യാർഥികളെയും ഒരുമിച്ചിരുത്താനാവില്ലെങ്കിലും നാലോ അഞ്ചോ ഗ്രൂപ്പുകളാക്കി തിരിച്ച് ആഴ്ചയിൽ ഒരുദിവസമെങ്കിലും നേരിട്ടുള്ള ക്ലാസ് നടത്തുന്നതിനുള്ള സാധ്യത -കഴിഞ്ഞ വർഷാവസാന ടേമിൽ പ്ലസ് ടു, എസ്.എസ്.എൽ.സി. ക്ലാസുകളിൽ നടത്തിയതുപോലുള്ള സംവിധാനം- ആലോചിക്കേണ്ടതാണ്. സ്കൂളുകളുമായി ബന്ധപ്പെട്ട് പ്രാദേശികതലത്തിൽ വികേന്ദ്രിതമായി ഇത് നടത്താനാവുമോ എന്നും നോക്കണം. കുട്ടികൾക്ക് തങ്ങളുടെ അധ്യാപകരുമായി നേരിട്ട് ആശയവിനിമയം സാധ്യമാവുന്നത് ആശ്വാസം തന്നെയാണ്. ഇത്തരത്തിൽ അക്കാദമിക് സംവിധാനത്തിൽ ബഹുമുഖമായി പുനർവിന്യാസം അനിവാര്യമാണ്.
ഇപ്പോഴത്തെ ഓൺലൈൻ ക്ലാസുകൾ ബൗദ്ധികമായി താരതമ്യേന പിറകിലുള്ള കുട്ടികളെ കൂടുതൽ പിറകിലാക്കുകയും അത് പൊതുവിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യത്തെത്തന്നെ തകരാറിലാക്കുകയും ചെയ്യും. കോവിഡ് കാലത്തെ വിദ്യാഭ്യാസപ്രക്രിയയിൽ അന്യവത്കരണവും പ്രാന്തവത്കരണവും ഇല്ലാതാക്കാൻ പ്രത്യേകം ശ്രദ്ധവേണമെന്ന് ഐക്യരാഷ്ട്രസംഘടന നിയോഗിച്ച ‘ഇന്റർനാഷണൽ കമ്മിഷൻ ഓൺ ദി ഫ്യൂച്ചർ ഓഫ് എജ്യുക്കേഷൻ’ ശുപാർശ ചെയ്യുകയുണ്ടായി. അധ്യാപകരും വിദ്യാർഥികളും വിദ്യാഭ്യാസ സ്ഥാപനത്തിൽ മുഖാമുഖം വരാൻ, ചെറിയ ചെറിയ സംഘമായെങ്കിലും വിദ്യാർഥികൾക്ക് ഒരുമിച്ചിരിക്കാൻ കഴിയുന്ന സാഹചര്യം അധ്യയനവർഷത്തെ രണ്ടാം ടേമിനുമുമ്പ് ഉണ്ടാകുമെന്നാശിക്കാം. 18 വയസ്സ് കഴിഞ്ഞവർക്ക് വാക്സിനേഷൻ അംഗീകൃതമാണല്ലോ. അതിൽ കോളേജ് വിദ്യാർഥികൾക്ക് മുൻഗണന നൽകാനാവണം. 18 വയസ്സിൽ താഴെയുള്ളവർക്ക് വാക്സിനേഷൻ അനുവദനീയമായാൽ സ്കൂളുകൾ ഭാഗികമായെങ്കിലും തുറക്കാൻ സാഹചര്യമൊരുങ്ങും.
മഹാമാരി വലിയ വേവലാതിയിലും ഉന്മേഷക്കുറവിലുമാക്കിയ വിദ്യാർഥികളുടെ കാര്യത്തിൽ സർക്കാർ പ്രത്യേകശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ വിദഗ്ധരുമായി വിശദമായ ചർച്ചനടത്തി ഒരു നയം രൂപവത്കരിക്കാനും കുട്ടികൾക്ക് പ്രതീക്ഷ പകരാനും കഴിയണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..