തീരദേശജനതയെ സംരക്ഷിക്കണം


കോവിഡും അടിക്കടിയുള്ള കാലാവസ്ഥാവ്യതിയാനവും കടലോരവാസികളുടെ ജീവിതം ദുരിതമയമാക്കിയിരിക്കുകയാണ്. താത്‌കാലികമായി അവർക്ക് പിടിച്ചു നിൽക്കാൻ കൈത്താങ്ങുനൽകണം, സാമ്പത്തിക സഹായമായി

editorial

സമാനതകളില്ലാത്ത ദുരിതങ്ങളുടെ വേലിയേറ്റത്തിലാണ് കേരളത്തിന്റെ തീരമേഖല. പ്രളയവും കാലവർഷക്കെടുതികളും രോഗവ്യാപനവും കാരണം വറുതിയിലായിപ്പോയ ജനവിഭാഗം. അറബിക്കടലിൽ മുമ്പെങ്ങുമില്ലാത്തവിധം കാലാവസ്ഥ പ്രക്ഷുബ്ധമാവുമ്പോൾ ഭയക്കുന്നത് നമ്മുടെ തീരദേശത്തുള്ള സഹോദരങ്ങളാണ്. കാലാവസ്ഥാവ്യതിയാനം ആദ്യം തളർത്തുന്നത് തീരദേശ ജനതയെയാണ് എന്നതാണ് യാഥാർഥ്യം. ഓഖിയും അതിനു പിറകെ രണ്ട് പ്രളയവും ഉണ്ടാക്കിയ ദുരന്തത്തിനുശേഷം കടലോരത്ത് പേടിസ്വപ്നമൊഴിയുന്നേയില്ല.

എറണാകുളം ജില്ലയിലെ ചെല്ലാനം ഗ്രാമത്തെ ടൗട്ടേ ചുഴലിയുടെ ഭാഗമായുണ്ടായ പേമാരിയും കടലേറ്റവും വിവരണാതീതമായ ദുരിതക്കയത്തിലാക്കി. ആയിരക്കണക്കിന് കുടുംബങ്ങളാണ് സ്വന്തംവീട്ടിൽ താമസിക്കാനാവാത്ത അവസ്ഥയിലായത്. ടൗട്ടേ കടന്നുപോയിട്ട് ദിവസങ്ങളായിട്ടും വീടുകൾ താമസയോഗ്യമാക്കാനാവുന്നില്ല. കോവിഡ് വ്യാപനം ഏറ്റവുംകൂടിയ മേഖലയെന്ന നിലയിൽ ദുരിതാശ്വാസപ്രവർത്തനത്തിനുപോലും പ്രയാസമുണ്ടാകുന്നു. ക്യാമ്പുകളിൽ കൂട്ടമായി പാർപ്പിക്കാൻ കഴിയാത്ത സാഹചര്യം. ഏതാനും ദിവസം കഴിയുമ്പോൾ കാലവർഷത്തിന്റെ വരവുകൂടിയായാൽ എന്തു സംഭവിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. കേരളത്തിലെ മിക്ക കടലോരഗ്രാമങ്ങളും ഈ ഭീഷണി നേരിടുന്നു.

സവിശേഷമായ സുരക്ഷാ നടപടികളില്ലാത്തതിനാൽ ജനവാസം പലയിടത്തും പ്രയാസത്തിലാണ്. കടൽഭിത്തി പലേടത്തും ഇടിഞ്ഞുകിടക്കുന്നതാണ് കടലേറ്റം രൂക്ഷമാക്കുന്നതെന്നാണ് പ്രദേശവാസികളുടെ പരാതി. കോവിഡ് വ്യാപനത്തിന്റെ രൂക്ഷത തുടരുന്നതിനിടയിൽത്തന്നെ കാലവർഷവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾകൂടി മുൻകൂട്ടിക്കണ്ട് ഒരുക്കങ്ങൾ നടത്തുന്നതിന് സർക്കാർ ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ, കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട കാര്യങ്ങൾ. ഇക്കാര്യത്തിൽ കടലോരമേഖലയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡും അടിക്കടിയുള്ള കാലാവസ്ഥാവ്യതിയാനവും കടലോരവാസികളുടെ ജീവിതം ദുരിതമയമാക്കിയിരിക്കുകയാണ്. താത്‌കാലികമായി അവർക്ക് പിടിച്ചുനിൽക്കാൻ കൈത്താങ്ങുനൽകണം, സാമ്പത്തിക സഹായമായി.

കടലേറ്റഭീഷണിയും തീരപരിപാലനനിയമത്തിന്റെ ഭാഗമായുള്ള നിയന്ത്രണവും തീരദേശത്ത് സർക്കാരിന്റെ സൂക്ഷ്മവും അടിയന്തരവുമായ നടപടികൾ അനിവാര്യമാക്കുന്നുണ്ട്. സാമൂഹികസംഘടനകളുടെ സഹായത്തോടെയുള്ള ബോധവത്‌കരണവും ആവശ്യമാണ്. കടലോരത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള പുനർഗേഹം പദ്ധതിക്ക് ഭരണാനുമതിയായിട്ട് ഒന്നരവർഷമായെങ്കിലും ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടുപോയിട്ടില്ല. 18,685 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ 2450 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. സ്ഥലത്തിനും വീടിനുംകൂടി പത്തു ലക്ഷം രൂപവീതമാണ് മാറിത്താമസിക്കാൻ തയ്യാറാകുന്ന കുടുംബത്തിന് നൽകുകയെന്നാണ് തീരുമാനം. പക്ഷേ, വൻനഗരങ്ങളോടു ചേർന്നുള്ള കടലോരമേഖലയിൽ താമസിക്കുന്നവർക്ക് പകരം സ്ഥലം കടലിന് വളരെ അകലെയല്ലാത്തിടത്ത് കണ്ടെത്താനാവുന്നില്ല. ദൂരെ പോയി താമസിക്കുക അവരെ സംബന്ധിച്ച് ചിന്തിക്കാനാവാത്ത കാര്യവുമാണ്. അതുകൊണ്ട് പുനർഗേഹം പദ്ധതി കുറേക്കൂടി ആകർഷകമാക്കാൻ സർക്കാരും പദ്ധതിയുമായി സഹകരിക്കാൻ ഗുണഭോക്താക്കളാകേണ്ടവരും തയ്യാറാകണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented