കോളറയും വസൂരിയും മരണംവിതച്ച കാലത്ത് പ്രതിരോധ, സാന്ത്വന പ്രവർത്തനങ്ങൾ നടത്തിയത് ജനകീയമായി, വികേന്ദ്രീകൃതമായി ആണ്. തലമുറകളായി പകർന്നുകിട്ടിയ തൊണ്ണൂറ്റൊമ്പതിലെ പ്രളയാനുഭവകഥ നമ്മുടെ മനസ്സിലുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ ആ തുടക്കകാലത്ത് ആശ്വാസം പകർന്നത് ഔദ്യോഗികമായല്ല, ജനകീയമായാണ്. രണ്ടാം ലോകയുദ്ധകാലത്ത് നാട് കോളറയുടെ പിടിയിലമർന്നപ്പോൾ ത്യാഗപൂർവം രംഗത്തിറങ്ങിയത് അന്നത്തെ യുവാക്കളാണ്, സാമൂഹിക പ്രവർത്തകരാണ്. മൂന്നു വർഷത്തിനിടെ രണ്ടു പ്രളയവും തുടർന്ന്, മഹാമാരിയുടെ ആദ്യഘട്ട വ്യാപനവുമുണ്ടായപ്പോൾ ആ പഴയ സത്‌പാരമ്പര്യത്തിന്റെ തുടർച്ച ഇവിടെയുണ്ടായെന്നത് ഏതൊരു കേരളീയനും അങ്ങേയറ്റം അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. നാട്ടിൽ റോഡില്ലാത്ത, വാഹനമെത്താത്ത കാലത്ത് ഏതു പാതിരയ്ക്കും രോഗികളെ ചുമലിലെടുത്ത് വൈദ്യകേന്ദ്രത്തിലെത്തിച്ചിരുന്ന  മഹത്തായ പാരമ്പര്യത്തിന്റെ തുടർച്ച. ആലപ്പുഴ പുന്നപ്രയിൽ കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ അവശനിലയിലായ രോഗിയെ ആംബുലൻസ് വരാൻ കാത്തുനിൽക്കാതെ ബൈക്കിലിരുത്തി സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച അശ്വിനും  രേഖയും ആ പാരമ്പര്യത്തിന്റെ ഏറ്റവും തിളക്കമാർന്ന കണ്ണികളാണ്.

കോവിഡ് വ്യാപനം ഭീതിദമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വികേന്ദ്രീകൃതമായും ബഹുജന സഹകരണത്തോടെയും മാത്രമേ അതിനെ നേരിടാനാവൂ എന്ന് വ്യക്തമായിരിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആദ്യഘട്ടത്തിലേതിനെക്കാളും സക്രിയമായി മുഴുവൻസമയപ്രവർത്തനം നടത്തിയാലേ ഈ അവസ്ഥയെ തരണം ചെയ്യാനാവൂ എന്ന് രണ്ടാം വ്യാപനത്തിന്റെ തുടക്കത്തിൽതന്നെ മുഖപ്രസംഗത്തിലൂടെ മാതൃഭൂമി ചൂണ്ടിക്കാട്ടിയിരുന്നു. ശനിയാഴ്ച തദ്ദേശ സ്വയംഭരണസ്ഥാപന അധികൃതരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തുകയും ഒരുനിമിഷവും പാഴാക്കാതെ പൂർണസജ്ജമാകണമെന്ന് നിർദേശിക്കുകയും ചെയ്തിരിക്കുകയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജമാക്കുക, വാർഡുതല ദ്രുതകർമസമിതികൾ സജീവമാക്കുക, വീടുകളിൽ നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നവരിൽ മികച്ച ചികിത്സ ആവശ്യമായവരെ ആശുപത്രിയിലെത്തിക്കുക, ആരും പട്ടിണി കിടക്കുന്നില്ലെന്നും മരുന്നു കിട്ടാതെ പ്രയാസപ്പെടുന്നില്ലെന്നും ഉറപ്പാക്കുക, പഞ്ചായത്ത്-നഗരസഭാ സോണൽ തലത്തിൽ ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും വിവിധ അവശ്യ സർവീസുമായി ബന്ധപ്പെട്ടവരുമടങ്ങുന്ന നിരീക്ഷണ സമിതികളുണ്ടാക്കുക, ജനകീയ ഹോട്ടൽ സംവിധാനം ശക്തമാക്കുക എന്നുതുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് തദ്ദേശ സ്ഥാപനത്തിന് നിർവഹിക്കാനുള്ളത്. 

തത്‌കാലം മറ്റു വികസനപ്രവർത്തനങ്ങളെല്ലാം അവിടെ നിൽക്കട്ടെ. വീട്ടിൽ ക്വാറന്റീൻ സൗകര്യമില്ലാത്തവർക്ക്  ഡൊമിസിലറി കെയർ സെന്റർ ഒരുക്കുക, സി.എഫ്.എൽ.ടി.സി.കൾ ഒരുക്കുക, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മാലിന്യസംസ്കരണ സംവിധാനമുണ്ടാക്കുക, നിർഭാഗ്യവശാൽ ആരെങ്കിലും മരിച്ചാൽ ശവസംസ്കാരത്തിന് സംവിധാനമുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാവണം തദ്ദേശസ്ഥാപനങ്ങളുടെ അടിയന്തര കടമകൾ. പുതിയ പഞ്ചായത്ത്-നഗരസഭാ ഭാരവാഹികൾ, അംഗങ്ങൾ എന്നിവർക്ക് കില ഇതിനെല്ലാമായി പരിശീലനം നൽകിയതാണ്. പക്ഷേ, പലേടത്തും ഇനിയുമൊന്ന് ഉണരേണ്ടതായിട്ടുണ്ട്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ വാർഡുതല സമിതികൾ ചില സ്ഥലങ്ങളിൽ നിലവിലില്ല, ഉണ്ടെങ്കിൽ പ്രവർത്തനനിരതമല്ല എന്ന പ്രശ്നം പരിഹരിച്ചെന്ന് ഇന്നുതന്നെ ഉറപ്പുവരുത്തണം. ദ്രുതകർമസമിതികളിലേക്ക് സന്നദ്ധരായ കൂടുതൽപ്പേരെ ചേർക്കാനാവണം. അവശ്യ വിഭാഗത്തിൽപ്പെടാത്ത ജീവനക്കാർക്ക് ഇത്തരം കാര്യങ്ങളിൽ പ്രാദേശിക ഉത്തരവാദിത്വം നൽകുകയുമാവാം. ആരോഗ്യമേഖലയിൽനിന്ന് വിരമിച്ചവരുടെയും പഠനം പൂർത്തിയാകാറായവരുടെയും സേവനം ഉപയോഗപ്പെടുത്തണം.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പും അതു കഴിഞ്ഞുള്ള  നിയമസഭാ തിരഞ്ഞെടുപ്പും രാഷ്ട്രീയമായ അകൽച്ചയുണ്ടാക്കിയിട്ടുണ്ടാവാം. പക്ഷേ, നാടിന് ഒരു പ്രശ്നംവന്നാൽ എല്ലാ ഭേദചിന്തകളും മറന്ന് ഒത്തൊരുമിച്ച് നേരിടുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. പഞ്ചായത്ത്-നഗരസഭാ, വാർഡുതല  പ്രതിരോധ സംവിധാനങ്ങൾ വിജയിപ്പിക്കാൻ അതത് മേഖലയിലെ അധികൃതരുമായി സർവാത്മനാ സഹകരിക്കാൻ ബഹുജന പ്രസ്ഥാനങ്ങൾ താന്താങ്ങളുടെ പ്രവർത്തകരിൽ സന്നദ്ധതയുള്ളവരോട് നിർദേശിക്കണം. രാഷ്ട്രീയ, മത, സാമൂഹിക കൂട്ടായ്മകളെയൊക്കെ ഒറ്റക്കെട്ടായി അണിനിരത്തി ഈ മഹാമാരിയിൽനിന്ന് നമുക്കീ നാടിനെ രക്ഷിക്കാം.