മലയാളത്തിന്റെ വലിയതിരുമേനി


മലയാളിയുടെ മറ്റൊരു വിളിക്കുമരം അണഞ്ഞുപോകുന്നു. മാർത്തോമ്മാ സഭയുടെ മാത്രമല്ല മലയാളിയുടെ മൊത്തം വലിയതിരുമേനിയായ മാർ ക്രിസോസ്റ്റം ഓർമകളിൽ ഇനി അമരൻ

editorial

ഓരോ മഴയിലും വേനലിലും പമ്പയിലേക്ക് നോക്കിനിന്ന ഒരു മെത്രാപ്പൊലീത്ത ഉണ്ടായിരുന്നു. പുഴ മാരാമൺ കരയിലേക്ക് കയറിവരുമ്പോൾ തീരത്തുള്ളവരെ ഓർത്ത് ആ മനസ്സ് ആശങ്കപ്പെട്ടു. വെയിൽ ചുട്ടെടുക്കുന്ന മണൽപ്പുറത്ത് നിൽക്കെ വേനലിൽ വെള്ളം കിട്ടാത്തവരെ ഓർത്തു. വറുതിക്കാലങ്ങളിൽ മനുഷ്യർക്കൊപ്പം തപിച്ച വലിയ മെത്രാപ്പൊലീത്ത യാത്രയാകുമ്പോൾ മലയാളിയുടെ മറ്റൊരു വിളിക്കുമരം അണഞ്ഞുപോകുന്നു. മാർത്തോമ്മാ സഭയുടെ മാത്രമല്ല മലയാളിയുടെ മൊത്തം വലിയതിരുമേനിയായ മാർ ക്രിസോസ്റ്റം ഓർമകളിൽ ഇനി അമരൻ.ആരാണ് മാർ ക്രിസോസ്റ്റമെന്ന് വിശദീകരിക്കാൻ തുനിഞ്ഞാൽ പലർക്കും പലതാകും ഉത്തരം. തനിനാടൻ പത്തനംതിട്ട ഭാഷകൊണ്ട് ചിരിയും ചിന്തയുമൊരുക്കുന്ന പ്രഭാഷകൻ, മനുഷ്യത്വം പ്രഭതൂകിയ പുരോഹിതൻ, വേദനിച്ചവന് താങ്ങായ ആതുരസേവകൻ, ആർഷഭാരതദർശനത്തെ ഉൾച്ചേർത്ത ചിന്തകൻ, മണ്ണിനെ സ്നേഹിച്ച കൃഷിക്കാരൻ, മലയും പുഴയും കാക്കാനിറങ്ങിയ പരിസ്ഥിതിപ്രവർത്തകൻ. ഒരു ജന്മത്തെ ഇത്രയേറെ വൈവിധ്യംകൊണ്ട് ജീവസ്സുറ്റതാക്കിയ പ്രതിഭയായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.
രാജ്യത്ത് ഏറ്റവുമധികം വർഷം ഒരു സഭയുടെ മേൽപ്പട്ടക്കാരനായി അപൂർവ ബഹുമതി സ്വന്തമാക്കിയ മാർ ക്രിസോസ്റ്റം ഔദ്യോഗികമായി അത്തരം സഭാപദവികൾ ഒഴിഞ്ഞശേഷവും രാജ്യം ശ്രദ്ധിക്കുന്ന വ്യക്തിത്വമായിരുന്നു. അദ്ദേഹം പദവികളെ തിളക്കമുള്ളതാക്കുകയായിരുന്നുവെന്ന് കാലംചെയ്ത ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വീണുപോയ ആടുകൾ നടക്കുവോളം ഒപ്പം നിൽക്കുന്നവനാണ് നല്ല ഇടയനെന്ന ബൈബിൾ സന്ദേശമായിരുന്നു ആ ജീവിതത്തിന്റെ വെളിച്ചം. പുരോഹിതന്റെ കുപ്പായം ധരിക്കുമ്പോൾ വഴികാട്ടിയത് ഗാന്ധിജിയും യേശുദേവനുമായിരുന്നുവെന്ന് അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്. സഭയിലും സമൂഹത്തിലും പദവികളിൽനിന്ന് പദവികളിലേക്ക് ഉയരുമ്പോൾ അദ്ദേഹം തനിക്കായി പ്രയത്നിച്ചവരെ ഓർത്തു.

പൗരോഹിത്യത്തിന്റെ വിവിധ ഘട്ടങ്ങളിൽ സഭാമക്കൾ ഒരുക്കിവെച്ച മധുരം കഴിച്ചുകഴിയും മുമ്പേ തിരുമേനി അവർക്ക് മുന്നിലേക്ക് ഒരുലക്ഷ്യം വെക്കും. ഇക്കുറി വീടില്ലാത്തവരെ കരുതാമെന്ന് നവതിയിൽ പറഞ്ഞപ്പോൾ ഭവനം കിട്ടിയത് 1500 പേർക്കാണ്. തുണ നഷ്ടപ്പെട്ട വനിതകൾക്കുള്ള സഹായം, രാജ്യത്തെ പ്രകൃതിക്ഷോഭങ്ങളിൽ എല്ലാം നശിച്ചവർക്കുള്ള കൈത്താങ്ങ് തുടങ്ങി പല വഴികളിൽ മാർത്തോമ്മാ സഭയെ ഏഴകൾക്കൊപ്പം നടത്തിയ നാഥൻ. മെത്രാൻപദവികളിലെ പതിവു ചിട്ടകൾ മാറ്റിയെഴുതിയ മാർ ക്രിസോസ്റ്റം മതങ്ങളുടെ അതിരുവേലികൾ പൊളിച്ചുമാറ്റി വിവിധ സമൂഹങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. ഭാഗവതഹംസം മള്ളിയൂർ തിരുമേനിയും മാതാ അമൃതാനന്ദമയിയും അദ്ദേഹത്തിന് അടുപ്പക്കാരായി. അരമനയുടെ പൂമുഖത്ത് ശ്രീകൃഷ്ണനും ബുദ്ധനും നിരന്നു. മാരാമണ്ണിലും ചെറുകോൽപ്പുഴയിലും വിശ്വാസികളോട് സംവദിക്കാൻ കഴിഞ്ഞ ഒരേയൊരു പുരോഹിതൻ.
മാരാമൺ വളപ്പിനെ പച്ചത്തുരുത്താക്കിയ ക്രിസോസ്റ്റം ഭൂമിയുടെ ആരോഗ്യത്തെക്കുറിച്ച് നിരന്തരം ഓർമപ്പെടുത്തി. തരിശുഭൂമിയിലെ കൃഷിക്കാരനായും നികത്താൻ പോയ വയലിനെ തിരിച്ചുപിടിക്കുന്ന പോരാളിയായും അദ്ദേഹം പലവിധ നിയോഗം നിർവഹിച്ചു. പമ്പയുടെ കവിളൊട്ടിയ കാഴ്ചകളിൽ കണ്ണുനിറഞ്ഞു നിന്നു. മേൽപ്പട്ടക്കാരന്റെ പതിവ് വേഷങ്ങളെ മാറ്റിവെച്ച് കുഞ്ഞുങ്ങൾ കൊരുത്തുകൊടുത്ത മുത്തുമാലകൾ ധരിച്ച് അവരുടെ ക്ഷേമത്തിനിറങ്ങി. കീശയിൽ നിന്ന് മിഠായി എടുത്തുനൽകി മാരാമൺ മണൽപ്പുറത്ത് കുഞ്ഞുങ്ങളെ ഓമനിക്കുന്ന വലിയതിരുമേനി ഫെബ്രുവരിയിലെ പകൽക്കാഴ്ചയായി പഴമക്കാരുടെ മനസ്സിലുണ്ട്.

രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച, രാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരും കാണാൻ ആഗ്രഹിച്ച മലയാളിയുടെ അഭിമാനമായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം. ക്രിസോസ്റ്റം എന്ന വാക്കിനർഥം സ്വർണനാവുകാരൻ എന്നാണ്. വാക്കുകൾ മാത്രമല്ല തൊട്ടതെല്ലാം പൊന്നാക്കിയ അസാധാരണമായ ഒരു ജീവിതമാണ് 104 ആണ്ടുകൾ നമുക്കൊപ്പം ജീവിച്ച് കടന്നുപോയത്. ആ ഭൗതികസാന്നിധ്യം നമുക്കരികിലിനിയില്ല. പക്ഷേ, ആ നാവും കരങ്ങളും നമുക്കായി ഒരുക്കിവെച്ച പൊന്നണിഞ്ഞ മാതൃകകൾ മലയാളത്തിന്റെ പൂമുഖത്ത് ഒളിമങ്ങാതെ നിൽപ്പുണ്ടാകും. അത് നമുക്കൊരു അനുഗ്രഹമാകും.മാതൃഭൂമി പ്രസ്ഥാനത്തിന്റെയും വലിയൊരു മിത്രമായിരുന്നു വലിയതിരുമേനി. മാതൃഭൂമി സ്ഥാപകപത്രാധിപർ കെ.പി. കേശവമേനോന്റെ പ്രസംഗങ്ങളും ലേഖനങ്ങളും തന്നെ സ്വാധീനിച്ചത് അദ്ദേഹം പലവട്ടം എഴുതിയിട്ടുണ്ട്. മാതൃഭൂമിയിൽ വർഷങ്ങളോളം അദ്ദേഹം ക്രിസ്മസ് ചിന്തകളും എഴുതിയിരുന്നു. ധന്യമായ ആ സ്മരണകൾക്കുമുന്നിൽ മാതൃഭൂമിയുടെ പ്രണാമങ്ങൾ അർപ്പിക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented