കാട്ടിക്കൂട്ടലല്ല ചികിത്സയാണാവശ്യം


മുകൾത്തട്ടിലിരുന്ന് നിരന്തര ഇടപെടൽ നടത്തിയതുകൊണ്ട് ഫലമില്ല. തിരഞ്ഞെടുപ്പുകാലത്ത് മാത്രം പ്രാദേശിക പ്രവർത്തനം നടത്തിയിട്ടും കാര്യമില്ല. എന്നും എപ്പോഴും ഒപ്പമുണ്ടെന്ന് ജനങ്ങൾക്ക് അനുഭവത്തിലുണ്ടാകേണ്ടതാണ് രാഷ്ട്രീയപ്രവർത്തനം

editorial

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ ഉണ്ടായ തകർച്ചയുടെ ആഘാതത്തിൽനിന്ന്‌ കൃത്യം രണ്ടുവർഷമായിട്ടും കരകയറാനാകാത്ത പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. അധ്യക്ഷസ്ഥാനത്ത് സ്ഥിരം പ്രവർത്തനനിരതരാകുന്ന ആരെങ്കിലും വേണമെന്ന് പാർട്ടിക്കകത്തുനിന്ന് ഉയർന്നുവന്ന രോദനംപോലും ബധിരകർണങ്ങളിലാണ് പതിച്ചത്. എന്താണ് പാർട്ടിക്ക് പറ്റിപ്പോയതെന്ന് വേവലാതിപ്പെട്ട് പരിശോധന ആവശ്യപ്പെട്ട ഗുലാം നബി ആസാദടക്കമുള്ള മുതിർന്നനേതാക്കൾ ശത്രുഗണത്തിലായി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് മത്സരിക്കാൻ ഉറച്ച സീറ്റ് കണ്ടെത്തിയ കേരളത്തിൽ തരംഗം സൃഷ്ടിച്ച് ഏറക്കുറെ സമ്പൂർണമായ വിജയം കോൺഗ്രസ്‌ കൈവരിച്ചു. അന്ന് ഒരേയൊരു പച്ചത്തുരുത്തായി മാറിയ കേരളത്തിൽ ഇത്രവേഗം ഇത്രവലിയ പരാജയമുണ്ടായെന്നത് സ്വയംകൃതാനർഥമെന്നേ പറയാനാവൂ. ബഹുസ്വരതയുള്ള ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയെന്ന് അഭിമാനത്തോടെ പറയുമ്പോഴും അങ്ങനെയല്ലെന്ന് പരക്കേ തോന്നിക്കുന്നുവെന്നതാണ് പ്രശ്നം. താഴേത്തലംമുതൽ സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന് പറഞ്ഞുകൊണ്ടിരിക്കുകയും അതിനുള്ള മുഹൂർത്തമെത്താറാകുമ്പോൾ ഗ്രൂപ്പുകളിച്ച് കലമുടയ്ക്കുന്നതുമാണ്‌ കോൺഗ്രസിലെ ശൈലി. ഇപ്പോഴത്തേത് അപ്രതീക്ഷിത പരാജയമാണെന്നും പരിശോധിച്ച് തിരുത്തുമെന്നും പറയുന്നതെല്ലാം വെറും വാക്കുകളാണെന്ന് പ്രവർത്തകർക്കും അറിയാവുന്നതാണ്. സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ച് നാണംകെട്ടു നടക്കുന്ന സ്ഥിതി. സെക്രട്ടറിമാർ ആരെല്ലാമാണെന്ന് പ്രസിഡന്റിനുപോലും തിരിച്ചറിയാൻപറ്റാത്ത ദുരവസ്ഥ. നേതാക്കളെ ചുറ്റിപ്പറ്റിയുള്ള ഗ്രൂപ്പ് പ്രവർത്തനവും വീതംവെപ്പും ഇനി നടപ്പില്ലെന്ന് ഹൈക്കമാൻഡ്‌ പറയുമ്പോഴും ആ ശീലത്തിന്റെ പുളി താഴേത്തട്ടിൽ നിലനിൽക്കുന്നു.

തിരഞ്ഞെടുപ്പുകളിൽ പരാജയങ്ങളുണ്ടാകുമ്പോൾ ഗ്രൂപ്പു തിരിഞ്ഞ് നേതൃമാറ്റം ആവശ്യപ്പെടുന്നതും ഒരു ശൈലിയായി മാറിയിരിക്കുകയാണ്. യഥാർഥപ്രശ്നത്തിലേക്ക് കടന്നുചെല്ലാതിരിക്കാനുള്ള ഉപായമാണ് ആളുകളെ മാറ്റണമെന്ന മുറവിളി. നേതൃത്വത്തിലുള്ള ഒരാളുടെയോ കുറെയാളുകളുടെയോ മേൽ എല്ലാ അപരാധവും ചാർത്തി ആശ്വസിക്കാൻ ശ്രമിക്കുന്നതും ആരെയെങ്കിലും ബലിയാടാക്കി എല്ലാം പരിഹരിച്ചെന്നുവരുത്തുന്നതും ഉത്തരവാദിത്വമെല്ലാമേറ്റെടുത്ത് ഒഴിഞ്ഞോളാമെന്ന് ചിലർ അതിവിനീതരാകുന്നതും ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിന് സമാനമാണ്. വ്യക്തികളെ കേന്ദ്രീകരിച്ച് ചർച്ച നടത്തുന്നതിനു പകരം സ്വീകരിച്ച രാഷ്ട്രീയനയങ്ങളുടെ ശരിതെറ്റുകൾ വിശകലനംചെയ്യാൻ ശ്രമമുണ്ടാകുകയാണ് വേണ്ടത്. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും തൃശ്ശൂരിലും പാലക്കാട്ടും കോഴിക്കോട്ടും കണ്ണൂരിലുമെല്ലാം സാന്നിധ്യം നാമമാത്രമായെന്നതും പത്തനംതിട്ട ജില്ലയിൽ സാന്നിധ്യമില്ലാതായതും കണ്ണുതുറപ്പിക്കേണ്ട കാര്യമാണ്. സംഘടനാരീതിയിൽ ജനങ്ങളുമായി അടുത്തിടപഴകാനാവാതെ വാചാലതകൊണ്ട് മാത്രം രക്ഷപ്പെടാനാവില്ല.

ക്ഷേമപെൻഷൻ കാര്യത്തിൽ ഭരണമുന്നണിയുടേതിനെക്കാൾ ആകർഷകമായ മുദ്രാവാക്യമാണ് യു.ഡി.എഫ്. മുന്നോട്ടുവെച്ചത്. പാവപ്പെട്ടവരുടെ വീട്ടിൽ മാസത്തിൽ ആറായിരം രൂപ എത്തിക്കുമെന്നും വാഗ്ദാനംചെയ്തു. പക്ഷേ, വിശ്വാസ്യതയോടെ അത് ജനങ്ങളിൽ എത്തിക്കാനായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഹായിച്ചതായി വിശ്വസിക്കുന്ന ചില മുദ്രാവാക്യങ്ങൾ ഇപ്പോഴും തുണയ്ക്കുമെന്ന് കരുതി ഈ തിരഞ്ഞെടുപ്പിലും അതിന്റെ പിറകിൽപ്പോയത് ജനങ്ങൾ സ്വീകരിച്ചില്ല. രാഹുൽഗാന്ധിയും പ്രിയങ്കയുമെല്ലാമെത്തി റോഡ്‌ഷോകളെല്ലാം നടത്തിയിട്ടും ഇത്രവലിയ തിരിച്ചടി -അതും രണ്ടുവർഷംകൊണ്ട്, എങ്ങനെയുണ്ടായി എന്ന നിശിത പരിശോധന രാഷ്ട്രീയമായും സംഘടനാപരമായും ആവശ്യമാണ്. മുകൾത്തട്ടിലിരുന്ന് നിരന്തര ഇടപെടൽ നടത്തിയതുകൊണ്ട് ഫലമില്ല. തിരഞ്ഞെടുപ്പുകാലത്ത് മാത്രം പ്രാദേശിക പ്രവർത്തനം നടത്തിയിട്ടും കാര്യമില്ല. എന്നും എപ്പോഴും ഒപ്പമുണ്ടെന്ന് ജനങ്ങൾക്ക് അനുഭവത്തിലുണ്ടാകേണ്ടതാണ് രാഷ്ട്രീയപ്രവർത്തനം. നേതാക്കൾ വരുമ്പോൾ തിക്കിത്തിരക്കുന്നതാണ് പ്രവർത്തനമെന്ന് കരുതിപ്പോരുന്ന ചിലരുമുണ്ട്.

തിരിച്ചടികൾ തകർച്ചയെയല്ല കാണിക്കുന്നത്. ആത്മപരിശോധനയ്ക്കും തിരുത്തി മുന്നോട്ടുപോകുന്നതിനുമുള്ള അവസരമൊരുക്കുന്നതായാണ് കാണേണ്ടത്. പരസ്പരാരോപണമുന്നയിച്ച് പരാജയത്തിന്റെ ആഴംകൂട്ടാൻ ശ്രമിക്കുന്നത് അണികളോട് ചെയ്യുന്ന വലിയ അപരാധമായിരിക്കും. പ്രതീക്ഷിച്ചതിലും വലിയവിജയം കൈവരിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി പുതിയ സർക്കാരുണ്ടാക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങിയിരിക്കുകയാണ്. വർധിച്ച ജനപിന്തുണ കൂടുതൽ മികച്ച ഒരു സർക്കാർ രൂപവത്‌കരിക്കാൻ ശക്തിപകരുമെന്ന് കരുതാം. കാലാവധി പൂർത്തിയാക്കിയ സർക്കാരിന്റെ അവസാനകാലത്തുണ്ടായതുപോലുള്ള ആരോപണങ്ങളും വിവാദങ്ങളും ഇല്ലാതിരിക്കുന്നതിനുള്ള ജാഗ്രതപുതിയ സർക്കാരിനുണ്ടാവണം. ക്ഷേമത്തിനും വികസനത്തിനുമൊപ്പം സമാധാനവും ജനങ്ങൾ ആഗ്രഹിക്കുന്നു. രാഷ്ട്രീയ അക്രമങ്ങൾ തലപൊക്കാനനുവദിക്കില്ലെന്ന ഉറപ്പ് ആദ്യമേതന്നെ ആവശ്യമാണ്. ചൊവ്വാഴ്ച കണ്ണൂർ തില്ലങ്കേരിയിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് കുട്ടികൾക്കാണ് പരിക്കേറ്റത്. ഇത് ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ബോംബ് സംസ്കാരം മുഖംനോക്കാതെ ഇല്ലായ്മചെയ്യാൻ പുതിയ സർക്കാർ തീരുമാനമെടുക്കണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented