
editorial
ഉത്പാദനച്ചെലവിന് ആനുപാതികമായി മികച്ച താങ്ങുവില, കൃത്യസമയത്ത് നെല്ല് സംഭരിച്ച് വിലവിതരണം. ഇത് രണ്ടുമാണ് സംസ്ഥാനത്ത് കുറച്ചെങ്കിലും നെൽക്കൃഷി ബാക്കിയുള്ള പാലക്കാട്, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പത്തനംതിട്ട, വയനാട് തുടങ്ങിയ ജില്ലകളിലെ കർഷകരുടെ പ്രധാന ആഗ്രഹം. എന്നാൽ, യഥാർഥത്തിൽ ഇവ രണ്ടും അന്യമാവുന്ന കാഴ്ചയാണിന്ന്. പാടങ്ങൾ നിലനിർത്തി സംസ്ഥാനത്തിന് ഭക്ഷ്യസുരക്ഷയിൽ താങ്ങായി നിൽക്കുന്ന നെൽക്കൃഷിക്കാർക്കുവേണ്ടി തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങളുടെ പെരുമഴ ഉണ്ടാകാറുണ്ടെങ്കിലും അതു കഴിയുമ്പോൾ വീണ്ടും കാര്യങ്ങൾ പഴയപടിയാകും. ഇക്കുറി രണ്ടാംവിളക്കാലത്ത് സംഭരണത്തിലെ മെല്ലെപ്പോക്കും വില വിതരണത്തിലെ കാലതാമസവുമാണ് കർഷകരുടെ ഉറക്കം കെടുത്തുന്നത്.
താങ്ങുവിലയിൽ കഴിഞ്ഞ ബജറ്റിൽ കിലോഗ്രാമിന് 27.48 രൂപയിൽനിന്ന് 28 രൂപയായി ഉയർത്തിയെങ്കിലും ഇക്കുറി രണ്ടാം വിളയ്ക്കും വർധിപ്പിച്ച തുക അനുവദിക്കാതെ 27.48 രൂപയ്ക്കു തന്നെയാണ് സംഭരണം. ഇതിൽ 18.68 രൂപ കേന്ദ്രം താങ്ങുവിലയായി നൽകുമ്പോൾ 8.80 രൂപ സംസ്ഥാനത്തിന്റെ സഹായവിലയാണ്. ഏപ്രിൽമുതൽ കർഷകനു പുതുക്കിയ നെല്ലുവിലയാണ് കിട്ടേണ്ടിയിരുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് ഉത്തരവ് ഇനിയും ലഭ്യമായിട്ടില്ല.
നെല്ലെടുപ്പിൽ കഴിഞ്ഞ ഒന്നാംവിള സീസണിൽ മില്ലുടമകളുമായുള്ള തർക്കത്തെത്തുടർന്നാണ് സംഭരണ ഏജൻസിയായ സപ്ലൈകോയുടെ നെല്ലെടുപ്പ് വൈകിയത്. 54-ഓളം വരുന്ന സ്വകാര്യമില്ലുകളെ ഒഴിവാക്കി സഹകരണസംഘങ്ങളെ നെല്ലെടുപ്പിന് രംഗത്തിറക്കാൻ സർക്കാർ തയ്യാറായെങ്കിലും തീരുമാനം പാളി. ഒടുവിൽ നെല്ലെടുപ്പ് വീണ്ടും സ്വകാര്യമില്ലുകളുടെ കൈകളിലെത്തി. സഹകരണ സംഘങ്ങൾക്ക് ആലപ്പുഴ കുട്ടനാടുപോലുള്ള പ്രളയഭീഷണിയുള്ള മേഖലകളിൽ നെല്ലു സൂക്ഷിക്കാനുള്ള സംവിധാനങ്ങളിൽ അപര്യാപ്തതയുണ്ട്. സംഘങ്ങൾക്കു സ്വന്തമായി ഗോഡൗണുകളുമില്ല.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നായി ഒന്നാംവിളയും രണ്ടാംവിളയുമായി വർഷം 5.7 ലക്ഷം ടൺ നെല്ലാണ് സംഭരണത്തിൽ സപ്ലൈകോയുടെ പ്രതീക്ഷ. ഇതിൽ 39 ശതമാനം വരുന്ന പാലക്കാട് ജില്ല ഒന്നാംസ്ഥാനത്തും 29 ശതമാനം വരുന്ന ആലപ്പുഴ രണ്ടാം സ്ഥാനത്തുമാണ്. കോട്ടയം (12 ശതമാനം), മലപ്പുറം (രണ്ടു ശതമാനം), പത്തനംതിട്ട (1.5 ശതമാനം), എറണാകുളം, വയനാട് (ഒരുശതമാനം വീതം, കൊല്ലം, കണ്ണൂർ അരശതമാനം വീതം) എന്നിങ്ങനെയാണ് നെല്ല് ഉത്പാദകരംഗത്തുള്ള മറ്റ് പ്രധാന ജില്ലകളുടെ സംഭരണ സ്ഥിതി.ഇതിൽത്തന്നെ ഉത്പാദനം കൂടുതലുള്ള പാലക്കാട്, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലാണ് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളേറെ.
ഒരു മഴയെത്തിയാൽപ്പോലും പ്രതിസന്ധിയിലാവുന്ന വിളവെടുപ്പുകാലത്തിന്റെ ദുരിതത്തിനുശേഷം സംഭരണത്തിലേക്ക് കടക്കുമ്പോൾ ചാക്ക് നൽകാത്തതും ഉണക്കം (സപ്ലൈകോ നിശ്ചയിച്ചിട്ടുള്ളത് 17 ശതമാനം) കുറഞ്ഞതിന്റെ പേരിലുമുള്ള തടസ്സവാദങ്ങൾ ഒരുവശത്ത്. അമിത കയറ്റിറക്കുകൂലി, ഏക്കറിന് 2200 കിലോഗ്രാമിൽ കൂടുതൽ ഉത്പാദിപ്പിച്ച നെല്ല് സംഭരിക്കാനുള്ള തടസ്സങ്ങൾ എന്നിവ മറുവശത്ത്. ഇതിനെല്ലാംപുറമേ നെല്ലെടുപ്പിന് ലോറിയെത്തിയില്ല, ആവശ്യത്തിന് കയറ്റിറക്ക് തൊഴിലാളികളില്ല, നെല്ലിൽ കലർപ്പുണ്ട് തുടങ്ങിയ പല കാരണങ്ങൾ നിരത്തി വൈകിപ്പിക്കാൻ സംഭരണമില്ലുകാരുടെ ഇടനിലക്കാരുമുണ്ട്. പൊതുവിപണിയിലേക്ക് നെല്ലെത്തിച്ച് കുറഞ്ഞവിലയ്ക്ക് വാങ്ങി ലാഭംകൊയ്യാൻ ശ്രമിക്കുന്ന ഇടനിലക്കാരെ നിയന്ത്രിക്കാൻ സപ്ലൈകോയ്ക്കുമാവില്ല. പലയിടത്തും ഇടനിലക്കാർ ഉദ്യോഗസ്ഥരായി മാറുന്ന കാഴ്ചയാണ്.
കൈകാര്യച്ചെലവ് ഇന്നും 15 വർഷം പഴക്കമുള്ള തുകയാണ്. 2005-ൽ സപ്ലൈകോ സംഭരണം ആരംഭിച്ച കാലത്ത് ക്വിന്റലിന് 12 രൂപയാണ് നെല്ലു ചാക്കിൽ നിറച്ചു ലോറിയിലും വള്ളത്തിലും കയറ്റുന്നതിനു കർഷകനു നൽകിയത്. അന്ന് തൊഴിലാളിയുടെ കൂലി 20 രൂപയായിരുന്നു. ഇന്നതു 250 രൂപ വരെയായി ഉയർന്നു. എന്നിട്ടും കർഷനുകിട്ടുന്ന സഹായം 12 രൂപ മാത്രമാണ്. നഷ്ടം കർഷകൻ സഹിക്കണം. സംഭരിച്ച നെല്ലിന്റെ വില ലഭിക്കാൻ ഒരു മാസത്തിലേറെ കാത്തിരിക്കേണ്ട ദയനീയസ്ഥിതിയും നെൽക്കർഷകർക്കുമാത്രം സ്വന്തം. വില കിട്ടാത്തതോടെ അടുത്ത ഒന്നാംവിളയ്ക്കുള്ള കൃഷിപ്പണികൾ ഉപേക്ഷിക്കേണ്ടി വരുമെന്ന ഭീഷണിയുമായി തെരുവിലിറങ്ങേണ്ടി വന്ന കർഷകരും പാലക്കാട്, ആലപ്പുഴ മേഖലയിലുണ്ട്.
വേനൽമഴ ലഭിച്ചതോടെ കൊയ്ത് കഴിഞ്ഞ പാടങ്ങളിൽ പൊടിവിതയ്ക്കും അടുത്ത ഒന്നാം വിളയ്ക്കുള്ള ഡെയ്ഞ്ച വിതയ്ക്കും ഒരുക്കങ്ങൾ നടത്തേണ്ട സമയമാണ്. എന്നാൽ, മാർച്ച് അവസാന ആഴ്ചയിൽ നെല്ല് വിറ്റവർക്കുപോലും സംഭരണ രശീതി (പി.ആർ.എസ്.) ലഭിച്ചിട്ടില്ല. രശീതി ലഭിച്ചവർക്ക് ബാങ്കിൽനിന്ന് തുക വിതരണവും വൈകുകയാണ്.
അടുത്ത ഒന്നാംവിളയ്ക്ക് മുന്നോടിയായി പാടങ്ങൾ ഉഴുതിട്ട കർഷകരും തുടർ ജോലികൾക്ക് പണം കണ്ടെത്താനാവാതെ നട്ടംതിരിയുകയാണ്. കർഷകത്തൊഴിലാളികൾക്കുള്ള കൂലി നൽകാനായിപ്പോലും ബാങ്കുകളെയും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും വായ്പയ്ക്കായി സമീപിക്കേണ്ട സ്ഥിതിയിലാണ് ഭൂരിഭാഗം കൃഷിക്കാരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..