editorial
നാലുമാസത്തിനിടെ ഇന്ത്യയുടെ സമുദ്രാതിർത്തിക്കകത്തുനടന്ന മയക്കുമരുന്നുവേട്ടകൾ ഒരേസമയം ആശ്വാസവും അങ്കലാപ്പുമുണ്ടാക്കുകയാണ്. മയക്കുമരുന്നുകടത്തിന് ഉപയോഗിച്ച മൂന്ന് ശ്രീലങ്കൻബോട്ടുകൾ കഴിഞ്ഞദിവസമാണ് കോസ്റ്റ് ഗാർഡ് വിഴിഞ്ഞത്ത് കൊണ്ടുവന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറിയത്. 2020 നവംബറിൽ ഒരു ശ്രീലങ്കൻ ബോട്ടിൽനിന്ന് 1000 കോടിരൂപ വിലവരുന്ന 120 കിലോഗ്രാം മയക്കുമരുന്നും 1000 കോടി രൂപ വിലവരുന്ന ആയുധങ്ങളും പിടിച്ചതിന്റെ തുടർച്ചയാണ് കഴിഞ്ഞ മാർച്ച് 18-ന് മിനിക്കോയ് ദ്വീപിന് സമീപത്തുനിന്ന് കോസ്റ്റ് ഗാർഡ് മൂന്നുബോട്ടുകൾ പിടിച്ച സംഭവം. അതിനുമുമ്പ് ജനുവരി 22-ന് തമിഴ്നാട്ടിൽനിന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിലെ പ്രമുഖരായ എം.എം.എം.നവാസ്, മൊഹമ്മദ് അഫനാസ് എന്നിവരെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റുചെയ്യുകയുണ്ടായി. അതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലും വൻതോതിൽ ഹെറോയിൻ കണ്ടെടുക്കുകയുണ്ടായി. പ്രത്യക്ഷമായ യുദ്ധത്തെക്കാൾ ഭീകരമായ ഒരു യുദ്ധത്തിന്റെ സൂചനയാണിത്.
പ്രധാനമായും ഇന്ത്യയിലെ ജനങ്ങളെ ലക്ഷ്യമിട്ട് ശ്രീലങ്ക കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരത്തിന്റെ ഒരു സാമ്രാജ്യംതന്നെ പ്രവർത്തിക്കുന്നുവെന്നാണ് നാലുമാസത്തിലേറെയായി ലഭിക്കുന്ന വിവരങ്ങൾ നൽകുന്ന സൂചന. പാകിസ്താൻ, ഇറാൻ, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ മയക്കുമരുന്ന് മാഫിയകളുടെ ഇടത്താവളമായി ശ്രീലങ്കയിലെ ചില സ്ഥലങ്ങൾ ഉപയോഗപ്പെടുത്തുകയാണ്. ഹെറോയിനും മറ്റും സംഭരിച്ചുവെച്ച് ബോട്ടുകളിൽ നിറച്ച് എത്തിക്കുകയാണ്. കഴിഞ്ഞാഴ്ച മിനിക്കോയിക്ക് സമീപംവെച്ച് കോസ്റ്റ്ഗാർഡ് പിടികൂടിയ മൂന്ന് ശ്രീലങ്കൻ ബോട്ടുകളിൽനിന്ന് പിടിച്ചെടുത്തത് മൂവായിരംകോടി രൂപ വിലവരുന്ന 300 കിലോഗ്രാം ഹെറോയിനാണ്. അതിനുപുറമേ അഞ്ച് എ.കെ.-47 തോക്കുകളും ആയിരം തിരകളും. എത്രയോ സ്ഥലങ്ങളിലെ പതിനായിരക്കണക്കിനാളുകളെ അറിഞ്ഞും അറിയാതെയും മയക്കുമരുന്നിന് അടിമകളാക്കാൻ ഉദ്ദേശിച്ചുള്ളതാണത്. മയക്കുമരുന്ന് വ്യാപാരശൃംഖലയിലൂടെ രാജ്യങ്ങളുടെ അതിർത്തിപോലും ബാധകമല്ലാത്ത സമാന്തര സമ്പദ്വ്യവസ്ഥതന്നെ സൃഷ്ടിക്കുന്നുണ്ടെന്നാണ് വെളിപ്പെടുന്നത്. ദീർഘകാലത്തെ ആഭ്യന്തരയുദ്ധം ശ്രീലങ്കയിലുണ്ടാക്കിയ പ്രത്യേക രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷം മയക്കുമരുന്ന് ഹബ്ബുകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് നേരത്തേതന്നെ വ്യക്തമായ കാര്യമാണ്. ഇന്ത്യയിലെ നാർകോട്ടിക് കൺട്രോൾ ബ്യൂറോയും കോസ്റ്റ് ഗാർഡും അടുത്തിടെ നടത്തിയ അന്വേഷണവും പരിശോധനയും അറസ്റ്റും അക്കാര്യം ഒന്നുകൂടി ഉറപ്പിക്കുന്നു. ഒരു രാജ്യത്തിനുമാത്രമായി ഈ മയക്കുമരുന്ന് മാഫിയയെ അമർച്ചചെയ്യാനാവില്ല. വിവിധ രാജ്യങ്ങൾ സഹകരിച്ചുകൊണ്ട് അടിയന്തരമായി ഏറ്റെടുക്കേണ്ട കർത്തവ്യമാണത്.
മയക്കുമരുന്ന് മാഫിയയുടെ ലക്ഷ്യകേന്ദ്രങ്ങളിലൊന്ന് കേരളമാണ്. കർണാടകത്തിലും തമിഴ്നാട്ടിലുംനിന്ന് റോഡുവഴിയാണ് സംസ്ഥാനത്തേക്ക് കഞ്ചാവടക്കമുള്ള മയക്കുമരുന്ന് വൻതോതിൽ എത്തിക്കൊണ്ടിരിക്കുന്നത്. എക്സൈസും പോലീസുമെല്ലാം കർശനമായ പരിശോധനനടത്തി അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുമുണ്ട്. എന്നാൽ, കരവഴിയുള്ളതിനെക്കാൾ മയക്കുമരുന്ന് കടൽവഴി എത്തുന്നുണ്ടാവുമെന്നാണ് കരുതേണ്ടത്. ശ്രീലങ്കയിൽനിന്ന് കേരളത്തിലേക്ക് എത്താൻ കൂടുതൽ സൗകര്യമുണ്ടെന്നതിനാൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ് കേരളവും തമിഴ്നാടും പുതുച്ചേരിയും. തെക്കൻ തീരമേഖലയിലാകെ പോലീസ് തിരഞ്ഞെടുപ്പ് തിരക്കിലാകുമ്പോൾ കടൽവഴിയുള്ള മയക്കുമരുന്നുകടത്തിനുള്ള സാധ്യത കൂടുതലാണ്. ശ്രീലങ്കൻ ബോട്ടുകളിൽനിന്ന് മൂവായിരം കോടിയുടെ ഹെറോയിനും ആയുധങ്ങളും പിടികൂടിയ സാഹചര്യത്തിൽ തെക്കൻ തീരമേഖലയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രത്യേക ശ്രദ്ധയും ജാഗ്രതയും ആവശ്യമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..