editorial
ഭീതിയുടെയും നൈരാശ്യത്തിന്റെയും മഹാമാരിയിൽ മനുഷ്യരാകെ അദൃശ്യപാശങ്ങളാൽ ബന്ധനസ്ഥരാക്കപ്പെട്ട നീണ്ടകാളരാത്രികളായിരുന്നു അത്. തീവ്രമായ വിലക്കുകളുടെ, അരുതുകളുടെ ആ കാലം മാനവരാശിയെ അതേവരെയുള്ള ജീവിതാവസ്ഥയിൽനിന്നും വലിയൊരളവോളം മാറ്റി. ആധുനിക മനുഷ്യചരിത്രം കോവിഡ് അടച്ചിടൽകാലത്തിനു ശേഷവും മുമ്പും എന്നനിലയിൽ വിഭജിക്കപ്പെട്ടിരിക്കുകയാണ്.
കോവിഡ് മഹാമാരിയിൽനിന്ന് മുക്തമായിട്ടില്ലെന്നുമാത്രമല്ല, രണ്ടാമതൊരു വ്യാപനത്തിന്റെ ആശങ്ക കൂടിക്കൂടിവരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗണിന്റെ ഒന്നാം വാർഷികം കടന്നുപോകുന്നത്. മനുഷ്യർ ഇത്രയും സഹനശഷിയുള്ള ജന്തുവിഭാഗമാണോ എന്ന് അദ്ഭുതപ്പെട്ടുപോകുന്ന അനുഭവമാണ് അടച്ചിടൽകാലത്തുണ്ടായത്. കോവിഡ്-19 മുന്നനുഭവത്തിലെങ്ങുമില്ലാത്ത ഭീകരപകർച്ചവ്യാധിയാണെന്ന തിരിച്ചറിവ് മനുഷ്യരെ ക്ഷമ ശീലിപ്പിച്ചു. ജനസംഖ്യയിൽ പത്തുശതമാനത്തിലേറെയും വിദേശത്തോ മറ്റു സംസ്ഥാനങ്ങളിലോ പണിയെടുത്ത് ജീവിക്കുന്നവരാണെന്നത് കോവിഡ് അടച്ചിടൽകാലത്ത് കേരളീയരുടെ ഉത്തരവാദിത്വം ഇരട്ടിപ്പിക്കുകയായിരുന്നു. വിദേശരാജ്യങ്ങളിലെ കോവിഡ് വ്യാപനവും കേരളത്തിന്റെ ആധികൂട്ടി. വീടുകളിൽ അടച്ചിട്ടുകഴിയുന്നവർക്ക് നിത്യോപയോഗ സാധനങ്ങളും വൈദ്യസഹായവും മരുന്നുമെത്തിക്കുന്നതിൽ നമ്മുടെ നാട്ടിലെ ഭരണസ്ഥാപനങ്ങളും യുവവൊളന്റിയർമാരും ചെയ്ത സമർപ്പിതസേവനം സാഹോദര്യത്തിന്റെ ഇതിഹാസംതന്നെ സൃഷ്ടിച്ചു.
രാജ്യത്താദ്യമായി കഴിഞ്ഞവർഷം ജനുവരി 30-ന് കേരളത്തിലാണ് കോവിഡ്-19 രോഗം ശ്രദ്ധയിൽപ്പെട്ടത്. മാർച്ച് മൂന്നാംവാരമാകുമ്പോഴേക്കും അഞ്ഞൂറോളംപേർ രോഗബാധിതരായെന്ന് വ്യക്തമായപ്പോഴാണ് ആദ്യം ജനകീയ കർഫ്യൂവിനും തുടർന്ന് മാർച്ച് 24 മുതൽ സമ്പൂർണ അടച്ചിടലിനും നിർബന്ധിതരായത്. അല്പംകൂടി സാവകാശം നൽകിയിട്ടുവേണമായിരുന്നു സമ്പൂർണ അടച്ചിടൽ എന്ന വാദം അന്നും ഇന്നുമുണ്ട്. ഏതാനും മണിക്കൂർ മാത്രം സമയം നൽകിയാണ് നാടാകെ അടച്ചിട്ടത്. മനുഷ്യസങ്കടങ്ങളുടെ വിവരണാതീതമായ കാഴ്ചയാണ് അതിനുശേഷമുണ്ടായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവൃത്തിയെടുത്ത് ജീവിക്കുന്ന കോടിക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികൾ താന്താങ്ങളുടെ ജന്മനാട്ടിലെത്തുന്നതിനുവേണ്ടി അനുഭവിച്ച തീവ്രവേദനയും സാഹസവും എത്രയോ തലമുറകളുടെ കാലം കഴിഞ്ഞാലും മറക്കാവതല്ല. അടച്ചിടലിന് അയവുവരുത്തുന്നതുവരെയുള്ള കാലത്ത് അതിഥിതൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ സർക്കാരിന് സാധിച്ചു. സമൂഹ അടുക്കള എന്ന മഹനീയമായ സംവിധാനം നാടൊട്ടുക്കും ഉണ്ടായത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്. കുടുംബശ്രീയടക്കമുള്ള പ്രസ്ഥാനങ്ങളുടെ സമർപ്പിതസേവനവും വിസ്മരിക്കാവതല്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും കൈകോർത്താണ്, കക്ഷിരാഷ്ട്രീയ മാത്സര്യം തത്‌കാലത്തേക്ക് മറന്ന് ക്ഷേമപ്രവർത്തനം നടത്തിയത്.
കോവിഡ് നിർമാർജനം സമീപഭാവിയിൽ യാഥാർഥ്യമാകുമെന്ന് ഉറപ്പില്ലെങ്കിലും വാക്‌സിൻ വേഗത്തിൽ ഉപയോഗക്ഷമമാക്കാനും അതിവേഗം വിതരണത്തിനെത്തിക്കാനും കേന്ദ്രസർക്കാർ സ്വീകരിച്ച യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടി ജനങ്ങളുടെ ഭീതി കുറച്ചിട്ടുണ്ട്. എന്നാൽ, മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളിൽ വീണ്ടും തീവ്രവ്യാപനമുണ്ടാകുന്നത് ആശങ്ക കൂട്ടുകയാണ്. കോവിഡ് പെരുമാറ്റച്ചട്ടം പൂർണമായി പാലിച്ചുകൊണ്ടും കക്ഷിരാഷ്ട്രീയത്തിനും ജാതിമതചിന്തകൾക്കും അതീതമായ മാനവൈക്യത്തിലൂടെ പ്രതിരോധപ്രവർത്തനം നടത്തിക്കൊണ്ടും ലോക്ഡൗൺ ആവർത്തിക്കണ്ട സാഹചര്യം പൂർണമായും ഇല്ലാതാക്കാനാവണം.
ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണറാലികൾ വ്യാപകമായി നടക്കുകയാണ്. കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടാണ് എന്ന് അവകാശപ്പെട്ട് അതിന് തികച്ചും വിരുദ്ധമായാണ് റാലികൾ എന്ന് എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയനേതൃത്വങ്ങളും അധികൃതരും ഇക്കാര്യത്തിൽ ഉത്തരവാദിത്വബോധത്തോടെ പെരുമാറുമോ എന്നതാണ് ഈ വാർഷികവേളയിൽ ഉയർത്താവുന്ന ചോദ്യം.
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..