editorial
പലനിലയ്ക്കും നിർണായകമായ സമയത്താണ് യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇന്ത്യയിൽ വന്നുപോയത്. അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റശേഷം അവിടെനിന്ന് ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ആദ്യ മന്ത്രിയാണ് ഓസ്റ്റിൻ. ‘സ്വതന്ത്രവും തുറന്നതു’മായ ഇൻഡോപസഫിക് മേഖല ഉറപ്പുവരുത്താനായി ഇന്ത്യയും അമേരിക്കയും ഓസ്ട്രേലിയയും ജപ്പാനുമുൾപ്പെടുന്ന ക്വാഡിന്റെ ഭരണാധികാരികൾ തീരുമാനിച്ചതിനു പിന്നാലെയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ജപ്പാനും ദക്ഷിണകൊറിയയ്ക്കും ശേഷം ഓസ്റ്റിൻ സന്ദർശിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇക്കാരണങ്ങളിൽനിന്നുതന്നെ ബൈഡൻ സർക്കാർ ഇന്ത്യക്കുനൽകുന്ന പ്രാധാന്യം വ്യക്തമാകുന്നു. പ്രസിഡന്റ് പദവിയിലെ ബൈഡന്റെ ആദ്യ നൂറുദിനങ്ങൾക്കിടെയുള്ള ഓസ്റ്റിന്റെ വരവും കേന്ദ്രസർക്കാർ അദ്ദേഹത്തിനു നൽകിയ സ്വീകരണവും ഉഭയകക്ഷി പ്രതിരോധപങ്കാളിത്തം പുതുതലത്തിലേക്ക് ഉയർത്തുന്നതിൽ ഇരുരാജ്യങ്ങൾക്കുമുള്ള തിടുക്കവും വ്യക്തമാക്കുന്നുണ്ട്. ഇൻഡോപസഫിക് മേഖലയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ നേരിടുകയെന്ന ലക്ഷ്യം പങ്കുവെക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയുമെന്നതിനാൽ ഈ തിടുക്കം സ്വാഭാവികവുമാണ്.
1990-കളുടെ ആദ്യംമുതൽ തുടങ്ങിയതാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനികസഹകരണം. പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ കാലത്തെ സൈനികേതര ആണവക്കരാർ ഉൾപ്പെടെയുള്ളവയിലൂടെ ആ ബന്ധം രാഷ്ട്രീയമാനവും കൈവരിച്ചു. 2014-ൽ അധികാരത്തിലേറിയ നരേന്ദ്രമോദി സർക്കാർ, അമേരിക്കയോട് കൂടുതൽ അടുക്കുന്നതിനുണ്ടായിരുന്ന ആശയപരമായ ഭിന്നതകളെല്ലാം മാറ്റിവെച്ച് ആ ബന്ധത്തെ മറ്റൊരു തലത്തിലേക്കു നയിച്ചു. ഇന്ത്യയുമായും അമേരിക്കയുമായും ചൈനയുടെ ബന്ധം ഏറെ വഷളായതും ഇതേകാലത്താണ്. വിപുലീകരണമനോഭാവത്തോടെ ഇന്ത്യയുടെ അതിർത്തിക്കുള്ളിലേക്ക് ചൈന കടന്നുകയറി. അമേരിക്കയ്ക്കു വളരെയേറെ താത്പര്യമുള്ള ഇൻഡോപസഫിക് മേഖലയുടെ അധിപരായി ചൈന ചമഞ്ഞു. ഈ സഹചര്യത്തിൽക്കൂടിയാണ് ഇന്ത്യയും അമേരിക്കയും പ്രതിരോധമേഖലയിലെ ബന്ധം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ എന്നിവരുമായുള്ള ഓസ്റ്റിന്റെ ചർച്ചയിൽ ഉഭയകക്ഷി ബന്ധത്തിനൊപ്പം ചർച്ചയായതും ഇൻഡോപസഫിക് മേഖയിലെ സഹകരണവും പ്രതിരോധബന്ധം മെച്ചപ്പെടുത്തലുമായിരുന്നു. മേയ് ഒന്നോടെ അമേരിക്കൻ സേനയെ പൂർണമായും പിൻവലിക്കാൻ തീരുമിനിച്ചിരിക്കുന്ന സാഹചര്യത്തിൽ അഫ്ഗാനിസ്താന്റെ ഭാവിയും ഓസ്റ്റിന്റെ സന്ദർശനവേളയിൽ ചർച്ചാവിഷയമായി. അഫ്ഗാനിസ്താനിലെ സമാധാനസ്ഥാപനത്തിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലത്തു നടത്തിയ ചർച്ചകളിലും അതിന്റെ തുടർച്ചയായി കഴിഞ്ഞമാസംനടന്ന ചർച്ചയിലും ഇന്ത്യയെ അമേരിക്ക പങ്കാളിയാക്കിയിരുന്നില്ല. അഫ്ഗാനിസ്താന്റെ പുനർനിർമാണത്തിൽ നിർണായക പങ്കുവഹിക്കുന്ന ഇന്ത്യയുമായി ഈ ഘട്ടത്തിൽ അമേരിക്ക ആലോചനനടത്തിയത് നല്ലകാര്യമാണ്.
ഓസ്റ്റിന്റെ സന്ദർശനം മുന്നോട്ടുവെക്കുന്ന പ്രയോജനങ്ങൾക്കൊപ്പം രാഷ്ട്രീയമായി ചില അസ്വാസ്ഥ്യങ്ങളും അതിൽ ഉൾച്ചേർന്നിട്ടുണ്ട്. എസ് 400 വ്യോമപ്രതിരോധ മിസൈൽ റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണത്. അമേരിക്കയുടെ ഉപരോധം നേരിടുന്ന റഷ്യയിൽനിന്ന് സൈനിക സാമഗ്രികൾ വാങ്ങുന്ന ഏതു രാജ്യത്തിനുമേലും കാറ്റ്സ (കൗണ്ടറിങ് അമേരിക്കാസ് അഡ്വേഴ്സറീസ് ത്രൂ സാങ്ഷൻസ് ആക്ട്) പ്രകാരം ബൈഡൻ സർക്കാർ നടപടിയെടുക്കുമെന്ന് ഓസ്റ്റിൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും റഷ്യയിൽനിന്നുള്ള മിസൈൽ ഇന്ത്യയുടെ കൈവശമെത്തുവോളം അതുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കൊല്ലം അവസാനത്തോടെ എസ് 400 ഇന്ത്യയിലെത്തുമ്പോൾ എന്താണു സംഭവിക്കുകയെന്ന് വ്യക്തമാക്കിയതുമില്ല. കാറ്റ്സയുടെ കാര്യത്തിൽ ബൈഡൻ വിട്ടുവീഴ്ച ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..