പ്രചാരണവും മാതൃകയാവണം


editorial

പതിനഞ്ചാം കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നു. 140 മണ്ഡലത്തിലുമായി മൂന്ന് പ്രബല മുന്നണികൾ 417 സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. അതിനു പുറമേ, മുന്നണികളുടെ ഭാഗമല്ലാത്ത രാഷ്ട്രീയപ്പാർട്ടികളുടെ സ്ഥാനാർഥികൾ, സ്വതന്ത്രർ എന്നിവരുമുണ്ട്. മുൻ തിരഞ്ഞെടുപ്പുകളെക്കാൾ വാശിയുള്ള ത്രികോണമത്സരത്തിനാണ് ഇത്തവണ അന്തരീക്ഷമൊരുങ്ങിയിട്ടുള്ളതെന്നാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചശേഷമുള്ള 25 ദിവസത്തെ കരുനീക്കങ്ങളും സംഭവങ്ങളും തെളിയിക്കുന്നത്. സംശുദ്ധവും സമാധാനപരവും നിയമാനുസൃതവുമായ വോട്ടെടുപ്പ് നടത്തി തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള നടപടികളാണിനി ആവശ്യം.

തിരഞ്ഞെടുപ്പിൽ ഏറ്റവും അടിസ്ഥാനപരമായിട്ടുള്ളത് കൃത്യമായ വോട്ടർപട്ടികയാണ്. ഒരാൾക്ക് ഒന്നിലേറെ വോട്ടുണ്ടാകുന്നത് ജനാധിപത്യവിരുദ്ധമാണ്. അത്തരത്തിൽ ആയിരക്കണക്കിന് വോട്ടുകൾ സംസ്ഥാനത്തെ വോട്ടർപട്ടികയിൽ ഉണ്ടെന്നത് ഒരുകാലത്തും രഹസ്യമായിരുന്നില്ല. പട്ടിക കൃത്യമാക്കാൻ ശരിയായ ഇടപെടൽ നടത്താനുള്ള ഉത്തരവാദിത്വം ബൂത്ത് ലെവൽ ഉദ്യോഗസ്ഥർക്കുണ്ട്. രാഷ്ട്രീയപ്പാർട്ടികളുടെ പ്രാദേശിക നേതൃത്വത്തിന്റെയും പ്രവർത്തകരുടെയും കൂടി ഉത്തരവാദിത്വമാണത്. വോട്ടർപട്ടികയിൽ പേര് ചേർക്കാനും തള്ളിക്കാനും യഥേഷ്ടം സമയം തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിക്കാറുണ്ട്. ആ ഉത്തരവാദിത്വം യഥാസമയം നിർവഹിക്കാതിരിക്കുകയും വൈകി ഉന്നയിക്കുകയും ചെയ്യുന്നതിനെ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ വിമർശിക്കുകയുണ്ടായി. ശരിയായ സമയത്ത് ഉറങ്ങിപ്പോകുന്നുവെന്നുതന്നെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഏതായാലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വൈകിയാണെങ്കിലും അധികവോട്ടുകൾ സംബന്ധിച്ച വിവരങ്ങൾ തെളിവുസഹിതം സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയത് ശ്ലാഘനീയമാണ്. ഇരട്ടയോ അതിലധികമോ വോട്ടുകളുണ്ടായതെങ്ങനെയെന്നത് അന്വേഷിക്കാനും ഇരട്ട വോട്ടോ കള്ള വോട്ടോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ കളക്ടർമാർക്ക് നിർദേശം നൽകിയിരിക്കുകയാണ്.

രാഷ്ട്രീയ നയങ്ങളുടെയും വികസന സമീപനങ്ങളുടെയും ഏറ്റുമുട്ടലാണ് തിരഞ്ഞെടുപ്പ്. എന്നാൽ, അത് കുതന്ത്രങ്ങളുടെ കേളീസ്ഥലം കൂടിയാവുന്ന ദുരവസ്ഥയുണ്ട്. രാഷ്ട്രീയപ്പാർട്ടിസ്ഥാനാർഥികളുടെ വോട്ടിൽ ചോർച്ചയുണ്ടാക്കാൻ അപരന്മാരെക്കൊണ്ട് നാമനിർദേശപത്രിക നൽകിക്കൽ, ഒരേ പേരുള്ളവരെ കണ്ടുപിടിച്ച് പത്രിക നൽകിച്ച് ബാലറ്റിൽ പേരുവരുത്തിക്കുക, അതുവഴി വോട്ടർമാരിൽ കുറെപ്പേരെയെങ്കിലും തെറ്റിദ്ധരിപ്പിച്ച് വോട്ട് കുറയ്ക്കുക തുടങ്ങിയവ. ജയിക്കാനും തോൽക്കാനും ഒരു വോട്ടുമതിയെന്നതാണ് നമ്മുടെ തിരഞ്ഞെടുപ്പിലെ സവിശേഷത. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പു ചട്ടങ്ങളിൽ ജനപ്രാതിനിധ്യ നിയമത്തിൽ ആവശ്യമായ ഭേദഗതിവരുത്തുന്ന കാര്യം ചർച്ചയിൽ വരേണ്ടതാണ്.

സ്ഥാനാർഥിപ്പട്ടികയും സ്ഥാനാർഥികളുടെ ചിഹ്നവും വ്യക്തമായിക്കഴിഞ്ഞതിനാൽ ഇന്നുമുതലാണ് പൊതുപ്രചാരണം പൂർണതോതിലാവുക. ആരോപണ-പ്രത്യാരോപണങ്ങൾ രാഷ്ട്രീയത്തിന്റെ അവിഭാജ്യഭാഗമെന്നതുപോലെയായിക്കഴിഞ്ഞിട്ടുള്ളതിനാൽ മാറ്റം വേണമെന്ന് കരുതിയിട്ടു കാര്യമില്ല. എന്നാൽ, നീതിബോധവും പരസ്പര ബഹുമാനവും ധാർമികതയും മര്യാദയും കൈവിടാതെയാവണം അതെല്ലാം എന്നതാണ് പൊതുസമൂഹത്തിന്റെ താത്‌പര്യം. സ്ഥാനാർഥിയെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെപ്പോലും ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണം സാമൂഹികമാധ്യമങ്ങളും മറ്റും ഉപയോഗിച്ച് നടത്തുന്ന പ്രവണതയുണ്ട്. രാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കൾതന്നെ ഈ പ്രവണതയെ വിലക്കി മാതൃകകാട്ടണം. ജാതീയവും മതപരവുമായ സ്പർധയുളവാക്കുന്ന തരത്തിലും വിവേചനമുണ്ടാക്കുന്ന തരത്തിലുമുള്ള പ്രചാരണം നിയമപരമായി വിലക്കിയിട്ടുള്ളതാണ്. ഇതെല്ലാം സ്ഥാനാർഥികളും അവരുടെ പിന്നിലുള്ളവരും ഓർക്കേണ്ടതുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണരംഗം സംഘർഷരഹിതമാകണം. ഒരുതരത്തിലുള്ള അക്രമവുമുണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ രാഷ്ട്രീയപ്പാർട്ടികൾ പ്രത്യേകശ്രദ്ധ ചെലുത്തണം. പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുന്നവരെ സംഘടനാപരമായിത്തന്നെ വിലക്കാനും നടപടിയെടുക്കാനും ഓരോ തലത്തിലെയും നേതൃത്വം ജാഗ്രത പാലിക്കണം. തിരഞ്ഞെടുപ്പ് തികച്ചും സമാധാനപരമാകും എന്ന് ഉറപ്പുവരുത്താൻ പോലീസും ജില്ലാ അധികൃതരും മുൻകരുതൽ സ്വീകരിക്കണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented