editorial
ജനാധിപത്യസമൂഹത്തിലെ ഏറ്റവും പ്രസക്തവും പാവനവുമായ പ്രക്രിയയേതെന്നുചോദിച്ചാൽ അതിനുള്ള ഉത്തരമാണ് ‘തിരഞ്ഞെടുപ്പ്’. സ്കൂൾക്ലാസിലെ നേതാവിനെ കണ്ടെത്താനുള്ളതുമുതൽ പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നതിലേക്കുവരെയുള്ള ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകളാണ് ജനാധിപത്യസംവിധാനത്തിന്റെ പ്രയാണത്തെ നിശ്ചയിക്കുന്നത്. ഓരോ വ്യക്തിയുടെയും ചൂണ്ടുവിരലിൽ പതിയുന്ന മഷിക്കും അവർ രേഖപ്പെടുത്തുന്ന വോട്ടിനും അത്രയേറെ പ്രസക്തിയുണ്ടെന്ന് ചുരുക്കം.
എന്നാൽ, സമ്മതിദാനാവകാശത്തിന്റെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും പരിശുദ്ധി കളങ്കപ്പെടുത്തിക്കൊണ്ട് പ്രകടമാവുന്ന ജനാധിപത്യവിരുദ്ധ പ്രവണതകൾ ആശങ്കാജനകമാണ്. നിയമസഭാതിരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ 15 മണ്ഡലങ്ങളിലായി നാൽപ്പതിനായിരത്തിലേറെ ഇരട്ടവോട്ട് കണ്ടെത്തിയെന്ന വിഷയമാണത്. ക്ലറിക്കൽ തകരാറുകൾക്കപ്പുറം ഇരട്ടവോട്ടുകൾ പെരുകുന്നത് നീതിപൂർവമായ തിരഞ്ഞെടുപ്പുപ്രക്രിയയെ തകിടംമറിക്കുന്നു. കാസർകോട് ജില്ലയിലെ ഉദുമ മണ്ഡലത്തിൽ വോട്ടർപ്പട്ടികയിൽ ഒരാളുടെ പേര് അഞ്ചുതവണ ആവർത്തിച്ചതായും കണ്ടെത്തി. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി ലഭിച്ചെങ്കിലും ഇരട്ടവോട്ടുകൾ റദ്ദാക്കി പുതിയ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കുകയെന്നത് ഇനി അസാധ്യമാണ്. ഇരട്ടവോട്ട് കണ്ടെത്തിയാൽ സാധുവായത് നിലനിർത്തി മറ്റുള്ളവ മരവിപ്പിക്കാമെന്നുമാത്രം.
തിരഞ്ഞെടുപ്പുകളുണ്ടായ കാലംമുതൽതന്നെ ഇത്തരം അനാരോഗ്യപ്രവണതകളും ഒപ്പമുണ്ട്. വോട്ടർപ്പട്ടികയിലെ ക്രമക്കേടുകളും തിരുകിക്കയറ്റലുകളുമാണ് തിരഞ്ഞെടുപ്പ് തട്ടിപ്പുകളുടെ ആദ്യപടി. പിന്നീടത് കള്ളവോട്ടിന് വളമായിമാറും. ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാർട്ടിയെമാത്രം ഇക്കാര്യത്തിൽ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. തങ്ങൾക്ക് ബലമുള്ളയിടങ്ങളിൽ എല്ലാവരും ഇക്കാര്യത്തിൽ സൗകര്യപൂർവം മൗനംപാലിക്കുന്നു. തിരഞ്ഞെടുപ്പ് നീതിപൂർവമായി നടത്താൻ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർപോലും ഭീഷണിയെത്തുടർന്നോ പ്രലോഭനങ്ങളിൽപ്പെട്ടോ ഇത്തരം തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കേണ്ടിവരുന്നു. കള്ളവോട്ടുചെയ്തെന്ന് തെളിഞ്ഞാൽ ജനപ്രാതിനിധ്യ നിയമത്തിന്റെയും ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും അടിസ്ഥാനത്തിൽ ഒരുവർഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കുമെന്നാണ് വ്യവസ്ഥ. എന്നാൽ, കള്ളവോട്ടുചെയ്തതിന് ഒരാൾപോലും ശിക്ഷിക്കപ്പെട്ട ചരിത്രം കേരളത്തിലില്ല. രാഷ്ട്രീയപ്പാർട്ടികളും ഉദ്യോഗസ്ഥവൃന്ദവും തിരഞ്ഞെടുപ്പ് അട്ടിമറികളോട് സ്വീകരിക്കുന്ന മൃദുസമീപനത്തിന്റെ തെളിഞ്ഞ ഉദാഹരണമാണിത്. ഈ നിലപാട് ശരിയല്ല. എന്തിന്റെപേരിലായാലും തിരഞ്ഞെടുപ്പിന്റെ ജനാധിപത്യസ്വഭാവത്തെ വെല്ലുവിളിക്കുന്ന ഇത്തരം വിധ്വംസകപ്രവൃത്തികളെ തള്ളിപ്പറയാൻ രാഷ്ട്രീയപ്പാർട്ടികൾക്ക് ആർജവമുണ്ടാകണം. താഴേത്തട്ടുമുതൽ അത് നടപ്പാക്കാനും അവർക്കാകണം.
ഒട്ടേറെ നടപടിക്രമങ്ങളിലൂടെയും സൂക്ഷ്മപരിശോധനകളിലൂടെയും വോട്ടർമാരുടെ പട്ടിക തയ്യാറാക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷനുമുണ്ട് ഇക്കാര്യത്തിൽ ഉത്തരവാദിത്വം. കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാനും പിഴവുകളെ പടിക്കുപുറത്ത് നിർത്താനും കഴിയണം. വ്യാജവോട്ടുകളും ക്രമക്കേടുകളും തടയാൻ ബൂത്തുകളിൽ വെബ് കാസ്റ്റിങ് വ്യാപകമാക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട്ടെ പിലാത്തറയിൽ കള്ളവോട്ടുനടന്നത് വെബ് ക്യാമറയിലൂടെയാണ് പുറംലോകമറിഞ്ഞത്. ഇതോടെ പിലാത്തറയിൽ റീപോളിങ്വരെ നടത്തി. ബൂത്തുകളിൽ വെബ് ക്യാമറകളെത്തിയതോടെ മറ്റിടങ്ങളിലെയും തട്ടിപ്പുകൾ വെളിപ്പെട്ടു.
വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ അവസാനിപ്പിക്കാൻ വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള നടപടികൾ 2015-ൽ തുടങ്ങിവെച്ചെങ്കിലും പിന്നീടത് മുന്നോട്ടുപോയിട്ടില്ല. ക്രമക്കേടുകൾ പരമാവധി തടയാൻ തിരഞ്ഞെടുപ്പ് കമ്മിഷനും പോലീസും പോളിങ് ഉദ്യോഗസ്ഥരും ശ്രമിക്കണം. ഒപ്പം കള്ളവോട്ടിനും കൃത്രിമത്വത്തിനും പിടിക്കപ്പെടുന്നവർ മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്. അതിലുമുപരി സമ്മതിദാനാവകാശത്തിന്റെ മഹത്ത്വം ഓരോ വോട്ടറും മനസ്സിലാക്കുകയും തങ്ങളുടെ അവകാശം തട്ടിയെടുക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..