ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതിലും അല്പം നേരത്തേ എത്തിയിരിക്കുകയാണ്. മഞ്ചേശ്വരംമുതൽ തിരുവനന്തപുരംവരെ കേരളപര്യടനം നടത്തി പ്രചാരണത്തിന്റെ വിത്തുകൾ പാകിക്കഴിഞ്ഞ് ഒന്നുനെടുവീർപ്പിട്ടശേഷം സീറ്റുവിഭജനം അടക്കമുള്ള കാര്യങ്ങൾ തുടങ്ങുക എന്നത് സംസ്ഥാനത്ത് കീഴ്‌വഴക്കം പോലെയായിട്ട് കുറേക്കാലമായി. ഒരുമുന്നണിയുടെ യാത്ര രണ്ടുദിവസംമുമ്പും ഒന്ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനദിവസവുമാണ് പൂർത്തിയായത്. മറ്റൊന്ന് പൂർത്തിയാവാൻ ബാക്കിയാണ്. പ്രഖ്യാപനം ഏതുനിമിഷവും പ്രതീക്ഷിച്ച സംസ്ഥാന സർക്കാരിന് വികസനപദ്ധതികളുടെ പൂർത്തീകരണ-ശിലാസ്ഥാപന പരമ്പരതന്നെ പൂർത്തിയാക്കാൻ സാധിച്ചു. എല്ലായിടത്തും ഓടിയെത്താനുള്ള സാവകാശമില്ലാത്ത പ്രശ്നം അലട്ടാതെ ഒറ്റയടിക്ക് ഒട്ടേറെ ഉദ്ഘാടനങ്ങൾ നടത്തുന്ന പുത്തൻ അനുഭവമാണ് ഇത്തവണ തിരഞ്ഞെടുപ്പുപൂർവ കാലത്തുണ്ടായത്. ആകാംക്ഷയും പ്രതീക്ഷയും അമ്പരപ്പും അങ്കലാപ്പുമെല്ലാം ഉൾച്ചേർന്ന തിടുക്കത്തിലുള്ള ഓട്ടത്തിന്റെ പ്രതീതിയാണ് ഏതാനും ദിവസമായി സംസ്ഥാനത്തുള്ളത്.

ആരാധനാലയങ്ങളിലെ ഉത്സവത്തിന്റെ അതേ സീസണിലാണ് തിരഞ്ഞെടുപ്പും നടക്കുന്നത്. ഉത്സവങ്ങൾ കോവിഡ് മാനദണ്ഡപ്രകാരം ആൾക്കൂട്ടങ്ങളെ ഒഴിവാക്കി, ചടങ്ങുകൾ മാത്രമായാണ് നടക്കുന്നതെന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തെ മാമാങ്കമാക്കി മാറ്റാതിരിക്കാൻ മുന്നണികൾക്ക് പ്രചോദനമാകുമോ അതല്ല, തിരഞ്ഞെടുപ്പ് കമ്മിഷൻ വടിയെടുക്കേണ്ടിവരുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. തദ്ദേശ തിരഞ്ഞെടുപ്പുകാലത്ത് മുന്നണികളും നാട്ടുകാരും പെരുമാറ്റച്ചട്ടം പൂർണമായി മറന്നുപോയതാണ് ഇപ്പോൾ കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷന്റെ പ്രത്യേക പരാമർശത്തിന് പോലും കാരണമായതെന്ന് ഓർക്കണം. കേരളത്തിൽ കോവിഡ് പകർച്ച അതിരൂക്ഷമായത് വലിയ പ്രതിസന്ധിയാണെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞത്.

അഞ്ച് സംസ്ഥാനത്ത് 824 മണ്ഡലങ്ങളിലാണ് അടുത്ത രണ്ടുമാസങ്ങളിലായി 18 കോടിയിലേറെ വോട്ടർമാർ സമ്മതിദാനാവകാശം നിർവഹിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നുവെങ്കിലും വടക്കുകിഴക്കും തെക്കുമായി അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പെന്ന നിലയിൽ ഇപ്പോൾ പ്രഖ്യാപിച്ച വോട്ടെടുപ്പിന് സവിശേഷതയുണ്ട്. അസമിൽ മൂന്ന് ഘട്ടത്തിലും ബംഗാളിൽ എട്ടു ഘട്ടത്തിലും അതേസമയം, കേരളത്തിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടത്തിലുമാണ് വോട്ടെടുപ്പ് എന്നത് ക്രമസമാധാനപ്രശ്നവുമായി ബന്ധപ്പെട്ട സൂചനകൾകൂടി നൽകുന്നുണ്ട്. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അസമിലെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു. അസം ഗണപരിഷത്തും ബോഡോലാൻഡ് പാർട്ടിയും ചേർന്ന് ഭരണമുന്നണിക്ക് ശക്തമായ വെല്ലുവിളിയുയർത്തുന്ന പ്രത്യേക രാഷ്ട്രീയാന്തരീക്ഷം അസമിൽ വളരുകയാണെന്ന് നിരീക്ഷകർ പറയുന്നു. ബംഗാളിലാവട്ടെ, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ഭരണം പിടിച്ചെടുക്കുക അടിയന്തരലക്ഷ്യമായി പ്രഖ്യാപിച്ച ബി.ജെ.പി.യും തമ്മിൽ എല്ലാ അതിർത്തിയും ലംഘിക്കുന്ന തരത്തിലുള്ള ഏറ്റുമുട്ടലിന്റെ പാതയിലാണ്. 33 വർഷം ഭരിച്ചശേഷം ക്രമത്തിൽ തകർന്നുപോയ സി.പി.എം. നേതൃത്വത്തിലുള്ള ഇടതുപക്ഷമുന്നണി പഴയ മുഖ്യശത്രുവും ബംഗാളിൽ തുല്യദുഃഖിതരുമായ കോൺഗ്രസുമായി ചേർന്ന് പുതുജീവൻനേടാൻ ശ്രമിക്കുകയാണ്. ഇതെല്ലാം ബംഗാൾ തിരഞ്ഞെടുപ്പിനെ കടുത്ത സമ്മർദമുള്ളതാക്കി മാറ്റുമെന്നതിനാലാണ് വോട്ടെടുപ്പ് എട്ടുഘട്ടം എന്ന അസാധാരണ തീരുമാനത്തിലെത്തിച്ചത്.

തമിഴ്‌നാട്ടിൽ ഭരണം നിലനിർത്താൻ ബി.ജെ.പി. പിന്തുണയുള്ള എ.ഐ.എ.ഡി.എം.കെ.യും ഭരണം വീണ്ടെടുക്കാൻ ഡി.എം.കെ.യും പൊരിഞ്ഞ പോരാട്ടത്തിലാണ്. കേരളത്തിൽ പരസ്പരം പോരടിക്കുന്ന ഇടതുപക്ഷവും കോൺഗ്രസ്-ലീഗ് കൂട്ടുകെട്ടും ഡി.എം.കെ.യുടെ കുടക്കീഴിൽ ഒന്നിച്ചണിനിരക്കുകയാണ്. പുതുച്ചേരിയിൽ കോൺഗ്രസിലെ ആറു എം.എൽ.എ.മാർ ബി.ജെ.പി.യിലേക്ക് കാലുമാറിയതിനെത്തുടർന്ന് ഭരണം നഷ്ടപ്പെട്ട ഉടനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പുതുച്ചേരിയിലെ ഭരണമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തമിഴ്‌നാട്ടിലും ചലനങ്ങളുണ്ടാക്കിയേക്കാം. ബി.ജെ.പി.ക്കെതിരേ ബംഗാളിലും തമിഴ്‌നാട്ടിലും ഒരുമിച്ചുനിൽക്കുന്ന സി.പി.എമ്മും കോൺഗ്രസും നയിക്കുന്ന മുന്നണികളും ബി.ജെ.പി. മുന്നണിയും തമ്മിലുള്ള ത്രികോണമത്സരമാണ് കേരളത്തിൽ.

സംസ്ഥാനത്ത് ഏപ്രിൽ ആറിന് ഒറ്റദിവസമായി നടക്കുന്ന തിരഞ്ഞെടുപ്പ് കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടാകുമെന്ന് ഉറപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ച മുന്നൊരുക്കങ്ങൾ ശ്ലാഘനീയമാണ്. കഴിഞ്ഞതവണ 21,498 പോളിങ് ബൂത്തുണ്ടായിരുന്നതെങ്കിൽ ഇത്തവണ 40,771 ബൂത്തായി വർധിപ്പിക്കുകയും വോട്ടെടുപ്പുസമയം ഒരുമണിക്കൂർ അധികമാക്കുകയും ചെയ്തതിനുപുറമേ 80 വയസ്സ് കഴിഞ്ഞവർക്ക് തപാൽ വോട്ട് അനുവദിക്കുന്നു. കൂടുതൽ ഉദ്യോഗസ്ഥരെയും നിരീക്ഷകരെയും നിയോഗിച്ച് ചട്ടങ്ങൾ കർക്കശമായി പാലിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗൃഹസന്ദർശനത്തിന് അഞ്ചുപേർ എന്ന നിബന്ധനയടക്കം കൃത്യമായി പാലിച്ച് രാഷ്ട്രീയപ്പാർട്ടികൾ പരസ്പരം മാതൃകകാട്ടുമെന്ന് കരുതാം.  മഹാമാരി സൃഷ്ടിച്ച കടുത്ത ദുരിതത്തിലുള്ള ജനങ്ങളാണ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങേണ്ടതും വോട്ടുചെയ്യേണ്ടതും ചെലവിനുള്ളത് നൽകേണ്ടതും. 30.8 ലക്ഷം രൂപയാണ് ഓരോ മണ്ഡലത്തിലും ചെലവഴിക്കാവുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുള്ളത്. കണക്കു സമർപ്പിക്കലും പരിശോധനയുമെല്ലാം നടക്കാറുണ്ടെങ്കിലും അതിന്റെ യാഥാർഥ്യം എത്ര അകലെയാണെന്ന് പരക്കേ അറിവുള്ളതാണ്. തിരഞ്ഞെടുപ്പ് ചെലവ്  ധൂർത്തായി മാറാതിരിക്കാൻ ഇത്തവണ മുന്നണികൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ നിരീക്ഷണം ശക്തമാക്കാൻ അധികൃതർ തയ്യാറാവണം.