സുഗതകുമാരിക്കു ശേഷം വിഷ്ണുനാരായണൻ നമ്പൂതിരികൂടി വിടവാങ്ങിയതോടെ മലയാള കാവ്യലോകത്തെ മഹനീയമായ ഒരു യുഗത്തിനാണ് തിരശ്ശീല വീഴുന്നത്. ഭൂമിയെന്നാലെനിക്കെന്റെ കുലപൈതൃകമല്ലയോ എന്ന് സ്വഗതംചെയ്യുകയും ചുറ്റുമുള്ളവരോട് ഉച്ചത്തിൽ വിളിച്ചുചോദിച്ച് അവരുടേതുകൂടിയാണെന്ന് ഓർമിപ്പിക്കുകയുമാണ് വിഷ്ണുനാരായണൻ നമ്പൂതിരി ചെയ്തത്. വഴികാട്ടിയല്ല, ചെറു തുണമാത്രമെൻ കവിതയെന്ന് വിനയാന്വിതനായ കവി ഭൂതകാലത്തെ വാഴ്ത്തുകയല്ല, വർത്തമാനഭാവികൾക്കായി ഭൂതകാലത്തിന്റെ ആത്മീയോർജം സ്വീകരിക്കുക മാത്രമായിരുന്നു.

മരക്കവികളായി അനുകൂലിച്ചും പ്രതികൂലിച്ചും വിശേഷിപ്പിക്കപ്പെട്ടവരിലൊരാളാണ് വിഷ്ണുനാരായണൻ നമ്പൂതിരി. പ്രകൃതിസംരക്ഷണത്തിനായി കവിതയെ തെരുവിലെത്തിക്കുക മാത്രമല്ല, നേരിട്ടു പോർക്കളത്തിലിറങ്ങുകയും ചെയ്തവർ. സൈലന്റ് വാലിയെ സംരക്ഷിക്കാൻ എൻ.വി.യും അയ്യപ്പപ്പണിക്കരും ഒ.എൻ.വി.യും സുഗതകുമാരിയും വിഷ്ണുനാരായണൻ നമ്പൂതിരിയും കടമ്മനിട്ടയും വിനയചന്ദ്രനുമെല്ലാമടങ്ങിയ നമ്മുടെ കാവ്യലോകമാണ് പ്രത്യക്ഷസമരം നടത്തിയത്. ആ പ്രസ്ഥാനത്തിന്റെ നായകരിലൊരാളാവാൻ ആരണ്യകത്തിന്റെ കവിയായ വിഷ്ണുവിന് ആന്തരികപ്രചോദനമായത് ഇന്ത്യയെന്ന വികാരമാണ്. ഹിമാലയത്തെ മനസ്സിൽ പ്രതിഷ്ഠിച്ച കവി തപസ്സുചെയ്യാനല്ല, പച്ചമനുഷ്യനായി പ്രകൃതിയെ ഉപാസിക്കാനാണ് നിരന്തരം അങ്ങോട്ടു യാത്ര ചെയ്തത്. കാളിദാസൻ വർണിച്ച മനോഹരമഹിതപ്രകൃതിയെ ആവാഹിച്ചാലും ആവാഹിച്ചാലും മതിവരാത്ത കവിക്ക് ഇന്ത്യയെന്ന വികാരംതന്നെ അതായിരുന്നു. ഋതുസംഹാരം തർജമ ചെയ്ത കവി ഉജ്ജയിനിയിലെ രാപകലുകളിലൂടെ മഹാകവിയുടെ സന്നിധിയിലേക്ക് അനുവാചകനെ എത്തിക്കുന്നു. കാളിദാസനുമായി സംഭാഷണം ചെയ്യുകയാണ് ഇന്ത്യയെന്ന വികാരത്തിൽ.
പ്രണയത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭൂമിയുടെയും ഗീതങ്ങളാണ് വിഷ്ണുനാരായണൻ നമ്പൂതിരി മലയാളത്തിന് സമ്മാനിച്ചത്. ഭാരതീയതയിലും വൈദിക പാരമ്പര്യത്തിലും ആമഗ്നനായിരിക്കെത്തന്നെ പുറത്തുള്ളതൊന്നും വൈദേശികമായി കരുതിയില്ല എന്നതാണ് പ്രധാനം. കാളിദാസനെ നെഞ്ചേറ്റുന്നതിനൊപ്പംതന്നെ  ഷേക്‌സ്പിയറെയും യേറ്റ്‌സിനെയും നെഞ്ചേറ്റി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ശിഷ്യസമ്പത്തിനുടമയായ അധ്യാപകശ്രേഷ്ഠനുമായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി. രാജ്യം പദ്‌മശ്രീ നൽകി ബഹുമാനിച്ച അദ്ദേഹത്തിന് മാതൃഭൂമി സാഹിത്യപുരസ്കാരവും എഴുത്തച്ഛൻ പുരസ്കാരവും വള്ളത്തോൾ പുരസ്കാരവുമടക്കം ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. രോഗശയ്യയിലാകുന്നതിനു മുമ്പുവരെ മാതൃഭൂമിയുമായി ഏറ്റവുമടുത്ത ബന്ധം പുലർത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ഒട്ടുമിക്ക കവിതകളും പ്രസിദ്ധീകരിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്. സമ്പൂർണകൃതിയായ വൈഷ്ണവം പ്രസിദ്ധപ്പെടുത്തിയത് മാതൃഭൂമി ബുക്സാണ്.

പ്രകൃതിയെ പൂജിക്കാതെ മർത്ത്യപൂജ അസാധ്യമാണെന്ന് കവിതകളിലൂടെ പഠിപ്പിച്ച, പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിച്ച കവിശ്രേഷ്ഠന് മാതൃഭൂമിയുടെ ആദരാഞ്ജലികൾ.