ശബരിമല വിശ്വാസത്തെയും ആചാരത്തെയും കോടതിവിധിയെത്തുടർന്ന് മാറ്റാൻ സർക്കാർ മുതിർന്നത് അഭൂതപൂർവമായ വൈകാരിക പ്രതികരണമാണുണ്ടാക്കിയത്. 30 വർഷം മുമ്പ് കോടതിവിധിയിലൂടെ നിയമപരമാക്കിയ ആചാരമാണ് 2018-ൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചത്. ഏതുപ്രായത്തിലുള്ള സ്ത്രീകൾക്കും അവിടെ പ്രവേശിച്ച് ആരാധന നടത്താമെന്നായിരുന്നു കോടതിവിധി. വിധിച്ചത് പരമോന്നത നീതിപീഠമാണെന്നതിനാൽ നടപ്പാക്കുകയേ പോംവഴിയുള്ളൂവെന്ന നിലപാടോടെ സംസ്ഥാന സർക്കാർ അതിന് സൗകര്യമൊരുക്കിക്കൊടുക്കാൻ  മുതിർന്നതിനെതിരേ പ്രതിഷേധങ്ങളുണ്ടായി. നാമജപ ഘോഷയാത്രകൾ നടന്നു. വിശ്വാസികളെ വെല്ലുവിളിക്കുന്നതരത്തിൽ തിരിച്ചു പ്രതികരണമുണ്ടായത് ക്രമസമാധാനത്തകർച്ചയുടെ വക്കിലെത്തിച്ചു. സമവായശ്രമങ്ങൾ കാര്യമായി ഇല്ലാതായതോടെ ശബരിമലയും പരിസരപ്രദേശങ്ങളും സംഘർഷഭൂമിയായി.
ഈ സംഭവവികാസങ്ങൾക്കെല്ലാം കാരണമായ സുപ്രീംകോടതിവിധി ഇപ്പോഴും അസ്ഥിരപ്പെട്ടിട്ടില്ല. എന്നാൽ ഒട്ടേറെ പുനഃപരിശോധനാ ഹർജികളെത്തുടർന്ന് അത്‌ ഏഴംഗ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആ സമയത്തുണ്ടായ വ്യത്യസ്തമായ തീവ്രപ്രതികരണങ്ങൾ വിട്ട് ശാന്തമായി അതേക്കുറിച്ച് തിരിഞ്ഞുനോക്കാൻ കഴിയുന്ന സമയമാണിത്. വിശ്വാസവുമായി ബന്ധപ്പെട്ട വികാരപ്രകടനമാണ് നാമജപ ഘോഷയാത്രയുടെയും മറ്റും രൂപത്തിൽ ഉണ്ടായത്. നവോത്ഥാന യുക്തിവാദത്തിലൂടെ മതിലുകൾ സൃഷ്ടിച്ച് അതിനെ നേരിടാൻ നോക്കിയത് കോടതിവിധിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് സമാനമായാണ് സ്വീകരിക്കപ്പെട്ടതെന്ന് ബന്ധപ്പെട്ടവർക്ക് പിന്നീടുള്ള അനുഭവത്തിലൂടെ മനസ്സിലായി. വൈകിയാണെങ്കിലും സർക്കാരിനും സർക്കാരിനെ നയിക്കുന്ന പ്രസ്ഥാനങ്ങൾക്കും ആ തിരിച്ചറിവുണ്ടായതിന്റെ പ്രതിഫലനമാണ് ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് ചാർജ് ചെയ്ത കേസുകൾ പിൻവലിക്കാനുള്ള തീരുമാനം.

2018 സെപ്‌റ്റംബറിൽ വന്ന സുപ്രീംകോടതിവിധിക്കും അത് നടപ്പാക്കാൻ സംസ്ഥാന സർക്കാർ വലിയ പോലീസ് സന്നാഹത്തെ ഉപയോഗിച്ച് നടത്തിയ ശ്രമത്തിനുമെതിരേ ആ വർഷം ഒക്ടോബർ ഏഴിന് ആദ്യമായി ഹർത്താലുണ്ടായി. പിന്നീട് പ്രാദേശിക തലത്തിലും സംസ്ഥാനതലത്തിലുമായി അരഡസനോളം ഹർത്താലുകൾ നടന്നു. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികളുടെയോ സംഘടനകളുടെയോ നിർദേശപ്രകാരമല്ലാതെതന്നെ ഒട്ടേറെ സ്ഥലങ്ങളിൽ നാട്ടുകാർ, പ്രത്യേകിച്ചും സ്ത്രീകൾ സംഘടിച്ച് നാമജപമടക്കമുള്ള പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. വിവിധ കുറ്റങ്ങൾ ചുമത്തി നൂറുകണക്കിന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. സ്വാഭാവികമായി ഉണ്ടായ അത്തരം പ്രതികരണങ്ങളുടെ പേരിൽ കേസിൽ പ്രതിചേർക്കപ്പെട്ടവർ ഒട്ടേറെയാണ്. പൊതുമുതൽ നശീകരണമോ മറ്റ് അക്രമസംഭവങ്ങളോ അല്ലാത്ത അത്തരം കേസുകൾ നേരത്തേതന്നെ റദ്ദാക്കേണ്ടതായിരുന്നു. ഏതായാലും സർക്കാർ കാലാവധി തീരുന്നതിനുമുമ്പ് അത്തരം കേസുകളാകെ പിൻവലിക്കാൻ തീരുമാനിച്ചത് സ്വാഗതാർഹമാണ്.

പാർലമെന്റ് പാസാക്കിയ പൗരത്വനിയമഭേദഗതിയിൽ സംസ്ഥാനത്തും ശക്തമായ പ്രതിഷേധമുയരുകയുണ്ടായി. നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ വ്യക്തമാക്കിയെങ്കിലും ദേശീയതലത്തിലുള്ള പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചില സംഘടനകൾ നടത്തിയ ഹർത്താൽ കുറെ സ്ഥലങ്ങളിൽ സംഘർഷത്തിനിടയാക്കി. ഹർത്താലും പ്രതിഷേധസമരങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി. ആ കേസുകളും പരിശോധിച്ച് പിൻവലിക്കാൻ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. പൊതുമുതൽ നശീകരണമടക്കമുള്ള അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടല്ലാതെയുള്ള കേസുകൾ പിൻവലിക്കുന്നത് സ്വാഗതാർഹമാണ്.

കേരളത്തിൽ ഏതു കാര്യത്തിൽ ഏതു തീരുമാനമെടുത്താലും അതിൽ രാഷ്ട്രീയം ഉണ്ടാവുകയോ ആരോപിക്കപ്പെടുകയോ ചെയ്യുന്നത് സ്വാഭാവികമാണ്. ശബരിമലയിൽ യുവതീപ്രവേശനത്തിനെതിരേ നടന്ന പ്രതിഷേധത്തിന്റെ പേരിലുള്ള കേസുകൾ അടിയന്തരമായി പിൻവലിക്കണമെന്ന് എൻ.എസ്.എസ്. ആവശ്യപ്പെട്ടതാണ്. അതേ ആവശ്യം ബി.ജെ.പി.യും ഉന്നയിക്കുകയുണ്ടായി. ശബരിമല പ്രശ്നത്തിലെ കേസുകളും പൗരത്വനിയമഭേദഗതിക്കെതിരേ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളും പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടതാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഈ വിഷയം വരുന്നതിനുമുമ്പ് കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചതുവഴി രാഷ്ട്രീയമായ ഒരുനീക്കംകൂടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്‌.