പൊതുജനാരോഗ്യവും ഉത്തരവാദിത്വമാണ്


ജനകീയാരോഗ്യത്തിൽ പൊതുമേഖലയ്ക്ക് വലിയ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞ് വേണ്ട ചികിത്സ സ്വീകരിക്കുകയെന്നതാണ് സാമൂഹികപ്രതിബദ്ധതയുള്ള ഭരണകൂടത്തിന്റെ കർത്തവ്യം

editorial

ഔഷധനിർമാണരംഗത്തുനിന്ന്‌ പൂർണമായും പിന്മാറാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം രാജ്യത്തിന്റെ പൊതുജനാരോഗ്യത്തിന് വലിയ തിരിച്ചടിയാകും. കേന്ദ്ര പൊതുമേഖലയിൽ അഞ്ച് ഔഷധക്കമ്പനികളാണുള്ളത്. ഇതിൽ രണ്ടെണ്ണം പൂട്ടാനാണ് തീരുമാനം. ഇവ നിലവിൽത്തന്നെ കാര്യമായ പ്രവർത്തനമില്ലാത്ത നിലയിലാണുതാനും. മറ്റ് മൂന്നെണ്ണത്തിന്റെയും ഓഹരികൾ വിൽക്കാനുമാണ് നിശ്ചയിച്ചിരിക്കുന്നത്. നടപടികൾ പൂർത്തിയാകുന്നതോടെ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള അലോപ്പതി മരുന്നുനിർമാണം ഓർമയാകും. ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പുകൊണ്ടു മാത്രം ആരോഗ്യരംഗത്തെയും ഔഷധനിർമാണത്തെയും സമീപിക്കുന്നത് ആശാസ്യമല്ല. പൊതുജനാരോഗ്യവും സർക്കാരുകളുടെ ചുമതലയും ഉത്തരവാദിത്വവുമാണെന്ന് ഭരണകർത്താക്കൾ മറന്നുകൂടാ.

ഇന്ത്യയിലെ ഔഷധനിർമാണ പൊതുമേഖലയ്ക്ക് സമ്പന്നമായ ചരിത്രമാണുള്ളത്. ബ്രിട്ടീഷിന്ത്യാ കാലത്തുതന്നെ ഇവിടെ തദ്ദേശീയമായ ഔഷധനിർമാണ ശ്രമങ്ങൾ ദേശീയബോധമുള്ള പൗരന്മാർ നടത്തിയിരുന്നു. ബി.സി. റോയിയുടെ നേതൃത്വത്തിലുള്ള പരിശ്രമം പിന്നീട് ബംഗാളിലെ പൊതുമേഖലാ സ്ഥാപനമായി മാറി. സ്വാതന്ത്ര്യത്തിനുമുമ്പ്‌ വിദേശത്തുനിന്നാണ് മിക്ക മരുന്നുകളും ഇവിടെയെത്തിയിരുന്നത്. വിലയും ഏറെ കൂടുതലായിരുന്നു. കസ്തൂർബാഗാന്ധി പെൻസിലിൻ മരുന്ന് കിട്ടാത്തതുകാരണമാണ് മരിച്ചതെന്ന ദുഃഖം നെഹ്രുവടക്കമുള്ള നേതാക്കൾക്കുണ്ടായിരുന്നു. പെൻസിലിൻ അന്ന് നമുക്കൊരു വിദേശവസ്തുവാണെന്നും തദ്ദേശീയമല്ലാത്ത ഉത്‌പന്നങ്ങൾ ബഹിഷ്കരിക്കുന്നത് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു എന്നതും ഇതിനോട് ചേർത്തുവായിക്കണം. കസ്തൂർബായുടെ വിയോഗമാണ് അടിസ്ഥാനമരുന്നുകൾ ഉത്പാദിപ്പിക്കുന്നതിൽ നാട് സ്വയംപര്യാപ്തമാകണമെന്ന ആശയം നമ്മുടെ നേതാക്കന്മാരിലുയർത്തിയത്. ഇതിന്റെ ചുവടുപിടിച്ചുള്ള തുടക്കം സഫലമായ പൊതുസ്വകാര്യ പങ്കാളിത്തത്തിലധിഷ്ഠിതമായ വളർച്ചയ്ക്ക് വളമേകി. എല്ലാ പരിതഃസ്ഥിതികളും ഒത്തുചേർന്നപ്പോൾ വികസ്വര രാഷ്ട്രങ്ങളുടെ ഫാർമസി എന്ന നിലയിൽ രാജ്യം വളർന്നു. കോവിഡ് കാലത്ത് വികസിതരാഷ്ട്രങ്ങൾപോലും മരുന്നിനായി ഭാരതത്തെ സമീപിക്കുന്ന സാഹചര്യവും വന്നു. ഇത്തരം അഭിമാനങ്ങളുടെ അടിസ്ഥാനം പൊതുമേഖലയിലൂന്നിയ വികസനക്കുതിപ്പായിരുന്നു എന്നത് മറന്നുകൂടാ. നടത്തിപ്പുദോഷംകൊണ്ട് പൊതുസംവിധാനങ്ങൾ ബാധ്യതയായിയെന്നത് നേരാണ്. എന്നാൽ, അത് മറികടക്കാൻ വിറ്റുതുലയ്ക്കലും സ്വകാര്യമേഖലയ്ക്ക് തീറെഴുതലുമാണ് പോംവഴിയെന്ന് കരുതുക വയ്യ. അങ്ങനെയാകുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തിനെപ്പറ്റിയും ആലോചിക്കേണ്ടതുണ്ട്. കുത്തകാവശങ്ങളില്ലാത്ത മരുന്നുകളാണ് നിത്യമായി മിക്കവർക്കും ഉപയോഗിക്കേണ്ടിവരുന്നത്. ഇത്തരം മരുന്നുകളാണ് സാധാരണക്കാരന്റെ മാസബജറ്റിനെ പരമാവധി സ്വാധീനിക്കുന്നതും. ജീവിതശൈലീരോഗങ്ങൾക്കുൾപ്പെടെയുള്ള ഇത്തരം മരുന്നുകളാണ് ജനൗഷധിപോലെയുള്ള സംവിധാനങ്ങളിലൂടെ ജനങ്ങളിലെത്തുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അധീനതയിലുള്ള കമ്പനികളാണ് ഇത്തരം മരുന്നുകളുണ്ടാക്കാൻ കൂടുതൽ താത്പര്യം കാട്ടുന്നത്. താങ്ങാവുന്ന വിലയിൽ മരുന്നുകൾ വിപണിയിലെത്താനും ഇത് സഹായകമാകും. വിപണിയിലെ മത്സരം നേരിടാൻ ഇത്തരം ജനറിക് മരുന്നുകളുണ്ടാക്കാൻ കുത്തകകൾ നിർബന്ധിതരാകുകയും ചെയ്യും.

പൊതുമേഖലയുടെ സാന്നിധ്യം ഇല്ലാതായാൽ ഇത്തരം മരുന്നുകളുണ്ടാക്കുന്നതിൽനിന്ന്‌ സ്വകാര്യമേഖല പിൻവാങ്ങുമെന്നതിന് തർക്കമില്ല. ആദായകരമല്ല എന്നു തുടങ്ങിയ നൂറുകാരണങ്ങൾ അവർക്ക് പറയാനുമുണ്ടാകും. ഇതോടെ കമ്പനികളുടെ സമ്മർദത്തിനുവഴങ്ങി കൂടിയ നിരക്കിൽ മരുന്നുണ്ടാക്കാനുള്ള അനുമതി നൽകാൻ സർക്കാർ നിർബന്ധിതമായിത്തീരും. ചില മരുന്നുകളുടെയെങ്കിലും കാര്യത്തിൽ ഇത്തരമൊരു സ്ഥിതിയുണ്ടായത് നമുക്ക് മുന്നിലുണ്ടുതാനും. മറ്റൊന്ന് വിപണിയിൽ കടുത്ത ഉപയോഗനിയന്ത്രണമുള്ള മരുന്നുകളുടെ കുത്തക പൊതുമേഖലയെ ഏൽപ്പിക്കാനാകുമെന്ന സവിശേഷതയാണ്.

ക്രിയാത്മകമായ ഇടപെടൽ ഔഷധരംഗത്തെ പൊതുമേഖലയെ എത്രമേൽ നന്നാക്കുമെന്നതിന് കേരളം മുന്നോട്ടുവെക്കുന്ന മാതൃകയും പറയാതെ വയ്യ. മുടന്തിനീങ്ങിയിരുന്ന കെ.എസ്.ഡി.പി.യെന്ന സ്ഥാപനം ഇന്ന് പുതിയ ഉയരങ്ങളിലേക്കും സാധ്യതകളിലേക്കും മുന്നേറുകയാണ്. ജനകീയാരോഗ്യത്തിൽ പൊതുമേഖലയ്ക്ക് വലിയ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞ് വേണ്ട ചികിത്സ സ്വീകരിക്കുകയെന്നതാണ് സാമൂഹികപ്രതിബദ്ധതയുള്ള ഭരണകൂടത്തിന്റെ കർത്തവ്യം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented