വരട്ടെ, അച്ചടക്കമുള്ള ഡ്രൈവിങ് സംസ്കാരം


വിദേശരാജ്യങ്ങളിൽ വിജയമായെന്നതിനാൽമാത്രം ഇന്ത്യയിൽ ഇത് പ്രായോഗികമാകണമെന്നില്ല. അടിസ്ഥാനപരമായുള്ള

editorial

നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാജ്യത്ത് വാഹനങ്ങളുടെ എണ്ണം ദിവസംതോറും കൂടിവരുന്നു. ആനുപാതികമായി റോഡുകൾ വികസിക്കുന്നില്ല. കേരളംപോലെ സ്ഥലദൗർലഭ്യമുള്ള സംസ്ഥാനങ്ങളിൽ റോഡുകൾക്ക് വീതി നന്നേ കുറവ്. നിലവാരവും അത്ര മെച്ചമല്ല. ഇത്തരം റോഡുകളിൽ ഗതാഗത നിയമലംഘനങ്ങളുമായി അച്ചടക്കമില്ലാതെയുള്ള ഡ്രൈവിങ്‌കൂടിയാകുമ്പോൾ അപകടങ്ങളും അതുവഴി മരണങ്ങളും ഉയരുന്നു. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2018-ൽമാത്രം 4.67 ലക്ഷം വാഹനാപകടങ്ങളാണ് രാജ്യത്തുണ്ടായത്. 1.51 ലക്ഷം പേരുടെ ജീവൻ ഇതുവഴി പൊലിഞ്ഞു. ആഗോളതലത്തിൽ വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണമെടുത്താൽ 11 ശതമാനവും ഇന്ത്യയിലാണെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ ഡ്രൈവിങ്ങിൽ അച്ചടക്കം കൊണ്ടുവന്നാൽ റോഡപകടങ്ങളും അതുവഴിയുള്ള മരണങ്ങളും കുറയ്ക്കാൻ ഒരു പരിധിവരെ സഹായിക്കും. റോഡ് നിയമങ്ങൾ കർശനമായി നടപ്പാക്കാനും ഡ്രൈവിങ്ങിൽ അച്ചടക്കം കൊണ്ടുവരാനുമായി ട്രാഫിക് നിയമലംഘനങ്ങളെ വാഹന ഇൻഷുറൻസുമായി ബന്ധിപ്പിച്ച് പ്രീമിയംതുക നിശ്ചയിക്കാനാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐ.ആർ.ഡി.എ.) ശുപാർശ ചെയ്തിരിക്കുന്നത്. പല വിദേശരാജ്യങ്ങളും വിജയകരമായി നടപ്പാക്കിയ പദ്ധതിയാണിത്. നിയമലംഘനങ്ങളുടെ ഗൗരവമനുസരിച്ച് പോയന്റ് നിർണയിച്ച് ഇൻഷുറൻസ് പുതുക്കുമ്പോൾ പ്രീമിയംതുക കണക്കാക്കുന്നതാണ് രീതി. കൂടുതൽ അപകടങ്ങൾക്ക് ഇടയാക്കുന്ന മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ ഡ്രൈവിങ് എന്നിവയ്ക്കാണ് കൂടുതൽ പോയന്റുകൾ നിർദേശിച്ചിട്ടുള്ളത്. വർഷം 100 പോയന്റിനും 300 പോയന്റിനും ഇടയിലാണ് നിയമലംഘനങ്ങളെങ്കിൽ ഇരുചക്രവാഹനങ്ങൾക്ക് 500 രൂപയും നാലുചക്രവാഹനങ്ങൾക്ക് 1000 രൂപയും അധികപ്രീമിയം അടയ്ക്കേണ്ടിവരും. 300 പോയന്റിനുമുകളിലുണ്ടെങ്കിൽ ഇത് യഥാക്രമം 750 രൂപയും 1500 രൂപയുമാണ്.

വാഹനവുമായി ആര്‌ നിയമം ലംഘിച്ചാലും ഉത്തരവാദിത്വം ഉടമയ്ക്കായിരിക്കും. അതുകൊണ്ടുതന്നെ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാൻ നിയമലംഘനം ഒഴിവാക്കേണ്ടത് ഉടമയുടെ ആവശ്യമായിമാറുന്നു. രണ്ടുവർഷംവരെ പോയന്റുകൾ നിലനിർത്തപ്പെടുമെന്നതിനാൽ രണ്ട് വാർഷിക ഇൻഷുറൻസ് പ്രീമിയത്തിൽ ഇത്‌പ്രതിഫലിക്കുകയും ചെയ്യും. എല്ലാതരം വാഹന ഇൻഷുറൻസുകൾക്കും നയം ബാധകമാണ്. ഇൻഷുറൻസില്ലാതെ വാഹനം നിരത്തിലിറക്കാൻ കഴിയില്ലെന്നതിനാൽ ഗതാഗതനിയമങ്ങൾ പാലിച്ച് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാൻ ആളുകൾ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ഡൽഹിയിലാണ് നടപ്പാക്കാനിരിക്കുന്നതെങ്കിലും ഏതെങ്കിലും സംസ്ഥാനസർക്കാരുകൾക്ക് താത്പര്യമുണ്ടെങ്കിൽ നടപ്പാക്കാനാകും. നിയമലംഘനങ്ങൾ കണ്ടെത്തി വിവരം കൈമാറാൻ ആവശ്യമായ സ്മാർട്ട് ഉപകരണങ്ങളും സൗകര്യങ്ങളും ഉണ്ടായിരിക്കണമെന്നുമാത്രം. കോവിഡിന്റെ പശ്ചാത്തലത്തിൽ വ്യക്തിഗത വാഹന ഉപയോഗം കൂടിയിട്ടുണ്ട്. ഇത് നഗരങ്ങളിൽ പാർക്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. വേണ്ടത്ര സ്ഥലസൗകര്യം ലഭ്യമല്ലെന്നതിനാൽ പരിഹാരത്തിന് സർക്കാരിനും പരിമിതികളുണ്ട്. അതുകൊണ്ടായിരിക്കണം പാർക്കിങ് നിയമലംഘനങ്ങളിൽ പത്തുപോയന്റ് മാത്രമായി നിശ്ചയിച്ചിരിക്കുന്നത്. ഒരു വർഷം 20 പോയന്റിൽ താഴെയാണ് നിയമലംഘനങ്ങളെങ്കിൽ അധികപ്രീമിയം ഉണ്ടാകില്ലെന്നത് ആശ്വാസകരമാണ്. ഇതോടൊപ്പം അച്ചടക്കത്തോടെ വാഹനമോടിക്കുന്നവർക്ക് ഇളവുകളുമാകാവുന്നതാണ്. നിലവിലെ നിർദേശങ്ങളിൽ ഇതേക്കുറിച്ച് പരാമർശം കാണുന്നില്ല. പ്രത്യേക കാലയളവുകളിൽ നിയമലംഘനങ്ങൾ ഉണ്ടായിട്ടില്ലെങ്കിൽ പ്രീമിയം തുകയിൽ കുറവുനൽകുന്നതും പരിഗണിക്കേണ്ടതാണ്. ഇത് നിയമലംഘനം ഒഴിവാക്കാൻ ആളുകൾക്ക് പ്രോത്സാഹനവുമാകും. പദ്ധതി നടപ്പാക്കിയ രാജ്യങ്ങളിൽ ഇത്തരം രീതി നിലവിലുണ്ട്.

വിദേശരാജ്യങ്ങളിൽ വിജയമായെന്നതിനാൽമാത്രം ഇന്ത്യയിൽ ഇത് പ്രായോഗികമാകണമെന്നില്ല. ഇവിടത്തെ റോഡുകളിലെ സൗകര്യങ്ങൾ വലിയ വെല്ലുവിളിയാണ്. കേരളംപോലുള്ള സംസ്ഥാനങ്ങളിൽ റോഡുകളിൽ മീഡിയൻ സ്ഥാപിക്കാൻപോലും കഴിയുന്നില്ല. റോഡിലെ വരി കർശനമായി പാലിക്കണമെന്ന് പലവട്ടം നിർദേശമുണ്ടായെങ്കിലും നടപ്പാക്കാനായിട്ടില്ല. അടിസ്ഥാനപരമായുള്ള ഇത്തരം പ്രശ്നങ്ങൾകൂടി പരിഹരിച്ചശേഷമേ രാജ്യവ്യാപകമായി ഇത് നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കാവൂ. ഇല്ലെങ്കിൽ സാധാരണക്കാരായ ആളുകൾക്ക് അത് വലിയ സാമ്പത്തികബാധ്യതയാകും സൃഷ്ടിക്കുക. വിവിധ വശങ്ങൾ വിലയിരുത്താതെ രാജ്യവ്യാപകമായി തിടുക്കപ്പെട്ട് ചരക്ക്-സേവന നികുതി നടപ്പാക്കിയത് വിവിധ തലങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത് നാം കണ്ടതാണ്. കുറച്ചുസമയമെടുത്തായാലും പോരായ്മകൾ പരിഹരിച്ചാകണം ഇത് വ്യാപകമാക്കേണ്ടത്. ഐ.ആർ.ഡി.എ.യുടെ കീഴിലുള്ള ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോ (ഐ.ഐ.ബി.) ഡൽഹിയിലെ പദ്ധതി പഠനവിധേയമാക്കുമെന്നാണ് പറയുന്നത്. ചുരുങ്ങിയത് ഒരു വർഷമെങ്കിലും ഇതിന്‌ വേണ്ടിവരും. പരിഷ്കാരത്തിലൂടെ അപകടങ്ങൾ കുറയ്ക്കാനായാൽ ഒട്ടേറെ ജീവൻ രക്ഷിച്ചെടുക്കാൻ നമുക്കാവും. ഇക്കാര്യത്തിൽ വിദേശരാജ്യങ്ങളിലെ വിജയത്തിൽ പ്രതീക്ഷയർപ്പിക്കാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented