editorial
ഒരു അമേരിക്കൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണം ആ രാജ്യവും ലോകവും ഇത്രയേറെ ശ്രദ്ധിച്ച ചരിത്രം സമീപകാലത്തുണ്ടായിട്ടില്ല. കാരണം, അമേരിക്കയുടെ ജനാധിപത്യത്തിനേറ്റ മുറിവിനും ആഗോളതലത്തിലില്ലാതായിപ്പോയ ഐക്യെപ്പടലിനും ജോ ബൈഡൻ എന്ന പുതിയ അമേരിക്കൻ സാരഥിയിലൂടെ പരിഹാരം പ്രതീക്ഷിക്കുന്നവർ ഏറെയാണ്. രാജ്യം രാഷ്ട്രീയമായും വംശീയമായും ഭിന്നിച്ചുനിൽക്കുന്ന സമയത്ത് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി അദ്ദേഹം സ്ഥാനമേറ്റതും അമേരിക്കൻ ജനത ഏറ്റവുമധികം കേൾക്കാനാഗ്രഹിക്കുന്ന രണ്ടുവാക്കുകൾ ആവർത്തിച്ചുകൊണ്ടാണ്-അമേരിക്കയുടെ ഐക്യവും സുഖപ്പെടലും. കാലാവസ്ഥാപ്രതിസന്ധിയോട് രാജ്യം പ്രതികരിക്കേണ്ടിയിരിക്കുന്നുവെന്ന് പക്വമാർന്ന തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പരാമർശിച്ച് നിമിഷങ്ങൾക്കുള്ളിൽ പാരീസ് ഉടമ്പടിയിലേക്കുള്ള തിരിച്ചുപോക്കിലും ബൈഡൻ ഒപ്പുവെച്ചു. ലോകാരോഗ്യസംഘടനയിൽ വീണ്ടും ചേർന്നതുൾപ്പെടെ നിർണായകമായ 17 എക്സിക്യുട്ടീവ് ഉത്തരവുകളിൽ അദ്ദേഹം ഒപ്പുവെച്ചത് വിവേകമുള്ള അമേരിക്കയുടെ വീണ്ടെടുക്കലിലേക്കുള്ള ആദ്യ ചുവടുകളാണ്.
ദീർഘനാളത്തെ രാഷ്ട്രീയപ്രവർത്തനപരിചയമുള്ള ബൈഡൻ പക്വതയോടെ ആഭ്യന്തര-അന്താരാഷ്ട്ര വിഷയങ്ങൾ കൈകാര്യംചെയ്യുമെന്ന പ്രതീക്ഷയിലാണ് ലോകം. കമലാ ഹാരിസ് എന്ന ആഫ്രോ ഇന്ത്യൻ വംശജയായ വൈസ് പ്രസിഡന്റ് അദ്ദേഹത്തിന് കരുത്തുപകരും.
സഖ്യങ്ങൾ ശക്തിപ്പെടുത്തി അന്താരാഷ്ട്രതലത്തിൽ സജീവമാകുമെന്ന ഉദ്ഘാടനപ്രസംഗത്തിലെ ബൈഡന്റെ പ്രഖ്യാപനത്തിന് മാനങ്ങൾ ഏറെയാണ്. രണ്ടാംലോക മഹായുദ്ധത്തിനുശേഷം പാശ്ചാത്യ ജനാധിപത്യമൂല്യങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെട്ട അന്താരാഷ്ട്ര സംഘടനകളിലുള്ള ബൈഡന്റെ ഇടപെടലുകൾക്കും അന്താരാഷ്ട്ര ഭൗമരാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമുണ്ട്. രാജ്യാന്തരഭീഷണികളെ നേരിടാൻ സ്വതന്ത്രരാഷ്ട്രങ്ങൾക്ക് അമേരിക്ക ശക്തിപകരുന്ന നാറ്റോ ഉൾപ്പെടെയുള്ള സഖ്യങ്ങളുടെ കാര്യത്തിലുള്ള അദ്ദേഹത്തിന്റെ നിലപാടും നിർണായകമാവും. ഇറാനുമായുള്ള ആണവക്കരാർ, സൗദിയുടെ പിന്തുണയോടെ യെമനിൽ നടത്തിവരുന്ന യുദ്ധം, അറബ്-ഇസ്രയേൽ പ്രശ്നം എന്നിവയും ബൈഡൻ ഏതുരീതിയിൽ കൈകാര്യംചെയ്യുമെന്നതും ലോകം ഉറ്റുനോക്കുന്നു. ചൈനയോട് ട്രംപ് തുടർന്ന ശീതയുദ്ധത്തിന് അയവുവരുമെന്നും ചൈനയുടെ മര്യാദകെട്ട സാമ്പത്തിക ഇടപാടുകളെ ചെറുത്തുകൊണ്ടുതന്നെ പരസ്പര വ്യാപാരക്കരാറുകളിൽ ധാരണയിലെത്തുമെന്നുമാണ് വിലയിരുത്തൽ. അതേസമയം, റഷ്യയോട് ട്രംപ് സ്വീകരിച്ച കർശനനിലപാടുകളിൽ മാറ്റം വരാൻ സാധ്യതയുമില്ല. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ലോകസമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായി നിൽക്കുന്നിടത്തോളം അമേരിക്കയുടെ തീരുമാനങ്ങൾ ലോകരാജ്യങ്ങളെ ബാധിക്കുകതന്നെ ചെയ്യും. ട്രംപ് തകർത്ത സ്വതന്ത്ര വ്യാപാരക്കരാറിന്റെ ഏടുകൾ ബൈഡൻ തുന്നിച്ചേർക്കുമെന്നും കരുതാം.
പാരീസ് കാലാവസ്ഥാ ഉടമ്പടിയിലേക്കുള്ള അമേരിക്കയുടെ തിരിച്ചുപോക്ക് കേവലം പ്രതീകാത്മകംമാത്രമല്ല, ശക്തമായ രാഷ്ട്രീയപ്രഖ്യാപനവും കൂടിയാണത്. പാരീസിലേക്കുള്ള തിരിച്ചുവരവിലൂടെ ലോകം അംഗീകരിച്ച നിയമങ്ങൾ അമേരിക്ക വീണ്ടും അനുസരിക്കാൻ ബാധ്യസ്ഥരാവുകയാണ്. കാലാവസ്ഥാനിയമങ്ങളിൽ വെള്ളംചേർത്ത ട്രംപ്, 50 വർഷം പഴക്കമുള്ള ദേശീയ പരിസ്ഥിതിനയം (നെപ്പ) ഉൾപ്പെടെ 175 അനുബന്ധനിയമങ്ങളാണ് റദ്ദാക്കിയത്. 2050 ആകുമ്പോഴേക്കും കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക എന്ന ബൈഡന്റെ നയമാകും അമേരിക്കൻ സമ്പദ്ഘടനയെയും സമൂഹത്തെയും ഇനിയുള്ള ദശകങ്ങളിൽ നയിക്കുക. അതായത്, നാലുവർഷമായി കേട്ടുകൊണ്ടിരിക്കുന്ന 'അമേരിക്ക ആദ്യം' എന്ന മുദ്രാവാക്യം, ഇനിമേൽ അത്ര ഉയർന്നുപൊങ്ങില്ല.. എന്നാൽ, ഇക്കഴിഞ്ഞ നാലു വർഷത്തിൽ ലോകം പുരോഗമനപരമായി ഒരുപാട് മാറിയെന്നും അമേരിക്കയുടെ സ്ഥായിയായ കൽപ്പനമനോഭാവം പുറത്തെടുക്കുന്നത് രണ്ടുവട്ടം ആലോചിച്ചുവേണമെന്ന ഔചിത്യവും ബൈഡൻ കാണിക്കുമെന്നും പ്രതീക്ഷിക്കാം.
ഇന്ത്യയോടുള്ള അമേരിക്കൻ സമീപനം കൂടുതൽ ഊഷ്മളമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒബാമ വെച്ചുപുലർത്തിയ മികച്ച ബന്ധം നിലനിൽക്കും. വാണിജ്യ, വ്യവസായ, ആയുധ, രാഷ്ട്രീയ, ശാസ്ത്ര മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ദൃഢമാകും. പ്രത്യേകിച്ച്, ചൈനയുമായുള്ള ഇടപെടലിലും അഫ്‌ഗാൻ രാഷ്ട്രീയത്തിലും ഇന്ത്യയെ വിശ്വാസത്തിലെടുക്കാൻ അമേരിക്ക നിർബന്ധമാവുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇന്ത്യൻ സംസ്കാരവുമായി ആത്മബന്ധമുള്ള കമല വൈസ് പ്രസിഡൻറ് സ്ഥാനത്തിരിക്കുന്നത് ഇന്ത്യക്ക് ആത്മവിശ്വാസംനൽകും. തീവ്രരാഷ്ട്രീയം, വെളുത്തവർഗക്കാരുടെ ആധിപത്യം, ആഭ്യന്തര തീവ്രവാദം എന്നിവ നേരിടുക ബൈഡനുമേലുള്ള ബാധ്യതകളാണ്. മഹാമാരി, കാലാവസ്ഥ, സമ്പദ്‌വ്യവസ്ഥ, വംശീയത എന്നീ പ്രശ്നങ്ങൾക്കാണ് തന്റെ ഭരണത്തിൽ പ്രാമുഖ്യമെന്നും ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷണഘട്ടം തരണംചെയ്ത് ശക്തമായി തിരിച്ചുവന്നിരിക്കയാണ് രാജ്യം എന്നാണ് ബൈഡൻ പറഞ്ഞത്.
ഞങ്ങൾ തിരിച്ചുവന്നു എന്നാണ് അമേരിക്ക ഇപ്പോൾ പറയുന്നത്. തിരിച്ചുപിടിച്ചു എന്നതിലേക്ക് എന്നാൽ ഇനിയും ഒരുപാട് ദൂരമുണ്ട്. ഏറ്റവുമൊടുവിലെ കാപ്പിറ്റോൾ അക്രമമുൾപ്പെടെ ജനാധിപത്യത്തിൽ ട്രംപ് ഏൽപ്പിച്ച മുറിവുകളിൽ മരുന്നുവെച്ചുകെട്ടുകയാണ് ബൈഡൻ. വെളിച്ചം പ്രവേശിക്കുന്നയിടങ്ങളാണ് മുറിവുകൾ എന്ന ജലാലുദ്ദീൻ റൂമിയുടെ വാക്കുകളെടുത്താൽ മുറിവുകളിലൂടെ അമേരിക്കയിലും ലോകത്തിലും വെളിച്ചം പ്രവഹിക്കട്ടെ.
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..