കെ.എസ്.ആർ.ടി.സി.യെ കടക്കെണിയിൽനിന്നും കരകയറ്റുക. കഴിഞ്ഞ 20 വർഷമായി കേരളം നേരിടുന്ന വെല്ലുവിളികളിലൊന്നാണിത്. മാറിമാറിവരുന്ന സർക്കാരുകൾ നൽകുന്ന സാമ്പത്തികസഹായം, പ്രഗല്‌ഭരായ ഉദ്യോഗസ്ഥരുടെ സാരഥ്യം, വിദഗ്ധസമിതി റിപ്പോർട്ടുകൾ, പുനരുദ്ധാരണപാക്കേജുകൾ എന്നിങ്ങനെ കെ.എസ്.ആർ.ടി.സി.യെ രക്ഷിക്കാൻ സ്വീകരിച്ച നടപടികളെല്ലാം പക്ഷേ, പാഴായി.
അടുത്തിടെ അധികാരമേറ്റ കെ.എസ്.ആർ.ടി.സി. എം.ഡി. ബിജു പ്രഭാകർ നവീകരണനിർദേശങ്ങളുമായി മുന്നോട്ടുവന്നപ്പോൾ പതിവുപോലെ പ്രതിഷേധവും വിവാദങ്ങളും ഉയർന്നു. സ്ഥാപനത്തെ തകർക്കുന്നതിൽ ചെറിയൊരുവിഭാഗം ജീവനക്കാർക്കും പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞതാണ് ഇപ്പോഴത്തെ കോലാഹലങ്ങൾക്കുകാരണം. അഞ്ചുശതമാനം ജീവനക്കാർ സ്ഥാപനത്തോട് ആത്മാർഥത കാണിക്കാതെ മറ്റു ഉപജീവനമാർഗങ്ങളിൽ മുഴുകുന്നുവെന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് വിവാദമായത്. സംഘടനകൾ പ്രതിഷേധിച്ചു. തൊണ്ണൂറ്റിയഞ്ചുശതമാനം ജീവനക്കാരും ആത്മാർഥമായി ജോലിചെയ്യുന്ന സ്ഥാപനത്തെയും ജോലിക്കാരെയും മൊത്തത്തിൽ ഇടിച്ചുതാഴ്ത്തുന്നു ഈ വിവാദം എന്നാണ് പ്രതിഷേധങ്ങളുടെ സാരം. ആ പ്രതിഷേധത്തിൽ കഴമ്പില്ലെന്നു പറയാനാവില്ലതാനും. സ്ഥാപനത്തിനുവേണ്ടി ചോരനീരാക്കുന്ന, സ്ഥാപനത്തെ സ്വന്തംവീടായി കാണുന്ന ഒരുപാടുപേർ അവിടെയുണ്ട്. അതേസമയം, വിമർശനങ്ങളെ ഉൾക്കൊള്ളാനുള്ള ഉൾക്കാഴ്ചയും സംഘടനകൾ വെച്ചുപുലർത്തണം. ചുവരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റുകയുള്ളൂ.
അഞ്ചുവർഷത്തിനിടെ പൊതുപണത്തിൽനിന്ന് 5000 കോടി ചെലവഴിച്ചിട്ടും കെ.എസ്.ആർ.ടി.സി.യിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവുന്നില്ല എന്ന വസ്തുത ഗൗരവമേറിയതാണ്. സൂചികൊണ്ട് എടുക്കാൻകഴിയുന്നത് ദിവസം ചെല്ലുംതോറും തൂമ്പകൊണ്ടുപോലും എടുക്കാനാവാത്ത സ്ഥിതിയാണെന്ന് ധനമന്ത്രി പറയുന്നു. ഈവർഷവും ബജറ്റിൽ 1800 കോടി രൂപയാണ് കെ.എസ്.ആർ.ടി.സി.ക്കായി നീക്കിവെച്ചത്. നികുതിപ്പണം ഒഴുക്കി എത്രകാലം ഒരു പൊതുമേഖലാസ്ഥാപനത്തെ ഇങ്ങനെ സംരക്ഷിച്ചുനിർത്താനാകും. ഇനിയെങ്കിലും കൂട്ടായപ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കേണ്ടതുണ്ട്.
പരിമിതമായ ശമ്പളവും അനുകൂല്യങ്ങളുടെ കുറവുമാകാം മറ്റു വരുമാനമാർഗങ്ങൾ തേടാൻ ഒരുവിഭാഗം ജീവനക്കാരെ പ്രേരിപ്പിച്ചത്. 2012-നുശേഷം ഇവിടെ ശമ്പളപരിഷ്കരണം നടന്നിട്ടില്ല. സ്ഥാനക്കയറ്റം നടന്നിട്ട് രണ്ടുവർഷത്തിലേറെയായി. ജീവനക്കാരുടെ ഇടയിലെ അസംതൃപ്തി നാൾക്കുനാൾ വർധിക്കുന്നുണ്ട്. ദീർഘദൂരബസുകളിലെ ജീവനക്കാർക്ക് വിശ്രമിക്കാൻ സൗകര്യങ്ങളില്ല. അശാസ്ത്രീയമായ പരിഷ്കാരങ്ങൾക്ക് ഇരയാകുന്നതായി ജീവനക്കാർക്ക് പരാതിയുണ്ട്. അവരെ വീണ്ടും അസംതൃപ്തിയിലേക്ക് തള്ളിവിടുന്നത് അപകടകരമാണെന്ന വസ്തുത മാനേജ്മെന്റും തിരിച്ചറിയണം. തെറ്റുണ്ടെങ്കിൽ തിരുത്താനുള്ള അവസരം നൽകി സ്ഥാപനത്തിന്റെ ഭാഗമാക്കിനിർത്താനുള്ള നയം മാനേജ്മെന്റ് സ്വീകരിക്കണം. ജീവനക്കാരുടെ വിശ്വാസ്യത ആർജിച്ചാലേ സ്ഥാപനത്തിന് മുന്നോട്ടുപോകാനാകൂ എന്നതും സത്യമാണ്. കഴിവില്ലാത്ത മേലുദ്യോഗസ്ഥരും പാളിയ മധ്യനിര മാനേജ്മെന്റുമാണ് ക്രമക്കേടുകൾക്ക് ഇടയാക്കുന്നതെന്ന് വ്യക്തമാണ്. അടിയന്തരസാഹചര്യത്തിൽ ഒരാൾക്കുപകരം ബസ്സോടിക്കാൻ നിയോഗിക്കപ്പെട്ട ഡ്രൈവർ ഇഞ്ചിക്കൃഷി ചെയ്യാൻപോയെങ്കിൽ അയാൾമാത്രമല്ല, മേലുദ്യോഗസ്ഥരും ഉത്തരവാദികളാണ്. സ്ഥാപനത്തിന്റെ പുരോഗതി ഉറപ്പാക്കുന്നതിനൊപ്പം ക്രമക്കേടുകൾക്ക് അവസരമില്ലാതാക്കുന്നതും മാനേജ്മെന്റിന്റെ ഉത്തരവാദിത്വമാണ്.
പരസ്യമായ വിഴുപ്പലക്കലുകൾക്കും ആരോപണങ്ങൾക്കും അപ്പുറം സ്ഥാപനത്തെ രക്ഷിക്കാൻ സർക്കാരും മാനേജ്മെന്റും ജീവനക്കാരും സംഘടനകളും ഒത്തുനിൽക്കേണ്ട അവസരമാണ്. മാറിയ സാഹചര്യത്തിനനുസരിച്ച് ചില വിട്ടുവീഴ്ചകൾക്ക് ജീവനക്കാരും തയ്യാറാകണം. പഴയപോലെ സ്റ്റോപ്പിൽനിന്ന് മാറിനിർത്തുന്ന കെ.എസ്.ആർ.ടി.സി. ബസിനുപിന്നാലെ ഓടിമെനക്കെടാൻ യാത്രക്കാർ തയ്യാറാവില്ല. ഓൺലൈനിലൂടെ, ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിർത്തി ആളെക്കയറ്റുന്ന ആകർഷണീയമായ സ്വകാര്യസേവനങ്ങളോടാണ് കെ.എസ്.ആർ.ടി.സി.ക്കും മത്സരിക്കേണ്ടത്. എന്തായാലും സമയമേറെ വൈകുംമുമ്പ് പുതിയൊരു തുടക്കംകുറിക്കാൻ കെ.എസ്.ആർ.ടി.സി. തയ്യാറാവണം. തൊഴിലാളികളും യൂണിയൻനേതൃത്വവും ഭരണാധികാരികളും പൊതുസമൂഹവും ഒന്നിച്ചുള്ള ഒരു ശുഭയാത്രയ്ക്കായി കേരളം കാത്തിരിക്കുന്നു.