ചട്ടുകമാവരുത് പോലീസ് ചട്ടം


നിയമഭേദഗതി അഭിപ്രായ സ്വാതന്ത്ര്യം തടയാൻ ദുരുപയോഗിക്കപ്പെടില്ലെന്നും പത്രസ്വാതന്ത്യ്രത്തിനുമേൽ കണ്ണുവെക്കില്ലെന്നും ഉറപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. അല്ലെങ്കിൽ അത് ബൂമറാങ്‌ ചെയ്യുമെന്നതാണ് ചരിത്രപാഠം

editorial

പോലീസ്‌ ആക്ടിലെ 118 (എ) ഭേദഗതി വിവാദമുയർത്തിയിരിക്കുകയാണ്. സാമൂഹികമാധ്യമങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ നിന്ദ്യമായ സൈബർ ആക്രമണങ്ങളെ തടയിടാൻ എന്ന പേരിലാണ് പ്രസ്തുത ഭേദഗതി. എന്നാൽ, ഇക്കാര്യം അതിൽ പ്രത്യേകം, കൃത്യമായി പരാമർശിക്കാതെ, എല്ലാ വിനിമയ ഉപാധികൾക്കും ബാധകമെന്ന രീതിയിലുള്ള നിർവചനം ആശങ്കയുണർത്തുന്നു. ഭേദഗതി സ്വതന്ത്രമാധ്യമപ്രവർത്തനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടാനുള്ള മാരണമായ പോലീസ്‌നിയമമാവുമെന്ന് വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. പ്രതിപക്ഷപാർട്ടികളും നിയമജ്ഞരും ഭേദഗതിയെ രൂക്ഷമായി എതിർത്ത്‌ രംഗത്തുവന്നിട്ടുണ്ട്.
ഇക്കാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും പരിരക്ഷിക്കുന്ന എല്ലാ വകുപ്പുകൾക്കും വിധേയമായ വ്യവസ്ഥകളാണ് ഭേദഗതിയിലുള്ളതെന്നും സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾ എന്നിവർ നേരിടുന്ന സൈബർ ആക്രമണങ്ങളുടെകൂടി പശ്ചാത്തലത്തിലാണ് ഈ ഭേദഗതി നടപ്പാക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇതു സംബന്ധിച്ച്‌ ഉയരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളെയും നിർദേശങ്ങളെയും പരിഗണിക്കുമെന്ന്‌ അദ്ദേഹം പറയുന്നു. പക്ഷേ,‚ വേണ്ടത്ര ചർച്ചകളും വിദഗ്‌ധാഭിപ്രായങ്ങളും മുൻകൂർ നടത്താതെയും കേൾക്കാതെയും നിയമസഭയിൽ അവതരിപ്പിക്കാതെയും ഓർഡിനൻസ്‌ വഴി ഭേദഗതി നടപ്പാക്കിയത് സംശയങ്ങൾക്ക് വഴിവെക്കുന്നു. പോലീസിന് അനിയന്ത്രിതമായ അധികാരങ്ങളാണ് പ്രസ്തുത നിയമത്തിൽ നൽകിയിട്ടുള്ളത്. വാറന്റില്ലാതെ കേസെടുക്കാൻ കഴിയുന്ന കൊഗ്നിസിബിൾ വകുപ്പാണിത്. ആർക്കും പരാതിയില്ലെങ്കിലും പോലീസിന്‌ സ്വമേധയാ കേസെടുക്കാം. ഈ വ്യവസ്ഥകൾ പൗരാവകാശനിഷേധത്തിന്‌ ഉപയോഗിക്കപ്പെട്ടേക്കാം.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ മാത്രമല്ല, ആർക്കെതിരേയുമുള്ള സൈബർ ആക്രമണങ്ങളെയും കർശനമായി തടയുകതന്നെ വേണം. അതിന് ഉരുക്കുമുഷ്ടി പ്രയോഗിക്കാമെന്നതിൽ സംശയമില്ല. എന്നാൽ, അതിന്റെ മറവിൽ ഗൂഢ ലക്ഷ്യങ്ങളാണ് നടപ്പാവുന്നതെങ്കിൽ അത് ജനാധിപത്യസംവിധാനത്തിനുതന്നെ അപകടമാവും എന്നു തീർച്ച. സാമൂഹിക മാധ്യമങ്ങളെ ഒന്നടങ്കം സംശയക്കണ്ണാൽ നോക്കുന്നതും ഇഷ്ടമില്ലാത്തതിനെയെല്ലാം നിശബ്ദമാക്കാൻ ശ്രമിക്കുന്നതും ജനാധിപത്യവിരുദ്ധമാണ്‌.

മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടി ഒട്ടേറെ സമരങ്ങൾ നടത്തിയ, മുൻ കേന്ദ്രമന്ത്രി കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതുസംബന്ധിച്ച ഓർഡിനൻസ് പുറപ്പെടുവിച്ചത് കുറെയധികം ദിവസത്തെ സാവകാശമെടുത്താണ്. നല്ല ഉദ്ദേശ്യത്തോടെയാണ് നിയമങ്ങൾ കൊണ്ടുവരുന്നതെങ്കിലും പ്രയോഗത്തിലെത്തുമ്പോൾ വിരുദ്ധാനുഭവത്തിന്റെ സാധ്യതയുണ്ടെന്ന അനുഭവത്തിന്റെ വെളിച്ചത്തിലാണോ ഓർഡിനൻസ് പുറപ്പെടുവിക്കാൻ കാലതാമസമെടുത്തതെന്ന സംശയമുയർന്നിട്ടുണ്ട്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിനെതിരേയാണ്‌ ഈ പുതിയ നിയമം.അഞ്ചുവർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കാനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.

ഐ.ടി. നിയമത്തിലെ 66 എ. വകുപ്പ് അത്യന്തം ജനാധിപത്യവിരുദ്ധമാണെന്ന് സി.പി.എം. ഉൾപ്പെടെയുള്ള പാർട്ടികൾ അഭിപ്രായപ്പെട്ടിരുന്നു. ശിവസേനാ നേതാവായ ബാൽ താക്കറെയെ വിമർശിച്ചുകൊണ്ട് നവമാധ്യമത്തിൽ അഭിപ്രായപ്രകടനം നടത്തിയ മുംബൈ സ്വദേശികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചപ്പോൾ രാജ്യവ്യാപക പ്രതിഷേധമുയർന്നതാണ്. അറസ്റ്റിനായി ഉപയോഗിച്ച ഐ.ടി. ആക്ടിലെ 66 എ.വകുപ്പിനെതിരെ കേസുവന്നപ്പോൾ ജനാധിപത്യവിരുദ്ധമായ ആ വകുപ്പുതന്നെ അസാധുവാക്കുകയാണ് സുപ്രീംകോടതി ചെയ്തത്. അതേവിധിയിൽത്തന്നെയാണ് കേരളാപോലീസ് നിയമത്തിലെ 118 ഡി.വകുപ്പും അസാധുവാക്കിയത്. അസാധുവാക്കപ്പെട്ട ആ വകുപ്പുകൾ പുതിയരൂപത്തിലാക്കി പിൻവാതിലിലൂടെ അകത്തുകയറ്റുകയാണ് സർക്കാർ ചെയ്തിരിക്കുന്നതെന്ന് ഇടതുപക്ഷത്തുനിന്നുതന്നെ വിമർശനമുയരുകയാണ്. നല്ല ലക്ഷ്യത്തോടെ നിയമഭേദഗതികൊണ്ടുവന്ന് അത് മറ്റ് ലക്ഷ്യങ്ങൾക്ക് ദുരുപയോഗിക്കാൻ കളമൊരുക്കിക്കൊടുക്കുന്ന വിരോധാഭാസമാണ് സംഭവിക്കുന്നത്. ദേശീയതലത്തിൽ ഒരുനയവും സംസ്ഥാനത്ത് മറ്റൊരു നയവുമെന്ന സമീപനവും ശരിയല്ല.

ഏറ്റുമുട്ടൽ എന്ന വിശേഷണത്തോടെ മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവങ്ങളെ അപലപിച്ചതുപോലെ ഭരണമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ. 118എ.യെ എതിർക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മാവോവാദികളുടെ പുസ്തകം സൂക്ഷിച്ചുവെന്നും മറ്റുമുള്ള കുറ്റം ചുമത്തി കേരളാ പോലീസ് അലൻ, താഹ എന്നീ വിദ്യാർഥികളെ അറസ്റ്റുചെയ്ത് എൻ.ഐ.എ.യെ ഏൽപ്പിച്ചതടക്കമുള്ള സംഭവങ്ങളിൽ പോലീസിന്റെ ഭാഷ്യം മാത്രം മുഖവിലയ്ക്കെടുക്കുന്ന സമീപനമാണ് സർക്കാരിന്റെ രാഷ്ട്രീയനേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മുന്നണിക്കകത്തുതന്നെ ഉയർന്ന ആക്ഷേപം നിലനിൽക്കുന്നു.

ഉത്തരേന്ത്യയിൽ ജനാധിപത്യാവകാശവും അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നുവെന്നും തീവ്രവാദികളെന്ന് വിശേഷിപ്പിച്ച് വിചാരണകൂടാതെ തടവിലിടുന്നുവെന്നുമുള്ള വിമർശനങ്ങൾ ഇടതുപക്ഷ പാർട്ടികളടക്കം ഉന്നയിക്കുന്നുണ്ട്. സുപ്രീംകോടതിയിലടക്കം ഒട്ടേറെ കേസുകൾ അതുമായി ബന്ധപ്പെട്ട്‌ നടക്കുന്നു. അങ്ങനെയുള്ള സന്ദർഭത്തിൽ കൂടുതൽ ഗൃഹപാഠം ചെയ്തുകൊണ്ടാവണമായിരുന്നു പോലീസ് നിയമഭേദഗതി. നിയമഭേദഗതി അഭിപ്രായ സ്വാതന്ത്ര്യം തടയാൻ ദുരുപയോഗിക്കപ്പെടില്ലെന്നും പത്രസ്വാതന്ത്യ്രത്തിനുമേൽ കണ്ണുവെക്കില്ലെന്നും ഉറപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. അല്ലെങ്കിൽ അത് ബൂമറാങ്‌ ചെയ്യുമെന്നതാണ് ചരിത്രപാഠം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented