തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ


2 min read
Read later
Print
Share

ആവേശവും ആൾക്കൂട്ടവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണ്. എന്നാൽ, ഇത് മഹാമാരിക്കാലമാണെന്ന നല്ലബോധത്തോടെ ആൾക്കൂട്ട പ്രചാരണം പൂർണമായി ഒഴിവാക്കുകയും വീടുകയറിയുള്ള പ്രചാരണസംഘം മൂന്നോ നാലോ പേർ മാത്രമായി പരിമിതപ്പെടുത്തുകയും വേണം.

editorial

പാർലമെന്റിലേക്കും നിയമസഭയിലേക്കും നടക്കുന്ന വോട്ടെടുപ്പിനെക്കാളും പ്രാദേശികമായി വൈകാരിക അടുപ്പമുണ്ടെന്നതാണ് ത്രിതല പഞ്ചായത്ത്-നഗരസഭാ തിരഞ്ഞെടുപ്പിന്റെ സവിശേഷത. കക്ഷിരാഷ്ട്രീയംതന്നെയാണ് കേന്ദ്രബിന്ദുവെങ്കിലും പ്രാദേശിക സർക്കാരുകളെ തിരഞ്ഞെടുക്കുന്നതിൽ മറ്റ് പരിഗണനകൾ അധികമായുണ്ട്. പ്രദേശിക വികസനം, ക്ഷേമപ്രവർത്തനം, പ്രദേശത്തെ കുടുംബങ്ങളുമായുള്ള ആത്മബന്ധം എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പിൽ നിർണായകമാകാം.

1973-ലെയും ’74-ലെയും ഭരണഘടനാഭേദഗതി പ്രാബല്യത്തിലായി കാൽനൂറ്റാണ്ടിലേറെയായി. പ്രാദേശികഭരണം എന്നത് കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരത്തിന്റെ വേദിയാകരുത്, ഭരണപക്ഷം-പ്രതിപക്ഷം എന്ന വ്യത്യാസമില്ലാതെ പങ്കാളിത്തത്തിൽ അധിഷ്ഠിതമാകണം എന്നിവയാണ് പഞ്ചായത്തീരാജിന്റെ അന്തസ്സത്ത. തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്കു മാത്രമല്ല, പ്രധാന തീരുമാനങ്ങളെടുക്കുന്നതിനുമുമ്പ് എല്ലാ വോട്ടർമാർക്കും അഭിപ്രായം പറയാൻ, നിർദേശമുന്നയിക്കാൻ വേദിയുണ്ടാകണമെന്ന വ്യവസ്ഥ അതിന്റെ ഭാഗമാണ്. ഗ്രാമസഭയും വാർഡ്സഭയും പക്ഷേ, കൃത്യമായി നടക്കുന്നില്ല, സഭകളിലെ പങ്കാളിത്തം പേരിനുമാത്രം. യോഗം പലപ്പോഴും നടക്കുന്നതേയില്ല എന്നിങ്ങനെ ആക്ഷേപം പലേടത്തുനിന്നും ഉണ്ടാകാറുണ്ട്. അധികാരവികേന്ദ്രീകരണം ഭരണഘടനാഭേദഗതിയിൽ വിഭാവനം ചെയ്തതുപോലെ പ്രാവർത്തികമാകണമെങ്കിൽ ഈ അടിസ്ഥാനഘടകത്തെ ചൈതന്യവത്താക്കിയേ തീരൂ.
ഡിസംബർ എട്ട്, 10, 14 തീയതികളിലായി സംസ്ഥാനത്ത് നടക്കുന്ന പഞ്ചായത്ത്-നഗരസഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനത്തിന്റെ വിലയിരുത്തൽ പ്രധാനമാണ്. അടിക്കടി രണ്ട് പ്രളയവും പിന്നീടിപ്പോൾ കോവിഡ് മഹാമാരിയും കാരണം പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയാത്ത പ്രശ്നം എല്ലായിടത്തുമുണ്ട്. കോവിഡ് പ്രതിരോധപ്രവർത്തനത്തിലും ലോക്ഡൗൺ കാലത്ത് സാമൂഹിക അടുക്കളയടക്കമുള്ള പ്രവർത്തനങ്ങളിലും അവശ്യസാധനങ്ങളെത്തിക്കുന്നതിലുമെല്ലാം പഞ്ചായത്തുകളും നഗരസഭകളുമാണ് എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചത്. ഗ്രാമപ്പഞ്ചായത്തിലെയോ നഗരസഭയിലെയോ അംഗത്വമെന്നത് ഇക്കാലത്ത് പദവിയല്ല, വലിയ ഉത്തരവാദിത്വവും മുഴുവൻസമയ പ്രവർത്തനം ആവശ്യപ്പെടുന്നതുമാണ്. ആത്മാർഥമായ പ്രവർത്തനം നടത്തിയിട്ടും എല്ലാവരെയും തൃപ്തിപ്പെടുത്താനാവാത്തതിനാൽ വിമർശനത്തിനും ആക്ഷേപത്തിനും മാത്രമല്ല, വിദ്വേഷത്തിനുപോലും ഇരകളായവർ എത്രയോ ഉണ്ടാവും പ്രാദേശിക ജനപ്രതിനിധികളിൽ. പകുതിയിലൊന്നെങ്കിലുമധികം സ്ത്രീകളാണ് പഞ്ചായത്ത്-നഗരസഭാ അധ്യക്ഷരും അംഗങ്ങളുമായി പ്രവർത്തിച്ചത്. സംസ്ഥാനത്ത് 21,867 ജനപ്രതിനിധികളാണ് ഇപ്പോൾ സ്ഥാനമൊഴിയുന്നത്. അവരിൽ മഹാഭൂരിഭാഗം പേരും ഇത്തവണ മത്സരരംഗത്തുണ്ടാവാനിടയില്ല. നിയമസഭകളിലും പാർലമെന്റിലും ഒട്ടേറെപ്പേർ സ്ഥിരം സാന്നിധ്യമാകുമ്പോൾ താഴേത്തട്ടിൽ ഊർജസ്വലരായ പുതിയപ്രവർത്തകർക്ക് അവസരം ലഭിക്കുന്നുവെന്നതിന് ഏറെ പ്രാധാന്യമുണ്ട്. പൊതുരംഗത്ത് വലിയ ചലനാത്മകതയുണ്ടാക്കാൻ സഹായകമാണത്.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഇത്തവണ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്താനാവുമോ എന്നതിൽ അനിശ്ചിതത്വം നിലനിന്നതാണ്. എന്നാൽ, കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ മുഴുകുന്നതിനിടയിൽത്തന്നെ വോട്ടർപട്ടിക പുതുക്കലടക്കമുള്ള തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും സാധിച്ചു. ഒരുലക്ഷത്തോളംപേർ കോവിഡ് ചികിത്സയിലും രണ്ടുലക്ഷത്തോളം പേർ നിരീക്ഷണത്തിലുമാണിപ്പോഴും. ശരാശരി ഏഴായിരത്തോളം പേർ ദിവസേന കോവിഡ് പോസിറ്റീവാകുന്നു. ഇത്തരം പ്രശ്നങ്ങളെല്ലാമുള്ളപ്പോഴാണ് തിരഞ്ഞെടുപ്പ് നടത്താൻ നിർബദ്ധിതമാകുന്നത്. തിരഞ്ഞെടുപ്പ്‌ നടത്താൻ അല്പം വൈകിയതിനാൽ ഒന്നരമാസത്തോളം പഞ്ചായത്തുകളിലും നഗരസഭകളിലും ഉദ്യോഗസ്ഥഭരണമാണ് നടക്കുക. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ഇഴയടുപ്പമുണ്ടാകേണ്ട പ്രാദേശികഭരണം കേവലം ഉദ്യോഗസ്ഥനേതൃത്വത്തിൽ കൂടുതൽക്കാലം മുന്നോട്ടുകൊണ്ടുപോകാനാവില്ല. ഇപ്പോൾ വോട്ടെടുപ്പ് നടത്തൽ സാഹസമാണെങ്കിലും അതനിവാര്യമാണ്.

എന്നാൽ, മതിയായ സുരക്ഷാമുൻകരുതൽ സ്വീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരും തയ്യാറാകേണ്ടതുണ്ട്. ഓണത്തിന് ലോക്‌ഡൗണിൽ വലിയ ഇളവുനൽകിയത് കേരളത്തിൽ കോവിഡ് പകർച്ച രൂക്ഷമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രിതന്നെ ചൂണ്ടിക്കാട്ടിയതാണ്. മൂന്ന് ഘട്ടങ്ങളിലായി വികേന്ദ്രീകരിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെങ്കിലും ബൂത്തുകളിൽ ആളുകൾ കൂട്ടംകൂടുന്നത് തടയാനെങ്ങനെ കഴിയുമെന്ന പ്രശ്നമുണ്ട്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ബൂത്തുകളുടെ എണ്ണം വർധിപ്പിക്കുന്നതടക്കമുള്ള നടപടികളുണ്ടായിട്ടില്ല. സാധാരണയായി തിരഞ്ഞെടുപ്പിന് നിശ്ചയിക്കുന്നതിലധികം ജീവനക്കാർ ഇത്തവണ ആവശ്യമായിവരും. റിസർവിലും ഒട്ടേറെപ്പേരെ കാണേണ്ടിവരും. കോവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും തപാൽവോട്ടും നിരീക്ഷണത്തിലുള്ളവർക്ക് പി.പി.ഇ. കിറ്റ് ധരിച്ചെത്തി വോട്ടുചെയ്യാനുള്ള അവസരവുമുണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഷ്ട്രീയപ്പാർട്ടികൾ ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കേണ്ടത് കോവിഡ് പരത്താതിരിക്കാനുള്ള മുൻകരുതൽ രൂപത്തിൽക്കൂടിയാണ്. ആവേശവും ആൾക്കൂട്ടവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണ്. എന്നാൽ, ഇത് മഹാമാരിക്കാലമാണെന്ന നല്ലബോധത്തോടെ ആൾക്കൂട്ട പ്രചാരണം പൂർണമായി ഒഴിവാക്കുകയും വീടുകയറിയുള്ള പ്രചാരണസംഘം മൂന്നോ നാലോ പേർ മാത്രമായി പരിമിതപ്പെടുത്തുകയും വേണം. കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചും ചെലവ് പരമാവധി ചുരുക്കിയും കോലാഹലം ഒഴിവാക്കിയും മിതത്വത്തോടെ പ്രചാരണം നടത്തുന്നില്ലെങ്കിൽ അനുഭാവം കുറയുകയാവും ഫലമെന്ന തിരിച്ചറിവുണ്ടായേ പറ്റൂ.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented