വികസനം കുതിക്കണം അഴിമതി തടയണം


വടക്കാഞ്ചേരിയിലെ ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ ലൈഫ് പദ്ധതിയെ ആകെ ആക്ഷേപിക്കുകയും അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നതിന് നീതീകരണമില്ല

editorial

കേരളത്തിന്റെ വികസനം ലക്ഷ്യംവെച്ച്‌ സർക്കാർ നടത്തുന്ന പദ്ധതികളിൽ അന്വേഷണ ഏജൻസികൾക്ക് ഇടപെടാൻ അധികാരമില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരിക്കുകയാണ്. ഭരണഘടനയെ അനുസരിച്ചാണ് ഏജൻസികൾ മുന്നോട്ടുപോകേണ്ടതെന്നും നിക്ഷിപ്തതാത്‌പര്യം വെച്ച് അന്വേഷണം നടത്തുന്നത് ഫെഡറൽ സംവിധാനത്തെ തകർക്കുന്നതിനു തുല്യമാണെന്നുമാണ് അദ്ദഹം പറഞ്ഞതിന്റെ പൊരുൾ. മികച്ച ഭരണനേട്ടത്തിനുള്ള പുരസ്കാരം തുടർച്ചയായി കിട്ടാനിടയാക്കിയ മിടുക്കും പരിശ്രമവും അന്വേഷണ ഏജൻസികളുടെ ചങ്ങലയ്ക്കിടൽകാരണം സ്തംഭിക്കും എന്നുമദ്ദേഹം സൂചിപ്പിച്ചു. മുഖ്യമന്ത്രി പറഞ്ഞതിൽ ചില വസ്തുതകളുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ വികസനപദ്ധതികൾ ദിശയറിയാതെ ഗതിമുട്ടിപ്പോകും. അതിനു നേതൃത്വംകൊടുക്കുന്ന ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലും അങ്കലാപ്പിലുമാവും. അത് പദ്ധതിയുടെ ഗതിയെ താറുമാറാക്കും. നഷ്ടം പേറേണ്ടിവരുക സ്വാഭാവികമായും ഗുണഭോക്താക്കളായ സാധാരണ ജനങ്ങളായിരിക്കും. വികസനക്കുതിപ്പിനു ചിറകാവുന്ന ഇത്തരം പദ്ധതികൾ അഴിമതിക്കുള്ള ഒളിത്താവളങ്ങളായിക്കൂടാ എന്നുള്ളത് മറ്റൊരുകാര്യം.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെതന്നെ കീഴിലുള്ള വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അഴിമതിക്കേസിൽ പ്രതിചേർത്തതിന് വലിയ സൂചനകളുണ്ട്. ലൈഫ് മിഷൻ പദ്ധതി സംസ്ഥാനത്തെ ഏറ്റവും ജനോപകാരപ്രദമായ പദ്ധതിയാണെങ്കിലും ആ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ യു.എ.ഇ.യിലെ റെഡ്ക്രസന്റിന്റെ ചെലവിൽ ഭവനസമുച്ചയം നിർമിക്കുന്നതിൽ വലിയ അഴിമതി നടന്നുവെന്ന് സർക്കാർ സമ്മതിക്കുകയാണ്. ആ അഴിമതി നടത്തിയതിൽ മുഖ്യ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതോദ്യോഗസ്ഥനുതന്നെയാണെന്നും പ്രതിചേർത്തതിലൂടെ വ്യക്തമാവുകയാണ്. നേരത്തേ സി.ബി.ഐ. ഈ കേസിന്റെ പ്രാഥമികാന്വേഷണം നടത്തിയപ്പോൾ കോടതിയിൽ വ്യക്തമാക്കിയത് ഞെട്ടിക്കുന്ന അധോലോക ഇടപാടുകൾ നടന്നുവെന്നാണ്.

ലൈഫ് പദ്ധതിയുടെ ഭാഗമായി വീട് നിർമിച്ചുനൽകാൻ പണം നൽകാമെന്ന് യു.എ.ഇ.യിലെ റെഡ് ക്രസന്റ് സർക്കാരുമായി കരാറുണ്ടാക്കുക, കേരളത്തിൽ നടത്തുന്ന ആ പ്രവൃത്തിക്ക് യു.എ.ഇ. കോൺസുലേറ്റ് ടെൻഡറില്ലാതെ കരാർ നൽകുക, 20 കോടി രൂപയുടെ പദ്ധതിക്ക് 4.20 കോടിരൂപ കോഴ വാങ്ങുക, കോഴപ്പണത്തിൽ 3.60 കോടി രൂപ ഡോളറാക്കി വിദേശത്തു കൊണ്ടുപോവുക, ഇതിനെല്ലാം സൗകര്യമൊരുക്കുന്നതിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വഴിവിട്ടുപ്രവർത്തിക്കുക, എല്ലാ കോഴ ഇടപാടിന്റെയും നായകത്വംവഹിക്കുന്ന മൂന്നംഗ സംഘത്തിന്റെ പ്രോത്സാഹകനായി പ്രിൻസിപ്പൽ സെക്രട്ടറി പ്രവർത്തിക്കുക -ഇതെല്ലാമാണ് സംഭവിച്ചതെന്നാണ് പുറത്തുവന്നേടത്തോളം വിവരങ്ങൾ വ്യക്തമാക്കുന്നത്.

എന്നാൽ, ലൈഫ് മിഷൻ ഭവനപദ്ധതി സംസ്ഥാനത്തെ ഏറ്റവും ജനോപകാരപ്രദമായ പദ്ധതിയാണെന്നത് തർക്കവിഷയമല്ല. കിഫ്ബി മുഖേനയുൾപ്പെടെ അഭൂതപൂർവമായ വികസനപ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭൂരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും വാസയോഗ്യമായ വീട് ലഭ്യമാക്കുന്ന ലൈഫ് മിഷൻ ഇപ്പോഴത്തെ സർക്കാരിന്റെ സ്വപ്നപദ്ധതിയാണ്. വടക്കാഞ്ചേരിയിലേത് അതിന്റെ വളരെവളരെ ചെറിയ ഒരുഭാഗം മാത്രമാണ്. ഒഴുകുന്ന പുഴയിലെ വെള്ളത്തിൽ വീണ ഒരല്പം വിഷംപോലെ അതിനെ കണക്കാക്കാം. പല പദ്ധതികളിലായി നേരത്തേ നിർമാണം തുടങ്ങി പൂർത്തിയാക്കാനാവാതെപോയ അരലക്ഷത്തിലധികം വീടുകൾ ലൈഫ് പദ്ധതിയുടെ ആദ്യഘട്ടമായി പൂർത്തിയാക്കുകയുണ്ടായി. സ്ഥലമുണ്ടായിട്ടും വീടില്ലാത്തവർക്ക് നാലുലക്ഷം രൂപ ചെലവിൽ വീട് ലഭ്യമാക്കുന്ന പദ്ധതിയിൽ രണ്ടേകാൽലക്ഷം വീട് ഇതിനകംതന്നെ പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ട്. മൂന്നാംഘട്ടത്തിൽ ഒരു ലക്ഷത്തി മുപ്പത്തയ്യായിരത്തിൽപ്പരം ഗുണഭോക്താക്കൾക്ക് വീട് നൽകുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. സ്ഥലവും വീടുമില്ലാത്തവർക്ക് ഫ്ളാറ്റ് നിർമിച്ചുനൽകുന്നതും ലൈഫ് പദ്ധതിയുടെ ഭാഗമാണ്. ഇടുക്കി ജില്ലയിലെ അടിമാലിയിൽമാത്രം ഇങ്ങനെ 217 കുടുംബങ്ങൾക്ക് ഫ്ളാറ്റ് നൽകിയതായി സർക്കാർ വ്യക്തമാക്കുന്നു.

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കും വെള്ളപ്പൊക്കം, കടലേറ്റം, ഉരുൾപൊട്ടൽ തുടങ്ങി പ്രകൃതിക്ഷോഭഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിൽ കഴിയുന്നവർക്കും വീട് ലഭ്യമാക്കുന്നതുകൂടി ലക്ഷ്യമാക്കുന്ന ലൈഫ് പദ്ധതിയിൽ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, വ്യക്തികൾ, സർവീസ്‌ സംഘടനകൾ എന്നിവരെല്ലാം സഹകരിച്ചിട്ടുണ്ട്. എല്ലാ കുടുംബത്തിനും തലചായ്ക്കാൻ ഒരിടം എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിലേക്ക് ലൈഫ് മിഷൻ പദ്ധതി വലിയ മുന്നേറ്റമാകുമെന്നതിൽ സംശയമില്ല. വടക്കാഞ്ചേരിയിലെ ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ ലൈഫ് പദ്ധതിയെ ആകെ ആക്ഷേപിക്കുകയും അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നതിന് നീതീകരണമില്ല. വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമാണം ന്യൂനതകൾ പരിഹരിച്ച് പൂർത്തിയാക്കുകയും വേണ്ടതുണ്ട്. ലൈഫ് മിഷൻ പദ്ധതി തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ കക്ഷിരാഷ്ട്രീയ താത്‌പര്യങ്ങൾ മാറ്റിവെച്ച് ഐക്യത്തോടെയുള്ള പ്രവർത്തനം ആവശ്യമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented