ഉണരണം, ഉയരണം ഭാഷാഭിമാനം


നയപ്രഖ്യാപനത്തിൽഊന്നിപ്പറഞ്ഞതാണ് ഔദ്യോഗികഭാഷ മലയാളമാക്കുമെന്ന്. അടുത്തകാലത്തായി അല്പം പുരോഗതിയുണ്ടെങ്കിലും ഇനിയും ലക്ഷ്യത്തിലെത്തിയില്ല

editorial

‘മലയാളി എന്ന ഒറ്റ ഐഡന്റിറ്റികാർഡുമാത്രം സൂക്ഷിച്ചുകൊണ്ട് ജീവിക്കുക’ -എഴുത്തച്ഛൻ പുരസ്കാരത്തിന്റെ നിറവിൽ വായനക്കാരോട് എഴുത്തുകാരൻ സക്കറിയ നൽകിയ സന്ദേശം. ‘ചിന്താസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുക, അതാർക്കും അടിയറവെക്കാതിരിക്കുക’ എന്ന തന്റെ നിതാന്തമായ ഉദ്‌ബോധനത്തിന്റെ ഭാഗമായാണ്‌ അദ്ദേഹം ഇതുപറഞ്ഞത്. മറ്റ് സ്വത്വങ്ങളുടെ പേരിലുള്ള വൈരങ്ങളൊഴിഞ്ഞ് മലയാളിസ്വത്വത്തിൽ, ആ സ്വത്വമാകട്ടെ ദേശീയ-സാർവദേശീയ ഒരുമയിലെ കണ്ണിയുമത്രേ, ഊന്നാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. കേരളസർക്കാരിന്റെ ഏറ്റവും വലിയ ഔദ്യോഗിക സാഹിത്യപുരസ്കാരം ലഭിച്ച സക്കറിയയെ ഞങ്ങൾ ഹാർദമായി അനുമോദിക്കുന്നു. എഴുത്തച്ഛൻ പുരസ്കാരത്തിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തതിനാധാരമായ കൃതികളിലധികവും ‘മാതൃഭൂമി’യിലൂടെയാണ് വായനക്കാരിലേക്കെത്തിയതെന്നതിലുള്ള അഭിമാനബോധവും ഞങ്ങൾക്കുണ്ട്.

അരനൂറ്റാണ്ടിലേറെയായി നമ്മുടെ സാഹിത്യത്തിലെ ഏറ്റവും ശക്തമായ, സവിശേഷമായ ശബ്ദങ്ങളിലൊന്ന് സക്കറിയയുടേതാണ്. ഓരോ കഥയിലും ഭാഷയും ശൈലിയും പ്രവചനാതീതമായി ഉപയോഗിക്കുകയും ആഖ്യാനത്തിന്റെ പുതിയ പുതിയ പിരിയൻ ഗോവണികളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയുംചെയ്യുന്ന സക്കറിയ നിശിതമായ സാമൂഹികവിമർശമാണ് നടത്തുന്നത്. കൈയടിയോ ജനപ്രിയതയോ ലാക്കാക്കാതെ, ഒറ്റയാനെപ്പോലെ ശിരസ്സുയർത്തി, ധീരമായി ചിന്നംവിളിക്കുന്ന ഒരു പ്രതിരൂപം സക്കറിയയുടെ എഴുത്തുകളിലുണ്ട്. കേരളപ്പിറവിദിനത്തിന്റെ ഭാഗമായി എഴുത്തച്ഛൻ പുരസ്കാരപ്രഖ്യാപനവും ഔദ്യോഗികഭാഷാവാരാചരണവുമാണ് പതിവായി നടന്നുപോരുന്നത്. പുരസ്കാരപ്രഖ്യാപനമല്ലാതെ ഭാഷാവാരാചരണം ഈ വർഷമില്ല. എന്നാൽ, കുറെവർഷമായി മലയാളം ഒന്നാംഭാഷയും നിർബന്ധിത പാഠ്യവിഷയവുമാക്കണമെന്നാവശ്യപ്പെട്ട് സമരംനടത്തുന്ന ഐക്യമലയാളപ്രസ്ഥാനം പ്രതീകാത്മകമായി കേരളപ്പിറവിനാളിൽ ഓൺലൈൻ പ്രതിഷേധമുയർത്തി. പബ്ലിക് സർവീസ് കമ്മിഷൻ മലയാളത്തോട് കാണിക്കുന്ന അവഗണന തുടരുന്നതിലാണ് പ്രതിഷേധം. കേരളാ സിവിൽ സർവീസ് പരീക്ഷയിൽ മാത്രമല്ല, പ്രൈമറി സ്കൂൾ അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയിൽനിന്നുപോലും മലയാളത്തെ പുറന്തള്ളുന്ന തലതിരിഞ്ഞ സമീപനത്തിനെതിരേയാണ് സമരം. കേരളപ്പിറവിയെത്തുടർന്ന് ആദ്യമായി അധികാരത്തിലേറിയ ഇ.എം.എസ്. മന്ത്രിസഭയുടെ നയപ്രഖ്യാപനത്തിൽ ഊന്നിപ്പറഞ്ഞതാണ് ഔദ്യോഗികഭാഷ മലയാളമാക്കുമെന്ന്. അടുത്തകാലത്തായി അല്പം പുരോഗതിയുണ്ടെങ്കിലും ഇനിയും അന്നുപറഞ്ഞ ലക്ഷ്യത്തിലെത്തിയില്ല. ഇപ്പോഴത്തെ സർക്കാർ നടത്തിയ ഒരു പ്രഖ്യാപനം ജില്ലാ കോടതികൾവരെയുള്ള കോടതികളിലെ വ്യവഹാരഭാഷ മലയാളമാക്കാൻ ശ്രമിക്കുമെന്നാണ്. പക്ഷേ, എങ്ങുമെത്തിയില്ല.

മൺമറഞ്ഞ സാംസ്കാരികനായകരുടെ പേരിൽ ഉചിതമായ സ്മാരകം ഉണ്ടാക്കുന്നതിൽ അടുത്തകാലത്തായി ശ്രദ്ധേയമായ തുടക്കങ്ങളുണ്ടായി. എന്നാൽ, എഴുത്തച്ഛനെക്കാളുംമുമ്പ് ജീവിച്ച മലയാളഭാഷയിലെ ആദ്യത്തെ മഹാകവിയായ ചെറുശ്ശേരിക്ക് അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയായിരുന്ന കണ്ണൂരിൽ ഒരു സ്മാരകമുണ്ടാക്കാൻ സർക്കാർ ഇനിയും തയ്യാറാകാത്തത് വിമർശനത്തിനിടയാക്കുന്നുണ്ട്. തനിമലയാളത്തിലെ ആദികാവ്യമായി കരുതപ്പെടുന്ന കൃഷ്ണഗാഥ അനശ്വരമാണെന്നതിനാൽ ചെറുശ്ശേരിയുടെ സ്മാരകം അതാണെന്നത് ശരിതന്നെ. എങ്കിലും വരുംതലമുറകൾക്ക് പാട്ടുസാഹിത്യത്തെയും കേരളഭാഷയിലെ ആദ്യകാല സാഹിത്യ-സാംസ്കാരിക ചരിത്രത്തെക്കുറിച്ചും പഠിക്കുന്നതിനടക്കം ഉപയോഗിക്കത്തക്കവിധത്തിൽ കണ്ണൂരിൽ ചെറുശ്ശേരി സ്മാരക പഠനകേന്ദ്രം സ്ഥാപിക്കാൻ ഇനിയും അമാന്തിച്ചുകൂടാ.

മലയാളത്തിന് അർഹതപ്പെട്ട ശ്രേഷ്ഠഭാഷാപദവി നേടിയെടുക്കാൻ ഉത്തരവാദപ്പെട്ടവർക്ക് സാധിച്ചു. ഭാഷാപോഷണത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് അന്ന് വ്യക്തമാക്കപ്പെട്ടതാണ്. പക്ഷേ, അത് പൂർണതോതിൽ പാലിക്കപ്പെടുന്നില്ലെന്നതാണ് പിൽക്കാലാനുഭവം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022

More from this section
Most Commented