ലക്ഷ്യമാകേണ്ടത് വിശപ്പുരഹിത ഇന്ത്യ


ലോക വിശപ്പുസൂചികയിൽ ഇന്ത്യ, ബംഗ്ലാദേശിനും പാകിസ്താനും മ്യാൻമാറിനും നേപ്പാളിനും ശ്രീലങ്കയ്ക്കുമൊക്കെ പിറകിലാണെന്ന കണക്കുവന്ന ദിവസംതന്നെ വന്ന മറ്റൊരു കണക്ക് ഇന്ത്യയിൽ ആയുർദൈർഘ്യം 30 വർഷം കൊണ്ട് 10 വയസ്സ് കൂടിയെന്നാണ്

എഡിറ്റോറിയൽ

മനുഷ്യദൈന്യത്തിന്റെ നടുക്കുന്ന ദൃഷ്ടാന്തങ്ങളായി എത്യോപ്യയിലെ കുട്ടികളുടെ ചിത്രങ്ങൾ ഇന്ന് മാധ്യമങ്ങളിൽ വരുന്നില്ല. ലോക ഭക്ഷ്യപദ്ധതിയുടെയുംമറ്റും ഭാഗമായി ശക്തമായ ഇടപെടലിലൂടെ അവിടത്തെ ഭക്ഷ്യപ്രശ്നം കുറച്ചുകൊണ്ടുവരുന്നതിന്റെ സൂചനയാണത്. ബംഗാളിലും ബിഹാറിലുംനിന്നെല്ലാം അത്തരത്തിലുള്ള ചിത്രങ്ങൾ അരനൂറ്റാണ്ടിനിപ്പുറംതന്നെ പത്രങ്ങളിൽ വന്നത് ഓർക്കുന്നവർ ഏറെപ്പേരുണ്ടാവും. ബംഗാളിലെ കൂച്ച് ബിഹാറിൽ സൗജന്യ കഞ്ഞിപാർച്ചാകേന്ദ്രത്തിൽ, മരിച്ച കുഞ്ഞിനെ ചുമലിലേന്തി വരിനിന്ന് ആ കുഞ്ഞിനുകൂടി കഞ്ഞിവാങ്ങിയ ഒരമ്മയെക്കുറിച്ചുള്ള വാർത്ത അക്കാലത്തെ ഇന്ത്യൻ അനുഭവത്തിന്റെ നേർപകർപ്പായിരുന്നു. പട്ടിണിമരണങ്ങളുടെ വാർത്തകൾ അന്ന് നിറഞ്ഞുനിന്നു. കേരളവും അതിൽനിന്ന് പൂർണതോതിൽ വ്യത്യസ്തമായിരുന്നില്ല. ഇന്ത്യയും കേരളവും ഭക്ഷ്യക്ഷാമത്തിന്റെ പിടിയിൽനിന്ന് ഒരുപരിധിവരെയെങ്കിലും കുതറിമാറിയിട്ട് വളരെക്കാലമൊന്നുമായിട്ടില്ല.

എന്നാൽ, ആരോഗ്യകരമായ ജീവിതത്തിനാവശ്യമായ ആഹാരലഭ്യതയുടെ കാര്യത്തിൽ ഇന്നും ഇന്ത്യയുടെ അവസ്ഥ പരമ ശോചനീയമാണെന്നാണ് ലോകവിശപ്പുസൂചിക വ്യക്തമാക്കുന്നത്. 107 രാജ്യങ്ങളുടെ കണക്കെടുത്തതിൽ 94-ാമത് സ്ഥാനമാണ് നമ്മുടെ രാജ്യത്തിന്. കഴിഞ്ഞ വർഷം 117 രാജ്യങ്ങളുടെ കണക്കിൽ 102-ാം സ്ഥാനത്തായിരുന്നു നാം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഏറക്കുറെ സൗജന്യമായി ഭക്ഷ്യധാന്യം ലഭ്യമാക്കുന്ന ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കിയിട്ടും ലക്ഷ്യം കൈവരിക്കാനായിട്ടില്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. വിശപ്പുസൂചിക നിശ്ചയിക്കുന്ന മാനദണ്ഡം ശാരീരികാരോഗ്യവും ശിശുക്കളുടെയും നവജാതശിശുക്കളുടെയും മരണനിരക്കുമൊക്കെയായി ബന്ധപ്പെട്ടാണ്. വയസ്സിനൊത്ത ഉയരം, ഉയരത്തിനൊത്ത തടി എന്നിവ അതിൽ പ്രധാന ഘടകമാണ്. യഥാസമയം ആവശ്യത്തിന് പോഷകമുള്ള ഭക്ഷണം കിട്ടാത്തതിനാൽ വളർച്ചമുടിച്ച നാലരക്കോടിയിലേറെ കുട്ടികൾ ഇന്ത്യയിലുണ്ട്. ഇത്തരത്തിൽ ലോകത്താകെയുള്ള കുട്ടികളുടെ എണ്ണത്തിന്റെ മൂന്നിലൊന്നും ഇവിടെയാണ്. ഗ്രമീണജനതയിൽ നാലിലൊന്നും ദാരിദ്ര്യരേഖയ്ക്ക് കീഴെയാണെന്നതാണ് ഇതിന്റെ കാരണം. പട്ടിണിമരണമുണ്ടാകുന്നില്ലെന്നത് ഭക്ഷ്യസുരക്ഷാ പദ്ധതിയുടെയും തൊഴിലുറപ്പുപദ്ധതിയുടെയും മേന്മയായി പറയാമെന്നുമാത്രം. അഞ്ചുവയസ്സിൽത്താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 1990-ൽ ആയിരത്തിന് 12.5 ആയിരുന്നത് കഴിഞ്ഞ വർഷമാകുമ്പോഴേക്കും 5.2 ആയി കുറച്ചുകൊണ്ടുവരാനായി. ഭക്ഷണം, വാക്സിനേഷൻ തുടങ്ങിയ കാര്യങ്ങളിലെ പുരോഗതിയാണതിന് നിദാനം. നവജാതശിശുക്കളുടെ മരണനിരക്ക് വികസിതരാജ്യങ്ങളിലെ നിരക്കിനൊപ്പം കുറച്ചുകൊണ്ടുവരാൻ കേരളത്തിന് കഴിഞ്ഞപ്പോൾ മധ്യപ്രദേശ്, ബിഹാർ, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ സ്ഥിതി കൂടുതൽ മോശമായി വരുന്നുവെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഗ്രാമീണദാരിദ്ര്യം, തൊഴിലില്ലായ്മ, സ്ത്രീകൾക്ക് കൂലിക്കുറവ്, പാർപ്പിടമില്ലായ്മ, നിരക്ഷരത, അടിമസമാനമായ ജീവിതാവസ്ഥ എന്നിവയെല്ലാം ഏറിയും കുറഞ്ഞും മേൽപ്പറഞ്ഞ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്നുവെന്നതാണ് പ്രശ്നം. സമ്പത്തില്ലാത്തതല്ല, വിതരണത്തിലെ അന്തരമാണ് ഏറ്റവും രൂക്ഷമായ സ്ഥിതി തുടരുന്നതിന് കാരണം.

ലോക വിശപ്പുസൂചികയിൽ ഇന്ത്യ, ബംഗ്ലാദേശിനും പാകിസ്താനും മ്യാൻമാറിനും നേപ്പാളിനും ശ്രീലങ്കയ്ക്കുമൊക്കെ പിറകിലാണെന്ന കണക്കുവന്ന ദിവസംതന്നെ വന്ന മറ്റൊരു കണക്ക് ഇന്ത്യയിൽ ആയുർദൈർഘ്യം 30 വർഷംകൊണ്ട് 10 വയസ്സ് കൂടിയെന്നാണ്. 1990-ൽ ശരാശരി 59.6 വർഷമായിരുന്നെങ്കിൽ 2019-ൽ 70.8 ആയെന്നാണ് കണക്ക്. കേരളത്തിലാകട്ടെ 77.3 വയസ്സ്. ഏറ്റവും വലിയ സംസ്ഥാനമായ ഉത്തരപ്രദേശിൽ ദേശീയ ശരാശരിയെക്കാളും താഴ്ന്ന 66.9 വർഷമാണത്. ഇന്ത്യയുടെ പൊതു അവസ്ഥയിൽനിന്ന്‌ ഭിന്നമായ ചില സാഹചര്യങ്ങൾ വടക്കും തെക്കും തമ്മിൽ ഉണ്ടെന്നതിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. വികസനമെന്നത് വിതരണത്തിലെ അസമത്വം കുറച്ചുകൊണ്ടും സൗജന്യമായ സാർവത്രികവിദ്യാഭ്യാസവും പാർപ്പിടവും സൗജന്യ പ്രാഥമികാരോഗ്യപരിരക്ഷാ സംവിധാനവും ഉറപ്പാക്കിക്കൊണ്ടും ആവണമെന്നാണ് പുറത്തുവന്ന സൂചികകൾ വ്യക്തമാക്കുന്നത്.
സമാധാനത്തിനുള്ള ഈ വർഷത്തെ നൊേബൽ സമ്മാനം ഐക്യരാഷ്ട്രസഭയുടെ ഉപസ്ഥാപനമായ ലോകഭക്ഷ്യപദ്ധതിക്ക് നൽകിയത് പരക്കെ ശ്ലാഘിക്കപ്പെട്ടതാണ്. ഭരണകൂടത്തിന്റെ ആദ്യപരിഗണന വിശപ്പുരഹിത സമൂഹസൃഷ്ടിയാവണം. വിശപ്പകറ്റുക എന്നതിനർഥം റേഷൻ സൗജന്യം മാത്രമല്ല, ആരോഗ്യത്തോടെ ജീവിക്കാനുള്ള പോഷകാഹാരവും പരിസരവും ലഭ്യമാക്കുക എന്നതുകൂടിയാണ്. വികസിത രാജ്യങ്ങൾക്കൊപ്പമെത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് പോഷകാഹാരം കിട്ടാതെ മുരടിക്കുന്ന ബാല്യവും മാതാവിന് പോഷകാഹാരവും പരിചരണവും കിട്ടാത്തതിനാൽ നവജാതശിശു മരിക്കുന്ന അവസ്ഥയും ഇല്ലാതാക്കുന്നതിനുള്ള കർമപരിപാടി നടപ്പാക്കാൻ കേന്ദ്രസർക്കാർ ഇനിയും വൈകിക്കൂടാ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented