കള്ളക്കളി ഇ.പി.എഫ്. അവസാനിപ്പിക്കണം


3 min read
Read later
Print
Share

ജീവിതസായാഹ്നത്തിലുള്ള പെൻഷൻകാരുടെ കഞ്ഞിപ്പാത്രത്തിൽനിന്ന് കവരരുത്. സുപ്രീംകോടതി ശരിവെച്ച 2018 ഒക്ടോബർ12-ന്റെ കേരള ഹൈക്കോടതി വിധി പൂർണരൂപത്തിൽ നടപ്പാക്കാൻ പ്രധാനമന്ത്രി നേരിട്ടിടപെടണം

editorial

പെൻഷൻ എന്നത് മാറ്റിവെക്കപ്പെട്ട വേതനമാണെന്നും അത് തൊഴിലാളികളുടെ അവകാശമാണെന്നും പരമോന്നത നീതിപീഠം ഭരണാധികാരികളെ പലതവണ ഓർമിപ്പിച്ചിട്ടുള്ളതാണ്. തൊഴിലാളികളിൽനിന്ന് വിഹിതം പിരിച്ച് നടപ്പാക്കുന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയെ തകർക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമത്തെ പ്രത്യേകമായിത്തന്നെ സുപ്രീംകോടതി നിശിതമായി വിമർശിച്ചതുമാണ്. എന്നിട്ടും കോടതിയുടെ പേരുപറഞ്ഞ് പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇ.പി.എഫ്. ഓർഗനൈസേഷനും പതിനെട്ടാമത്തെ അടവും പയറ്റുകയാണ്.

പത്തുവർഷത്തിലേറെയായി രാജ്യത്തെ വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും പി.എഫ്.പെൻഷൻകാർ നീതിക്കുവേണ്ടി കേഴുകയാണ്. നിലവിൽ മാസത്തിൽ ആയിരം രൂപപോലും പെൻഷനായി ലഭിക്കാത്തവരാണ് ഭൂരിഭാഗം പി.എഫ്. പെൻഷൻകാരും. ക്ഷേമനിധിപെൻഷനെക്കാളും കുറഞ്ഞ തുകയാണ് ഭൂരിഭാഗം പെൻഷൻകാർക്കും ലഭിക്കുന്നത്. അവർക്ക് കോടതികൾ നീതി ലഭ്യമാക്കിയതിനെ അട്ടിമറിക്കാനാണ് അധികൃതരുടെ ഇപ്പോഴത്തെ ശ്രമം.

ശമ്പളത്തിനാനുപാതികമായി പെൻഷൻ ലഭിക്കാൻ ഇ.പി.എഫ്. വരിക്കാരായ തൊഴിലാളികൾക്ക് അവകാശമുണ്ടെന്നും ആ അവകാശം പരിമിതപ്പെടുത്തുന്ന 2014-ലെ ഇ.പി.എഫ്. പെൻഷൻ ഭേദഗതി നിയമവിരുദ്ധമാണെന്നുമാണ് 2018 ഒക്ടോബർ 12-ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. പെൻഷന് കണക്കാക്കാവുന്ന ശമ്പളം കൂടിയാൽ 15,000 രൂപയാണെന്നും ഓപ്ഷൻ നൽകാനുള്ള അവസരം ഇനിയുണ്ടാകില്ലെന്നുമാണ് 2014 സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിലായ ഭേദഗതി. ഓപ്ഷൻ നൽകുന്നതിന് കട്ട് ഓഫ് ഡേറ്റ് നിശ്ചയിക്കാനവകാശമില്ലെന്നും ശമ്പളത്തിന്റെ ഒരുഭാഗത്തിന് മാത്രം പെൻഷൻ എന്നത് അന്യായമാണെന്നും ഹൈക്കോടതികളിൽനിന്ന് വിധികൾ വരാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഇ.പി.എഫ്.ഒ. നിയമവിരുദ്ധമായ ഭേദഗതി തിടുക്കത്തിൽ വിജ്ഞാപനം ചെയ്തത്.

ഇത് വന്ന് ഒന്നരക്കൊല്ലത്തോളം കഴിഞ്ഞാണ് ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ വിധി വന്നത്. തൊഴിലാളികളുടെ ക്ഷേമത്തിനായി കൊണ്ടുവരുന്ന നിയമങ്ങൾ അവർക്ക് വിനയാകുന്ന തരത്തിൽ മാറ്റിമറിക്കുന്നതിന് ശക്തമായ താക്കീതാണ് സുപ്രീംകോടതി നൽകിയത്. ഹിമാചൽപ്രദേശിൽ ഒരു സംഘം ഇ.പി.എഫ്. പെൻഷൻകാർ ശമ്പളത്തിനാനുപാതിക പെൻഷൻ അനുവദിക്കാൻ ഉത്തരവ് നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിംഗിൾ ബെഞ്ച് തൊഴിലാളികൾക്ക് അനുകൂലമായി വിധിച്ചു. ഇ.പി.എഫ്.ഒ. നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. അതിനെതിരേ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവുണ്ടായത്. നേരത്തേ കേരള ഹൈക്കോടതിയിൽനിന്ന് തൊഴിലാളികൾക്കനുകൂലമായ വിധിയുണ്ടായതാണ്. അത് സുപ്രീംകോടതി ശരിവെച്ചതുമാണ്. എന്നാൽ, ഹിമാചൽപ്രദേശ് കേസിലെ അപ്പീലിലാണ് സുപ്രീംകോടതി വിശദമായ വിധിന്യായം എഴുതിയത്.

സാധാരണഗതിയിൽ അതോടെ ഇ.പി.എഫ്. പെൻഷൻ പദ്ധതി ശമ്പളത്തിനാനുപാതിക പെൻഷൻ, അതിനനുസരിച്ചുള്ള വിഹിതം പിടിക്കൽ എന്ന നിലയിലേക്ക് മാറേണ്ടതാണ്. അതുണ്ടാകാത്തതിനെത്തുടർന്ന് വിവിധ ഹൈക്കോടതികളിൽ ആയിരക്കണക്കിന് തൊഴിലാളികൾ കേസുമായെത്തി. സുപ്രീംകോടതിയിലും സമാന കേസുകൾ വന്നപ്പോൾ കേരള ഹൈക്കോടതിവിധി വരട്ടെ എന്ന നിർദേശത്തോടെ കേസ് മാറ്റിവെക്കുകയായിരുന്നു. മാസങ്ങളോളം നീണ്ട വാദത്തിനുശേഷം ഒന്നരക്കൊല്ലത്തോളം കഴിഞ്ഞ് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2014-ലെ ഇ.പി.എഫ്. പെൻഷൻ ഭേദഗതി റദ്ദാക്കിക്കൊണ്ട്‌ ശമ്പളത്തിനാനുപാതികമായി വിഹിതം പിടിക്കുകയും പെൻഷൻ നൽകുകയും വേണമെന്ന് ഉത്തരവിട്ടു. അതിനെതിരേ ഇ.പി.എഫ്.ഒ. നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളുകയും ചെയ്തതാണ്. പിന്നീട് അവശേഷിക്കുന്നുവെന്ന് പറയാവുന്നത് കേന്ദ്ര സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി മാത്രമാണ്.

വിധി നടപ്പാക്കാൻ ഇ.പി.എഫ്.ഒ. വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് നേരത്തേ കോടതിയിൽനിന്ന് അനുകൂലവിധി നേടിയവർ കോടതിയലക്ഷ്യ കേസുകളുമായി ഹൈക്കോടതികളെ സമീപിച്ചത്. ശമ്പളത്തിനാനുപാതികമായി പെൻഷൻ വിഹിതം കുടിശ്ശിക സഹിതം സ്വീകരിച്ച് വർധിച്ച പെൻഷൻ കുടിശ്ശികസഹിതം അടിയന്തരമായി വിതരണം ചെയ്യണമെന്ന് ഒട്ടേറെ കേസുകളിൽ ഹൈക്കോടതി വിധിച്ചു. ഹൈക്കോടതിവിധികൾ രാജ്യത്തിനാകെ ബാധകമാണെന്നിരിക്കിലും കോടതിയലക്ഷ്യക്കേസ് കൊടുത്തവരുടെ കാര്യത്തിൽമാത്രം വിധി നടപ്പാക്കുന്ന വിചിത്രമായ സമീപനമാണ് ഇ.പി.എഫ്.ഒ.യിൽനിന്നുണ്ടായത്.

ഇപ്പോൾ അതും നിർത്തി പൂർണമായും പഴയ വാദങ്ങൾ നിരത്തി ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ്. സർവീസിലിരിക്കേ ഓപ്ഷൻ നൽകുകയോ വിഹിതമടയ്ക്കുകയോ ചെയ്യാത്തവർക്ക് പിന്നീട് ഓപ്ഷൻ നൽകാൻ അവകാശമില്ലെന്ന്‌ ഇ.പി.എഫ്.ഒ. ശഠിക്കുകയാണിപ്പോൾ. പുനഃപരിശോധനാ ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ പഴയ മാനദണ്ഡങ്ങളാണ് ബാധകം എന്നും കോടതിയലക്ഷ്യക്കേസിലെ വിധിയുമായി എത്തുന്നവർക്കും വർധിച്ച പെൻഷൻ നൽകേണ്ടെന്നുമാണ് നിർദേശം. കോടതിവിധി അനുസരിച്ച് പി.എഫ്. ഓഫീസുകളിൽനിന്ന് നിർദേശിച്ചപ്രകാരം ശമ്പളത്തിനാനുപാതികമായി വിഹിതക്കുടിശ്ശിക അടച്ചവരുടെ കാര്യവും അനിശ്ചിതത്വത്തിലായി.

പി.എഫിൽ അംഗങ്ങളായ ദശലക്ഷക്കണക്കിന് തൊഴിലാളികളുടെയും വിരമിച്ച ലക്ഷക്കണക്കിന് തൊഴിലാളികളുടെയും ജീവിതത്തെയാണ് ഈ നടപടികളിലൂടെ ദുരിതമയമാക്കുന്നത്. തൊഴിലാളികളുടെ ക്ഷേമത്തിനായി ആവിഷ്‌കരിച്ച പെൻഷൻ പദ്ധതി നേരെ വിപരീതമാക്കരുതെന്ന് സുപ്രീംകോടതി ഇതേവിഷയത്തിൽ നേരത്തേ പറഞ്ഞത് കേന്ദ്ര സർക്കാർ ഓർക്കണം. ജീവിതസായാഹ്നത്തിലുള്ള പെൻഷൻകാരുടെ കഞ്ഞിപ്പാത്രത്തിൽനിന്ന് കവരരുത്. സുപ്രീംകോടതി ശരിവെച്ച 2018 ഒക്ടോബർ 12-ന്റെ കേരള ഹൈക്കോടതി വിധി പൂർണരൂപത്തിൽ നടപ്പാക്കാൻ പ്രധാനമന്ത്രി നേരിട്ടിടപെടണം.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
editorial

2 min

സമൂഹ അടുക്കളകൾ വ്യാപകമാവട്ടെ

Dec 2, 2021


editorial

ലോകത്തിനായി ചില കായികമാതൃകകൾ

Aug 2, 2021


editorial

കർഷകവിരുദ്ധ ഉത്തരവ് പിൻവലിക്കണം

Aug 1, 2021

Most Commented