editorial
ഇടുക്കി ജില്ലയിലെ വട്ടവടയിൽ രണ്ടാഴ്ചയ്ക്കിടയിൽ സംഭവിച്ച ‘സാമൂഹിക വിപ്ലവം’ രാജ്യത്തിനാകെ മാതൃകയാണ്. ‘ഞങ്ങളുടെ തലയിൽ ഇനി വിവേചനമില്ല’ എന്ന തലക്കെട്ടിൽ ‘മാതൃഭൂമി’ വെള്ളിയാഴ്ച പ്രസിദ്ധപ്പെടുത്തിയ വാർത്ത, ഒരു പ്രദേശത്ത് ദീർഘകാലംകൊണ്ടുമാത്രം പ്രതീക്ഷിക്കാവുന്ന അടിസ്ഥാനപരമായ മാറ്റം രണ്ടാഴ്ചയ്ക്കിടയിൽ യാഥാർഥ്യമായതിന്റെ നേർചിത്രമായിരുന്നു. ആ നാട്ടിലെ ബാർബർ േഷാപ്പുകളിൽ ചക്ലിയ സമുദായത്തിൽപ്പെട്ടവർക്ക് പ്രവേശനമില്ലെന്നും അവർ വളരെദൂരെ യാത്രചെയ്താണ് മുടിവെട്ടുന്നതും ക്ഷൗരം ചെയ്യുന്നതും എന്നാണ് ഓഗസ്റ്റ് 29-ന് ‘മാതൃഭൂമി’യിൽവന്ന റിപ്പോർട്ട്. ജാതീയമായ ഈ വിവേചനം, അയിത്താചാരം വലിയ പ്രതിഷേധത്തിനു വഴിവെച്ചു. സെപ്റ്റംബർ 13-ന് അവിടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതു ബാർബർ േഷാപ്പ് തുടങ്ങിയെന്നതല്ല, അടിസ്ഥാനപരമായ മാറ്റം. നേരത്തേ അയിത്തത്തിന്റെപേരിൽ പ്രവേശനം നിഷേധിച്ച മൂന്നു സ്ഥാപനത്തിന്റെയും ഉടമകൾ തങ്ങൾ ഇനി ഒരു സംഘമായാണ് സ്ഥാപനം നടത്തുകയെന്നും അവിടെ ഒരു വിവേചനവുമുണ്ടാകില്ലെന്നും ഉറപ്പുനൽകിയിരിക്കുന്നു. സമൂഹത്തിന്റെ അടിയന്തര ഇടപെടലുണ്ടാവുകയും തലയിൽ കെട്ടിക്കിടക്കുന്ന അയിത്തബോധത്തെ ഒരളവോളം ഇറക്കിവിടുന്നതിൽ വിജയിക്കുകയും ചെയ്തുവെന്നതാണ് പ്രധാനം. പരമ്പരാഗതമായിവരുന്ന ഇടുങ്ങിയ ബോധവും അതിന്റെ ഭാഗമായ ആചാരവുമാണ് ഇതിൽ വില്ലൻ എന്നതിലേക്കും ഈ സംഭവം വെളിച്ചംവീശുന്നുണ്ട്. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു അനാചാരത്തിന്റെ അടിവേര് പറിച്ചുകളയുന്നതിന് വെളിച്ചവും ശക്തിയുമായത് ‘മാതൃഭൂമി’ വാർത്തയാണ്. അതെഴുതിയ മാതൃഭൂമി പ്രതിനിധിയെ നാട്ടുകാർ ആദരിച്ചു.
‘നരനുനരനശുദ്ധ വസ്തുപോലും, ഹരഹര ഇതുപോലെ വല്ലനാടുമുണ്ടോ’.... എന്ന് ഒരുനൂറ്റാണ്ടിനപ്പുറമാണ് മഹാകവി കുമാരനാശാൻ ഉച്ചത്തിൽ വിളിച്ചുചോദിച്ചത്. അയിത്തം കൊടികുത്തിവാഴുന്ന കാലത്ത്, അതിനുനേരെ സമരങ്ങൾ തുടങ്ങുന്ന കാലത്താണ് ആശാന്റെ ചോദ്യം മുഴങ്ങിയത്. വൈക്കത്ത് അവർണർക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന ദീർഘകാല സമരമാണ് ഇന്ത്യയിൽത്തന്നെ അയിത്തത്തിനെതിരായ പ്രവർത്തനങ്ങൾക്ക് ദിശാബോധം പകർന്നത്. മാതൃഭൂമി പ്രസിദ്ധീകരണമാരംഭിച്ച് ഒരുവർഷം തികയുന്നതിനുമുമ്പാണ് വൈക്കം സത്യാഗ്രഹം തുടങ്ങിയത്. സ്വാതന്ത്ര്യസമരവും അയിത്തവിരുദ്ധ സമരവും ഏകോപിപ്പിച്ചു മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ തുടക്കംകുറിച്ചത് വൈക്കത്താണ്. മഹാത്മാഗാന്ധിയുടെയും ശ്രീനാരായണഗുരുവിന്റെയും അനുഗ്രഹാശിസ്സുകളോടെ, അവരുടെ ആത്മീയനേതൃത്വത്തിൽ 600 ദിവസത്തിലേറെനടന്ന ഐതിഹാസികമായ സമരത്തിൽ മാതൃഭൂമി വലിയ പങ്കുവഹിച്ചു. പന്തിഭോജനവും ഹരിജനോദ്ധാരണ പ്രവർത്തനങ്ങളും നിയമലംഘന സമരത്തോടൊപ്പംതന്നെ പ്രാധാന്യത്തോടെ സംഘടിപ്പിച്ചാണ് ദേശീയപ്രസ്ഥാനം കേരളത്തിൽ ശക്തിപ്പെട്ടത്. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നേതൃത്വത്തിലും മാതൃഭൂമിക്ക് വലിയ പങ്കുവഹിക്കാൻ സാധിച്ചു.
ശ്രീചിത്തിരതിരുനാൾ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചിട്ട് എട്ടരപ്പതിറ്റാണ്ടോളമായി. അയിത്തമടക്കമുള്ള അനാചാരങ്ങളെല്ലാം ഭരണഘടനാപരമായിത്തന്നെ നിരോധിക്കപ്പെട്ടിട്ട് എഴുപതു വർഷം കഴിഞ്ഞു. എന്നിട്ടും കേരളത്തിൽപ്പോലും ജാതീയമായ വിവേചനങ്ങൾ നിലനിൽക്കുന്നുവെന്നത് എല്ലാവരെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ട കാര്യമാണ്. കടയിൽക്കയറി ചായകുടിക്കാൻ അനുവദിക്കാതിരിക്കുക, പുറത്തുനിർത്തി ചിരട്ടയിൽ ചായകൊടുക്കുക തുടങ്ങിയ അയിത്താചാരങ്ങൾ കേരളത്തിലെ ചില സ്ഥലങ്ങളിൽനിന്ന് കുറച്ചുമുമ്പ് റിപ്പോർട്ടു ചെയ്തിട്ടുണ്ട്. പൊതുസ്ഥലത്തും പൊതുവേദിയിലും പൊതുനിയമങ്ങളാണ് ബാധകം. ഹോട്ടലും കടകളും ബാർബർ േഷാപ്പ് അടക്കമുള്ള സ്ഥാപനങ്ങളും സ്വകാര്യ ഉടമസ്ഥതയിലായിരിക്കുമ്പോൾത്തന്നെ പൊതുഇടവുമാണ്. മതത്തിന്റെയോ ജാതിയുടെയോ പേരിലുള്ള ഒരുതരം വിവേചനവും ഒരിടത്തും ഉണ്ടാകാതിരിക്കാൻ ഔദ്യോഗികസംവിധാനത്തിന്റെ കണ്ണുണ്ടാകണം. വട്ടവടയിൽ ചക്ലിയ സമുദായത്തിലെ എഴുനൂറോളം പേർ ജാതീയമായ വിവേചനത്തിനിരയായി അപമാനിതരായി യാതനയനുഭവിക്കുന്നകാര്യം മാതൃഭൂമി പുറത്തുകൊണ്ടുവന്നപ്പോൾ ഗ്രാമപ്പഞ്ചായത്തും മറ്റു ജനപ്രതിനിധികളും അസാധാരണവേഗത്തിൽ ഇടപെട്ട് മാറ്റമുണ്ടാക്കിയെന്നത് നമ്മുടെ പൊതുസമൂഹത്തിന്റെ ഉണർവാണ് തെളിയിക്കുന്നത്. ഈ ഉണർവ്, ഈ ജാഗ്രത അനസ്യൂതം ഉണ്ടാവട്ടെ...
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..