ആറുമാസത്തെ പാഠങ്ങൾ


കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കാതെയാണ് സമരങ്ങളിലധികവും നടന്നത്. ഇനിയെങ്കിലും സമരത്തിലും അത് നേരിടുന്നതിലും

എഡിറ്റോറിയൽ

ഒഴിഞ്ഞുപോവാൻ ഒരിടവുമില്ലാത്തവിധത്തിൽ മഹാമാരി വളഞ്ഞുകഴിഞ്ഞു എന്നതാണ് ലോക്‌ഡൗൺ ആറുമാസം തികയുമ്പോഴത്തെ അവസ്ഥ. രോഗവ്യാപനം രൂക്ഷമാവുകയാണ്. മരണനിരക്ക് കുതിച്ചുയരുന്നില്ല എന്നതിൽ ആശ്വസിക്കാം എന്നുമാത്രം. കൊറോണ വൈറസ്, സാധാരണ വൈറസല്ല. നോവൽ വൈറസാണെന്നത് ദിവസങ്ങൾ കഴിയുന്തോറും കൂടുതൽക്കൂടുതൽ വ്യക്തമായിവരികയാണ്. അമേരിക്കയിലെ ഹൂസ്റ്റണിൽനിന്ന് ഗവേഷണത്തിൽ ലഭിച്ച സൂചന കൊറോണ വൈറസിന് അനുദിനമെന്നോണം വ്യാപനശേഷി വർധിക്കുംവിധം രൂപ, ഭാവ മാറ്റം സംഭവിക്കുന്നു എന്നാണ്. കേരളത്തിൽനിന്നുള്ള വൈറസ് സാംപിളുകൾ പഠനവിധേയമാക്കിയപ്പോഴും തീവ്രവ്യാപനശേഷിയുള്ള ഇനമാണെന്ന് വ്യക്തമായി.തമിഴ്നാട്ടിലെ കോയമ്പേട് മാർക്കറ്റിൽ ഒരുദിവസം 120 പേർക്ക് കോവിഡ് ബാധിച്ചതായി വാർത്തവന്നപ്പോൾ ദക്ഷിണേന്ത്യയാകെ നടുങ്ങിയിരുന്നു. ഏതാനും മാസത്തിനുശേഷം കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിൽ ഒറ്റദിവസം 223 പേർക്ക് കോവിഡ് ബാധ കണ്ടെത്തിയപ്പോൾ അതൊരു അസാധാരണ സംഭവമായിത്തോന്നാത്തനിലയിലേക്ക് കാര്യങ്ങളെത്തി. കോയമ്പേട് മാർക്കറ്റ് പാളയം മാർക്കറ്റിന്റെ പതിന്മടങ്ങ് വലുപ്പമുള്ളതാണെന്നുകൂടി ഓർക്കണം.

ദിവസവും അരലക്ഷത്തോളം പരിശോധനയാണ് സംസ്ഥാനത്ത് നടക്കുന്നത്. പരിശോധിക്കുന്നതിൽ ശരാശരി പത്തു ശതമാനത്തിലധികവും ചില ജില്ലകളിൽ 16 ശതമാനംവരെയുമാണ് രോഗബാധ. പരിശോധന കൂട്ടിയാൽ രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുമെന്നുറപ്പാണ്. രോഗബാധിതരിൽ 90 ശതമാനത്തിനും ലക്ഷണം പുറമേക്ക് കാണാനില്ല എന്നതിനാൽ രോഗികളാര്, അല്ലാത്തവരാര് എന്ന് ഖണ്ഡിതമായി പറയാനാവാത്ത സ്ഥിതിയാണിപ്പോഴുള്ളത്. മുന്നനുഭവങ്ങളില്ലാത്തതിനാൽ മഹാമാരിയെ നേരിടുന്നതിന് സർക്കാരുകൾ സ്വീകരിക്കുന്ന നടപടികൾപോലും പരീക്ഷണാടിസ്ഥാനത്തിലാണ്. അനുഭവത്തിന്റെയും സാഹചര്യത്തിന്റെയും വെളിച്ചത്തിൽ പെരുമാറ്റച്ചട്ടങ്ങൾ മാറ്റിക്കൊണ്ടേയിരിക്കുന്നു. പഞ്ചായത്തുകൾതോറും ഫസ്റ്റ്‌ ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഒരുക്കിയെങ്കിലും വീട്ടിൽ സൗകര്യമുണ്ടെങ്കിൽ ചികിത്സ അവിടെത്തന്നെ മതി എന്നതിൽ ഊന്നുകയാണിപ്പോൾ. സംസ്ഥാനത്ത് കോവിഡ് ബാധിതരിൽ മരണനിരക്ക് പരമാവധി കുറയ്ക്കാനായത് മെച്ചപ്പെട്ട ചികിത്സ ലഭ്യമായതിനാലാണ്. ബാഹ്യലക്ഷണമോ മറ്റ് തീവ്രരോഗങ്ങളോ ഇല്ലാത്തവർ വീടുകളിലും വീട്ടിൽ ക്വാറന്റീൻ സൗകര്യമില്ലാത്തവർ ഫസ്റ്റ് ലൈൻ സെന്ററിലും കഴിഞ്ഞാൽ മതിയെന്ന നിലയാണുള്ളത്.

രോഗബാധ ഇനിയും വ്യാപകമാവുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ സജ്ജമാക്കുന്നതിൽ എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ അതിവേഗം പരിഹരിച്ചുപോകേണ്ടതുണ്ട്. കേരളത്തിൽ വെന്റിലേറ്റർ വേണ്ടിവന്ന രോഗികളുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാൽ, ഇനിയുള്ള നാളുകളിലും അതങ്ങനെത്തന്നെയാവണമെന്നില്ല. ഐ.സി.യു. കിടക്കകളും കൂടുതൽ ആവശ്യമായിവരാം. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആകെ 532 വെന്റിലേറ്റർ മാത്രമാണുള്ളത്, 781 ഐ.സി.യു. കിടക്കകളും. കാസർകോടുപോലുള്ള ജില്ലകളിൽ ഇത് നാമമാത്രമാണ്. കോവിഡ് ചികിത്സയ്ക്കായി ആരോഗ്യമേഖലയിൽ പതിനായിരത്തോളം തസ്തികകൾ സൃഷ്ടിച്ചെന്ന് അവകാശപ്പെടുമ്പോഴും ആവശ്യത്തിന് ജീവനക്കാരില്ലാത്ത പ്രശ്നം രൂക്ഷമാണ്. കോവിഡ് ഭീതിയിൽ താത്‌കാലിക ജോലിക്ക് ആരോഗ്യമേഖലയിലേക്ക് ആളുകൾ വരാൻ മടിക്കുന്ന സാഹചര്യത്തിൽ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകാനാവണം. സ്ഥിരം ഒഴിവുകൾ നികത്താൻ അടിയന്തരനടപടിയുണ്ടാവുകയും വേണം. മഹാമാരിയിലകപ്പെട്ട് തകർന്നുപോയ തൊഴിൽമേഖലകളെ ഉണർത്താൻ സർക്കാർ പ്രഖ്യാപിച്ച അതിജീവനപദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

അടച്ചിടലൊന്നും വേണ്ട എന്ന നിലപാടിലേക്ക്‌ കേന്ദ്രസർക്കാർ എത്തിയിരിക്കുകയാണ്. വിദ്യാലയങ്ങളും സിനിമാശാലകളുമെല്ലാം നിബന്ധനകളോടെ തുറക്കലും തീവണ്ടിഗതാഗതത്തിൽ കുറേക്കൂടി ഇളവുവരുത്തലും ഇനി വൈകാനിടയില്ല. സ്കൂളുകളും കോളേജുകളും അനന്തമായി അടച്ചിടുന്നത് പുതിയ തലമുറയെയാകെ നൈരാശ്യത്തിലാക്കുമെന്നതിനാൽ കർശനവ്യവസ്ഥകളോടെ തുറക്കുന്നകാര്യം ആലോചിക്കണം. ആറുമാസംകൊണ്ട് കുട്ടികൾ സ്വയം നിയന്ത്രിക്കാൻ പരിശീലിച്ചുവെന്നു കരുതാം. പക്ഷേ, ഇത് എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യംമുയരുന്നുണ്ട്.കോവിഡ് രൂക്ഷമാകുന്ന ഘട്ടത്തിലാണ് നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്തും അതിന്റെ അനുബന്ധസംഭവങ്ങളും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. സ്വാഭാവികമായും ഭരണപക്ഷത്തിനെതിരേ പ്രതിപക്ഷകക്ഷികൾ തെരുവിലിറങ്ങി. കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കാതെയാണ് സമരങ്ങളിലധികവും നടന്നത്. അക്രമവും പോലീസ് ബലപ്രയോഗവും ആവർത്തിക്കപ്പെട്ടത് കോവിഡ് വ്യാപനം രൂക്ഷമാക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. അകലം പാലിക്കുകയെന്നതിനു വിരുദ്ധമായ സന്ദേശമാണത് നൽകിയത്. കോവിഡ് പ്രതിരോധത്തിന് രാപകൽ പ്രവർത്തിച്ച പോലീസ് സേനയിലെ ഒട്ടേറെപ്പേർക്കാണ് കോവിഡ് ബാധിച്ചത്. ഇനിയെങ്കിലും സമരത്തിലും അത് നേരിടുന്നതിലും സംയമനവും അകലവും പാലിക്കുന്നില്ലെങ്കിൽ രോഗപ്പകർച്ചയ്ക്ക് ആക്കംകൂട്ടലാവും.

ലോക്‌ഡൗണിന്റെ ആറുമാസം ചില നല്ല പാഠങ്ങളും പകർന്നു- പരസ്പരസഹകരണത്തിന്റെ പാഠങ്ങൾ. കാർഷികമേഖലയോടുള്ള ആഭിമുഖ്യം. അതിനുമപ്പുറം മുഖാവരണവും സാനിറ്റൈസറും അകലം പാലിക്കലും മറ്റ് അസുഖങ്ങളെ വലിയൊരളവോളം അകറ്റി. സാധാരണ മരണനിരക്കിൽ ഗണ്യമായ കുറവുവന്നതും ശ്രദ്ധേയമാണ്. രോഗങ്ങളെ അകറ്റുന്നതിനുള്ള ശീലങ്ങളാർജിക്കാനുള്ള ഉൾപ്രേരണ പ്രധാനമാണ്. സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയെന്നതും പ്രധാനം. പുതിയകാലത്ത് പുതിയ അതിജീവനതന്ത്രങ്ങളുമായി ജീവിതം മുന്നോട്ടുതന്നെ നീങ്ങണം.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022

Most Commented