പാലംപണിയിൽ ഇനി വിള്ളലരുത്


സുപ്രീംകോടതിയിൽ സർക്കാർഭാഗം നൽകിയ ഉറപ്പ് നൂറുകൊല്ലത്തേക്ക് ഗാരണ്ടിയുള്ള പാലമാണ് പകരം നിർമിക്കുകയെന്നാണ്. അത് അക്ഷരംപ്രതി പാലിക്കാൻ ബന്ധപ്പെട്ട എല്ലാവരും പ്രതിജ്ഞാബദ്ധരാകുമെന്ന് ആഗ്രഹിക്കാം

എഡിറ്റോറിയൽ

ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസിൽ പാലം തകർന്നുവീണത് ആഴ്ചകൾക്കുമുമ്പാണ്. നിർമിച്ചുകൊണ്ടിരുന്ന പാലത്തിന്റെ നാല് ബീമാണ് തകർന്നുവീണത്. ആളപായമുണ്ടായില്ലെന്ന് ആശ്വസിക്കുമ്പോഴും നമ്മുടെ നാട്ടിലെ വൻകിട കരാർ പ്രവൃത്തികളെക്കുറിച്ച് സംശയവും ഉൾഭയവുമുണ്ടാക്കിയ സംഭവമാണത്. പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ സംഭവിച്ചതും അതുതന്നെയായിരുന്നു.
കേരളത്തെയാകെ നാണക്കേടിലാക്കിയ സംഭവമായിരുന്നു പാലാരിവട്ടം മേൽപ്പാലത്തിന്റെ തകർച്ച. നിർമാണത്തിൽ നഗ്നമായ അഴിമതി പ്രതിഫലിച്ചപ്പോൾ പുതുക്കംമാറുംമുമ്പുതന്നെ പാലം തകരുകയായിരുന്നു. ‘പഞ്ചവടിപ്പാലം’ എന്ന പരിഹാസപ്പേരുവീണ പാലം പൊളിച്ച് പുതിയ പാലം നിർമിക്കാൻ പരമോന്നതനീതിപീഠം സർക്കാരിന് അനുമതി നൽകിയിരിക്കയാണ്. ഈ അനുമതി ഒരു താക്കീതുമാണ്. ഹാസസാഹിത്യകാരനായ വേളൂർ കൃഷ്ണൻകുട്ടിയുടെ കഥയെ ആസ്പദമാക്കി കെ.ജി. ജോർജ് തയ്യാറാക്കിയ ചലച്ചിത്രമാണ് പഞ്ചവടിപ്പാലം. മരാമത്ത് മേഖലയിൽ കരാറുകാരിലെയും ഉദ്യോഗസ്ഥരിലെയും ഭരണ-രാഷ്ട്രീയ നേതൃത്വത്തിലെയും ഒരുവിഭാഗം സംയുക്തമായി നടത്തുന്ന തീവെട്ടിക്കൊള്ളയെയാണ് ആ സിനിമ വിഷയമാക്കിയത്. അതുകൊണ്ടാണ് പാലാരിവട്ടംപാലം കേസിൽ പഞ്ചവടിപ്പാലം എന്ന് പരിഹാസദ്യോതകമായ വിശേഷണം കോടതിയിലടക്കം മുഴങ്ങിയത്.
സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗത്ത് 47 കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച പാലമാണ് ഉദ്ഘാടനംചെയ്ത് രണ്ടുകൊല്ലം കഴിയുമ്പോഴേക്കും ഉപയോഗിക്കാൻപറ്റാത്ത സ്ഥിതിയിലായത്. അപകടാവസ്ഥ നേരത്തേ കണ്ടുപിടിക്കാൻ സാധിച്ചത് വലിയ അനുഗ്രഹമായി. ചെന്നൈ ഐ.ഐ.ടി.യും ചീഫ് എൻജിനിയർമാരുടെ ഉന്നതസമിതിയും സർവോപരി എൻജിനിയറിങ് വൈദഗ്ധ്യത്തിന്റെ പ്രതീകമായ ഇ. ശ്രീധരനും പരിശോധിച്ച്, പാലം അപകടത്തിലാണെന്ന് വ്യക്തമാക്കിയതാണ്.

അറ്റകുറ്റപ്പണിനടത്തി പാലം ഉപയോഗയോഗ്യമാക്കുക പ്രയാസമാണെന്നും അങ്ങനെ ചെയ്താലും അതിന്റെ ആയുസ്സ് കുറവായിരിക്കുമെന്നും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പാലം പൊളിക്കാൻ സർക്കാർ തീരുമാനിച്ചത്. പാലത്തിന് 102 ഗർഡറുള്ളതിൽ ഭൂരിഭാഗത്തിനും വിള്ളൽ, 17 എണ്ണത്തിന് ഗുരുതര ബലക്ഷയം, 19 സ്പാനിൽ 17-ലും തകരാറ്. ഏതുസമയവും തകർന്നുവീഴാവുന്ന പരുവത്തിലാണ്‌ അതിന്റെ സ്ഥിതിയെന്നാണ് വിദഗ്ധർ വിലയിരുത്തിയത്. പാലം പൊളിച്ച് പുതിയ പാലം നിർമിക്കുന്നതിന് ഡി.എം.ആർ.സി.യെ ചുമതലപ്പെടുത്തുകയും ചെയ്തു. അതിനിടയിൽവന്ന കേസിൽ, പാലം പൊളിക്കുന്നത് താത്‌കാലികമായി തടയുകയും ഭാരപരിശോധന നടത്തിയശേഷംമതി അന്തിമതീരുമാനമെടുക്കാനെന്നും ഹൈക്കോടതി വിധിച്ചു. അതിനെതിരേ സംസ്ഥാനസർക്കാർ നൽകിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ച് അന്തിമവിധി പ്രഖ്യാപിച്ചത്. കരാറുകാരുടെയും കൺസൾട്ടന്റ് കമ്പനിയുടെയും വാദങ്ങളെല്ലാം തള്ളിയ സുപ്രീംകോടതി കരാറുകാരോട് ചോദിച്ചത്, ഒരുകൊല്ലംകൊണ്ട് ഇത്രയും വിള്ളൽ വീണ പാലത്തിന്റെ കരാറുകാർക്ക് എന്ത് അവകാശമാണ് ഉന്നയിക്കാനുള്ളത് എന്നാണ്. കേസുമായി പോയതിനാൽ പുതിയ പാലത്തിന്റെ നിർമാണം രണ്ടുവർഷം വൈകുകയും കൊച്ചിയിലെ യാത്രാദുരിതം രൂക്ഷമാവുകയുംചെയ്തു. സുപ്രീംകോടതിയിൽ സർക്കാർഭാഗം നൽകിയ ഉറപ്പ് നൂറുകൊല്ലത്തേക്ക് ഗാരന്റിയുള്ള പാലമാണ് പകരം നിർമിക്കുകയെന്നാണ്. അത് അക്ഷരംപ്രതി പാലിക്കാൻ ബന്ധപ്പെട്ട എല്ലാവരും പ്രതിജ്ഞാബദ്ധരാകുമെന്ന് ആഗ്രഹിക്കാം.

പാലാരിവട്ടം പാലം പഞ്ചവടിപ്പാലമായതെങ്ങനെയെന്ന കാര്യം കോടതി പരിശോധിച്ചുകഴിഞ്ഞിട്ടില്ല. വിജിലൻസ് അന്വേഷണം അക്കാര്യത്തിൽ പുരോഗമിക്കുകയാണ്. മരാമത്തുവകുപ്പ് സെക്രട്ടറിയടക്കം ജയിലിലാവുകയും അന്നത്തെ വകുപ്പുമന്ത്രി പ്രതിപ്പട്ടികയിൽ വരികയുംചെയ്ത കേസാണിത്. കരാറുകാരന് എട്ടേകാൽ കോടി രൂപ മുൻകൂർ നൽകിയത് മന്ത്രിയുടെ നിർദേശപ്രകാരമാണെന്ന് വകുപ്പുസെക്രട്ടറി മൊഴിനൽകിയതാണ് കേസിൽ വഴിത്തിരിവായത്. പാലം നിർമാണത്തിന് കരാർ നൽകിയതിലും മുൻകൂർ പണം നൽകിയതിലും സർക്കാരിന്റെ ഭാഗത്ത് അരുതാത്തത് സംഭവിച്ചുവെന്ന ആരോപണത്തിന് അടിസ്ഥാനമുണ്ട്. കരാറെടുത്തവരാകട്ടെ ആവശ്യമായ സാമഗ്രികൾ കൃത്യമായി ഉപയോഗിക്കാതെ കാട്ടിക്കൂട്ടൽ നടത്തിയെന്നും വ്യക്തമാണ്. ഓരോഘട്ടത്തിലും പരിശോധനനടത്തി നിർമാണം കുറ്റമറ്റനിലയിലാണെന്ന് ഉറപ്പുവരുത്തേണ്ട എൻജിനിയർമാർ എന്തെടുക്കുകയായിരുന്നുവെന്നതും വിജിലൻസ് അന്വേഷണത്തിലൂടെ വ്യക്തമാവുമായിരിക്കാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented