മഴയിൽ തകരുന്ന റോഡുകൾ


വർഷകാല കേരളത്തിലെ റോഡിലൂടെയുള്ള ഓരോ രാത്രിയാത്രയും വലിയ വെല്ലുവിളിയാണ്. റോഡു തകർന്ന് കുഴിയായി,

എഡിറ്റോറിയൽ

കെടുകാര്യസ്ഥതയും അഴിമതിയും വിട്ടുമാറാത്ത ഒരു മഹാമാരി തന്നെയാണ്. അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് കേരളത്തിലെ റോഡുകൾ. മഴയൊന്നു കനത്താൽ തകർന്നുപോകുന്ന റോഡുകൾ. പണിതിട്ടും പണിതീരാത്ത റോഡുകൾ. അപരിഹാര്യമായ ദുരവസ്ഥ. അതിന്റെ ഒരുദാഹരണമാണ് പാലാരിവട്ടം പാലം. അത് പൊളിക്കണോ നന്നാക്കണോ എന്ന തർക്കം ഇനിയും തീർന്നിട്ടില്ല. കോടതിയുടെ കരുണ കാത്തുകിടക്കുകയാണിപ്പോഴും.
ഓരോ മഴയിലും നമ്മുടെ പത്രങ്ങളുടെയെല്ലാം പ്രാദേശിക പേജുകൾ മഴയിൽ പൊടിഞ്ഞുതീർന്ന റോഡുകളെക്കുറിച്ചുള്ള വാർത്തകൾകൊണ്ട് നിറയും. ഈ മഴയിലും അതിന് മാറ്റമൊന്നുമില്ല. കൊച്ചിയിലെ കുണ്ടും കുഴികളും ഉയർത്തുന്ന വാഹന ഗതാഗതക്കുരുക്കഴിക്കാൻ ഹൈക്കോടതി എത്രയോതവണ ഇടപെട്ടിട്ടും ഇനിയും ഫലമുണ്ടായിട്ടില്ല. ഹൈക്കോടതി കൊച്ചിയിലായതുകൊണ്ട് അത് ജനം അറിയുന്നു എന്നുമാത്രം. റോഡുകളുടെ ദുരവസ്ഥയിൽ ജനം വലയാത്ത മുക്കുംമൂലയും കേരളത്തിലുണ്ടാകില്ല.

വർഷകാല കേരളത്തിലെ റോഡിലൂടെയുള്ള ഓരോ രാത്രിയാത്രയും വലിയ വെല്ലുവിളിയാണ്. റോഡു തകർന്ന് കുഴിയായി, അത് വലിയ ഗർത്തമായിത്തീർന്ന്, വാഹനങ്ങൾ തകർന്നും മനുഷ്യജീവനുകൾ പൊലിഞ്ഞും കഴിഞ്ഞതിനുമെത്രയോ ശേഷം പദ്ധതി, ഫണ്ട് എന്നീ പതിവുപല്ലവിപ്രകാരമേ നന്നാക്കുകയുള്ളൂ എന്ന പ്രാകൃതസ്ഥിതിയാണ് ഇന്നുള്ളത്. വിദേശ രാജ്യങ്ങളിൽ റോഡുനിർമാണം പഠിക്കാൻ പോകുന്നവർ, അവിടങ്ങളിൽ എത്രവേഗമാണ് ഇത്തരം കാര്യങ്ങൾ കൈകാര്യംചെയ്യുന്നത് എന്ന കാര്യമെങ്കിലും നോക്കിമനസ്സിലാക്കിയെങ്കിൽ. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് കാലാവസ്ഥയെ പഴിക്കുന്നതിൽ ഒരു കാര്യവുമില്ലെന്നറിയാൻ ഇപ്പോഴും കേരളത്തിലെ പല നഗരങ്ങളിലും ബാക്കിനിൽക്കുന്ന ബ്രിട്ടീഷ് റോഡുകളെയും പാലങ്ങളെയും കണ്ടുപഠിച്ചാൽ മനസ്സിലാവും. ബ്രിട്ടീഷുകാർ നാടുവിട്ടുപോയിട്ട് വർഷം 73 പിന്നിട്ടെങ്കിലും ഇനിയും നമുക്ക് മാറ്റിപ്പണിയേണ്ട ആവശ്യംപോലും വന്നിട്ടില്ലാത്ത നിർമാണങ്ങളാണ്‌ അവയിൽ പലതും.

മഴയുടെ മുന്നൊരുക്കം എന്നുപറയുന്നത് ഓരോ മഴക്കാലത്തും നമ്മുടെ വഴികളിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന് കടന്നുപോകാനുള്ള വഴിയൊരുക്കൽ കൂടിയാണ്. അത് നമ്മൾ ചെയ്തുതീർന്നിട്ടേയില്ല. സിന്ധുനദീതട സംസ്കാരത്തിന്റെ കാലത്തുപോലും ഓടകൾ സംസ്കാരത്തിന്റെ നിലനിൽപ്പിന് എത്രമാത്രം അനിവാര്യമാണെന്ന് ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, ഒഴുകിവരുന്ന ജലത്തെ എങ്ങനെ കൈകാര്യം ചെയ്യും എന്നിനിയും തീരുമാനിക്കാനായിട്ടില്ല. മഴക്കാലത്ത് റോഡ് വെട്ടിപ്പൊളിച്ചിട്ട് ഓടകൾ പണിയുന്ന പതിവ് നിർത്തിയിട്ടുമില്ല. എത്ര പദ്ധതികൾ പ്രാവർത്തികമായാലും ഒരു മഴവരുമ്പോൾ കേരളത്തിലെ
നഗരങ്ങളെല്ലാം വെള്ളത്തിലാവുന്നു, പാതകൾ തകരുന്നു.

വളരാത്ത റോഡുകളിൽ പെരുകുന്ന വാഹനങ്ങൾ പ്രതിവർഷം 5000-ത്തിലേറെപ്പേരുടെ ജീവനെടുക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സ്വതേ വീതികുറഞ്ഞ പാതകൾ കുണ്ടും കുഴിയുമായി രോഗാതുരമാവുമ്പോൾ സഞ്ചാരം ദുരിതമാവുന്നു. കേരളത്തിലെ കുപ്രസിദ്ധമായ റോഡുകൾ വിപണിമുതൽ വിനോദസഞ്ചാരത്തെവരെ ബാധിക്കുന്നു. ഗുണനിലവാരം കുറഞ്ഞ റോഡുനിർമാണത്തിന് കരാറുകാർ മാത്രമല്ല രാഷ്ട്രീയ-ഉദ്യോഗസ്ഥ മേൽനോട്ടക്കാരും ഉത്തരവാദികളാണ്. വോട്ടുബാങ്കല്ലാത്ത, നടുവൊടിയുന്ന പൊതുജനങ്ങളോടു മറുപടിപറയാൻ ഇവർ ബാധ്യസ്ഥരാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022

More from this section




Most Commented