എഡിറ്റോറിയൽ
കാർഷികമേഖലയെ പരിഷ്കരിക്കാനെന്നവകാശപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്നു ബില്ലുകൾ കർഷകക്ഷോഭം ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് മന്ത്രിസഭയിലെ, സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ പ്രതിനിധി ഹർസിമ്രത് കൗർ രാജിവെക്കുകയും ചെയ്തു. കേന്ദ്ര ഭക്ഷ്യസംസ്കരണ വകുപ്പുമന്ത്രി രാജിവെച്ചത് സാധാരണനിലയിൽ കേന്ദ്ര സർക്കാരിന് ഒരു പോറൽപോലുമല്ല. എന്നാൽ, ഒട്ടേറെ പ്രതിപക്ഷ കക്ഷികളുടെ എതിർപ്പ് നിസ്സാരവത്‌കരിക്കാൻ സാധിച്ചിരുന്ന കേന്ദ്രസർക്കാരിന് ലോക്‌സഭയിൽ രണ്ടംഗങ്ങൾ മാത്രമുള്ള ശിരോമണി അകാലിദളിൽനിന്നുള്ള മന്ത്രിയായ ഹർസിമ്രത് കൗറിന്റെ രാജി വലിയ പ്രഹരംതന്നെയാണ്. പഞ്ചാബിലെയും ഹരിയാണയിലെയും കർഷകരുടെ തീവ്രവികാരമാണ് ആ രാജിയിലൂടെ പ്രകടമായത്.
താങ്ങുനൽകാനെന്ന പേരിൽ കൊണ്ടുവരുന്ന നിയമങ്ങളും നടപടികളും വിനയായി മാറിയ അനുഭവങ്ങളാണ് വാഗ്ദാനങ്ങളിൽ അവിശ്വാസം പ്രകടിപ്പിക്കാൻ കർഷകർക്ക് പ്രേരകമാകുന്നത്. താങ്ങുവില സമ്പ്രദായം ഇല്ലാതാക്കുന്ന പ്രശ്നമില്ല എന്ന് പ്രധാനമന്ത്രിതന്നെ പറഞ്ഞിട്ടും പഞ്ചാബിലെയും ഹരിയാണയിലെയും കൃഷിക്കാർ സമരരംഗത്ത് ഉറച്ചുനിൽക്കുകയാണ്. സ്വതന്ത്രവ്യാപാരം കാർഷികോത്‌പന്നങ്ങൾക്ക് വില ഗണ്യമായി വർധിക്കാൻ സഹായകമാകുമെന്നത് ഉദാരീകരണത്തിന്റെ ആദ്യകാലത്തുതന്നെയുള്ള പ്രചാരണമാണ്. കർഷകരിൽനിന്ന് കാപ്പി ന്യായവിലയ്ക്ക് സംഭരിക്കുന്നതിൽനിന്ന് കോഫിബോർഡ് പിന്മാറിയപ്പോഴുണ്ടായ അനുഭവം കേരളത്തിലുണ്ട്. ആദ്യത്തെ രണ്ടോ മൂന്നോ വർഷം തരക്കേടില്ലാത്ത വില കിട്ടുകയും പിന്നീട് കടുത്ത വിലത്തകർച്ച കാരണം കൃഷി തകരുകയും കർഷക ആത്മഹത്യകൾ നടക്കുകയും ചെയ്ത വയനാട്ടിലെ അനുഭവം നമുക്കറിയാം. കാർഷികോത്‌പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കാനും ആവശ്യമെങ്കിൽ സംഭരിക്കാനും സർക്കാർ തയ്യാറല്ലെന്നുവന്നാൽ കടുത്ത ചൂഷണത്തിനിടയാകും എന്നറിയുന്നതിനാലാണ് കൃഷിക്കാർ വാഗ്ദാനങ്ങളിൽ വിശ്വസിക്കാതെ സമരത്തിനിറങ്ങുന്നത്.
കൃഷിക്കാരെ രക്ഷിക്കാനെന്നവകാശപ്പെട്ട് ഇപ്പോൾ നടപ്പാക്കാൻ പോകുന്ന നിയമങ്ങൾ വാസ്തവത്തിൽ വൻകിട കോർപ്പറേറ്റുകൾക്കും ഊഹക്കച്ചവടക്കാർക്കുമാണ് പ്രയോജനപ്പെടുക എന്നാണ് കർഷകസംഘടനകളുടെ ആശങ്ക. ഹരിയാണയിലും പഞ്ചാബിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലുമാണ് വിളവെടുപ്പുകാലത്ത് താങ്ങുവില നൽകി ഭക്ഷ്യോത്‌പന്ന സംഭരണം കാര്യക്ഷമമായി നടക്കാറുള്ളത്. കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ പാർലമെന്റിൽ പറഞ്ഞത് താങ്ങുവില തുടർന്നുമുണ്ടാകും എന്നാണ്. എന്നാൽ, പുതിയ നിയമത്തിൽ അതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്നതാണ് കർഷകരോഷത്തിന്റെ പ്രധാനകാരണം. കാർഷികോത്‌പന്നങ്ങൾ വിൽക്കുന്നതിന് അതിർത്തികൾ തടസ്സമല്ലെന്ന് ലോക്‌സഭ പാസാക്കിക്കഴിഞ്ഞ പുതിയ ബില്ലിൽ അനുശാസിക്കുന്നത് കൃഷിക്കാരെയല്ല, വൻകിട വ്യാപാരികളെയാണ് സഹായിക്കുക എന്ന വിമർശത്തിലും കഴമ്പുണ്ട്. ഉത്‌പന്നങ്ങൾക്ക് നിശ്ചിത വില ഉറപ്പിക്കാനായി നടപ്പാക്കുന്ന നിർദിഷ്ട പ്രൈസ് അഷ്വറൻസ് നിയമം കാർഷികമേഖലയിൽ കരാർ സമ്പ്രദായം വ്യാപകമാക്കും. ഏത് വിളയാണ് കൃഷി ചെയ്യേണ്ടതെന്ന് കൃഷിക്കാരനല്ല, വാണിജ്യകമ്പനി തീരുമാനിക്കുന്ന സ്ഥിതിയാണ് വന്നുചേരുക. കൃഷിക്കാരനെ സ്വന്തം സ്ഥലത്ത് അന്യവത്‌കരിക്കുന്നതിന് തുല്യമാകും ഇതെന്നാണ് ഒരു വിമർശം.
എന്നാൽ, കാർഷികമേഖലയിൽ വമ്പിച്ച മുന്നേറ്റമുണ്ടാക്കുന്നതിന് സഹായകമായ ചരിത്രം സൃഷ്ടിക്കുന്ന നിയമങ്ങളാണിതെന്നാണ് പ്രധാനമന്ത്രി നൽകുന്ന ഉറപ്പ്. കൃഷിക്കാരനെ സ്വതന്ത്രനാക്കുകയും പ്രതിബന്ധങ്ങൾ തട്ടിനീക്കുകയും ചെയ്യുന്ന നിയമങ്ങളെ അവിശ്വസിക്കരുതെന്നും ആക്ഷേപങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും കൂടി പ്രധാനമന്ത്രി കൂട്ടിച്ചേർക്കുന്നു. പ്രധാന എതിർപ്പ് ദേശീയ ജനാധിപത്യസഖ്യത്തിലുൾപ്പെട്ട ശിരോമണി അകാലിദളിൽനിന്നാണെന്ന് വരുമ്പോൾ രാഷ്ട്രീയപ്രേരിതം എന്നുപറഞ്ഞ് എങ്ങനെ തള്ളിക്കളയും? പാർലമെന്റിലെ ചർച്ചയിൽ ഉയർന്നുവന്ന നിർദേശങ്ങളും സമരരംഗത്തുള്ള കർഷകരുടെ വികാരവും പരിഗണിച്ച് നിർദിഷ്ട നിയമത്തിൽ ആവശ്യമായ മാറ്റംവരുത്താൻ കേന്ദ്രം തയ്യാറാകണം. കാർഷികോത്‌പന്നങ്ങൾക്ക് ആദായവിലയും ഉത്‌പാദന വർധനയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനാണ് സർക്കാർ ഊന്നൽ നൽകേണ്ടത്.
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..