വെളിച്ചം തെളിക്കട്ടെ ഈ സർവകലാശാല


നിലവിലുള്ള സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പദ്ധതികൾക്കുള്ള വിമർശനങ്ങൾ കണക്കിലെടുത്ത് സുസജ്ജമായ അക്കാദമിക് സംവിധാനം ഓപ്പൺ സർവകലാശാലയിൽ ഉണ്ടാവണം

-

എത്രത്തോളം വൈകാമോ അതിലും വൈകിയാണെങ്കിലും കേരളത്തിൽ ഓപ്പൺ സർവകലാശാല യാഥാർഥ്യമാവുകയാണ്. കേരളത്തിന് നവോത്ഥാനപാഠങ്ങൾ പകർന്നു കൊടുത്ത മഹാഗുരുവിന്റെ, ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ, രാഷ്ട്രീയ-വാണിജ്യ-സാംസ്കാരിക ഔന്നത്യത്തിന്റെ ചരിത്രപാരമ്പര്യമുള്ള ദേശിങ്ങനാട്ടിൽ സംസ്ഥാനമാകെ പ്രവർത്തനപരിധിയുള്ള ഒരു സർവകലാശാലയ്ക്ക് പ്രാധാന്യവും പ്രസക്തിയും ഏറെയാണ്.

ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാല ദേശീയതലത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണുണ്ടാക്കിയത്. കേരളത്തിൽ ബിരുദ-ബിരുദാനന്തര തലത്തിൽ സമാന്തരമേഖലയ്ക്ക് ഏതാനുംവർഷം മുമ്പുവരെ വിപുലമായ സ്ഥാനമാണുണ്ടായിരുന്നത്. മിക്ക സർവകലാശാലകളും പ്രൈവറ്റ് രജിസ്‌ട്രേഷൻ നിർത്തുകയും വിദൂരവിദ്യാഭ്യാസപദ്ധതി തുടങ്ങുകയും ചെയ്തതോടെ പാരലൽ കോളേജ് പ്രസ്ഥാനം ശോഷിച്ചു. അഭ്യസ്തവിദ്യരുടെ വലിയൊരു തൊഴിലിടംകൂടിയാണ് ഏറക്കുറെ ഇല്ലാതായത്. വിദൂരവിദ്യാഭ്യാസ സംവിധാനം ഈ വർഷത്തോടെ താത്‌കാലികമായെങ്കിലും പ്രതിസന്ധിയിലാണുതാനും. പരമ്പരാഗത കോഴ്‌സുകളല്ലാതെ കാലാനുസൃതമായ കോഴ്‌സുകൾ വിദൂരവിദ്യാഭ്യാസത്തിന്റെ ഭാഗമായി നിലവിലില്ലെന്ന ന്യൂനതയുമുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിന് സ്വന്തമായി ഒരു ഓപ്പൺ സർവകലാശാല സ്ഥാപിക്കാൻ പത്തുവർഷത്തിലേറെ മുമ്പെടുത്ത തീരുമാനം യാഥാർഥ്യമാകുന്നത്.

ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ പ്രവേശനം ലഭിക്കാത്തവർ മാത്രമല്ല, പല കാരണങ്ങളാൽ കോളേജുകളിൽ പോകാൻകഴിയാതിരുന്നവർ, തൊഴിലെടുത്തുകൊണ്ട് ഉന്നതവിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്നവർ എന്നിവർക്കെല്ലാം ഓപ്പൺ സർവകലാശാല അനുഗ്രഹമാണ്. ഓപ്പൺ സർവകലാശാലകളിലെ കോഴ്‌സുകൾക്ക് മറ്റ് സർവകലാശാലകൾ അംഗീകാരം നൽകണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ വിഭാവനം ചെയ്യുന്നതുപോലെ തൊഴിൽ നൈപുണ്യം വർധിപ്പിക്കുക എന്നത് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല മുഖ്യലക്ഷ്യമാക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. സാങ്കേതികവിദ്യകൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലത്ത് നേരത്തേ പഠിച്ചകാര്യങ്ങൾ തൊഴിലിടത്തിൽ അപര്യാപ്തമാകുന്ന അനുഭവമുണ്ട്. ഇത് പരിഹരിക്കുന്നതിനുള്ള ഇടക്കാല കോഴ്‌സുകൾ, ഡേറ്റാ സയൻസ് പോലുള്ള നവീനവിഷയങ്ങളിലുള്ള ഡിപ്ലോമ കോഴ്‌സുകൾ തുടങ്ങിയവയെല്ലാം ഓപ്പൺ സർവകലാശാലയിൽ ഉണ്ടാകും. മാനവിക വിഷയങ്ങൾ, കണക്ക്, കൊമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടർ സയൻസ് തുടങ്ങി റെഗുലർ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് തുല്യമായ കോഴ്‌സുകൾക്ക് പുറമേയാണ് നവീനവിഷയങ്ങളിലുള്ള ഡിപ്ലോമ കോഴ്‌സുകൾ. ഹയർ സെക്കൻഡറിയോ ബിരുദമോ കഴിഞ്ഞയുടൻ തൊഴിൽ ലക്ഷ്യമാക്കി ഉപരിപഠനത്തിന് ചേരുന്നവർക്കുപുറമേ പഠനം ഇടയ്ക്ക് നിർത്തിയവർ, ജോലിചെയ്യുന്നതിനിടയിൽ ഉന്നതബിരുദം നേടാനാഗ്രഹിക്കുന്നവർ, ജോലി ലക്ഷ്യമാക്കിയല്ലാതെ കൂടുതൽ വിഷയങ്ങൾ പഠിക്കാനാഗ്രഹിക്കുന്നവർ എന്നിവർക്കെല്ലാം പ്രായപരിധിയില്ലാതെ പ്രവേശനം ലഭിക്കുമെന്നതാണ് ഓപ്പൺ സർവകലാശാലയുടെ സവിശേഷതകളിലൊന്ന്.

നിലവിലുള്ള സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പദ്ധതികൾക്കുള്ള വിമർശനങ്ങൾ കണക്കിലെടുത്ത് സുസജ്ജമായ അക്കാദമിക് സംവിധാനം ഓപ്പൺ സർവകലാശാലയിൽ ഉണ്ടാവണം. വിരമിച്ച പ്രഗല്ഭ അധ്യാപകരുടെയടക്കം സഹകരണം പഠനസാമഗ്രികൾ തയ്യാറാക്കുന്നതിലും സമ്പർക്ക ക്ലാസുകൾക്കും ഉപയോഗപ്പെടുത്താൻ കഴിയണം. അതോടൊപ്പം മറ്റ് സർവകലാശാലകളിൽ ഇപ്പോൾ ഈ വിഭാഗത്തിൽ ജോലിചെയ്യുന്നവർക്ക് തൊഴിൽ നഷ്ടമാകാതിരിക്കാനുള്ള ശ്രദ്ധയും വേണം. കേരളത്തിലെ സർവകലാശാലകളുടെ അക്കാദമിക പ്രവർത്തനങ്ങൾ പ്രതീക്ഷിത നിലവാരത്തിലെത്താത്തതിന് കാരണം രാഷ്ട്രീയ അതിപ്രസരമാണെന്ന അഭിപ്രായം ശക്തമാണ്. സർവകലാശാലകളിൽ അധ്യാപക-അധ്യാപകേതര സംഘടനകളുടെ പരസ്പര മത്സരം, വിദ്യാർഥിസംഘടനകളുടെ കക്ഷിതിരിഞ്ഞുള്ള കലഹം, ഭരണസംവിധാനം അതിലേതെങ്കിലും ഭാഗത്തേക്ക് ചാഞ്ഞുനിൽക്കൽ ഇതെല്ലാമാണ് എക്കാലത്തും കാണുന്നത്. പുതിയ ഒരു സർവകലാശാലയിൽ ഈ അതിപ്രസരത്തിന് അവസരമുണ്ടാകില്ലെന്ന് ആശിക്കാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented