-
കേരള പബ്ലിക് സർവീസ് കമ്മിഷനെ അപകീർത്തിപ്പെടുത്തി എന്നുകാണിച്ച് ഒരുവിഭാഗം ഉദ്യോഗാർഥികളെ ശിക്ഷിക്കാൻ ഒരുങ്ങുകയാണ് ഈ ഭരണഘടനാസ്ഥാപനം. ഇത് ശുദ്ധമായ മനുഷ്യാവകാശ ലംഘനവും ജനാധിപത്യത്തോടുള്ള അവഹേളനവുമാണ്. ആരാണ് ഇത്തരം അധികാരം പി.എസ്.സി.ക്കു കൊടുത്തതെന്ന് പൊതുസമൂഹം അറിയേണ്ടതുണ്ട്. വിമർശിക്കാനും വിലയിരുത്താനും രാജ്യത്തെ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. വിമർശനത്തിന് യുക്തിസഹമായി മറുപടി നൽകുന്നതിനു പകരം വിലകുറഞ്ഞ പ്രതികാരനടപടികൾ സ്വീകരിക്കുന്നത് ധിക്കാരപരമാണ്. ഇല്ലാത്ത അധികാരം പ്രയോഗിക്കലാണിത്. ഭരണഘടനയ്ക്കും മുകളിൽ പറക്കാമെന്ന വ്യാമോഹം ഭരണഘടനാസ്ഥാപനമായ പി.എസ്.സി.യെ നയിക്കുന്നവർക്കുണ്ടെങ്കിൽ അത് മുളയിലേ നുള്ളണം. ലക്ഷക്കണക്കിന് ചെറുപ്പക്കാർ പ്രതീക്ഷയോടെ കാണുന്ന ഒരു സ്ഥാപനത്തിന് ചേർന്നതായില്ല ഈ നടപടി.
കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കുള്ള ഒഴിവുകൾ പൂഴ്‌ത്തിവെക്കുന്നു എന്ന ആരോപണമുന്നയിച്ച് വിവിധ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി പി.എസ്.സി.യെ അപകീർത്തിപ്പെടുത്തിയെന്നാണ് സെക്രട്ടറ്ി ഒരു വിവാദ പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. ഈ ആരോപണം ഉന്നയിച്ച ഉദ്യോഗാർഥികളെ പി.എസ്.സി. തിരഞ്ഞെടുപ്പിൽനിന്ന് വിലക്കുമെന്നാണ് പത്രക്കുറിപ്പിലെ ഭീഷണി. ഇവരെ കണ്ടെത്താനായി പി.എസ്.സി. വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ടെന്ന് ഓഗസ്റ്റ് 25-നു പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ പറയുന്നു. പി. എസ്.സി.ക്ക് നേരിട്ടു പരാതി സമർപ്പിക്കുന്നതിനുപകരം സാമൂഹികമാധ്യമങ്ങളിൽ തങ്ങളെ അപകീർത്തിപ്പെടുത്തിയെന്നാണ് പത്രക്കുറിപ്പിൽ ആരോപിക്കുന്നത്. എന്തൊരു ബാലിശമായ ഭീഷണിയാണിത്. ആരോഗ്യവകുപ്പിലെയും ആയുർവേദ കോളേജിലെയും ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളുടെ പരീക്ഷാകേന്ദ്രം മാറ്റാനെന്നപേരിൽ ചില ഉദ്യോഗാർഥികൾ സമാന്തര സംവിധാനമൊരുക്കി പരാതികൾ സ്വീകരിച്ചതായി കമ്മിഷൻ കണ്ടെത്തിയെന്നാണ് പറയുന്നത്. വസ്തുതകൾ മാന്യമായി വെളിപ്പെടുത്തി കാര്യകാരണസഹിതം ആരോപണം തെറ്റാണെന്ന് സ്ഥാപിക്കുകയായിരുന്നു പി.എസ്.സി. ചെയ്യേണ്ടിയിരുന്നത്. പകരം തിണ്ണബലം കാണിക്കുന്ന വിലകുറഞ്ഞ രീതിയാണ് ഈ ഭരണഘടനാസ്ഥാപനം സ്വീകരിച്ചിരിക്കുന്നത്. തൊഴിലില്ലാത്ത അനേകായിരം ചെറുപ്പക്കാരുടെ ആശയകേന്ദ്രമായ പി.എസ്.സി.യുടെ ഇത്തരത്തിലുള്ള പ്രതികാരമനോഭാവത്തോടെയുള്ള ഇടപെടൽ ഞെട്ടിക്കുന്നതാണ്.
പത്രക്കുറിപ്പ്, എന്തായാലും വിവാദമായിരിക്കുകയാണ്. എഴുത്തുകാരൻ എൻ.എസ്. മാധവൻ പി.എസ്.സി. നീക്കത്തെ ട്വിറ്ററിലൂടെ ‘താറുമാറായ രാജ്യത്തെ, ആശയക്കുഴപ്പത്തിലായ രാജാവിന്റെ’ ഉത്തരവെന്നാണ് ഉപമിച്ചത്. വിമർശകരെ ജോലിനൽകാത്തവിധം വിലക്കുന്ന പി.എസ്.സി.യുടെ നടപടി ഭരണഘടനാലംഘനമാണെന്നും പി.എസ്.സി.ക്കു പരാതിയുണ്ടെങ്കിൽ എഫ്.ഐ.ആർ. ഫയൽ ചെയ്യുകയോ അപകീർത്തിക്കേസ് നൽകുകയോ ആണ് വേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വി.എം. സുധീരൻമുതൽ കെ. സുരേന്ദ്രൻവരെയുള്ള നേതാക്കളും പി. എസ്.സി.യുടെ നടപടിക്കെതിരേ മുന്നോട്ടുവന്നിട്ടുണ്ട്.
പി.എസ്.സി.യുടെ കാര്യക്ഷമതയെക്കുറിച്ചും നിയമന നടപടികളിലെ മെല്ലെപ്പോക്കിനെക്കുറിച്ചും മുമ്പും പരാതികൾ ഉണ്ടായിട്ടുണ്ട്. അതിലൊക്കെ ഒരുപരിധിവരെ കഴമ്പുമുണ്ട്. പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ നടന്ന തിരിമറി സംസ്ഥാനത്തിനുതന്നെ നാണക്കേടുണ്ടാക്കിയ കാര്യവും ആരും മറന്നിട്ടില്ല. ഈ തൊഴിൽദായക സ്ഥാപനത്തിൽ അംഗങ്ങളായിട്ടുള്ളവർ ആകാശത്തുനിന്ന് പൊട്ടിവീണവരോ ദന്തഗോപുര നിവാസികളോ അല്ലെന്നവർ വ്യക്തമായി മനസ്സിലാക്കണം. ജനങ്ങളെ സേവിക്കുന്ന രാഷ്ട്രീയപ്രവർത്തകരും സർക്കാർ സർവീസിൽ ഉണ്ടായിരുന്നവരും ഒക്കെയാണ് അംഗങ്ങൾ. ആ പക്വതയും വിവേകവും വിനയവും അവരിൽനിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നുണ്ട്. ഇതരസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്ത ഏറ്റവുംകൂടുതൽ അംഗങ്ങളുള്ള സംവിധാനമാണ് കേരളത്തിലെ പി.എസ്.സി. അതൊരു വെള്ളാനയോ അധികാരഗർവിന്റെ കൊത്തളമോ അല്ലെന്നും മാന്യ അംഗങ്ങൾ മനസ്സിലാക്കണം. ഉദ്യോഗാർഥികളോട് അനുഭാവപൂർവം പെരുമാറേണ്ടത് സ്ഥാപനത്തിന്റെ കടമയും ഉത്തരവാദിത്വവുമാണ്. അത് മറന്നുപോവുന്നത് അത്ര നിഷ്കളങ്കമാണെന്നു കരുതുകവയ്യ.
ഉദ്യോഗാർഥികൾക്കെതിരായ പ്രതികാരനീക്കം അടിയന്തരമായി ഉപേക്ഷിച്ച് പി.എസ്.സി. അതിന്റെ മാന്യതയും സമചിത്തതയും വീണ്ടെടുക്കണം.
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..