ആ സന്ദേശങ്ങൾ നാം സ്വാംശീകരിച്ചോ


2 min read
Read later
Print
Share

ഐതിഹാസികമായ ആദ്യ സന്ദർശനത്തിനുശേഷം നൂറാണ്ട് പിന്നിടുമ്പോൾ ഗാന്ധിജി വിഭാവനം ചെയ്തതുപോലുള്ള ഐക്യവും സമഭാവനയും യാഥാർഥ്യമാണോ എന്ന ചോദ്യം പ്രസക്തമാണ്

-

മൈത്രിയുടെ സന്ദേശവുമായാണ് മഹാത്മജി ഇന്നേക്ക് നൂറുകൊല്ലംമുമ്പ് മലയാളനാട്ടിൽ ആദ്യമായി കാലുകുത്തിയത്. സ്വാതന്ത്ര്യം കൈവരിക്കുന്നതിന് ആദ്യം വേണ്ടത് ദേശീയഐക്യമാണെന്നും മതമൈത്രി അതിന്റെ അടിസ്ഥാനമാണെന്നും അതിനുള്ള പൊതുബോധം സൃഷ്ടിച്ചുകൊണ്ടല്ലാതെ ബ്രിട്ടീഷ് ഭരണത്തെ തൂത്തെറിയാനാവില്ലെന്നുമുള്ള തിരിച്ചറിവാണ് ഖിലാഫത്ത് ഫണ്ട് പിരിവിനുള്ള യാത്രയ്ക്ക് ഗാന്ധിജിക്ക് പ്രേരകമായത്. ഹിന്ദു-മുസ്‌ലിം ഐക്യം ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിനും രാജ്യത്തിന്റെ ഭാവിക്കും നിർണായകമാണെന്ന് ഗാന്ധിജി കണ്ടു. സംസ്കാരങ്ങളുടെ സംഗമഭൂമിയായ കോഴിക്കോട്ട് ജാതിമതഭേദമെന്യേ തടിച്ചുകൂടിയ ആയിരക്കണക്കിനാളുകളെ അഭിസംബോധന ചെയ്തുകൊണ്ട് വാസ്തവത്തിൽ കേരള നവോത്ഥാനത്തിനുള്ള ആഹ്വാനമാണ് ഗാന്ധിജി മുഴക്കിയത്. ബ്രിട്ടീഷ് മലബാറിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കോഴിക്കോട് കടപ്പുറത്ത് എത്തിയവർ മാത്രമല്ല, പിറ്റേന്ന് വടകരയിലും തലശ്ശേരിയിലും കണ്ണൂരിലും കാഞ്ഞങ്ങാട്ടും മംഗലാപുരത്തും റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ ഒരുനോക്കുകാണാൻ, ഒരുവാക്കു കേൾക്കാൻ ആവേശത്തോടെ എത്തിയവർ മാത്രമല്ല ആ ആഹ്വാനം ശ്രവിച്ചത്. ആയിരങ്ങളിൽനിന്ന് പതിനായിരങ്ങളിലേക്ക് സ്വാതന്ത്ര്യത്തിന്റെയും മതമൈത്രിയുടെയും നവോത്ഥാനത്തിന്റെയും സന്ദേശമെത്തി.

അതിനുമുമ്പ് കേവലം ‘ഞായറാഴ്ച കോൺഗ്രസ്’ എന്നെല്ലാം പരിഹസിക്കപ്പെട്ട നാമമാത്ര പ്രവർത്തനം മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ മഹാത്മജിയുടെ നോക്കും വാക്കും പ്രവർത്തനങ്ങൾക്ക് പുതിയ ഊർജസ്രോതസ്സായി മാറുകയായിരുന്നു. ദേശാഭിമാനികളായ യുവാക്കളിൽ മാസ്മരികമായ ചൈതന്യപ്രവാഹമാണതുണ്ടാക്കിയത്. സ്വാതന്ത്ര്യസമരം എന്നത് കേവലം രാഷ്ട്രീയസ്വാതന്ത്ര്യത്തിനുള്ള സമരം മാത്രമല്ല, അയിത്തമടക്കമുള്ള അനാചാരങ്ങളിൽനിന്ന് സ്വയംരക്ഷനേടുന്നതിനും മറ്റുള്ളവരെ രക്ഷിക്കുന്നതിനുമുള്ള ആഭ്യന്തരസമരം കൂടിയാണെന്ന പാഠമാണ് ആദ്യ സന്ദർശനത്തിൽ മഹാത്മജി പഠിപ്പിച്ചത്. കൊളോണിയൽ ഉദ്യോഗങ്ങൾ ഉപേക്ഷിക്കാനും കൊളോണിയൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ബഹിഷ്കരിക്കാനും ആഹ്വാനമുണ്ടായി. കേരളം അന്ന് മൂന്നായി മുറിഞ്ഞുകിടപ്പായിരുന്നെങ്കിലും ഗാന്ധിജിയുടെ കോഴിക്കോടൻ ആഹ്വാനം ഐക്യകേരളത്തിന്റെ നവോത്ഥാനത്തിന്റെ നാന്ദികുറിച്ചു. കോൺഗ്രസ് നാടാകെ പടരാനും വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ സ്വദേശി പ്രസ്ഥാനം ഉയർന്നുവരാനും അയിത്തത്തിനെതിരായ വൈകാരികാന്തരീക്ഷമുണ്ടാവാനും ആ ആഹ്വാനം അടിസ്ഥാനമായി. മൂന്നു കൊല്ലത്തിനുശേഷം സ്വാതന്ത്ര്യപ്രസ്ഥാനത്തിന് കേരളത്തിൽ ഒരു മുഖപത്രമായി മാതൃഭൂമി ഉദയംചെയ്തത് ആ സന്ദർശനത്തിന്റെ ഫലങ്ങളിലൊന്നാണ്. മാതൃഭൂമിയുടെയും കേരളത്തിലെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെയും നായകരുടെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹം നടന്നത് ആ ചരിത്രം സൃഷ്ടിച്ച സന്ദർശനത്തിൽനിന്നുള്ള ഊർജസ്രോതസ്സിൽനിന്നുതന്നെ.

വൈക്കം സത്യാഗ്രഹമാണ് ഗാന്ധിജിയെ രണ്ടാമത് കേരളത്തിലേക്ക് ആകർഷിച്ചത്. അവർണർക്ക് വഴിനടക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരത്തെ മഹാത്മജി ആശീർവദിച്ചു. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണി’തെന്ന് അരുളിച്ചെയ്ത ശ്രീനാരായണഗുരുവിനെ ആ മഹദ്‌സന്നിധിയിലെത്തി സന്ദർശിക്കുകയും ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഊർജസ്രോതസ്സും ഗാന്ധിയൻ ചിന്തതന്നെയാണ്. ഹരിജൻ ഫണ്ട് പിരിവിനായി മഹാത്മാവ് മലബാറിലാകെ പര്യടനം നടത്തുകയും ജാത്യനീതിക്കെതിരായ സമരനായകനായ സ്വാമി ആനന്ദതീർഥരുടെ പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയത്തിലെത്തി തുല്യനീതിയുടെ പ്രതീകമായി മാവ് നടുകയും ചെയ്തു. രാജ്യത്തിനാകെ മാതൃകയായി ശ്രീചിത്തിരതിരുനാൾ മഹാരാജാവ് തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചതിലും ഗാന്ധിജിയുടെ സ്വാധീനം പ്രകടമാണ്. ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് സ്വതന്ത്ര ഇന്ത്യൻ ഭരണം ‌സ്ഥാപിക്കുന്നതിനുള്ള സമരത്തിന്റെ നായകനായി മാത്രമല്ല കേരളം മഹാത്മജിയെ നെഞ്ചേറ്റുന്നത്. ജാതിമതാതീതമായ മാനവൈക്യത്തിലൂടെ സർവതോമുഖമായ നവോത്ഥാനത്തിന്റെ പ്രോദ്ഘാടകനെന്ന നിലയിലുമാണ്.

ഐതിഹാസികമായ ആദ്യ സന്ദർശനത്തിനുശേഷം നൂറാണ്ട് പിന്നിടുമ്പോൾ ഗാന്ധിജി വിഭാവനം ചെയ്തതുപോലുള്ള ഐക്യവും സമഭാവനയും യാഥാർഥ്യമാണോ എന്ന ചോദ്യം പ്രസക്തമാണ്. അന്നത്തെ കാലത്തെ അപേക്ഷിച്ച് വലിയമാറ്റം വന്നുവെന്നത് വസ്തുതയാണ്. എന്നാൽ, പുതിയ പുതിയ വിഭജനങ്ങളുണ്ടാകുന്നുണ്ടെന്നത് മറച്ചുവെക്കാനാവാത്തവിധം പ്രകടമാണ്. പുറമേയുള്ള വിലക്കുകൾക്കുപകരം അകമേ വേലികൾ വളരുന്നുവെന്ന വിമർശത്തിലും വാസ്തവമില്ലാതില്ല. അഹിംസ, സ്വാശ്രയത്വം, ഗ്രാമസ്വരാജ് തുടങ്ങി അടിസ്ഥാനപരമായ ഗാന്ധിയൻ തത്ത്വങ്ങളും പിൽക്കാലത്ത് വേണ്ടവിധം പിന്തുടരാതിരുന്നത് എത്രമാത്രം വിനയായെന്ന ആത്മവിമർശത്തിന് ഈ ഓർമനാൾ പ്രേരകമാകേണ്ടതാണ്.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented