
-
ഇനിയുമൊരു സമ്പൂർണ ലോക്ഡൗൺ വേണ്ടിവരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എല്ലാവിഭാഗം ജനങ്ങളിലും ആശങ്കയുളവാക്കിയിരിക്കുകയാണ്. ആധാരമായി പറയുന്ന കാര്യങ്ങൾ പൂർണമായും ശരിയാണെങ്കിലും ജീവിതരംഗങ്ങൾ സാവധാനം ചലനാത്മകമായിക്കൊണ്ടിരിക്കേ അങ്ങനെയുള്ള തീരുമാനം വലിയ നൈരാശ്യത്തിനിടയാക്കും. കാർഷിക-വ്യവസായ-വാണിജ്യ മേഖലകളിൽ ഭാഗികമായെങ്കിലും പുനരാരംഭിച്ച പ്രവൃത്തികൾ നിലച്ചാൽ സാമ്പത്തികത്തകർച്ച രൂക്ഷമാകും. ക്ലസ്റ്റർ തിരിച്ച് നിലവിൽ ചെയ്യുന്നതുപോലെ കണ്ടെയ്ൻമെന്റ് സോണായി പരിഗണിച്ച് ലോക്ഡൗൺ കർശനമായി നടപ്പാക്കുന്നത് തുടരുന്നതാവും ഉചിതം.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലെല്ലാം സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചതിനാൽ ക്ലസ്റ്ററുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഭാഗികമായ ലോക്ഡൗൺ ഇപ്പോൾത്തന്നെയുണ്ട്. ഓരോ ജില്ലയെയും അപ്പാടെ, അഥവാ സംസ്ഥാനമപ്പാടെ ലോക്ഡൗണായാൽ പ്രതിരോധപ്രവർത്തനംതന്നെ താളംതെറ്റിയേക്കാം. ഇപ്പോഴത്തെ തോതിൽത്തന്നെ രോഗബാധ തുടർന്നാൽ സമ്പൂർണ ലോക്ഡൗൺ വേണ്ടിവരില്ലെന്ന് പറയാനാവില്ല. തത്കാലം ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും മറ്റും അഭിപ്രായപ്പെട്ടതുപോലെ പ്രാദേശികമായ ലോക്ഡൗണാണ് ഉചിതം.
മാനവരാശി ഇതേവരെ നേരിട്ടതിൽവെച്ച് ഏറ്റവുംവലിയ മഹാമാരി മൂന്നാം ഘട്ടമായപ്പോഴേക്കും കേരളത്തെയും വരിഞ്ഞുമുറുക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് എല്ലാവർക്കും ബോധ്യമുള്ളതാണ്. വ്യാഴാഴ്ച രോഗബാധ സ്ഥിരീകരിച്ച 1078 പേരിൽ 798 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നതെന്നത് ഭീതിയുണ്ടാക്കുന്നതാണ്. മഹാമാരിയുടെ വ്യാപനശേഷി പ്രതിരോധമതിലുകളെയെല്ലാം അതിക്രമിച്ച് പലേടത്തും സമൂഹവ്യാപനത്തിലേക്കു വളർന്നിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാൽ, മികച്ച ചികിത്സാസംവിധാനത്തിലൂടെ അതിന്റെ പ്രഹരശേഷി വളരെ കുറയ്ക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം പെട്ടെന്ന് പെരുകുന്നുണ്ടെങ്കിലും മരണനിരക്ക് ഏറ്റവുംകുറഞ്ഞ പ്രദേശം കേരളമാണെന്നത് വിസ്മരിക്കാവതല്ല. രാജ്യത്ത് 12.5 ലക്ഷത്തോളം പേർ രോഗബാധിതരായപ്പോൾ മുപ്പതിനായിരത്തോളം പേർ മരിച്ചു. കേരളത്തിൽ 16,000 പേർ രോഗബാധിതരായപ്പോൾ മരിച്ചത് 50 പേരാണ്. രാജ്യത്താകെ നോക്കിയാൽ 2.41 ശതമാനത്തോളമാണ് മരണനിരക്ക്. കേരളത്തിൽ അത് 0.35 ശതമാനത്തോളമാണ്. കോവിഡ് ചികിത്സയിൽ സംസ്ഥാനത്തെ ആരോഗ്യമേഖല വളരെ മുന്നിൽത്തന്നെയാണിപ്പോഴും എന്നതിന്റെ സൂചനയാണിത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ വൈറോളജിവിഭാഗം മുൻ മേധാവി ഡോ. ടി. ജേക്കബ് ജോൺ, മാതൃഭൂമി ഡോട് കോം നടത്തിയ അഭിമുഖത്തിൽ വ്യക്തമാക്കിയ കാര്യങ്ങൾ വളരെ പ്രസക്തമാണ്. ആദ്യഘട്ടത്തിൽ കരുതിയതുപോലെയല്ല കാര്യങ്ങൾ. “കോവിഡ് അണുബാധിതരെല്ലാം അസുഖബാധിതരല്ല. രോഗബാധിതരിൽ രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നുണ്ടോ എന്നുനോക്കിയേ ചികിത്സ ആവശ്യമുള്ളൂ. എല്ലാ പ്രാഥമികാരോഗ്യകേന്ദ്രത്തിലും ഇതിനായി പൾസ് ഓക്സിമീറ്റർ വാങ്ങിവെക്കണം” എന്നാണദ്ദേഹം പറഞ്ഞത്. കേരളത്തിൽ കോവിഡ് പ്രതിരോധ-ചികിത്സാ സംവിധാനം നേരായ വഴിക്കുതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
രോഗവ്യാപനം യാഥാർഥ്യമായിക്കഴിഞ്ഞു. അതിനെ നേരിടാൻ സർക്കാർ ആശുപത്രികളുടെ അനുബന്ധമായി കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ നിലവിൽവന്നിരിക്കുകയാണ്. ഓരോ പഞ്ചായത്തിലും 100 വീതം കിടക്കകളുള്ള പുതിയ കരുതൽ ചികിത്സാസംവിധാനം. സംസ്ഥാനത്താകെ ഒരു ലക്ഷത്തോളം കിടക്കകളുള്ള കോവിഡ് പ്രാഥമികചികിത്സാ കേന്ദ്രമാണ് ഒരുങ്ങിവരുന്നത്. രോഗലക്ഷണം പ്രകടമായവരെ, മറ്റുരോഗങ്ങൾകൂടിയുള്ളവരെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ്മെന്റ് സെന്ററിൽനിന്ന് കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി വിദഗ്ധചികിത്സ ലഭ്യമാക്കുക എന്നതാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള രീതി. ഈ സംവിധാനം കാര്യക്ഷമമാക്കുന്നതിലാണ് ഇനി ശ്രദ്ധവേണ്ടത്. സമ്പൂർണ ലോക്ഡൗൺ നടപ്പാക്കുന്നത് അതിനും തടസ്സമാകും. അതിനാൽ ക്ലസ്റ്റർ തലത്തിലുള്ള ലോക്ഡൗൺ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുകയാണുചിതം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..