-
നയതന്ത്രസംവിധാനങ്ങളുടെ മറവിൽ കേരളത്തിൽനടന്ന, രാജ്യത്തെ ഞെട്ടിച്ച സ്വർണക്കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി.വകുപ്പ് മേധാവിയുമായിരുന്ന എം. ശിവശങ്കറിനെ സസ്പെൻഡ് ചെയ്തിരിക്കുന്നു. അനിവാര്യമായ ഈ നടപടി വൈകിയതിലേ അസാധാരണത്വമുള്ളൂ. പ്രതിപക്ഷവും പൊതുസേവനത്തിലെ മര്യാദകളെ മാനിക്കുന്നവരും ഇതിനായി മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. കേസിലെ പ്രതികളുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും പ്രധാനിയും അദ്ദേഹത്തിന്റെ വിശ്വസ്തനുമായ ഉദ്യോഗസ്ഥനുണ്ടായ ബന്ധം കേരളത്തിലെ സിവിൽസർവീസ് ചരിത്രത്തിലെ ലജ്ജാകരമായ അധ്യായമാണ്. അറിഞ്ഞോ അറിയാതെയോ ഇത്തരം വ്യക്തികളുമായി ഉന്നതശ്രേണയിലെ, പ്രത്യേകിച്ചും നയങ്ങൾ തീരുമാനിക്കുന്ന ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടാകുന്നത് ന്യായീകരിക്കാനാവില്ല. കേസ് അന്വേഷിക്കുന്ന കസ്റ്റംസ് അദ്ദേഹത്തെ ഒമ്പതുമണിക്കൂറോളം ചോദ്യംചെയ്തു. അതും ചരിത്രത്തിലാദ്യം. ആരോപണം ഉയർന്നപ്പോൾ ശിവശങ്കറിനെ തസ്തികകളിൽനിന്ന് മാറ്റുക മാത്രമാണ് സർക്കാർ ചെയ്തത്; അവധിയിൽ പ്രവേശിക്കാൻ അനുവദിച്ചുകൊണ്ട്. സിവിൽസർവീസ് എന്നത് തസ്തികയല്ല. അത് ജനസേവനത്തിനുള്ള രാജ്യത്തെ പരമമായ സംവിധാനമാണ്. അതിന്റെ വിശ്വാസ്യതയ്ക്കും മഹത്ത്വത്തിനും മങ്ങലേൽക്കുമ്പോൾ നിരപരാധിത്വം തെളിയിക്കാതെ ആ സർവീസിൽ തുടരാൻ ഇടയാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
സ്വർണക്കള്ളക്കടത്ത് കേസ് ഇപ്പോൾ അന്വേഷണഘട്ടത്തിലാണ്. പ്രതികളുമായുള്ള ബന്ധമല്ലാതെ ശിവശങ്കറിനെതിരേ മറ്റ് കുറ്റാരോപണങ്ങളൊന്നും ഇപ്പോഴില്ല. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. ഗുരുതരമായ വീഴ്ചകളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ധാർമിക അപഭ്രംശമുണ്ടാക്കുന്ന പ്രവൃത്തികൾക്ക് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ അഖിലേന്ത്യാ സർവീസിന്റെ പെരുമാറ്റച്ചട്ടത്തിൽ സംസ്ഥാനസർക്കാരുകൾക്ക് അധികാരം നൽകുന്നുണ്ട്. അതിൽ പരാമർശിക്കുന്ന ധാർമിക അപഭ്രംശത്തെക്കുറിച്ച് നീതിപീഠങ്ങൾ പലവിധ വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ട്. ഏതുനിലയ്ക്ക് നോക്കിയാലും ഇപ്പോഴത്തെ സംഭവവികാസങ്ങൾ സർക്കാരിനും പൊതുസമൂഹത്തിനും അംഗീകരിക്കാവുന്നതല്ല. വ്യാജബിരുദമുള്ള കള്ളക്കടത്തുകേസിലെ മുഖ്യ പ്രതിയായ സ്വപ്നാസുരേഷിന് ഐ.ടി. വകുപ്പിന്റെ ഉപസ്ഥാപനത്തിൽ നിയമനം ലഭിച്ചതിലും ഗുരുതരമായ വീഴ്ചയുണ്ട്. മുഖ്യമന്ത്രിയുടെ ഐ.ടി. ഫെലോ ആയിരുന്ന വ്യക്തിക്കെതിരേയും ആരോപണങ്ങൾ ഉയർന്നിരിക്കുന്നു. കടന്നൽക്കൂട്ടിൽ കല്ലെറിഞ്ഞതുപോലെ, കുറ്റവാളികളുമായുള്ള ബന്ധങ്ങളുടെ പലവിധ ചുരുളുകൾ ഒരേസമയം അഴിയുമ്പോൾ കരിനിഴലിലാവുന്നത് ഭരണസംവിധാനത്തിന്റെ ശിരസ്സായ മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിനതീതവും സുതാര്യവുമല്ലെങ്കിൽ മറ്റെവിടെയാണ് ആ മൂല്യങ്ങൾ പ്രതീക്ഷിക്കേണ്ടത്?
ഇതൊരു പാഠമാണ് എന്ന് വീണ്ടും പറയേണ്ടിവരുന്നത് അനുഭവമുണ്ടായിട്ടും വീഴ്ചകൾ ആവർത്തിക്കുന്നതുകൊണ്ടാണ്. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ അടുത്തടുത്ത രണ്ടുസർക്കാരുകളുടെ കാലത്തും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചത് എന്തുകൊണ്ടെന്ന് ഗൗരവത്തോടെ ആലോചിക്കണം. പുതിയ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നതും അതിൽ വിദഗ്ധരെ നിയമിക്കുന്നതും കാലം ആവശ്യപ്പെടുന്ന പുതിയ മേഖലകളിൽ ശ്രദ്ധനൽകാനും ഭരണത്തിനുവേഗം പകരാനുമാണ്. എന്നാൽ, അത്തരം നിയമനങ്ങൾ സുതാര്യമല്ലെന്നതിന്റെ തെളിവുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സർക്കാർ ഉദ്യോഗസ്ഥരെ പ്രയോജനപ്പെടുത്തുന്നതിനുപകരം ആഗോള മൂലധനം നിർദേശിക്കുന്ന കൺസൽട്ടൻസികളുടെ സേവനം സ്ഥാനത്തും അസ്ഥാനത്തും പ്രയോജനപ്പെടുത്താനുള്ള വ്യഗ്രതയും അഴിമതിനിയമനങ്ങളിലേക്ക് നയിക്കുന്നു. ഈ സംഭവപരമ്പരകളുടെ പശ്ചാത്തലത്തിൽ ഐ.ടി. വകുപ്പിലേത് മാത്രമല്ല, ഉന്നതമേഖലകളിലെ കരാർ നിയമനങ്ങളെല്ലാം അന്വേഷിക്കണം. എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയുടെ ഉത്തരവാദിത്വത്തിൽനിന്ന് ആർക്കും മാറിനിൽക്കാനാവില്ല. എത്രയും പെട്ടെന്ന് ശുചീകരണത്തിന് തുനിയണം. അപമാനകരമായ ഈ സ്ഥിതി ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത ഇനിയെങ്കിലും ഉറപ്പുവരുത്തിയില്ലെങ്കിൽ ജനാധിപത്യവും നീതിബോധവും ആവശ്യപ്പെടുന്ന അടിസ്ഥാന മൂല്യങ്ങൾ നിരന്തരം വെല്ലുവിളിക്കപ്പെടും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..