പ്രവാസികൾ കൂട്ടത്തോടെ തിരിച്ചുവരുന്നത് രൂക്ഷമായ തൊഴിലില്ലായ്മയുണ്ടാക്കുമെന്ന് പരക്കേ ആശങ്കയുണ്ട്. എന്നാൽ, ആ തിരിച്ചുവരവ് സ്വന്തം നാടിന്റെ സമഗ്രവികസനത്തിന് പ്രയോജനപ്പെടുത്താൻ ശരിയായ പദ്ധതികളുണ്ടെങ്കിൽ ആശങ്കയ്ക്ക് സ്ഥാനമില്ല. വിവിധ തൊഴിൽമേഖലയിൽ വൈദഗ്ധ്യം പ്രകടിപ്പിച്ച്, കഠിനാധ്വാനത്തിലൂടെ വിദേശത്ത് അംഗീകാരം നേടിയവരാണ് മഹാമാരിക്കാലത്ത് നാട്ടിൽ തിരിച്ചെത്തുന്നത്.
ഇപ്പോഴത്തെ കണക്കുപ്രകാരം ആദ്യഘട്ടത്തിൽത്തന്നെ അഞ്ചുലക്ഷത്തോളം പ്രവാസി കേരളീയർ തിരിച്ചെത്തും. അതിൽ കുറേപ്പേർക്ക് പ്രതിസന്ധിഘട്ടം കഴിഞ്ഞാൽ വീണ്ടും അങ്ങോട്ടുതന്നെ പോകേണ്ടിവരും. കോവിഡ് മഹാമാരിയുണ്ടാക്കുന്ന ആഘാതത്തിന്റെ വ്യാപ്തിയും വലുപ്പവും പ്രവചനാതീതമായതിനാൽ തിരിച്ചൊഴുക്കിന്റെ പലഘട്ടങ്ങൾ ഉണ്ടായേക്കാമെന്നും മുൻകൂട്ടി കാണേണ്ടതുണ്ട്. തിരിച്ചുവരുന്നവർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കാവുന്നതിന്റെ അതേ തോതിലോ അതിലുമേറെയോ നാട്ടിലുള്ളവർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കാമെന്നതും പ്രശ്നമാണ്. വിദേശത്ത് തൊഴിലെടുക്കുന്നവർ അയക്കുന്ന പണമാണ് നാട്ടിൽ വലിയതോതിൽ തൊഴിലവസരം സൃഷ്ടിക്കുന്നത്. വിദേശത്ത് നമ്മുടെ ഒരാൾക്ക് തൊഴിൽ നഷ്ടപ്പെടുമ്പോൾ ഇവിടെ വേറെ ഒന്നോ രണ്ടോ അതിലധികമോ പേരുടെ തൊഴിൽ നഷ്ടപ്പെടുന്നുവെന്ന് കണ്ടുള്ള ഗൗരവത്തോടെ ഈ പ്രശ്നത്തെ സമീപിക്കേണ്ടതുണ്ട്.

      ഈ പ്രശ്നം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് ബൃഹത്തായ ഒരു പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുവന്നത് സ്വാഗതാർഹമാണ്. പദ്ധതികൾ ആവിഷ്കരിക്കുന്നതിലും പ്രഖ്യാപിക്കുന്നതിലും അതിവേഗം, നടപ്പാക്കുന്നതിൽ അങ്ങേയറ്റത്തെ അമാന്തം എന്നതാണ് ഇവിടത്തെ അനുഭവം. പലതരം സാങ്കേതികപ്രയാസങ്ങൾ, വിവാദം, കക്ഷിരാഷ്ട്രീയാതിപ്രസരംകൊണ്ടുള്ള പ്രശ്നങ്ങൾ-ഇതെല്ലാംകാരണം പദ്ധതികൾ വല്ലാതെ വൈകുന്നത്  സാധാരണകാര്യം.

പ്രവാസികളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ  പ്രഖ്യാപിച്ച ‘ഡ്രീം കേരള’ നൂറുദിവസംകൊണ്ട് നടപ്പാക്കുമെന്നാണ് വാഗ്ദാനം. ബഹുജന സഹകരണവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ അത് അസാധ്യമല്ല. കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിൽ കാസർകോട്ട് ടാറ്റയുടെ ആശുപത്രിസമുച്ചയം നിർമിക്കാൻ തീരുമാനമായതും അനുമതികൾ നൽകിയതും രണ്ടുമാസത്തിനകംതന്നെ നിർമാണം  ഏറെ മുന്നേറിയതും ഉദാഹരണം. ലോക്ഡൗൺ കാലത്ത്  സുഭിക്ഷകേരളം പദ്ധതിയിലൂടെ കാർഷികരംഗത്ത് വലിയ ഉണർവുണ്ടായെന്നതും ശ്രദ്ധേയമാണ്.

ഡ്രീം കേരള പദ്ധതി സമയബന്ധിതമാണെന്നതാണ് സവിശേഷത. തിരിച്ചെത്തുന്ന പ്രവാസികളുടെ അറിവും വൈദഗ്‌ധ്യവും ഉപയോഗപ്പെടുത്തി വിവിധവകുപ്പുകൾ ചേർന്നാണ് പദ്ധതി നടപ്പാക്കുക എന്നാണ്‌ സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. ആശയങ്ങൾ ക്ഷണിക്കുകയും ഒരുമാസത്തിനകം ലഭിക്കുന്ന നിർദേശങ്ങൾ വിദഗ്ധസംഘം പഠിച്ച് വകുപ്പുകൾക്ക് റിപ്പോർട്ട് നൽകുകയുംചെയ്യുക എന്നതാണ് ആദ്യഘട്ടം. തിരഞ്ഞെടുക്കപ്പെടുന്ന പദ്ധതികൾ ഓഗസ്റ്റ്‌ 14-ന് വിർച്വൽ അസംബ്ലിയിൽ അവതരിപ്പിക്കുകയും നൂറുദിവസത്തിനകം പ്രവൃത്തിപഥത്തിലെത്തിക്കുകയും ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മികച്ച സംരംഭങ്ങളിലൂടെ ലോകശ്രദ്ധയാകർഷിച്ച മലയാളികളുടെ ഏതാനും പ്രതിനിധികൾകൂടി ഉൾപ്പെടുന്ന വിദഗ്ധസമിതിയും മുഖ്യമന്ത്രി ചെയർമാനും മന്ത്രിമാരും പ്രതിപക്ഷനേതാവുമെല്ലാം ഉൾപ്പെട്ട സ്റ്റിയറിങ് കമ്മിറ്റിയുമാണ്  പദ്ധതി നടത്തിപ്പിന് നേതൃത്വം നൽകുക.
കോവിഡ് മഹാമാരി ഉയർത്തുന്ന ഭീഷണിയെ അതിജീവിക്കാൻ നവീന പദ്ധതികളിലൂടെയും കൂട്ടായ്മയിലൂടെയും ദൃഢനിശ്ചയത്തിലൂടെയുംമാത്രമേ സാധ്യമാകൂ. ഡ്രീം കേരള കേവലം സ്വപ്നമാകാതെ പൂർണ യാഥാർഥ്യമാകാൻ ഒത്തൊരുമിച്ച ശ്രമമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.