-
ഫ്രഞ്ച് നോവലിസ്റ്റ് ആൽബേർ കമ്യുവിന്റെ ‘പ്ലേഗ്’ എന്ന വിഖ്യാത നോവലിൽ ഒരു നിരീക്ഷണമുണ്ട്: ‘സകലതിന്മകൾക്കും യോജിച്ചതെല്ലാം പ്ലേഗിനും അനുയോജ്യമാണ്. എന്നാൽ, സ്വന്തം ശേഷിക്ക് മുകളിലേക്ക് കുതിച്ചുയരാൻ മനുഷ്യരെ അത് സഹായിക്കുന്നു.’ തത്ത്വചിന്താപരമായ ഈ നിരീക്ഷണം കോവിഡ്കാല വിഷാദത്തിൽ വീണുപോയേക്കാവുന്ന ലോകത്തിന് പ്രതീക്ഷകൾ പകരുന്നതാണ്. പ്രതിസന്ധിയെ നേരിടുകയും അതിനെ അതിജീവിക്കുകയും അവസരമാക്കുകയും ചെയ്യുകയെന്ന സന്ദേശമാണ് ഈ വരികൾ നൽകുന്നത്. ഒറാൻ നഗരത്തെ പ്ലേഗ് എന്ന മഹാവ്യാധി വിഴുങ്ങുകയും അതിനെ ജനങ്ങൾ ക്രമേണ മറികടക്കുകയും ചെയ്യുന്നതിന്റെ ചിത്രം വരച്ചിടുന്ന നോവലിന്റെ പ്രമേയം ഇന്ത്യയിലെ മഹാനഗരങ്ങൾക്കുള്ള അനുഭവപാഠം കൂടിയാണ്. കോവിഡ് എന്ന മഹാമാരിയുടെ ദുരന്തത്തുരുത്തുകളായി രാജ്യത്തെ പ്രധാന നഗരങ്ങൾ മാറുമ്പോൾ, സ്വന്തം ശേഷിക്ക് മുകളിലേക്ക് ഉയരാനുള്ള സാധാരണജനങ്ങളുടെ ഉൾക്കരുത്ത് കൂടിയാണ് പരീക്ഷിക്കപ്പെടുന്നത്.
ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ മഹാനഗരങ്ങളിൽ കോവിഡ് രോഗബാധ അതിവേഗമാണ് പടരുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യതലസ്ഥാനമായ ഡൽഹി മറ്റെല്ലാ നഗരങ്ങളെയും പിന്തള്ളിയാണ് രോഗബാധയ്ക്ക് കീഴടങ്ങുന്നത്. ഡൽഹിയിൽപ്പോലും ആവശ്യത്തിന് ആതുരാലയങ്ങളില്ല എന്നത് ഈ ദുരന്തത്തിന്റെ ആഴത്തിലേക്കുള്ള ചൂണ്ടുപലകയാണ്. സർക്കാർതലത്തിൽ ആവശ്യത്തിന് ആശുപത്രികളില്ല. നിലവിലുള്ള ആശുപത്രികളിൽ അനിവാര്യമായ സംവിധാനങ്ങളില്ല. താങ്ങാനാവുന്നതിനും അപ്പുറം രോഗികളെക്കൊണ്ട് നിറഞ്ഞ ഈ ആശുപത്രികളിൽ വേണ്ടത്ര ജീവനക്കാരുമില്ല. അതേസമയം, പഞ്ചനക്ഷത്രസ്വഭാവമുള്ള സ്വകാര്യ ആശുപത്രികളാകട്ടെ ഇടത്തരക്കാർക്കും അപ്രാപ്യം. സാമൂഹിക പ്രതിജ്ഞാബദ്ധത കാട്ടേണ്ട ഈ ദുരന്തമുഖത്തും പണക്കിലുക്കമാണ് ഉത്തരേന്ത്യയിലെ സ്വകാര്യ ആശുപത്രികളുടെ അളവുകോൽ. ആശുപത്രികൾ തേടി രോഗികൾ പരക്കം പായുന്ന രംഗങ്ങളാണ് ഈ നഗരങ്ങൾക്ക് പറയാനുള്ളത്. ഈ നെട്ടോട്ടത്തിനിടയിൽ ചിലരെ മരണം വീഴ്ത്തുന്നു. ചില മരണങ്ങൾ കണക്കിൽപ്പോലും പ്രവേശിക്കുന്നില്ല. മൃതദേഹങ്ങൾ സംസ്കരിക്കാൻ ഈ നഗരങ്ങളിലെ പൊതുശ്മശാനങ്ങളിൽ ഇടമോ സൗകര്യമോ ഇല്ലെന്നതും നടുക്കമുളവാക്കുന്ന തിരിച്ചറിവ്. ഭയാനകമാണ് ഡൽഹിയിലെ സ്ഥിതിയെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഈ ദുരന്തങ്ങളുടെ പൂർണനിർവചനമാണ്. രാജ്യതലസ്ഥാനമായ ഡൽഹിയുടെ സ്ഥിതി ഇതാണെങ്കിൽ, മറ്റ് നഗരങ്ങളുടെ അവസ്ഥ കൂടുതൽ വിവരിക്കേണ്ടതില്ല. കോവിഡിനൊപ്പം അതികഠിനമായ കാലാവസ്ഥാ മാറ്റങ്ങളും സ്ഥിതി ഗുരുതരമാക്കും. ഉത്തരേന്ത്യയിൽ കൊടുംചൂടാണെങ്കിൽ മുംബൈയിൽ മഴക്കാലമാണ്. മുംബൈയെ പതിവായി പിടികൂടാറുള്ള മഴക്കാല രോഗങ്ങളുടെ കാലമാണ് വരാനിരിക്കുന്നത്. കോവിഡിനൊപ്പം ഈ രോഗങ്ങളുടെ വ്യാപനവും മുംബൈയെ ഒരുമിച്ച് ആക്രമിക്കുമോയെന്ന ആശങ്കയാണ് പടരുന്നത്.
കൊറോണ രോഗാണുവിന്റെ ഉദ്‌ഭവത്തെക്കുറിച്ച് തർക്കങ്ങളുണ്ടാകാം, ചർച്ചകളുണ്ടാകാം. എന്നാൽ, ഈ രോഗാണുവിന്റെ വ്യാപനത്തിനും കോവിഡ് രോഗബാധയുടെ വ്യാപനത്തിനും മനുഷ്യവീഴ്ചകൾ കാരണങ്ങളാണെന്ന് പറയാതിരിക്കാനാവില്ല. അതിൽ ഭരണകൂടങ്ങൾക്ക് പങ്കുണ്ട്. ഇന്ത്യയുടെ ഭൗതികവളർച്ചയുടെ കൊടിയടയാളങ്ങളായി ഭരണകേന്ദ്രങ്ങൾ ആവർത്തിച്ചു ചൂണ്ടിക്കാട്ടുന്ന പ്രധാന നഗരങ്ങളെ കോവിഡ് ഗുരുതരമായി ബാധിച്ചതെന്തുകൊണ്ടെന്ന അന്വേഷണം ഇങ്ങനെ ഒരു നിഗമനത്തിലെത്തിച്ചാൽ തെറ്റില്ല. രാജ്യങ്ങളുടെ വളർച്ചനിരക്ക് ഭൗതിക വികസന സൂചികകളുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്ന ആഗോളക്രമത്തിൽ, ദൃശ്യമായ വളർച്ചയുടെയും പുരോഗതിയുടെയും നിത്യദൃഷ്ടാന്തങ്ങളാണ് നഗരങ്ങൾ. എന്നാൽ, പരിഷ്കാരങ്ങളുടെയും ആഡംബരങ്ങളുടെയും നിത്യവേദികളായ ഈ വൻനഗരങ്ങളിലൊന്നും മനുഷ്യരുടെ അടിസ്ഥാനപരമായ ആരോഗ്യപരിപാലനത്തിന് ആവശ്യമായതോ പര്യാപ്തമായതോ ആയ ആതുരാലയങ്ങളില്ല എന്ന ഞെട്ടിക്കുന്ന യാഥാർഥ്യമാണ് കോവിഡ് തുറന്നുകാട്ടിയത്. ആഡംബരങ്ങളല്ല, ആതുരാലയങ്ങളാണ് ആവശ്യമെന്ന് കോവിഡ്‌വ്യാപനം പഠിപ്പിക്കുന്നു.
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..