-
ലിറ്ററിന് പതിനെട്ടുരൂപ അടിസ്ഥാന വിലയുള്ള പെട്രോൾ കൊച്ചിയിൽ വാഹനത്തിൽ നിറയ്ക്കുമ്പോൾ കൊടുക്കേണ്ടി വരുന്നത് 73.16 രൂപ. പതിനെട്ടര രൂപയുടെ ഡീസലിന് 67.39 രൂപയും. പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെബ് സൈറ്റിൽ നൽകിയിട്ടുള്ള കണക്കാണിത്. ഗതാഗതച്ചെലവ്, എക്‌സൈസ് തീരുവ, ഡീലർ കമ്മിഷൻ, സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള മൂല്യവർധിത നികുതി (വാറ്റ്) ഇതെല്ലാം ചേരുന്നതാണ് അധികമായി വരുന്ന 75 ശതമാനത്തോളം തുകയും. ഒരു ലിറ്റർ ഇന്ധനത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതിയായി മാത്രം ഈടാക്കുന്നത് 50 രൂപയ്ക്കടുത്താണ്.
2010 ജൂണിൽ പെട്രോളിന്റെയും 2014 ഒക്ടോബറിൽ ഡീസലിന്റെയും സബ്‌സിഡി കേന്ദ്രസർക്കാർ എടുത്തുകളഞ്ഞിരുന്നു. അതോടെ വിലനിയന്ത്രണം രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണവിലയ്ക്കനുസരിച്ചായെന്നാണ് പറയപ്പെടുന്നത്. ആദ്യം മാസത്തിൽ രണ്ടു തവണയായിരുന്നു വില പുതുക്കിയിരുന്നത്. പിന്നീട് ദിവസേനയായി. അതോടെ വിലവ്യത്യാസം ആളുകളുടെ ശ്രദ്ധയിൽനിന്നു മാറി. സർക്കാരും ഇത് സൗകര്യമായിക്കണ്ടു. നിലവിലെ സ്ഥിതിയനുസരിച്ച് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കൂടിയാൽ ചില്ലറവിപണിയിൽ പെട്രോളിനും ഡീസലിനും പിറ്റേന്നുതന്നെ വിലകൂടും. എന്നാൽ, കുറഞ്ഞാൽ അതേരീതിയിൽ ഇവിടെ പ്രതിഫലിക്കാറില്ല. വിലക്കുറവിനുപകരം നികുതി വർധിപ്പിക്കുന്നതിലൂടെ വിലകൂടുകയാണ് പതിവ്.
യു.പി.എ. സർക്കാരിന്റെകാലത്ത്, 2008-ൽ അന്താരാഷ്‌ട്ര എണ്ണവില ബാരലിന് 150 ഡോളർ വരെയെത്തിയപ്പോൾ നികുതി കുറച്ച് പെട്രോളിന് 85 രൂപ കടക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. 2014-ൽ പെട്രോളിന്റെ നികുതി 9.48 രൂപയും ഡീസലിന്റേത് 3.56 രൂപയും മാത്രമായിരുന്നു. ഇപ്പോഴിത് കേന്ദ്ര, സംസ്ഥാന നികുതികളായി യഥാക്രമം 49.42 രൂപയും 48.09 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില 41 ഡോളറിൽ താഴെനിൽക്കുന്പോൾ കൊച്ചിയിൽ പെട്രോളിന് 73.16 രൂപയും ഡീസലിന് 67.39 രൂപയും നൽകേണ്ടിവരുന്നു. മുംബൈയിൽ പെട്രോളിന് 80 രൂപ കടന്നു.
1991-നുശേഷം അന്താരാഷ്‌ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിലെ ഒറ്റദിവസത്തെ ഏറ്റവും വലിയ ഇടിവായിരുന്നു മാർച്ച് ഒമ്പതിനുണ്ടായത്. 52 ഡോളറിൽനിന്ന് 31 ഡോളറിലേക്കുള്ള വൻ വീഴ്ച. ഇതനുസരിച്ച് പെട്രോൾ, ഡീസൽ വിലയിൽ പത്തുരൂപയ്ക്കടുത്തെങ്കിലും കുറയേണ്ടിയിരുന്നു. കേന്ദ്രം പെട്രോളിനും ഡീസലിനും മൂന്നു രൂപവീതം എക്‌സൈസ് തീരുവ വർധിപ്പിക്കുകയും മാർച്ച് 16-ന് ദൈനംദിന വിലനിർണയം മരവിപ്പിക്കുകയും ചെയ്തതോടെ ഇതിന്റെ നേട്ടം സർക്കാരിനായി.
ഏപ്രിലിൽ അസംസ്കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇവിടെ വില മാറിയില്ല. മേയ് ആറിന് റോഡ് സെസും എക്‌സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വർധിപ്പിച്ചു. ഇപ്പോൾ അന്താരാഷ്ട്ര വില ഏപ്രിലിലെ 16 ഡോളറിൽനിന്ന് 41 ഡോളറിലെത്തിയെന്നപേരിൽ പൊതുമേഖലാ എണ്ണക്കന്പനികൾ മൂന്നുദിവസമായി ഇന്ധന വില കൂട്ടുകയാണ്. പെട്രോളിന് 1.74 രൂപയും ഡീസലിന് 1.78 രൂപയും വർധിച്ചിട്ടുണ്ട്. കോവിഡ് ലോക്‌ഡൗൺ പിൻവലിച്ച് വാഹനങ്ങൾ നിരത്തുകളിൽ കൂടിയതോടെ 82 ദിവസമായി നിർത്തിവെച്ചിരുന്ന പ്രതിദിന ഇന്ധന വിലനിർണയം ഞായറാഴ്ച പുനഃസ്ഥാപിക്കുകയായിരുന്നു. സർക്കാർ ഏർപ്പെടുത്തിയ നികുതിവർധന എണ്ണക്കന്പനികളുടെ ലാഭത്തെ ബാധിച്ചെന്നാണ് ഇതിനു കാരണമായി പറയുന്നത്. ഇതുമൂലമുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാൻ ദൈനംദിന വിലനിർണയം പുനരാരംഭിച്ച് ഏതാനും ദിവസത്തേക്ക് തുടർച്ചയായി വില വർധിപ്പിക്കുമെന്ന് കന്പനികൾ നേരത്തേ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിൽ വീണ്ടും വില ഉയർന്നേക്കും.
സർക്കാരിന് പണമില്ലെന്നപേരിൽ നികുതി വർധിപ്പിക്കുന്നു. എണ്ണക്കന്പനികൾക്ക് നഷ്ടമാണെന്നപേരിൽ ഇന്ധന വില ദിവസവും കൂട്ടുന്നു. മൂന്നുമാസത്തോളം നീണ്ട ലോക്‌ഡൗണിൽ ജോലിയും വരുമാനവും നഷ്ടപ്പെട്ട സാധാരണക്കാരാണ് ഇതിന്റെ ബാധ്യത പേറേണ്ടിവരുന്നത്. അവരുടെമേൽ കൂടുതൽ സാന്പത്തിക സമ്മർദം അടിച്ചേൽപ്പിക്കുകയാണ്. ഇതിനെ ന്യായീകരിക്കാൻ കഴിയില്ല. ജനുവരിയെ അപേക്ഷിച്ച് അസംസ്കൃത എണ്ണവില ഇപ്പോഴും 23 ഡോളറോളം താഴെയാണ്. അതിനിടയിലുണ്ടായ വിലക്കുറവ് വേറെ. അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ദിവസവും വില മാറ്റാൻ തീരുമാനിച്ച സാഹചര്യത്തിൽ വിലക്കുറവിന്റെ നേട്ടവും ജനങ്ങളിലേക്കെത്തണം. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിഘട്ടത്തിൽ സർക്കാരിന് പണം വേണമെന്നത് വിസ്മരിക്കുന്നില്ല. അതിനുവേണ്ടി സാധാരണക്കാരെ പിഴിയാതെ, ബദൽ വഴികൾ കണ്ടെത്തുകയാണ് വേണ്ടത്.
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..