-
ലോക്ഡൗൺ കാലത്തെ വൈദ്യുതിബില്ലുകൾ ഭൂരിപക്ഷത്തിനും ഇരുട്ടടിയായി മാറിയിരിക്കുന്നു. മഹാമാരിയെ ചെറുക്കാൻ വീട്ടിലിരിക്കാൻ നിർബന്ധിതരായവർ തങ്ങൾക്കുകിട്ടിയ വൈദ്യുതി ബില്ലുകണ്ട് ഞെട്ടിയിരിക്കുകയാണ്. പരാതികളുടെ പ്രവാഹമാണെങ്ങും. അമിതബില്ലിന്റെ കാരണങ്ങൾ വിശദീകരിക്കാൻ വൈദ്യുതിബോർഡ് പെടാപ്പാടുപെടുന്നു. വൈദ്യുതിബിൽ കണക്കാക്കുന്നതിന്റെ സങ്കീർണത സാങ്കേതിക വിദഗ്ധർക്കുപോലും എളുപ്പം മനസ്സിലാവുന്നതല്ല. പിന്നല്ലേ സാധാരണ ജനത്തിന്. കോവിഡ് രോഗവ്യാപനമുണ്ടാക്കിയ പ്രതിസന്ധിയിൽപ്പെട്ട് ഉപജീവനമാർഗങ്ങൾപോലും മുടങ്ങിപ്പോയ സാധാരണക്കാരന് ഈ ബില്ല് കൂനിന്മേൽ കുരുവായോ, സർക്കാരിന്റെ അടച്ചിരിക്കൽ നിർദേശങ്ങൾ പാലിച്ചതിന് കൊടുക്കേണ്ടിവന്ന വിലയായോ മാത്രമേ അനുഭവപ്പെടൂ. അമിതബില്ലുകളെക്കുറിച്ചുള്ള ജനങ്ങളുടെ സംശയങ്ങൾ മാറിയില്ലെങ്കിൽ, അവ പുനഃപരിശോധിച്ച് പരാതികൾ പൂർണമായി പരിഹരിക്കപ്പെട്ടില്ലെങ്കിൽ വൈദ്യുതിബോർഡിന്റെ വിശ്വാസ്യതയ്ക്കും അത് മങ്ങലേൽപ്പിക്കും.
കേരളത്തിലെ വൈദ്യുതിനിരക്ക് നിർണയരീതി ഗാർഹിക ഉപഭോക്താക്കൾക്ക് പൊതുവേ അനുകൂലമല്ല. ഇവിടെ വൻകിട വ്യവസായങ്ങൾ കുറവായതിനാൽ ബോർഡിന്റെ നിലനിൽപ്പുതന്നെ 80 ശതമാനംവരുന്ന ഗാർഹിക ഉപഭോക്താക്കളെ ആശ്രയിച്ചാണ്. ഇപ്പോൾ സംഭവിച്ചത് രണ്ടുപ്രശ്നമാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ മാർച്ച് അവസാനംമുതൽ മേയ് പകുതിവരെ ഏറക്കുറെ എല്ലാവരുംതന്നെ വീട്ടിൽ തങ്ങേണ്ടിവന്നു. വേനൽക്കാലത്ത് കേരളത്തിൽ അല്ലെങ്കിൽത്തന്നെ വൈദ്യുതി ഉപഭോഗം പതിവിലും കൂടുതലാണ്. ലോക്ഡൗൺ കാലത്തെ വേനൽപ്പകലുകളിൽ കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരുന്നതുകൊണ്ട് ഏറെ വീടുകളിലും വൈദ്യുതി കൂടുതൽ എരിഞ്ഞുവെന്നതിൽ തർക്കമില്ല. ഇങ്ങനെയൊരു അടച്ചിരിക്കൽ നമ്മൾ ശീലിച്ചിരുന്നില്ല. ലോകമാകെ ബാധിച്ച രോഗഭയത്തിൽനിന്ന് മോചനംകിട്ടാൻ ടി.വി. കണ്ടും മറ്റ് വിനോദോപാധികളിൽ മുഴുകിയുമാണ് ജനം ദിവസങ്ങൾ തള്ളിനീക്കിയത്. അപ്പോൾ വൈദ്യുതി ഉപഭോഗം കൂടുന്നത് സ്വാഭാവികം. അതേസമയം, വൈദ്യുതിബോർഡിന് പിശകും പറ്റി. ലോക്ഡൗണിൽ മുടങ്ങിയ മീറ്റർ റീഡിങ് പുനരാരംഭിച്ചപ്പോൾ കൃത്യം 60 ദിവസത്തെ ഉപഭോഗം കണക്കാക്കുന്നതിനുപകരം കൂടുതൽ ദിവസങ്ങളിലേത് കണക്കാക്കി. ഇതോടെ പലരുടെയും ഉപഭോഗം ഉയർന്ന സ്ലാബിലെത്തി. മാസം 250 യൂണിറ്റ് കടന്ന് ഒരു യൂണിറ്റ് അധികം ഉപയോഗിച്ചാൽ താഴ്ന്നസ്ലാബുകളിലെ കുറഞ്ഞനിരക്ക് കിട്ടാതെപോവും. പിന്നെ എല്ലാ യൂണിറ്റിനും 5.80 രൂപമുതൽ 7.90 രൂപവരെ നൽകണമെന്നതാണ് കേരളത്തിലെ രീതി. ഇതോടെ ബിൽത്തുക ഇരട്ടിയോ രണ്ടിരട്ടിയോ ഒക്കെ ആവും. വർധിച്ച ഉപഭോഗംകൊണ്ടും ബോർഡിന്റെ അപാകംകൊണ്ടും ഉയർന്ന സ്ലാബുകളിലെത്തിയതാണ് അമിതബില്ലുകൾക്ക് പിന്നിൽ. മീറ്റർ റീഡിങ്ങിലെ തെറ്റുകണ്ടെത്തി തിരുത്തിയെന്നാണ് ബോർഡ് അവകാശപ്പെടുന്നത്.
മേയ് അവസാനംമുതൽ കിട്ടിത്തുടങ്ങിയ ബില്ലുകളിലാകട്ടെ, ഒരു ഘടകംകൂടി ബോർഡ് ചേർത്തിട്ടുണ്ട്-ഡോർ ലോക് അഡ്‌ജസ്റ്റ്‌മെന്റ്. അതായത്, മീറ്റർ റീഡിങ് എടുക്കാത്തകാലത്ത് കണക്കിൽപ്പെടാതെപോയ ഉപഭോഗത്തിനുള്ള നിരക്ക്. ലോക്ഡൗണിനിടയ്ക്ക് മീറ്റർ റീഡിങ് നടക്കാതെപോയപ്പോൾ അതിന് തൊട്ടുമുമ്പുള്ള ശരാശരി ഉപഭോഗം കണക്കാക്കിയാണ് ബിൽ നൽകിയത്. എന്നാൽ, പിന്നീട് മീറ്റർ റീഡിങ് എടുത്തപ്പോൾ ശരിയായ ഉപഭോഗം ശരാശരിയിലും എത്രയോ കൂടുതലാണെന്നുകണ്ടു. കാരണം, ലോക്ഡൗൺ കാലത്ത് പിശുക്കില്ലാതെ വൈദ്യുതി ഉപയോഗിച്ചതുതന്നെ. ആ വ്യത്യാസം ഡോർലോക് അഡ്‌ജസ്റ്റ്‌മെന്റ് എന്ന നിലയിൽ പുതിയ ബില്ലിനൊപ്പം ചേർത്തു. അതോടെ രണ്ടുമാസത്തെ ബില്ലിനൊപ്പം പിന്നിട്ട രണ്ടുമാസം അധികം ഉപയോഗിച്ച വൈദ്യുതിയുടെ നിരക്കും ചേർന്നു. ബിൽത്തുക അവിശ്വസനീയമായി മാറി. ജനങ്ങളുടെ ജീവിതപ്രതിസന്ധി കണക്കിലെടുത്ത് ഈ തുക ഇപ്പോൾ ഇടാക്കുന്നതിന് ഇളവു നൽകരുതോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഉപയോഗിച്ച വൈദ്യുതിക്ക് ജനം വില നൽകണമെന്നാണ് ബോർഡിന്റെ നിലപാട്. ലോക്‌ഡൗൺകാലത്ത് ബില്ലടയ്ക്കുന്നതിൽ സാവകാശം നൽകിയിരുന്നതിനാൽ പലരും നാലുമാസത്തെ ബില്ലാണ് ഇപ്പോൾ അടയ്ക്കേണ്ടത്. അതുപോലും മനസ്സിലാക്കാതെ പരാതി പറയുന്നവരുണ്ടെന്നും ബോർഡ് വാദിക്കുന്നു. എന്നാൽ, അടഞ്ഞുകിടക്കുന്ന വീടുകൾക്കുപോലും വലിയ ബില്ലുകൾ കിട്ടിയതായി പരാതിയുണ്ട്.
പരാതികളുയർന്നതോടെ അവ പരിഹരിക്കുമെന്ന് ബോർഡ് വാഗ്ദാനം ചെയ്തു. തുക മൂന്നുതവണയായി അടയ്ക്കാൻ അവസരവും നൽകി. അതൊക്കെ നല്ലകാര്യം. എന്നാൽ, ഉദ്യോഗസ്ഥർ ജനങ്ങളുടെ പരാതികൾ കേൾക്കുന്നുവെന്നുകൂടി ബോർഡും സർക്കാരും ഉറപ്പുവരുത്തണം. ജനങ്ങളുടെ പരാതി പരാതിയേയല്ല എന്ന മട്ടിലാണ് പല ഉദ്യോഗസ്ഥരും പെരുമാറുന്നതെന്ന് ആക്ഷേപമുണ്ട്. മീറ്റർ റീഡിങ് വൈകിയതുമൂലമോ മറ്റു കാരണങ്ങളാലോ തെറ്റുപറ്റിയെന്ന് ബോധ്യമുള്ള ബില്ലുകളെല്ലാം ആരും പരാതിപ്പെടാതെതന്നെ പിൻവലിക്കാൻ ബോർഡ് തയ്യാറാകണം. തെറ്റുണ്ടെങ്കിൽ തിരുത്തുന്നെന്ന് ഉറപ്പാക്കണം.
പൂട്ടിക്കിടന്ന വ്യവസായ സ്ഥാപനങ്ങൾ വൈദ്യുതി ഉപയോഗിക്കാതിരുന്നാലും നൽകേണ്ട ഫിക്‌സഡ് ചാർജിൽ സർക്കാർ 25 ശതമാനം ഇളവ് നൽകിയിട്ടുണ്ട്. ആ മേഖലയുടെ നിലനിൽപ്പിനാണ് അനിവാര്യമായ ആ ഇളവ് നൽകിയത്. ഗാർഹിക ഉപഭോക്താക്കളുടെ കാര്യത്തിലാകട്ടെ, മഹാമാരിക്കെതിരേ മനുഷ്യരാശിയുടെ പോരാട്ടത്തിന്റെ ഭാഗമായി വീട്ടിലിരിക്കാൻ നിർബന്ധിതമായ കാലത്ത് കൂടുതൽ വിളക്കുകൾ തെളിയിക്കേണ്ടിവന്നതിന് അവർ ശിക്ഷിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്. സാഹചര്യത്തിന്റെ അസാധാരണത്വം കണക്കിലെടുത്ത് അവർക്ക് ഭാരിച്ച ബില്ലിൽ ആവുന്നതരത്തിലെല്ലാം ഇളവുനൽകണം.
മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..