കാണാതെപോകരുത് പ്രവാസികളുടെ കണ്ണുനീർ


2 min read
Read later
Print
Share

വിദേശത്ത് കുടുങ്ങിയ പൗരന്മാരുടെ കാര്യത്തിൽ ചില ഇളവുകൾ എല്ലാ രാജ്യങ്ങളും നൽകിവരുന്നുണ്ട്. അത്യാവശ്യക്കാരായവരെ

-

കൊറോണ വൈറസ് ലോകത്തെ നാലു ചുമരുകൾക്കിടയിൽ തളച്ചിടുമ്പോൾ ആകെ അമ്പരപ്പും അനിശ്ചിതത്വവുമാണ് എങ്ങും. ഇനി എന്ത് എന്ന ചോദ്യമാണ് എല്ലായിടത്തുനിന്നും ഉയരുന്നത്. മനസ്സ്, ജനിച്ച മണ്ണിലും ശരീരം വിദേശത്തുമായി കഴിയുന്ന പ്രവാസികൾക്കിടയിൽ ആശങ്കയുടെ തീച്ചൂടാണ്. കോവിഡ്-19 സൃഷ്ടിച്ച ആദ്യത്തെ അമ്പരപ്പിൽനിന്ന് പൂർണമായും മോചിതരായിട്ടില്ലെങ്കിലും പുതിയ സാഹചര്യങ്ങളോട് പ്രവാസികൾ പൊരുത്തപ്പെട്ടുവരികയാണ്. രോഗബാധിതർക്കായി പുതിയ ഐസൊലേഷൻ ക്യാമ്പുകൾ കുറെ തുറന്നതോടെ രോഗം വന്നാൽ എന്തുചെയ്യുമെന്ന പ്രശ്നത്തിന് ഒരു പരിധിവരെ ആശ്വാസമായി. ഗൾഫ് ഭരണകൂടങ്ങൾ മികച്ച ആരോഗ്യപ്രവർത്തനങ്ങളും നടത്തുന്നു. പ്രവാസികളുടെ സന്നദ്ധസംഘടനകളെല്ലാം തികഞ്ഞ ഉത്തരവാദിത്വത്തോടെ സേവനരംഗത്തുണ്ട്. ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളും അല്പം ഉണർന്നിട്ടുണ്ട്. അതിന്റെ ഫലം ഗൾഫ് നാടുകളിൽ പ്രകടമാണ്.

അടച്ചിടൽകാലത്ത് എല്ലാവരും അവരവരുള്ള സ്ഥലത്തുതന്നെ തുടരുക എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം പ്രവാസഭൂമിയിൽ ആരെയും ആശ്വസിപ്പിക്കുന്നില്ല. ഏറ്റവും ഒടുവിൽ എയർ ഇന്ത്യയുടെ അന്താരാഷ്ട്ര വിമാനസർവീസുകൾ ജൂൺ ഒന്നിനുശേഷം എന്ന പ്രഖ്യാപനംകൂടി വന്നതോടെ ജന്മനാടിന്റെ ഈ വിഷയത്തിലെ നിലപാട് പ്രവാസികൾക്ക് ബോധ്യപ്പെട്ടു. പക്ഷേ, അവർക്ക് അതിനോട് ഒരുതരത്തിലും പൊരുത്തപ്പെടാനാവുന്നില്ല. നാട്ടിലെ നിയമങ്ങൾക്ക് വിധേയരായി സ്വയം നിരീക്ഷണത്തിലോ ഏകാന്തവാസത്തിലോ കഴിയാൻ അവർ തയ്യാറാണ്. അത്യാവശ്യ മരുന്നുകളും നാട്ടിലെ തുടർചികിത്സയും ലഭ്യമാകാത്തവർ, ഗർഭിണികൾ, സന്ദർശക വിസയിലെത്തി കുടുങ്ങിക്കിടക്കുന്നവർ, ജോലി നഷ്ടപ്പെട്ട് പെരുവഴിയിലായവർ, ഭക്ഷണംപോലും ശരിയായി കിട്ടാത്തവർ, വേതനം കുറഞ്ഞതോടെ കുടുംബവുമായി നട്ടംതിരിയുന്നവർ... ഏതുവിധേനയും ജനിച്ച നാട്ടിലെത്താൻ മോഹിക്കുന്നവർ ഏറെയാണ്.

കുടുംബാംഗത്തിന്റെ മൃതദേഹം ചരക്കുവിമാനത്തിൽ നാട്ടിലേക്ക് കയറ്റിയയക്കുമ്പോൾ അതിനെ അനുഗമിക്കാനും അന്ത്യകർമങ്ങളിൽ പങ്കെടുക്കാനും കഴിയാതെപോകുന്ന ഉറ്റബന്ധുക്കളുടെ വിലാപം, നാട്ടിലുള്ളവർക്ക് അവസാനമായൊന്ന് കാണാൻപോലുമാകാതെ മരുഭൂമിയിൽത്തന്നെ മണ്ണോടുചേർന്നവരുടെ കുടുംബങ്ങളുടെ വേദന, ഇതൊന്നും ഭരണാധികാരികൾ കാണുന്നതേയില്ല. ഇത്തരം സന്ദർഭങ്ങളിലെങ്കിലും ചില ഇളവുകൾ വരുത്താതിരിക്കാൻമാത്രം കഠിനമാണോ നമ്മുടെ നിയമങ്ങളെന്ന് പ്രവാസികൾ ചോദിക്കുന്നു.

വിദേശത്ത് കുടുങ്ങിയ പൗരന്മാരുടെ കാര്യത്തിൽ ചില ഇളവുകൾ എല്ലാ രാജ്യങ്ങളും നൽകിവരുന്നുണ്ട്. അത്യാവശ്യക്കാരായവരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങൾക്ക് അനുമതിനൽകുന്നത് ഇതിലൊന്നാണ്. ഇന്ത്യയിൽനിന്ന് ഒട്ടേറെ രാജ്യങ്ങൾ സ്വന്തം പൗരന്മാരെ തങ്ങളുടെ വിമാനങ്ങളയച്ച് കൊണ്ടുപോയിട്ടുമുണ്ട്. ഇന്ത്യയാകട്ടെ ഇത്തരം വിമാനങ്ങൾക്കുള്ള ആകാശവാതിലുകൾ തുറക്കുന്നേയില്ല. നാട്ടിലെ തുടർചികിത്സയും മരുന്നുകളും കിട്ടാതെ ഒട്ടേറെ മരണങ്ങൾ ഇതിനകം ഗൾഫ് നാടുകളിൽ ഉണ്ടായി. മാനസികപിരിമുറുക്കത്താൽ ജീവിതം അവസാനിപ്പിച്ചവരുടെ എണ്ണവും ഏറിവരുന്നു. ഇതൊക്കെ ഭീതിദമായ പുതിയൊരു അന്തരീക്ഷമാണ് പ്രവാസികൾക്കിടയിൽ രൂപപ്പെടുത്തുന്നത്. അധികാരികൾ ഇതു കാണാതെപോകരുത്. അവശ്യവസ്തുക്കളുമായി കേരളത്തിൽനിന്ന് ഗൾഫ് നാടുകളിലെത്തുന്ന ചരക്കുവിമാനങ്ങളിൽ അയക്കാനാവുമോ എന്ന ചോദ്യവും ഉയരുന്നു.

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവസരം നൽകാത്ത രാജ്യങ്ങളുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്ന യു.എ.ഇ.യുടെ മുന്നറിയിപ്പിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അത്തരം അറിയിപ്പൊന്നും ഔദ്യോഗികമായി കിട്ടിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ഫിലിപ്പീൻസിനു പിന്നാലെ പാകിസ്താനും അത്യാവശ്യക്കാരായ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുപോയിത്തുടങ്ങി. എന്നാൽ, ഇന്ത്യക്ക്‌ അത്തരം സംവിധാനമൊന്നും ഇല്ല. അത്യാവശ്യമായി പോകാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ തങ്ങളെ സമീപിക്കൂ എന്നൊരു ഒഴുക്കൻ വിശദീകരണമാണ് യു.എ.ഇ.യിലെ നയതന്ത്രകാര്യാലയങ്ങൾ പുറത്തുവിട്ടത്. അത്തരക്കാരുടെ പട്ടിക കോൺസുലേറ്റുകൾ തയ്യാറാക്കുന്നുണ്ടത്രെ. ഇന്ത്യക്കാരെ കൊണ്ടുപോകാൻ യു.എ.ഇ.യിലെ വിമാനക്കമ്പനികളെല്ലാം നേരത്തേതന്നെ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനെവരുന്നവരെ സ്വീകരിക്കാൻ തയ്യാറാകുന്ന സംസ്ഥാനങ്ങളിലേക്കെങ്കിലും പ്രത്യേക വിമാനസർവീസുകൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിക്കേണ്ട സമയം അതിക്രമിച്ചു. അല്ലെങ്കിൽ പ്രവാസഭൂമിയിൽ വീഴുന്ന ഇന്ത്യക്കാരുടെ കണ്ണീരിന് ഭരണകൂടം പിന്നീട് മറുപടി പറയേണ്ടിവരും.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
editorial

കള്ളക്കളി ഇ.പി.എഫ്. അവസാനിപ്പിക്കണം

Sep 28, 2020


editorial

2 min

പശ്ചിമേഷ്യയിൽ മതിലുകൾ തകരട്ടെ

Jun 30, 2021


editorial

തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ

Nov 6, 2020

Most Commented