ശുചിത്വം ശീലമാക്കിയേ പറ്റൂ


പൊതുഇടം ശുചിത്വത്തോടെ പരിപാലിക്കുക എന്നത് മുകളിൽനിന്നുള്ള ഉത്തരവുകൊണ്ടുമാത്രം ഉണ്ടാകില്ല. ഓരോ തവണ നാം പൊതു ഇടങ്ങളിൽ തുപ്പുമ്പോഴും അത് സഹജീവിയുടെ ജീവിതത്തെയാണ് അപകടപ്പെടുത്തുന്നതെന്ന ബോധത്തിലേക്ക് ഒരു ജനത

-

‘പൊതുസ്ഥലത്ത് തുപ്പരുത്, അത് ശിക്ഷാർഹമാണ്’- കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ ലോക്ഡൗൺകാലത്തെ ഏറ്റവും പ്രധാന മാർഗനിർദേശങ്ങളിലൊന്നാണിത്. പൊതുസ്ഥലത്ത് തുപ്പരുത് എന്നറിയാത്തവരില്ല. അത്തരം അറിവുകൾ നമ്മുടെ നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തന്നെ പഠിപ്പിക്കുന്നുമുണ്ട്. എന്നാൽ, പാലിക്കപ്പെടുന്നില്ല. പൊതു ഇടത്ത് തുപ്പുക എന്ന രോഗവാഹിനിയായ ദുശ്ശീലം തിരുത്താൻ നാം തയ്യാറായിരുന്നില്ല എന്നതാണ് പ്രശ്നം. മരുന്നില്ലാത്ത കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഈ ശീലം നിർത്തിയേ പറ്റൂ അല്ലെങ്കിൽ നിർത്തിച്ചേ പറ്റൂ. ഇക്കാര്യത്തിൽ കർക്കശമായ തീരുമാനമെടുക്കുകയെന്നത് രാഷ്ട്രത്തിന്റെയും അതനുസരിക്കുകയെന്നത് ജനതയുടെയും ഉത്തരവാദിത്വമാണ്. അതിജീവനം വഴിമുട്ടുമ്പോൾ ദുശ്ശീലങ്ങൾ തിരുത്തിയേ തീരൂ.


ശുചിത്വം എന്നത് പുതിയ കാലത്തിന്റെ പ്രതിരോധം തന്നെയാണ്. 2014-ലെ ഗാന്ധിജയന്തി ദിനംമുതൽ വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ എന്ന ലക്ഷ്യം മുൻനിർത്തി സ്വച്ഛ് ഭാരത് മിഷൻ എന്ന പരിപാടി നാം നടത്തിപ്പോരുന്നു. ശുചിത്വത്തിനായി വർഷത്തിൽ 100 മണിക്കൂർ സ്വമേധയാ ജോലിചെയ്യുമെന്ന കേന്ദ്രസർക്കാർ ജീവനക്കാരുടെ പ്രതിജ്ഞമാത്രമായിരുന്നോ അത് എന്ന് നാം ചിന്തിക്കാൻ വൈകി. കാരണം മാലിന്യമുക്തമായ ഭാരതത്തിൽനിന്ന്‌ നാം എത്ര അകലെയാണ് ഇപ്പോഴുമെന്നു കണ്ടെത്താൻ പഠനറിപ്പോർട്ടുകളുടെയൊന്നും ആവശ്യമില്ല. നമ്മുടെ നാട്ടിലേക്കൊന്ന് കണ്ണുതുറന്ന് നോക്കിയാൽമതി. പദ്ധതികൾ മാത്രം പോരാ. അത് നിറവേറ്റാനുള്ള ഇച്ഛാശക്തി അടിത്തട്ടിൽതന്നെയാണുണ്ടാകേണ്ടത്.
താമസിക്കുന്ന വീട്ടിനകത്ത് ആരും തുപ്പാറില്ല. തുപ്പാൻ തോന്നാത്തവിധം പൊതുഇടം ശുചിത്വത്തോടെ പരിപാലിക്കുക എന്നത് മുകളിൽനിന്നുള്ള ഉത്തരവുകൊണ്ടുമാത്രം ഉണ്ടാകില്ല. ഓരോ തവണ നാം പൊതു ഇടങ്ങളിൽ തുപ്പുമ്പോഴും അത് സഹജീവിയുടെ ജീവിതത്തെയാണ് അപകടപ്പെടുത്തുന്നതെന്ന ബോധത്തിലേക്ക് ഒരു ജനത ഉണർന്നേ തീരൂ. അല്ലാതെ കൊറോണ വൈറസിനോടുള്ള പോരാട്ടം നമുക്ക് ജയിക്കാനാകില്ല.

ശുചിത്വം ആർഭാടമായ, അസാധ്യമായ നിർധനജീവിതങ്ങളും നമ്മുടെ നാട്ടിലുണ്ട് എന്ന വസ്തുത കാണാതിരിക്കാനാകില്ല. സാമൂഹിക അകലം പാലിച്ചു ജീവിക്കുകയെന്നത് തെരുവിൽ രാപ്പാർക്കുന്ന ലക്ഷക്കണക്കിന് വീടില്ലാത്തവർക്കും ചേരികളിലും ആദിവാസി ഊരുകളിലും അതിഥിതൊഴിലാളികളുടെ ലേബർ ക്യാമ്പുകളിലുമൊക്കെയുള്ളവർക്കും കഴിയുന്ന കാര്യമേയല്ല. ശൗചാലയങ്ങളില്ലാത്ത കോടികൾ ഇപ്പോഴും രാജ്യത്തുണ്ട്. വ്യക്തിപരമായ ശുചിത്വപാലനം അസാധ്യമായ ഇടങ്ങളാണത്. അവിടെ അടിസ്ഥാനവികസനം എത്തിക്കുകയെന്ന യത്നത്തിന് വികസന അജൻഡകളിലെ പ്രാഥമിക മുൻഗണന കിട്ടിയേ തീരൂ.

ഈ വേനൽ കഷ്ടിച്ച് ഒന്നരമാസംകൂടിയേ ഉള്ളൂ. അടിസ്ഥാന ശുചീകരണ പ്രവർത്തനം നിലച്ച ഇടുക്കിയിൽനിന്ന്‌ ഡെങ്കിപ്പനി പടരുന്നതിന്റെ ആശങ്കാജനകമായ വാർത്ത പുറത്തുവന്നുകഴിഞ്ഞു. ശ്രദ്ധ മുഴുവനും കോവിഡിനെ പിടിച്ചുകെട്ടാൻ തിരിഞ്ഞിരിക്കുമ്പോൾ മറ്റു രോഗങ്ങൾ കയറിവരുന്നത്‌ കണ്ടില്ലെന്നു നടിക്കാനാകില്ല. മഴയുടെ മുന്നൊരുക്കമായി ഒരു ശുചിത്വമഹായഞ്ജംതന്നെ ഉണ്ടാകേണ്ട സമയമാണിത്. പൊതു ഇടത്ത് തുപ്പുന്നതിനെതിരേ മാത്രമല്ല തെരുവിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേയും അതികർക്കശമായ നടപടി ഉണ്ടാകേണ്ടതുണ്ട്. രോഗങ്ങളുടെ വളർത്തുകേന്ദ്രങ്ങളാണ് ഇത്തരം അനധികൃത മാലിന്യനിക്ഷേപങ്ങൾ.

ഇപ്പോൾ ഒത്തുപിടിച്ച് പ്രയത്നിച്ചാൽ രക്ഷപ്പെടാം. ഇല്ലെങ്കിൽ കോവിഡുമായിച്ചേർന്ന് വരാനിരിക്കുന്ന മഴക്കാലം ദുരിതത്തിന്റേതാകും. എല്ലാ മഴക്കാലവും നമുക്ക് പനിക്കാലവുംകൂടിയാണ്. എന്തുതരം പനി എന്ന് തിരിച്ചറിയുന്നതും കണ്ടെത്തുന്നതും മഴക്കാലത്ത് ദുഷ്‌കരമാകും. അതുകൊണ്ട് ഈ വേനലിൽ സർക്കാരിന്റെ ഉത്തരവാദിത്വം ഭാരിച്ചതാണ്. മാലിന്യമുക്ത രാഷ്ട്രത്തിനായി ജനതയെ സജ്ജരാക്കാൻകൂടി ഈ കോവിഡ്കാല അടച്ചുപൂട്ടൽ വിനിയോഗിക്കേണ്ടതുണ്ട്. അതിജീവനംതന്നെയാണ് മുന്നിലുള്ള വലിയ ചോദ്യം.

മാതൃഭൂമി പോഡ്കാസ്റ്റുകള്‍ Spotify, Google podcast എന്നിവിടങ്ങളിലും ലഭ്യമാണ്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented