ജാഗ്രതയിലേക്ക്‌ ജനതാ കർഫ്യൂ


പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് രാജ്യത്തെ മുഴുവൻ ജനങ്ങളും ജനങ്ങൾക്കുവേണ്ടി നടപ്പാക്കുന്ന ജനതാ കർഫ്യൂ വിജയമാക്കിക്കൊണ്ട് നമുക്ക് ലോകത്തിന് മാതൃകയാവാം. അത് സാമൂഹികമായ മഹത്തായ ബാധ്യതയാണ്


മുന്നിൽ അതിജീവനത്തിന്റെ വഴി മാത്രമാകുമ്പോൾ ഒരു തിരഞ്ഞെടുപ്പ് അത്ര സങ്കീർണമായ കാര്യമല്ല. അതിജീവനത്തിന് നമുക്കു മുന്നിൽ കുറുക്കുവഴികളില്ല. സാമൂഹികമായ വിട്ടു നിൽക്കൽ, സ്നേഹദൂരം പാലിക്കൽ, മെല്ലെപ്പോകൽ. കൊറോണ വൈറസിന്റെ സാമൂഹികവ്യാപനത്തിന്റെ ചങ്ങല പൊട്ടിക്കലാണിത്. അതിനെ പിടിച്ചുകെട്ടുംവരെ മാത്രം. അതെ, ഇതുതന്നെയാണ് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞതും മുഖ്യമന്ത്രി പറഞ്ഞതും. രണ്ടും ഒന്നുതന്നെ.

പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് രാജ്യത്തെ മുഴുവൻ ജനങ്ങളും ജനങ്ങൾക്കുവേണ്ടി നടപ്പാക്കുന്ന ജനതാ കർഫ്യൂ വിജയമാക്കിക്കൊണ്ട് നമുക്ക് ലോകത്തിന് മാതൃകയാവാം. രാവിലെ ഏഴുമണി മുതൽ രാത്രി ഒമ്പതുമണി വരെയാണ് ജനകീയ കർഫ്യൂവിന്റെ സമയം. ഒപ്പം മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഈ കർഫ്യൂ സമയത്ത് നമുക്ക് നമ്മുടെ വീട് വൃത്തിയാക്കാം. നാം എവിടെയാണോ അതുതന്നെ നമ്മുടെ വീട് . അത് കല്ലും മരവും കൊണ്ടുമാത്രം സൃഷ്ടിക്കപ്പെട്ടതല്ല. ഓരോ വീടും മനസ്സും സ്വപ്നവും കൊണ്ട്കൂടി പണിയപ്പെട്ടതാണ്. അതിന്റെ ശുചിയല്ലാത്ത വിള്ളലുകൾ രോഗങ്ങൾക്ക് കടന്നുകൂടാനുള്ള വഴികളാണ്. അതടയ്ക്കണം. ശുചിയായ വീടും പരിസരവും എന്നത് അതിജീവനത്തിന്റെ പാതയിൽ നമുക്ക് ചവിട്ടി നിൽക്കേണ്ട മേൽമണ്ണാണ്. അത് ഒലിച്ചുപോകാനിടവരുത്തരുത്. വിഷലിപ്തമാക്കരുത്. ഓർക്കുക, നമുക്ക് മുന്നിൽ വേറെ വഴിയില്ല. അത് സാമൂഹികമായ മഹത്തായ ബാധ്യതയാണ്.

വികസന പര്യായങ്ങളായി ലോകം എണ്ണുന്ന മഹാസാമ്രാജ്യങ്ങളായ അമേരിക്കയും ചൈനയും ഇംഗ്ലണ്ടും ഒക്കെ കൊറോണയ്ക്കുമുന്നിൽ വിയർക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. രണ്ടു ലോക യുദ്ധങ്ങൾ അതിജീവിച്ച യൂറോപ്പിന്റെ സുന്ദരകവാടങ്ങളിലൊന്നായ ഇറ്റലി കൊറോണാ മരണങ്ങളാൽ നിശ്ചലമാണ്. ഒരു മൂന്നാം ലോകയുദ്ധത്തെക്കാൾ മാരകമാണ് തങ്ങൾ നേരിടുന്ന പ്രതിസന്ധി എന്ന ഇറ്റലിയുടെയും കൊറോണ വൈറസിന് അതിർത്തികളില്ലെന്ന ഇറാന്റെയും നിലവിളി ആരും കേൾക്കാതിരിക്കരുത്. കൊറോണയെ വേലി കെട്ടിത്തിരിക്കാൻ ഒന്നിനുമായിട്ടില്ല . രാഷ്ടത്തലവന്മാരെന്നോ കോടീശ്വരന്മാരെന്നോ പ്രമുഖരെന്നോ പാവങ്ങളെന്നോ ഉള്ള ഭേദചിന്തയൊന്നും വൈറസിനില്ല. അതിനെതിരേ ലോക രാഷ്ട്രങ്ങൾ ഒന്നിച്ചുനിന്നേ പറ്റൂ എന്നും വൃദ്ധരിലും കുട്ടികളിലും മാത്രമല്ല അത് ചെറുപ്പക്കാരിലും ഭീഷണിയാണെന്നും ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഒടുവിലത്തെ മുന്നറിയിപ്പ് എടുത്തുപറയുന്നു. 184 രാഷ്ട്രങ്ങളിൽനിന്നായി ലോകത്താട്ടാകെ മരണം 11,000 കടന്നു. രോഗബാധിതർ മൂന്നുലക്ഷത്തോടും അടുക്കുന്നു. രാജ്യത്ത് മരണം നാലു മാത്രമാണെങ്കിലും രോഗബാധിതർ മുന്നൂറിനോടടുക്കുന്നു. കൊറോണ വ്യാപനത്തിന്റെ അടുത്ത കേന്ദ്രം ഇന്ത്യയായിരിക്കുമെന്ന എപ്പിഡമിയോളജിസ്റ്റ് രമണൻ ലക്ഷ്മി നാരായണന്റെ നിരീക്ഷണം നാം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. തിരിച്ചറിയപ്പെടാത്ത കൊറോണ ബാധിതർ എന്ന സാധ്യത ഭയപ്പാടുണ്ടാക്കുന്ന സംഗതിയാണ്. പഴുതടച്ചുള്ള കരുതലിന്റെ പ്രസക്തി ഇവിടെയാണ്. ചൈനയുടെയും ഇറ്റലിയുടെയും ഭീതിദമായ അവസ്ഥ വരാതിരിക്കാനുള്ള പോരാട്ടമാണ് നാമിപ്പോൾ നടത്തുന്നത്. ഓരോ ജീവനും വിലപ്പെട്ടതാണ്.

ലോകത്ത് കൊറോണ വൈറസ്‌ ബാധിച്ച് ദശലക്ഷക്കണക്കിനാളുകൾ മരിക്കാൻ സാധ്യതയുണ്ടെന്ന ഐക്യരാഷ്ടസഭയുടെ മുന്നറിയിപ്പ് ഓരോ അംഗരാഷ്ട്രവും കരുതലോടെ ഉൾക്കൊള്ളാൻ ബാധ്യസ്ഥരാണ്. മഹാമാരിയെ കാട്ടുതീ പോലെ പടരാൻ അനുവദിക്കാതിരിക്കുക മാത്രമാണ് പോംവഴി. ചങ്ങല പൊട്ടിക്കുംവിധം പരസ്പരം അകലം പാലിക്കുക എന്നത് അതിജീവനത്തിന്റെ മന്ത്രമായി ഏറ്റെടുക്കുക. ഒരു യുദ്ധം തന്നെയാണ്. കാട്ടുതീപോലെ പടരാൻ ഒരുമ്പെട്ടു നിൽക്കുന്ന കൊറോണ എന്ന മഹാമാരിയെ പടരാൻ അനുവദിക്കാതെ തളച്ചിടാനുള്ള യുദ്ധം. പഴുതടച്ച ജാഗ്രതയല്ലാതെ കൈമുതലായി മറ്റൊരു ആയുധവും രക്ഷയാകാത്ത യുദ്ധം. പഴുതടച്ച പിന്മാറ്റമാണത്. കാലം നമ്മോട് ആവശ്യപ്പെടുന്ന സ്വയംനിയന്ത്രണത്തിന്റെ വഴി. രോഗച്ചങ്ങല പൊട്ടിച്ചെറിയാനുള്ള വഴി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented